Matrilineal System of Inheritance among the Muslims of Travancore

Dr. Sakhariya T

The matrilineal system of inheritance, or Marumakkathayam, is a social institution that emerged in Kerala during the medieval period. The system fundamentally depends on economic institutions. So, some believe that the system’s birth is in the theory of property rights. The practice of a matrilineal system could be seen among the Hindus and the Muslims of the Malabar Coast. There is no clear evidence of how Marumakkathayam originated among the Muslims of the Malabar Coast. Most probably, this practice, established to protect property in wealthy Hindu families, spread to other communities in this region. Thus, many scholars put forward the belief that the Muslims may have borrowed the existing customs from the indigenous people. This system existed not only in the Mappilas of Malabar but also in the Muslims of Travancore. This paper analyses how the system spread to the Muslims of Travancore and how the progressive-minded people wiped them out through social legislation. 

Key words: Marumakkathayam, Sha’fi Muslims, Mappila, legislation, inheritance 

Dr. Sakhariya T
Assistant Professor of History
Maharajas College (Autonomous)
Ernakulam
Pin: 682011
Ph: +91 9446854406
Email: sakhariya2009@gmail.com
ORCID: 0000- 0002-1750-9781

മരുമക്കത്തായ സമ്പ്രദായം തിരുവിതാംകൂര്‍ മുസ്ലീങ്ങളില്‍

ഡോ. സഖരിയ തങ്ങള്‍ 

ഇന്ത്യന്‍ സമുദ്രതീരങ്ങളുള്ള പ്രദേശങ്ങളില്‍ കച്ചവടാവശ്യത്തിനെത്തി ചേര്‍ന്ന അറബികള്‍ വഴി പരിണമിച്ചെത്തിയ മുസ്ലീം സമൂഹത്തില്‍ മരുമക്കത്തായ ദായക്രമം പോലുള്ളവ കടന്നുകൂടിയിരുന്നു. മരുമക്കത്തായം, അളിയ സന്താന പിന്തുടര്‍ച്ച, തറവാട്ടുസമ്പ്രദായം, കൂട്ടുകുടുംബരീതി, പുതിയാപ്ല സമ്പ്രദായം എന്നിങ്ങനെ മലബാര്‍ മുസ്ലീങ്ങളുടെ ഇടയിലെ വിവിധ കുടുംബരീതികളെക്കുറിച്ച് മധ്യകാലഘട്ടം മുതല്‍ പരാമര്‍ശങ്ങളുണ്ട്.1 മലബാറിലെ മാപ്പിളമാരില്‍ മാത്രമായിരുന്നില്ല, ഷാഫി കര്‍മ്മശാസ്ത്രം പിന്തുടര്‍ന്നിരുന്ന ഇന്തോനേഷ്യ മലേഷ്യ, മൊസാംബിക്, കോമോറോസ് തുടങ്ങിയ നിരവധി പ്രദേശങ്ങളിലെ മുസ്ലീങ്ങളുടെ ഇടയില്‍ മരുമക്കത്തായ സമ്പ്രദായം കാണാന്‍ കഴിഞ്ഞിരുന്നു.2 എന്നിരുന്നാലും മലബാര്‍ പ്രദേശത്തെ മുസ്ലീങ്ങളുടെ ഇടയില്‍ മരുമക്കത്തായം എങ്ങനെ ഉത്ഭവിച്ചു എന്നതിനെ കുറിച്ച് വ്യക്തമായ തെളിവുകള്‍ ലഭ്യമല്ല. പതിനാലാം നൂറ്റാണ്ടിന് മുന്‍പ് കേരളം സന്ദര്‍ശിച്ച ഒരു വിദേശ സഞ്ചാരിയും മരുമക്കത്തായത്തെകുറിച്ച് പരാമര്‍ശിച്ചിരുന്നില്ലായെന്നതിനാല്‍ ചില ചരിത്രകാരന്മാര്‍ മരുമക്കത്തായം പതിനാലാം നൂറ്റാണ്ടിന് മുന്‍പുണ്ടായിരുന്നില്ലായെന്ന് അഭിപ്രായപ്പെടുകയുണ്ടായി.3 എന്നാല്‍ പുരാലിഖിതങ്ങള്‍ ചരിത്രരചനയ്ക്കായി ഉപയോഗിച്ചു തുടങ്ങിയതോടെ അത്തരം നിലപാടുകള്‍ തിരുത്തപ്പെടുവാന്‍ തുടങ്ങി.4 മരുമക്കത്തായമൊരു സാംസ്കാരിക സൂചകമെന്ന നിലയിലാണ് പ്രചരിക്കപ്പെട്ടതെങ്കിലും അടിസ്ഥാനപരമായി അത് സാമ്പത്തിക സ്ഥാപനങ്ങളെ ആശ്രയിച്ച് നിലനിന്ന ഒന്നായിരുന്നു. സ്വത്തവകാശ സിദ്ധാന്തത്തിലാണ് മരുമക്കത്തായത്തിന്‍റെ പിറവിയെന്ന് അവകാശപ്പെടുന്നവരുമുണ്ട്.5 സമ്പന്നരായ ഹൈന്ദവ കുടുംബങ്ങളിലെ സ്വത്ത് സംരക്ഷണത്തിന് വേണ്ടി സ്ഥാപിതമായ ഈ സമ്പ്രദായം സമ്പന്നരായ മറ്റു സമുദായങ്ങളിലേക്കോ അവരിലെ ഉപവിഭാഗത്തിലേക്കോ വ്യാപിക്കുകയായിരുന്നു. ഇത്തരത്തില്‍ ഒരു നാട്ടാചാരമെന്ന നിലയില്‍ കടന്നുവന്ന മരുമക്കത്തായം മുസ്ലീങ്ങളിലെ ചില വിഭാഗങ്ങളില്‍ മാത്രമായോ പ്രദേശങ്ങളില്‍ മാത്രമായോ വ്യാപിക്കുകയായിരുന്നു.6 

മരുമക്കത്തായവും കേരള മുസ്ലീങ്ങളും

പതിനാറാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഷെയ്ഖ് സെയ്നുദ്ദീന്‍റെ 'തുഹ്ഫത്തുല്‍ മുജാഹിദ്ദീന്‍' എന്ന ഗ്രന്ഥത്തില്‍ കണ്ണൂര്‍ പ്രദേശത്തും മറ്റും ഇസ്ലാമികമല്ലാത്ത ദായക്രമങ്ങള്‍ പിന്തുടര്‍ന്നു വരുന്ന മുസ്ലീങ്ങള്‍ ജീവിക്കുന്നതായി പരാമര്‍ശിക്കുന്നുണ്ട്.7 മുസ്ലീങ്ങളിലെ മരുമക്കത്തായത്തെകുറിക്കുന്ന ആദ്യ പരാമര്‍ശവും ഇതാണ്. തദ്ദേശീയരില്‍ നിന്നുള്ള മതം മാറ്റത്തിലൂടെ നിലവിലുണ്ടായിരുന്ന ആചാരം കൂടി മുസ്ലീങ്ങള്‍ കടംകൊണ്ടതാകാമെന്ന വിശ്വാസമാണ് പലരും മുന്നോട്ടു വയ്ക്കുന്നത്.8 എന്നാല്‍ ഇസ്ലാമികമല്ലാത്ത മരുമക്കത്തായം സമ്പന്നമുസ്ലീം കുടുംബങ്ങളില്‍ സ്വത്തു വിഭജനം സംഭവിക്കാതിരിക്കാനുള്ള ഉപാധിയായി പാലിച്ചു പോന്നിരുന്നതാകാനാണ് സാധ്യത. കാരണം രാജാധികാരമുള്ളവരോ സമ്പന്നരോ ആയ കുടുംബങ്ങളിലാണ് മരുമക്കത്തായ രീതി നിലനിന്നിരുന്നത്. ഉദാരണത്തിന് അറക്കല്‍ കുടുംബം (കണ്ണൂര്‍), കേയി കുടുംബം (തലശ്ശേരി), കോയമാര്‍ (വടകര, തിക്കോടി), നഹമാര്‍ (പരപ്പനങ്ങാടി) എന്നിങ്ങനെയുള്ളവരുടെ ഇടയിലാണ് മരുമക്കത്തായ കൂട്ടുകുടുംബങ്ങള്‍ നിലവിലുണ്ടായിരുന്നത്.9 എന്നാല്‍ തിരുവിതാംകൂറിലെ മുസ്ലീങ്ങളുടെ ഇടയില്‍ ഏതു രീതിയിലാണ് മരുമക്കത്തായം ഉത്ഭവിച്ചതെന്ന് പറയുവാന്‍ പ്രയാസമാണ്. മരുമക്കത്തായം പാലിച്ചു വന്നിരുന്ന തദ്ദേശിയര്‍ ഇസ്ലാമിലെത്തി ചേര്‍ന്നതിലൂടെയാണ് ഇടവ, ഓടയം, വര്‍ക്കല, പരവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മരുമക്കത്തായ കുടുംബങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്ന് കരുതാവുന്നതാണ്.10  

പ്രാദേശികമായി നോക്കുമ്പോള്‍ ഒരു പ്രദേശമൊന്നാകെ മരുമക്കത്തായം പാലിച്ചു വന്നിരുന്നില്ലായെന്നതും ശ്രദ്ധേയമാണ്.11 വടക്കേ കുറുമ്പ്രനാടു താലൂക്കുകളിലും തെക്കന്‍ കാനറയിലെ കാസര്‍കോഡ് താലൂക്കിന്‍റെ തെക്കന്‍ ഭാഗവും തിരുവിതാംകൂറിലെ ചിറയിന്‍കീഴ്, കൊല്ലം താലൂക്കുകളിലും മരുമക്കത്തായി കുടുംബങ്ങള്‍ നിലവിലുണ്ടായിരുന്നു. എന്നാല്‍ അതിന് സമീപ പ്രദേശങ്ങളിലെ  മിക്ക മുസ്ലീം കുടുംബങ്ങളും മക്കത്തായികളായിരുന്നു. ഉദാഹരണത്തിന്, പഴയ കുറുമ്പ്രനാട് താലൂക്കിലെ കൊയിലാണ്ടിയിലുള്ള ചില മുസ്ലീം കുടുംബങ്ങളിലും നാദാപുരം, കുറ്റ്യാടി തുടങ്ങിയ പ്രദേശങ്ങളിലും ഇസ്ലാമിക രീതിയിലുള്ള ദായക്രമം പാലിച്ചു വന്നിരുന്നു.12 എന്നാല്‍ ചില സ്ഥലങ്ങളില്‍ മരുമക്കത്തായത്തില്‍ നിന്നുള്ള അനുരണനങ്ങള്‍ തട്ടിയിരുന്നതായും കാണാം. കോഴിക്കോട്ടെയും പൊന്നാനിയിലെയും കോയമാര്‍ മരുമക്കത്തായ പിന്തുടര്‍ച്ച ആചരിക്കുന്നില്ലെങ്കിലും ഭര്‍ത്താക്കന്മാര്‍ ഭാര്യമാരുടെ വീടുകളില്‍ താമസിക്കുക എന്ന മരുമക്കത്തായ കൂട്ടുകുടുംബ രീതി ആചരിച്ചു വന്നിരുന്നു.13 മാത്രമല്ല, ഈ പ്രദേശങ്ങളില്‍ പിതാവിന്‍റെ തറവാട്ടുപേര് സ്വീകരിക്കാതെ മാതാവിന്‍റെ തറവാട്ടുപേര് സ്വീകരിക്കുന്ന പതിവും മരുമക്കത്തായ സമ്പര്‍ക്കം മൂലം ഉണ്ടായതായി കരുതുന്നു. കോഴിക്കോട്ടെ മാപ്പിളമാരില്‍ പ്രബലരായ കോയമാരുടെ ഇടയില്‍ നിലനിന്നിരുന്ന തറവാട് കൂട്ടുകുടുംബസമ്പ്രദായത്തെ മുന്‍നിര്‍ത്തി നിരവധി കഥകളും നോവലുകളും, നാടകങ്ങളും പുറത്തുവന്നിട്ടുണ്ട്.14 

മാപ്പിളമാര്‍ മരുമക്കത്തായത്തിനെതിരെ

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പിന്തുടര്‍ച്ച സംബന്ധിച്ച നാട്ടാചാരങ്ങള്‍ക്കെതിരെ മുസ്ലീങ്ങള്‍ പ്രതിഷേധങ്ങള്‍ നടത്തിവന്നിരുന്നു. മലബാറില്‍ മരുമക്കത്തായത്തിനെതിരെ സംവാദങ്ങള്‍ ഉയരുന്നതിന് ഒരു നൂറ്റാണ്ടുമുമ്പു തന്നെ ഇന്തോനേഷ്യയില്‍ അത്തരം ശ്രമങ്ങളാരംഭിച്ചതായി ഗവേഷകനായ മഹമൂദ് കൂറിയ രേഖപ്പെടുത്തുന്നുണ്ട്.15 പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ മലബാറിലെ മരുമക്കത്തായത്തിനെതിരെ രംഗത്തു വന്നത് മക്തി തങ്ങളായിരുന്നു.16 "മുസ്ലീങ്ങളും മരുമക്കത്തായവും" എന്ന പേരില്‍ അദ്ദേഹം തയ്യാറാക്കിയ അറബി-മലയാള ഗ്രന്ഥത്തില്‍ മക്തി തങ്ങള്‍ മരുമക്കത്തായത്തിനെതിരെയുള്ള തന്‍റെ പരിശ്രമങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്: "വടക്കെ മലയാള നിവാസികളായ മുസ്ലീങ്ങള്‍ ഇസ്ലാം തുടങ്ങിയ മുതല്‍ക്ക് ഇന്നുവരെ ആയിരത്തില്‍പരം സംവത്സരം കഴിഞ്ഞിട്ടും കുഫ്രിയത്തിലെ നടപ്പായിരുന്ന മരുമക്കത്തായാചാരത്തെ ഒഴിച്ചു ഇസ്ലാം കല്‍പ്പിക്കുന്ന മക്കത്തായം എടുക്കാതെ സിദ്ധാന്തിച്ചിരിക്കുന്ന സംഗതിയെക്കുറിച്ച് ഞാന്‍ വടക്കെ മലയാളത്തില്‍ സഞ്ചരിച്ചപ്പോള്‍ പ്രസംഗിക്കുകയും അതിന്മേല്‍ ഉണ്ടായ എതിര്‍പ്പിനെ കാണിച്ചു സര്‍വ്വജനങ്ങള്‍ക്കും അറിയത്തക്ക വിധത്തില്‍ പരസ്യം ചെയ്തു. വടക്കും തെക്കുമുള്ള സര്‍വ്വപള്ളികള്‍ക്കും പത്രങ്ങളില്‍ ഇടുവാനായി പത്രാധിപര്‍ക്കും അയച്ചുകൊടുത്തു".17 മക്തിതങ്ങള്‍ മുതലിങ്ങോട്ടുള്ള സമുദായ പരിഷ്കര്‍ത്താക്കളും മരുമക്കത്തായ ദായക്രമത്തെ ഉന്മൂലനം ചെയ്യുന്നതിനായി പരിശ്രമിച്ചുവന്നിരുന്നു. ഭരണപരമായി തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ നാട്ടുരാജാക്കന്മാരും അധിനിവേശ ഭരണാധികാരികളാലും നിയന്ത്രിക്കപ്പെട്ടിരുന്ന നിയമനിര്‍മ്മാണ സഭകളില്‍ മരുമക്കത്തായ ദായക്രമത്തിനെതിരെ വിവിധ സന്ദര്‍ഭങ്ങളില്‍ നിയമനിര്‍മ്മാണങ്ങള്‍ നടന്നു. ശരീഅത്ത് (ഇസ്ലാമിക നിയമം) അനുസരിച്ചുള്ള പിന്തുടര്‍ച്ചാവകാശം മരുമക്കത്തായികളായ മുസ്ലീങ്ങളുടെ സ്വയാര്‍ജ്ജിത സ്വത്തുക്കള്‍ക്കും ബാധമാക്കുന്നതിനുവേണ്ടിയുള്ള ആവശ്യമുയര്‍ന്നുവന്നപ്പോള്‍ അത്തരത്തില്‍ നിയമനിര്‍മ്മാണവാശ്യപ്പെട്ടുകൊണ്ട് നാഗപട്ടണത്ത് നിന്നുള്ള അഹമ്മദ് തമ്പി മരയ്ക്കാര്‍ മദ്രാസ് ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ ബില്ലവതരിപ്പിക്കുകയുണ്ടായി. 1918 ല്‍ ഈ ബില്ല് അംഗീകരിക്കപ്പെടുകയും "മാപ്പിള പിന്തുടര്‍ച്ചാവകാശ നിയമം"(Mappila Succession Act of 1918) എന്ന പേരില്‍ അസംബ്ലി അത് പാസാക്കുകയും ചെയ്തു.18 

1918-ലെ പിന്തുടര്‍ച്ചാനിയമം അംഗീകരിച്ചുവരവെ 'മലബാര്‍ ഒസ്യത്ത് ആക്ട്' പ്രകാരം സ്വത്തുവകകള്‍ മുഴുവന്‍ മരണപത്രം (വസിയത്ത്) വഴി ഇഷ്ടാനുസരണം നല്‍കി വന്നിരുന്നത് നിരവധി തര്‍ക്കങ്ങള്‍ക്ക് വഴിവച്ചു. ഇത്തരത്തില്‍ മരണപത്രം വഴിയുള്ള വസ്തുവകകള്‍ ഇഷ്ടംപോലെ കൈമാറ്റം ചെയ്യുവാനുമുള്ള അവകാശത്തിന്മേല്‍ നിയമനിര്‍മ്മാണം വന്നില്ലായെങ്കില്‍ മരുമക്കത്തായികളായവരുടെ ഇടയില്‍ മാപ്പിള പിന്തുടര്‍ച്ചാവകാശനിയമം (1918) ഫലപ്രദമായി നടപ്പില്‍ വരുത്തുവാന്‍ സാധിക്കുകയില്ലായെന്ന നിലയിലേക്ക് കാര്യങ്ങളെത്തി. തുടര്‍ന്ന്, 1928ല്‍ തെക്കന്‍ കാനറ (കാസര്‍കോഡ്) യുടെ പ്രതിനിധിയായി മദ്രാസ് നിയമസഭയിലെത്തിയ മുഹമ്മദ് ഷംനാട് മുന്‍കൈയ്യെടത്ത് അവതരിപ്പിച്ച 'മാപ്പിള വില്‍സ് (ഒസ്യത്ത്) ബില്‍' 1928 ല്‍ സഭ പാസാക്കുകയും അത് മദ്രാസ് പ്രസിഡന്‍സിയ്ക്ക് കീഴിലുളള മുസ്ലീങ്ങളുടെ ഇടയില്‍ വ്യാപകമാക്കുകയും ചെയ്തു. ഇത് മാപ്പിളമാര്‍ക്കുളള ഒസ്യത്ത് രീതി ശരിഅത്ത് പ്രകാരമാക്കി മാറ്റി. അതായത്, ഒരാളുടെ ആകെ സ്വത്തിന്‍റെ മൂന്നിലൊന്നു മാത്രമേ ഒസ്യത്ത് പ്രകാരം കൊടുക്കുവാന്‍ പാടുളളൂ. മാത്രമല്ല, അവകാശികളില്‍പ്പെട്ട കുറച്ചു പേര്‍ക്ക് മാത്രം മറ്റവകാശികളുടെ സമ്മതം കൂടാതെ ഒസ്യത്ത് പ്രകാരം ദാനം നല്‍കപ്പെട്ടാല്‍ അതിന് സാധുതയുണ്ടാകില്ലായെന്നും അവിടെ ശരീഅത്ത് നിയമമായിരിക്കും പാലിക്കപ്പെടുകയെന്നും വന്നു.

1937 ല്‍ സെന്‍ട്രല്‍ ലെജിസ്ട്രേറ്റീവ് അസംബ്ലി മുസ്ലീം വ്യക്തി നിയമം (ശരീഅത്ത്) പാസാക്കുകയും ബ്രിട്ടീഷിന്ത്യയിലാകമാനം നടപ്പില്‍ വരുത്തുകയുമുണ്ടായി. തുടര്‍ന്ന് എല്ലാ മുസ്ലീംങ്ങളുടെയും വിവാഹം,വിവാഹമോചനം ഇത്യാദികള്‍ ശരീഅത്ത് നിയമത്തിന്‍റെ കീഴിലായി തീര്‍ന്നു. എന്നിരുന്നാലും മാപ്പിള തറവാടുകളിലെ ജീവിതാന്തരീക്ഷം പൊതുവെ തൃപ്തികര മായിരുന്നില്ല. മരുമക്കത്തായ രീതി അവസാനിപ്പിക്കുന്നതിനും തറവാടു വിഭജനത്തിനും വേണ്ടി കുടുംബാംഗങ്ങള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു തുടങ്ങി. ഇതു സംബന്ധമായി നിരവധി ഹര്‍ജികള്‍ ജനപ്രതിനിധികള്‍ക്കും സര്‍ക്കാരിനും നല്‍കി വന്നിരുന്നു. തുടര്‍ന്ന്, തെക്കന്‍ കാനറയില്‍ നിന്നുളള അംഗം മുഹമ്മദ് ഷംനാട് മുന്‍കൈയ്യെടുത്ത് മദ്രാസ് നിയമനിര്‍മ്മാണ സഭയില്‍, അവതരിപ്പിച്ച മാപ്പിള മരുമക്കത്തായ ബില്ല്, 1939 ലെ മാപ്പിള മരുമക്കത്തായ നിയമം തഢകക -XVII (The Mappila Marumakkathayam Act XVII of 1939) എന്ന നിലയില്‍ പാസാക്കപ്പെടുകയും മലബാറിലെ മാപ്പിള മരുമക്കത്തായ കുടുംബങ്ങളുടെ വിഭജനത്തിലേക്ക് നയിക്കുകയും ചെയ്തു. കുടുംബ ഓഹരികള്‍ ഏവരുടെയും സമ്മതപ്രകാരം വീതിച്ചു നല്‍കാമെന്ന് ഈ നിയമത്തില്‍ വ്യവസ്ഥ വന്നു.21  തുടര്‍ന്ന് തറവാട് ഭാഗം വയ്ക്കുന്നതിനും അതിനുളള വ്യവഹാരങ്ങള്‍ നടത്തുന്നതിന് നിയമപരമായ സാധ്യതകള്‍ ഇതിലൂടെ മരുമക്കത്തായികളായ കുടുംബാംഗങ്ങള്‍ക്ക് തുറന്നു കിട്ടി. തറവാട് സ്വത്ത് ഓരോ അംഗത്തിനും തുല്യയളവില്‍ (per capita basis) ലഭ്യമാക്കുന്നതിനും കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് അതവസാനിപ്പിക്കുന്നതിനും ഈ നിയമം ഇടനല്‍കി. 

മരുമക്കത്തായം തിരുവിതാംകൂര്‍ മുസ്ലീംങ്ങളില്‍

തിരുവിതാംകൂര്‍ പ്രദേശത്തെ മുസ്ലീംങ്ങളുടെ ഇടയില്‍ നിലനിന്നിരുന്ന മരുമക്കത്തായദായക്രമത്തിന്‍റെ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ തെളിവുകളൊന്നും ലഭ്യമല്ല. മുന്‍പ് സൂചിപ്പിച്ച പോലെ പരിവര്‍ത്തിത മുസ്ലീംങ്ങളിലൂടെ കടന്നു വന്ന നാട്ടാചാരമായിട്ട് ഇതിനെ കണക്കാക്കാം. ചിറയിന്‍കീഴ്, കൊല്ലം താലൂക്കുകളില്‍ ഉള്‍പ്പെട്ടിരുന്ന ഇടവാ, ഓടേറ്റില്‍ (ഓടയം), വര്‍ക്കല, പരവൂര്‍, മയ്യനാട് തുടങ്ങിയ പകുതി (വില്ലേജു) കളിലായി മൂന്നൂറോളം കുടുംബങ്ങള്‍ മരുമക്കത്തായ ദായക്രമം പിന്തുടര്‍ന്ന് വന്നിരുന്നു.22 മരുമക്കത്തായ ദായക്രമം പിന്തുടര്‍ന്നിരുന്ന നായര്‍ തറവാടുകളെ പോലെ തറവാട്ടു സ്വത്തിന്‍റെയും കുടുംബ ഭരണ നിര്‍വ്വഹത്തിന്‍റെ യും ചുമതല കുടുംബത്തിലെ മുതിര്‍ന്ന അമ്മാവനില്‍ (കാരണവര്‍) നിക്ഷിപ്തമായിരുന്നു. സ്ത്രീകളിലൂടെയുളള ദായക്രമം പാലിച്ചു വന്നിരുന്നതിനാല്‍ മരുമക്കത്തായി കുടുംബത്തിലെ സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നു. സ്ത്രീകള്‍ ഒരിക്കലും തങ്ങളുടെ തറവാടു വിട്ട് വിവാഹബന്ധത്തിലോ മറ്റോ മാറി താമസിക്കുക പതിവില്ല. എന്നാല്‍ അവരുടെ ഇടയിലെ പുരുഷന്മാര്‍ തങ്ങളുടെ ഭാര്യമാരെ തറവാടുകളില്‍ കൊണ്ടു വന്നു പാര്‍പ്പിക്കുകയോ തറവാട്ടു രീതി പിന്തുടരുകയോ ചെയ്തിരുന്നു. തറവാട്ടില്‍ കഴിഞ്ഞു വരുന്ന ഭാര്യമാര്‍ക്ക് അന്യ തറവാട്ടുകാരായ ഭര്‍ത്താക്കന്മാര്‍ നല്‍കുന്ന ചിലവുകള്‍ അപര്യാപ്തമാണെങ്കില്‍ തറവാട്ടു കാരണവര്‍ ആ പോരായ്മ നികത്തി വന്നിരുന്നു.23

ഇവിടെ മരുമക്കത്തായത്തിലുളള ഒരു മുസ്ലീം സ്ത്രീ മക്കത്തായത്തിലുളള ഒരു പുരുഷനെ വിവാഹം കഴിച്ചാല്‍ തന്‍റെ അവകാശങ്ങളെല്ലാം സ്വന്തം തറവാട്ടില്‍ തന്നെ നിലനില്‍ക്കും. അതോടൊപ്പം തന്നെ ഇസ്ലാമിക നിയമമനുസരിച്ച് ഭര്‍ത്താവിന്‍റെ സ്വത്തിനും അവകാശിയായിരിക്കും. മക്കള്‍ക്കും ഇത്തരത്തില്‍ തന്നെയായിരിക്കും അവകാശം. എന്നാല്‍ മക്കത്തായത്തിലുളള മുസ്ലീം സ്ത്രീ മരുമക്കത്തായത്തിലുളള പുരുഷനെ വിവാഹം കഴിച്ചാല്‍ ഭര്‍ത്താവിന്‍റെ തറവാട്ടു സ്വത്തിന് യാതൊരുവകാശവും ഉണ്ടായിരിക്കുകയില്ല. മക്കള്‍ക്കും അതു തന്നെയായിരുന്നു വ്യവസ്ഥ.24 അതിനാല്‍  മിക്കവാറും മരുമക്കത്തായ കുടുംബങ്ങള്‍ തമ്മിലായിരുന്നു വിവാഹബന്ധങ്ങള്‍ നടന്നിരുന്നത്. മാത്രമല്ല, രക്തബന്ധത്തിലുളള സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ മുറ പ്രകാരമുളള (മുറപ്പെണ്ണുസമ്പ്രദായം) വിവാഹം ഇവിടെ വ്യാപകമായിരുന്നു.25  തന്മൂലം മരുമക്കത്തായ തറവാടുകളിലെ സ്വത്തു വകകളുടെ വിഭജനം വളരെ അപൂര്‍വ്വമായിരുന്നു. മിക്ക തറവാടുകളിലും വ്യക്തി ഗതമായി ആര്‍ജ്ജിക്കുന്ന സ്വത്തുക്കളുടെ കാര്യത്തില്‍ ഇസ്ലാമിക നിയമവും താവഴി സ്വത്തുവകകളുടെ അവകാശകാര്യത്തില്‍ സഹോദരിമാര്‍ക്കോ സഹോദരി സന്താനങ്ങള്‍ക്കോ ആയിരിക്കുമെ ന്നതാണ് വ്യവസ്ഥ.

1918 ല്‍ മദ്രാസ് ലെജിസ്ട്രേറ്റീവ് അസംബ്ലി പാസാക്കിയ മാപ്പിള പിന്തുടര്‍ച്ചാവകാശത്തിന്‍റെ മാതൃകയില്‍ മരുമക്കത്തായ ത്തില്‍ നിന്നും ഇസ്ലാമിക രീതിയിലേയ്ക്കുളള ദായക്രമം നിയമ നിര്‍മ്മാണത്തിലൂടെ കൊണ്ടു വരുവാന്‍ തിരുവിതാംകൂറില്‍ നടന്ന നിയമനിര്‍മ്മാണ പരിശ്രമങ്ങളാണ് പ്രധാനമായും തുടര്‍ന്ന് ഇവിടെ പരിശോധിക്കുന്നത്.

മരുമക്കത്തായ ദായക്രമത്തിന്‍റെ തിരുത്തല്‍ പ്രക്രിയ തിരുവിതാംകൂര്‍ മുസ്ലീംങ്ങളില്‍

ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കം മുതല്‍ തിരുവിതാംകൂറില്‍ മുസ്ലീംങ്ങളുടെ മരുമക്കത്തായ പിന്തുടര്‍ച്ചയ്ക്കെതിരെ പ്രതിസ്വര ങ്ങള്‍ ഉയര്‍ന്നു വരുവാന്‍ തുടങ്ങി. പുരോഗമനാശയങ്ങള്‍ സമൂഹ ത്തില്‍ പടര്‍ന്നു കയറാന്‍ തുടങ്ങിയവേളയില്‍ മുസ്ലീംങ്ങള്‍ തങ്ങളു ടെ ഇടയിലുളള മാമൂലുകളെ എതിര്‍ക്കാന്‍ തുടങ്ങിയിരുന്നു. പുരോഗ മനാശയങ്ങള്‍ വച്ചു പുലര്‍ത്തിയിരുന്ന സമുദായ ശുദ്ധീകരണ വാദികള്‍, ആധുനിക വിദ്യാഭ്യാസം നേടിയ യുവാക്കള്‍, പത്രമാസി കകള്‍, സമുദായസംഘടനകള്‍ എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ അതിനെ പിന്തുണച്ച് മുന്നോട്ടു വന്നു. എന്നാല്‍ വെറും പ്രതിഷേധ ങ്ങള്‍ കൊണ്ടോ നിവേദനങ്ങള്‍ കൊണ്ടോ സാധ്യമാകുന്ന ഒന്നല്ല മരുമക്കത്തായം പോലുളള നിയമങ്ങള്‍ ഒഴിവാക്കല്‍; അതിനായി നിയമനിര്‍മ്മാണം ആവശ്യമായിരുന്നു. 1904 ല്‍ ശ്രീമൂലം പ്രജാസഭ രൂപം കൊണ്ടതു മുതല്‍ അതില്‍ നാമനിര്‍ദ്ദേശത്താല്‍ എത്തിയ മുസ്ലീം പ്രതിനിധികള്‍ മരുമക്കത്തായത്തിനെതിരെ നിയമനിര്‍മ്മാ ണത്തിനായി ആവശ്യമുയര്‍ത്തി വന്നിരുന്നു. 1907 ല്‍ തിരുവനന്തപുര ത്തെയും സമീപപ്രദേശങ്ങളിലെയും മുസ്ലീം സമുദായത്തില്‍ നിന്നുളള പ്രമുഖരുടെ ഒരു നിവേദനം തിരുവിതാംകൂര്‍ രാജാവിന് നല്‍കി. അതില്‍ വിദ്യാഭ്യാസം, പൊതു ഉദ്യോഗ ലഭ്യത എന്നിവയ്ക്കൊപ്പം സമുദായത്തില്‍ കടന്നു കൂടിയ മരുമക്കത്തായ ദായക്രമം ഒഴിവാക്കുന്നതിനായുളള നിയമനിര്‍മ്മാണവും പ്രധാന ആവശ്യമായി ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇതിനൊരു തടസമായി നിലനിന്നത് ഇസ്ലാമിക ദായക്രമവും നിയമവ്യവസ്ഥകളും വ്യക്തമായി മനസ്സിലാക്കി അവതരിപ്പിക്കുന്നതിന് പ്രാപ്തരായ നിയമസഭാംഗങ്ങള്‍ ഉണ്ടായിരുന്നില്ല എന്നതായിരുന്നു. വിദ്യാഭ്യാസവസരങ്ങള്‍ പ്രധാനം ചെയ്യുന്നതിന് വിവിധ നടപടികള്‍ കൈകൊണ്ടെങ്കിലും മരുമക്കത്തായ ദായക്രമത്തെ ഇല്ലായ്മ ചെയ്യുന്നതിനുളള നടപടികള്‍ 1920 കളിലാണ് നടന്നത്.

മദ്രാസ് നിയമനിര്‍മ്മാണസഭ പാസാക്കിയ മാപ്പിള പിന്തുടര്‍ച്ചാവകാശ നിയമ (1918)ത്തിന്‍റെ പശ്ചാത്തലത്തില്‍ തിരുവിതാംകൂറിലും അത്തരം നിയമങ്ങള്‍ക്കുളള പരിശ്രമങ്ങള്‍ നടന്നു. സമുദായത്തിലെ പുരോഗമനാശയക്കാര്‍ വിവിധ സ്ഥലങ്ങളില്‍ യോഗങ്ങള്‍ സംഘടിപ്പിച്ച് പ്രമേയങ്ങള്‍ പാസാക്കി സര്‍ക്കാരിനും പത്രമാസികള്‍ക്കും നല്‍കി. മരുമക്കത്തായ ദായക്രമം പിന്തുടര്‍ന്നു വന്നിരുന്ന വ്യക്തികളില്‍ നിന്നും ഹര്‍ജികളും നിവേദനങ്ങളും അധികാരികള്‍ക്ക് നല്‍കിയും സഭയില്‍ ഇത്തര ത്തില്‍ ബില്ലവതരിപ്പിക്കുന്നതിനായി മുസ്ലീം അംഗങ്ങളെ ബോധ്യ പ്പെടുത്തിയും വന്നിരുന്നു. ഇത്തരത്തിലൊരു നീക്കത്തിന്‍റെ ഭാഗമായി, 1920 ഫെബ്രുവരി 22 ന് പ്രജാസഭയിലെ മുസ്ലീം അംഗങ്ങള്‍ സംയുക്തമായി ഒരു നിവേദനം ദിവാന് നല്‍കി. മരുമക്കത്തായം ഉള്‍പ്പെടെ മൂന്ന് പ്രധാന ആവശ്യങ്ങളാണ് അടിയന്തിരമായി പരിഗണിക്കേണ്ടത് എന്നാണ് നിവേദനത്തില്‍ ഉള്‍ക്കൊളളിച്ചിരുന്നത്.26

തിരുവിതാംകൂറിലെ മുസ്ലീം സംഘടനകളും തങ്ങളാല്‍ കഴിയും വിധം മരുമക്കത്തായ ദായക്രമത്തിനെതിരെ നിയമനിര്‍ മ്മാണത്തിനായി സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടി രുന്നു. 1922 ല്‍ ആലപ്പുഴ മുസ്ലീം യുവജന സംഘത്തിന്‍റെ അഞ്ചാം വാര്‍ഷികത്തില്‍ ടി. എ. അബ്ദുളളക്കുട്ടി അവതരിപ്പിച്ച പ്രമേയ ത്തില്‍ തിരുവിതാംകൂറിലെ എല്ലാ മുസ്ലീംങ്ങളുടെയും ദായക്രമം മുഹമ്മദന്‍ നിയമനുസരിച്ച് ഏകീകരിക്കുന്നതിന് നിയമസഭയിലെ മുസ്ലീം പ്രതിനിധികള്‍ വേണ്ട പരിശ്രമം നടത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്.27 മുസ്ലീംങ്ങളുടെ ഉടമസ്ഥതയില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന പത്ര - മാസികകള്‍ മരുമക്കത്തായം അവസാനിപ്പിക്കുന്നതിനു വേണ്ട ഇടപെടലുകള്‍ നടത്തി. നിരവധി ലേഖനങ്ങളും കുറിപ്പുകളും ഇക്കാലത്ത് മരുമക്കത്തായത്തിനെ തിരായി പത്രമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു വന്നിരുന്നു. 1927 ല്‍ തിരുവനന്തപുരത്ത് നിന്നും പ്രസിദ്ധം ചെയ്തിരുന്നു 'മുസ്ലീം മിത്ര'ത്തില്‍ പത്രാധിപ കുറിപ്പായി വന്നത്: "മലബാറിലും തിരു വിതാംകൂറിലുമുളള ചില മുസ്ലീംങ്ങള്‍ മാത്രമേ ഈ ദായക്രമത്തെ വച്ചു പുലര്‍ത്തുന്നുളളൂ. പഴക്കമുളള ഈ ആചാരത്തെ ബഹിഷ്കരി ക്കുവാന്‍ നിയമനിര്‍മ്മാണം കൊണ്ടല്ലാതെ ഇപ്പോള്‍ സാധ്യമല്ലല്ലോ. മുസ്ലീംങ്ങള്‍ മെമ്മോറിയലുകളയച്ചും അവരുടെ പ്രതിനിധികളെ കൊണ്ടു നിയമസഭയില്‍ റെഗുലേഷന്‍ പാസ്സാക്കിയും ഈ ആചാരത്തെ ഉപേക്ഷിക്കേണ്ടത് അവരുടെ അന്തസ്സിനും ഇസ്ലാമിന്‍റെ പെരുമയ്ക്കും ആവശ്യമായിട്ടുളളതാകുന്നു".28

മരുമക്കത്തായത്തിനെതിരെ ബില്ലൊരുങ്ങുന്നു:

കേരളത്തിലെ സാമൂഹിക പരിഷ്കര്‍ത്താക്കളായ ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികള്‍, മക്തി തങ്ങള്‍, വക്കം മൗലവി തുടങ്ങിയവര്‍ തങ്ങളുടെ സമുദായത്തിലെ പ്രമാണി കുടുംബങ്ങളില്‍ തുടര്‍ന്നു വന്നിരുന്ന ഇത്തരം ദായക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുളള പരിശ്രമങ്ങള്‍ നടത്തി വന്നു. ശ്രീനാരായണ ഗുരു മരുമക്കത്തായത്തെ കുറിച്ച് അഭിപ്രായപ്പെട്ടത്: "സ്വജനങ്ങളില്‍ മരുമക്കത്തായം അനുസരിക്കുന്നവരുടെ ഇടയില്‍ ഒരുത്തന്‍റെ സ്വന്തം സമ്പാദ്യത്തില്‍ നിന്നും ഒരംശത്തിനെങ്കിലും അവര്‍ മുറപ്രകാരം വിവാഹം കഴിച്ച ഭാര്യയും മക്കളും അവകാശികളായിരിക്കാന്‍ നിയമം വേണം. അല്ലെങ്കില്‍ വിവാഹം നിരര്‍ത്ഥകമായി തീരും"29. ഇത്തര ത്തിലുളള ഉല്പതിഷ്ണുക്കളുടെയും വിദ്യാസമ്പന്നരായ യുവാക്കളു ടെയും പത്രമാധ്യമങ്ങളുടെയും ഇടപെടല്‍ മൂലം ദായക്രമങ്ങളില്‍ പുനര്‍ചിന്തനത്തിന് ഭരണാധികാരികള്‍ തയ്യാറായി തുടങ്ങി. തിരുവിതാംകൂര്‍ പാസാക്കിയ നായര്‍ റെഗുലേഷന്‍, ഈഴവ റെഗുലേഷന്‍, വെളളാള റെഗുലേഷന്‍, നമ്പൂതിരി ബില്ല്, ക്ഷത്രിയ പിന്തുടര്‍ച്ചാവകാശ നിയമം എന്നിങ്ങനെ നിരവധിയായ റെഗുലേഷന്‍ വിവിധ സമുദായങ്ങളില്‍ ആധുനികതയുടെ വെളിച്ചം കൊണ്ടു വന്നു.

ഇത്തരത്തില്‍ തിരുവിതാംകൂറിലെ മുസ്ലീംങ്ങളിലെ ഒരു വിഭാഗത്തിന്‍റെ ഇടയില്‍ നിലനില്‍ക്കുന്ന മരുമക്കത്തായത്തെ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി ശ്രീമൂലം പ്രജാസഭയിലെ മുസ്ലീം പ്രതിനിധികള്‍ നിയമനിര്‍മ്മാണത്തിനായി ബില്ലു അവതരിപ്പിക്കുന്നതിന് തയ്യാറായി. 1930 ല്‍ തങ്ങളുടെ ഇടയിലെ ദായക്രമത്തില്‍ അടിയന്തിരമായ മാറ്റം ആവശ്യമാണെന്ന നിലയില്‍ ചിറയിന്‍ക്കീഴ് താലൂക്കില്‍ നിന്നുളള മുസ്ലീംങ്ങള്‍ തങ്ങളുടെ പ്രതിനിധിയായ കെ.പി. നീലകണ്ഠപിളളയെ സമീപിച്ച് ഒരു ബില്ലവതിരിപ്പിക്കു ന്നതിനായി ആവശ്യപ്പെട്ടു.30 എന്നാല്‍ ഇത്തരത്തില്‍ മുസ്ലീംങ്ങ ളുടെ ദായക്രമത്തെ സംബന്ധിക്കുന്ന ഒരു ബില്ലവതരിപ്പിക്കുന്നതിന് അതിനെ കുറിച്ച് ബോധ്യമുളള ഒരു മുസ്ലീം സമുദായ പ്രതിനിധിയെ വേണമേല്‍പ്പിക്കാന്‍ എന്നതിനാല്‍ നീലകണ്ഠപിളളയുടെ താല്‍പ്പര്യപ്രകാരം ആലപ്പുഴയില്‍ നിന്നുളള പി. എസ്. മുഹമ്മദിന്‍റെ മുന്നില്‍ അവര്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു.  തുടര്‍ന്ന് 1930 ആഗസ്റ്റില്‍ ചേര്‍ന്ന സെഷനില്‍ ബില്ലവതരിപ്പിക്കുന്നതിന് പി.എസ്. മുഹമ്മദ് തയ്യാറായി. തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ റെഗുലേ ഷന്‍ കക (1923) പ്രകാരം ഒരു ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുന്ന തിന് മുന്‍പ് തിരുവിതാംകൂര്‍ ഗവണ്‍മെന്‍റ് ഗസ്റ്റില്‍ വിജ്ഞാപനം ചെയ്യണമായിരുന്നു. ഇതിനെ തുടര്‍ന്ന്, 1930 ജൂണ്‍ 3-ലെ സര്‍ക്കാര്‍ ഗസ്റ്റില്‍ മുസ്ലീംങ്ങളിലെ മരുമക്കത്തായ ദായക്രമം അവസാനിപ്പി ക്കുന്നതിനായി, തിരുവിതാംകൂര്‍ മുസ്ലീംങ്ങളുടെ ഇടയിലെ ദായക്രമവും പിന്‍തുടര്‍ച്ചാവകാശത്തെയും സംബന്ധിച്ചുളള നിയമത്തെ ഭേദപ്പെടുത്തിന്നതിനുളള ഒരു ബില്ല് (A Bill to amend the Law relating to Inheritance and Succession among the Muslims of Travancore) എന്ന പേരില്‍ ജനാഭിലാഷമറിയുന്നതിനായി പ്രസിദ്ധീ കരിച്ചു. ഗവണ്‍മെന്‍റ് ഗസ്റ്റില്‍ വന്ന പരസ്യത്തില്‍ ബില്ലു സംബന്ധ മായി അവതാരകനായ പി. എസ് മുഹമ്മദ് പറഞ്ഞവസാനിപ്പിച്ചത് ഇപ്രകാരമായിരുന്നു: "ഖുര്‍ആനിലെ വ്യക്തമായ നിര്‍ദ്ദേശത്തിനു വിപരീതമായി തിരുവിതാംകൂറിലെ ഏതാനും മുസ്ലീംങ്ങള്‍ മരുമക്കത്തായ നിയമം അനുസരിക്കുന്നതായി കാണുന്നത് ദൗര്‍ഭാഗ്യം തന്നെ. അവര്‍ മതദ്രോഹികളായി ജീവിക്കുന്നുവെന്നു മാത്രമല്ല സകലപരിഷ്കൃത സമുദായങ്ങളുടെയും പരിഹാസത്തിനു പാത്രമായി തീര്‍ന്നിരിക്കുന്നു. ഇടവാ, ഓടേറ്റില്‍ മുതലായ സമീപപ്രദേശങ്ങളിലാണ് ഇവരില്‍ ഭൂരിഭാഗം ആളുകളും താമസിക്കുന്നത്. അവരുടെ ഇടയില്‍ ഈ ദായക്രമം വച്ചു കൊണ്ടിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആരെങ്കിലുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നേരെ മറിച്ച് അതില്‍ വലിയ വിഭാഗം ഈ സമ്പ്രദായം മാറ്റണമെന്ന് അടിക്കടി ആവശ്യപ്പെട്ടു  വരുന്നു. ഈ മുസ്ലീംങ്ങളുടെ ഇടയില്‍ നിന്നു മരുമക്കത്തായ സമ്പ്രദായം മാറ്റി അവരെ മുഹമ്മദീയ ദായനിയമത്തിന്‍റെ വ്യാപ്തിയില്‍ ഉള്‍പ്പെടുത്ത ണമെന്ന് സമുദായം പൊതുവെ ആഗ്രഹിക്കുന്നു. ഈ ആഗ്രഹത്തിനു നിയമനിര്‍മ്മിതി കൊണ്ട് അംഗീകാരം നല്‍കുന്നതിനുളള ഒരു ശ്രമമാണ് ഈ ബില്ല്"31.

തിരുവിതാംകൂറിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ബില്ലിന് അനുകൂലമായി നിരവധി പേര്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചു. സാമൂഹിക മാറ്റത്തിന് സഹായിക്കുന്ന ഇത്തരം നിയമനിര്‍മ്മാണം കാലത്തിന്‍റെ ആവശ്യമാണെന്നും അതിനായി നിയമനിര്‍മ്മാണ സഭയില്‍ ബില്ല് അവതരിപ്പിക്കുവാന്‍ തയ്യാറായ പി. എസ്. മുഹമ്മദിനെ മുസ്ലീം സമുദായത്തിലെ ഉല്പതിഷ്ണുക്കള്‍ മുക്തകണ്ഠം പ്രശംസിച്ചു. ഈ ബില്ലിനെ സ്വാഗതം ചെയ്തു കൊണ്ട് വക്കം അബ്ദുള്‍ ഖാദര്‍ മൗലവി തന്‍റെ 'ദീപിക'യില്‍ എഴുതി:  "മതത്തെക്കാള്‍ പരമ്പരാചാര ങ്ങളേയും സ്വേച്ഛകളേയുമാണ് അധികമാളുകളും ആദരിക്കുന്നതെ ന്നു ഇതിന് അനവധി ദൃഷ്ടാന്തങ്ങളുണ്ട്. അവയില്‍ എത്രയും സ്പഷ്ടമായ ഒന്നാണ് തിരുവിതാംകൂറില്‍ പരവൂര്‍, ഇടവ, ഓടയം എന്നീ ദേശങ്ങളിലെ മുസ്ലീംങ്ങള്‍ അവരുടെ ഇടയില്‍ എങ്ങിനെ യോ വന്നു കൂടിയിട്ടുളള മരുമക്കത്തായാചാരത്തെ വച്ചു പുലര്‍ത്തി കൊണ്ടിരിക്കുന്നത്. മരുമക്കത്തായാചാരം ഖുര്‍ആന്‍ ഉപദേശിക്കുന്ന ദായക്രമത്തിനു വിരുദ്ധമാണെന്നറിയാത്തതു കൊണ്ടല്ല ഇവര്‍ ഈ ആചാരത്തെ പരിരക്ഷിച്ചു വരുന്നത്. കൈവിടുവാനുളള വൈമനസ്യം കൊണ്ടു മാത്രമാണ്. മലബാറില്‍ ചില പ്രദേശത്തു മുസ്ലീംകളുടെ ഇടയില്‍ ദീര്‍ഘകാലമായി നിലനിന്നിരുന്ന ഈ ആചാരത്തെ എട്ടു പത്തു കൊല്ലങ്ങള്‍ക്കു മുന്‍പ് അവര്‍ മാറ്റിയപ്പോള്‍ തിരുവിതാംകൂറി ലെ മരുമക്കത്തായക്കാരായ മുസ്ലീംകള്‍ തങ്ങള്‍ അവരോളം മതഭക്തരല്ലെന്നു പ്രത്യക്ഷപ്പെടുത്തിയതേയുളളൂ. ലോകധര്‍മ്മ ത്തിനും സമുദായക്ഷേമത്തിനും യോജിച്ചതല്ലെന്നുളള ഏകകാര ണത്തെ മാത്രം ആസ്പദമാക്കി ഇതിനിടെ നായന്മാരും ഈഴവരും ധീരതയോടു കൂടി ഈ ആചാരത്തെ ധ്വംസിച്ചു കളഞ്ഞു കണ്ടിട്ടും മതാഭിമാനികളെന്നു ഘോഷിക്കുന്ന മുസ്ലീങ്ങള്‍ തങ്ങളുടെ മതത്തിനു വിരുദ്ധമായിരുന്നിട്ടു കൂടി, അതിനെ കൈവിടാതെ യിരിക്കുന്നതില്‍ നായന്മാരും ഈഴവരും തന്നെ അത്ഭുതപ്പെടുന്നു."32 'രണ്ട് ബില്ലുകള്‍' എന്ന പേരില്‍ 'ദീപിക'യിലെഴുതിയ പത്രാധിപ കുറിപ്പില്‍ വക്കം മൗലവി ബില്ലവതരിപ്പിച്ചു വരുന്ന പി. എസ് മുഹമ്മദിന്  അനുമോദനം അര്‍പ്പിക്കുകയും ചെയ്തു. ഇതേ കാലഘ ട്ടത്തില്‍ ബില്ലിനെ അനുകൂലിച്ച്  നിരവധി മുസ്ലീംങ്ങള്‍ വിവിധ പത്രങ്ങളില്‍ എഴുതി വന്നിരുന്നു. അനിസ്ലമികമായൊരു ദായക്ര മത്തെ ഒഴിവാക്കണമെന്നാഗ്രഹത്തിനൊപ്പം തങ്ങളുടെ ഇടയില്‍ വന്നു ചേരേണ്ട സാമ്പത്തിക - സാംസ്കാരിക പൂര്‍ണ്ണത കൂടി അവ യില്‍ ഉയര്‍ന്നു നിന്നിരുന്നു. മുസ്ലീംങ്ങളില്‍ മരുമക്കത്തായ ദായ ക്രമം നിലനിന്നിരുന്ന ഇടവയിലെ ഓടയം സ്വദേശിയായ കെ. എം മുഹമ്മദ് യൂസഫ് ദീപികയില്‍ എഴുതിയ 'ശപിക്കപ്പെട്ട ദുരാചാരം' എന്ന ലേഖനത്തില്‍ നിഴലിച്ച് നില്‍ക്കുന്ന വികാരം അത്തരത്തി ലൊന്നായിരുന്നു: "കേവലം ദുരാചാരങ്ങളെന്നു കുപ്രസിദ്ധങ്ങളായ പല സംഗതികളും  മാമുല്‍ പ്രിയം നിമിത്തം ഇപ്പോള്‍ മുസ്ലീം ജനങ്ങളുടെ ഇടയില്‍ നിലനിന്നു പോരുന്നുണ്ട്. ശപിക്കപ്പെട്ട ദുരാചാരമായ മരുമക്കത്തായ സമ്പ്രദായം നോക്കുക, ഇസ്ലാം മതത്തില്‍ മരുമക്കത്തായചാരം എത്രയോ നിഷിദ്ധമായിട്ടുളള ഒന്നാണ്. ഈ ആചാരത്തെ ഇസ്ലാം മതാനുയായികളെന്നഭിമാനി ക്കുന്ന അനേകം ആളുകള്‍ ഇന്നും സഹര്‍ഷം കൊണ്ടാടുന്നു. സ്വന്തം മക്കളെ യാചകരാക്കിയിട്ട് അന്യരുടെ സന്താനങ്ങളെ പോറ്റി വളര്‍ത്തുന്ന ഈ ദുഷിച്ച ആചാരത്തെ നിറുത്തല്‍ ചെയ്വാന്‍ നിങ്ങള്‍ക്ക് ഇനിയെങ്കിലും നല്ല ബുദ്ധി ഉണ്ടാകേണമേ.. അജ്ഞത യുടെ ഫലമായി അയല്‍സമുദായങ്ങളില്‍ നിന്നും പകര്‍ന്ന ആചാ രത്തെ നീക്കി ഇസ്ലാമികമായ ദായക്രമം കൈ കൊളളുന്ന വിഷയത്തില്‍ ഇനിയെങ്കിലും വേണ്ട ശ്രദ്ധ പതിക്കുമെന്നു വിശ്വസിക്കുന്നു."33

തിരുവിതാംകൂറിലെ മുസ്ലീം ദായക്രമം സംബന്ധിച്ച നിയമസഭാ ചര്‍ച്ചകള്‍

1930 ആഗസ്റ്റില്‍ ചേര്‍ന്ന തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ മുസ്ലീം പിന്തുടര്‍ച്ചാവകാശ ബില്ല് സംബന്ധമായ ചര്‍ച്ചകള്‍ ആരംഭിച്ചു. ബില്ലവതരിപ്പിക്കുന്നതിന്‍റെ ഭാഗമായി പി. എസ്. മുഹമ്മദ് ബില്ലിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അവതരിപ്പിച്ചു നടത്തിയ പ്രസംഗത്തില്‍ മരുമക്കത്തായത്തിന്‍റെ ദോഷവശങ്ങള്‍ കൂടുതലായി പ്രതിപാദിക്കുകയുണ്ടായി: "തിരുവിതാംകൂറിലെ മുസ്ലീംങ്ങളില്‍ ഭൂരിപക്ഷവും മറ്റുദേശങ്ങളിലെ മുസ്ലീംങ്ങളെ പോലെതന്നെ മുഹമ്മദന്‍ നിയമം അനുസരിച്ച് ദായക്രമം, പിന്തുടര്‍ ച്ചാവകാശം എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. എന്നാല്‍ ഈ രാജ്യത്തു അപൂര്‍വം ചില മുസ്ലീംങ്ങള്‍ പരമ്പരയായി മരുമക്ക ത്തായ നിയമം വച്ചു പുലര്‍ത്തി വരുന്നുണ്ട്. അവര്‍ക്ക് മരുമക്കത്തായം വിട്ടു മുഹമ്മദന്‍ നിയമത്തിലേയ്ക്കു കടക്കണമെന്നുളള ആഗ്രഹം കൂടുതലായിട്ടുണ്ട്. മാത്രമല്ല, പരിഷ്കാരം കൂടി വരുന്തോറും മരുമക്കത്തായ പരമ്പരയായി ആചരിച്ചു വന്നിരുന്ന ആളുകള്‍ കൂടി മക്കത്തായം വേണമെന്നാഗ്രഹിച്ചു പ്രവര്‍ത്തിച്ചു വരുന്ന സന്ദര്‍ഭ ത്തില്‍ ന്യായമായ രീതിയില്‍ മക്കത്തായത്തെ സംബന്ധിച്ച് നിയമമുളള മുസ്ലീംങ്ങളില്‍ ഒരു കൂട്ടര്‍ മരുമക്കത്തായം വിട്ടു മുഹമ്മദന്‍ നിയമം അനുസരിച്ചുളള മക്കത്തായത്തിലേക്കു കടക്കാമെന്നാഗ്രഹിക്കുന്നുണ്ടെങ്കില്‍ അതൊരു വിധത്തിലും തടയുവാന്‍ പാടുളളതല്ല... അതു കൂടാതെ പലയോഗങ്ങളും നിശ്ചയങ്ങള്‍ പാസാക്കി അവരുടെ ആഗ്രഹങ്ങള്‍ ഗവണ്‍മെന്‍റിനെ അറിയിച്ചിട്ടുണ്ട്."34 തുടര്‍ന്നുളള ചര്‍ച്ചകളില്‍ ഇത്തരം നിയമനിര്‍മ്മാ ണത്തിലേയ്ക്ക് എത്തിയാല്‍ വന്നു ചേരാന്‍ സാധ്യതയുളള എതിര്‍പ്പുകളെ കുറിച്ച് വാദങ്ങള്‍ ഉയര്‍ന്നു. അക്കാലത്ത് നടപ്പിലാക്കിയ നായര്‍, ഈഴവ റെഗുലേഷനുകള്‍ വിളിച്ചു വരുത്തിയ സംവാദങ്ങള്‍ മുന്‍ നിര്‍ത്തിയുളള ചര്‍ച്ചകള്‍ സെഷനില്‍ നടന്നു. എന്നാല്‍ ഇസ്ലാമിക ദായക്രമത്തെ വ്യക്തമായി മനസ്സിലാക്കി അതിനെല്ലാം മറുപടി നല്‍കാന്‍ പി. എസ് മുഹമ്മദിന് സാധിച്ചു: "ഈ ബില്ല് അവതരിപ്പിക്കുന്നതിന് അനുവാദം ചോദിച്ചു കൊണ്ട് ഗവണ്‍മെന്‍റ് ഗസ്റ്റില്‍ പരസ്യം ചെയ്യുകയുണ്ടായി. അതിനെ അനൂകുലിച്ചു കൊണ്ട് പലരും അറിയിച്ചിട്ടുണ്ട്. ഒരൊറ്റ കുഞ്ഞു പോലും ഇതിനെ എതിര്‍ത്തിട്ടില്ല. ഇതില്‍ പ്രത്യേകമായി ഒരു വാദവിഷയം വരുന്നതു തറവാട്ടു സ്വത്തുക്കളെ ഏതു രീതിയില്‍ പരിഗണിക്കണമെന്നുളളതാണ്."35 1918-ല്‍ മദ്രാസ് ലെജിസ്ട്രേറ്റീവ് അസംബ്ലി പാസാക്കിയ മാപ്പിള പിന്തുടര്‍ച്ചാവകാശ നിയമത്തിലും തറവാട്  എന്ന മാമൂല്‍ സ്ഥാപനം ഇസ്ലാമിക നിയമത്തിന്‍റെ പരിധിയ്ക്ക് പുറത്തായിരുന്നു.36 തിരുവിതാംകൂര്‍ നിയമനിര്‍മ്മാണ സഭയില്‍ നടന്ന ചര്‍ച്ചകളിലും തറവാട്ടു സ്വത്തു സംബന്ധിച്ച് കൂടൂതല്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നു. തറവാട്ടു സ്വത്ത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുളളതിനാല്‍ അതിനെ കൈകാര്യം ചെയ്യുന്നതിനായി വ്യവസ്ഥ കൊണ്ടുവരണ മെന്നും പല അംഗങ്ങളും ആവശ്യപ്പെട്ടു. എന്നാല്‍ അത്തരത്തിലുളള വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിന് സെലക്ട് കമ്മിറ്റിയെ നിയമിക്കണമെന്ന   അഭിപ്രായം കൗണ്‍സിലില്‍ ഉയര്‍ന്നു വന്നു. സെലക്ട് കമ്മിറ്റിയെന്ന ആവശ്യത്തോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് പി. എസ്. മുഹമ്മദ് അഭിപ്രായപ്പെട്ടത്:  "മുഹമ്മദന്‍ നിയമം എല്ലാ മുഹമ്മദീയരെയും ബാധിക്കുന്ന ഒന്നാണ്. ഷാഫി, ഹനഫി ഇവര്‍ക്കൊക്കെ ഒരു ദായക്രമമാണ്. ഷിയായ്ക്ക് മാത്രമാണ് കുറച്ചു വ്യത്യാസമുളളത്. ഷിയാക്കള്‍ തിരുവിതാംകൂറിലില്ല.... കുട്ടുകുടുംബ സ്വത്തില്‍ മുഹമ്മദന്‍ നിയമം ഏര്‍പ്പെടുത്തണമെങ്കില്‍ ഓരോത്തര്‍ക്കും ആളോഹരി വീതം കിട്ടണമെന്നാണ് ആഗ്രഹം. തറവാട്ടു സ്വത്തുള്ളവര്‍ക്കു തടസമുണ്ടെങ്കില്‍ അവര്‍ക്കു കൂടി യോജിച്ചു പോകത്തക്ക വിധത്തില്‍ വല്ലതും ചെയ്യുന്നതു സമ്മതമാണ്. ഈ പ്രദേശത്ത് തറവാട്ടു സ്വത്തുളളവരെക്കാള്‍ അധികം സ്വന്തം സമ്പാദ്യമുളളവരാണുളളത്. തറവാട്ടു സ്വത്ത് രണ്ടു മൂന്നു കുടുംബത്തിനൊക്കെയുളളൂ; അവര്‍ക്കു ദോഷം വരാത്ത രീതിയില്‍ ഏതെങ്കിലും ഒരു വ്യവസ്ഥ വച്ചാല്‍ മതി."37 അദ്ദേഹത്തിന്‍റെ വാക്കുകളില്‍ നിന്ന് ഈ പ്രദേശത്ത് തറവാട്ടു സ്വത്തുളള കുടുംബങ്ങള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. തറവാട്ടു സംബന്ധമായ തീരുമാനങ്ങളൊക്കെ സെലക്ട് കമ്മിറ്റി നിയമനത്തിനും അവരുടെ വിലയിരുത്തലിനും ശേഷം മതിയെന്ന അഭിപ്രായമാണ് പൊതുവെ ഉണ്ടായത്. തുടര്‍ന്ന് സെലക്ട് കമ്മിറ്റിയ്ക്കായി അംഗങ്ങളെ നിര്‍ദ്ദേശിക്കാന്‍  അദ്ധ്യക്ഷന്‍ പി. എസ് മുഹമ്മദിനെ ചുമതലപ്പെടുത്തി. 1931 ആഗസ്റ്റ് 10 ന് ചേര്‍ന്ന കൗണ്‍സിലില്‍ ബില്ലിനെ കുറിച്ച് പഠിക്കുന്നതിനുളള സെലക്ട് കമ്മിറ്റിയെ തിരഞ്ഞെടുക്കുകയുണ്ടായി. കെ. എ. കൃഷ്ണ അയ്യങ്കാര്‍ അദ്ധ്യക്ഷനായ ഒന്‍പതാംഗ സെലക്ട് കമ്മിറ്റിയാണ് നിലവില്‍ വന്നത്.38 നാലുമാസത്തിനകം റിപ്പോര്‍ട്ടു സമര്‍പ്പിക്കാനാണ് സെലക്ട് കമ്മിറ്റിയ്ക്കു ദിവാന്‍ നല്‍കിയ നിര്‍ദ്ദേശം.

കൊ. വ. 1107 വൃശ്ചികം 19,20 തീയതികളില്‍ സെലക്ട് കമ്മിറ്റിയുടെ വിവരശേഖരണം വര്‍ക്കല ശിവഗിരി സ്കൂളില്‍ വച്ചു നടന്നു. മരുമക്കത്തായ ദായക്രമം പിന്തുടരുന്ന ചിറയിന്‍കീഴ് താലൂക്കില്‍ നിന്നുളള നാല്പത്തിയാറ് പേര്‍ കമ്മിറ്റി മുമ്പാകെ വസ്തുതകള്‍ വിവരിക്കുകയുണ്ടായി.39 അവര്‍ക്കുളള ആവലാതികള്‍ പ്രധാനമായും തറവാട്ട് സ്വത്തു സംബന്ധിച്ചു തന്നെയായിരുന്നു. എന്നിരുന്നാലും മരുമക്കത്തായ രീതിയിലുളള ദായക്രമം അവസാനിപ്പിക്കുന്നതിനും ഇസ്ലാമിക നിയമസംഹിതയിലൂന്നിയ സ്വത്തു വിഭജനം സാധ്യമാക്കുന്നതിനും ഇടപെടലുണ്ടാ കണമെന്നാണ് സെലക്ട് കമ്മിറ്റി മുമ്പാകെയെത്തിയവര്‍ ആവശ്യപ്പെട്ടത്. കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ വന്നു ഭവിച്ച താളപിഴകള്‍ മറ്റു സമുദായങ്ങളെ പോലെ മുസ്ലീംങ്ങളും അനുഭവിച്ചു തുടങ്ങിയിരുന്നു. അതിനാല്‍ കുട്ടുകുടുംബ രീതി അവസാനിപ്പിക്കുന്നതിനുളള മരുമക്കത്തായി മുസ്ലീംങ്ങളുടെ അവസാന പരിശ്രമം എന്ന നിലയില്‍ സെലക്ട് കമ്മിറ്റി മുമ്പാകെ നിരവധി രേഖകളും ഹാജരാക്കുകയുണ്ടായി. 1082 (1907) മുതലുള്ള ഇത്തരം പരിശ്രമങ്ങള്‍ തങ്ങളുടെ ഭാഗത്ത് നിന്നും നടന്നു വന്നിരുന്നതായി ബന്ധപ്പെട്ട കക്ഷികള്‍ സെലക്ട് കമ്മിറ്റി മുമ്പാകെ തെളിവായി നല്‍കി.40

1108 - ലെ തിരുവിതാംകൂര്‍  മുസ്ലീം റെഗുലേഷന്‍ IX

ഇസ്ലാമിക രീതിയിലുളള പിന്തുടര്‍ച്ചാവകാശത്തിന്‍റെ അഭാവത്തില്‍ 1074 (1899) ലെ തിരുവിതാംകൂര്‍ ഒസ്യത്ത് റെഗുലേഷന്‍ IV (Travancore Wills Regulation  IV of 1074 ME) പ്രകാരം സമ്മതപത്ര ത്തിന്‍ മേല്‍ ഉപാധികളോടെ പരിമിതമായ അളവില്‍ തറവാട്ടു സ്വത്തായുളള പുരയിടങ്ങളെ ഇഷ്ടാനുസരണം വിനിയോഗിക്കാന്‍ അനുവാദമുണ്ടായിരുന്നു. ഇത് വലിയ തര്‍ക്കങ്ങള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കും ഇട നല്‍കിയിരുന്നു. തിരുവിതാംകൂര്‍ മുസ്ലീം ങ്ങളുടെ ഇടയില്‍ സാമൂഹിക -സാംസ്കാരിക ഉണര്‍വ്വുണ്ടായ ഇരുപതാംനൂറ്റാണ്ടിന്‍റെ തുടക്കം മുതല്‍ വിവിധ പ്രദേശങ്ങളില്‍ മുസ്ലീം ദായക്രമത്തില്‍ വന്നുചേര്‍ന്നു കൊണ്ടിരിക്കുന്ന നിയമങ്ങളെ അളവറ്റ താല്‍പ്പര്യത്തോടുകൂടി തിരുവിതാംകൂര്‍ മുസ്ലീങ്ങള്‍ കണ്ടു.

1918 ല്‍ മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലി പാസാക്കിയ മാപ്പിള പിന്തുടര്‍ച്ചാവകാശ നിയമം ക നെ മുന്‍നിര്‍ത്തി തിരുവിതാംകൂറിലും മുസ്ലീം പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ അധികാരികള്‍ താല്‍പ്പര്യം കാണിച്ചുതുടങ്ങി. എന്നാല്‍ മലബാര്‍, തെക്കന്‍ കാനറ (കാസര്‍ഗോഡ്) പ്രദേശങ്ങളിലെ മാപ്പിളമാരുടെ ദായക്രമത്തില്‍ പറയുന്ന പ്രകാരമുള്ള സ്വയാര്‍ജ്ജിത സ്വത്തു സംബന്ധമായി വന്നുചേരാവുന്ന തര്‍ക്കങ്ങള്‍ നിയമപ്രശ്നങ്ങളിലേക്ക് വഴിവെയ്ക്കുമോയെന്ന സംശയമാണ് തിരുവിതാംകൂറിലും ഉയര്‍ന്നു വന്നത്. തറവാട് സ്വത്തു സമ്പന്ധമായ വ്യവസ്ഥകളൊന്നും 1918 ലെ നിയമത്തില്‍ പരാമര്‍ശിച്ചിരുന്നില്ലായെന്നതിനാല്‍ ബില്ല് സംബന്ധമായ നിയമസഭാ ചര്‍ച്ചകളിലും സെലക്ട് കമ്മിറ്റി ശിവഗിരിയില്‍ വച്ച് നടത്തിയ തെളിവെടുപ്പിലും തറവാട് സ്വത്തിന്‍റെ മേലുള്ള ഭാവി നിയന്ത്രണങ്ങളില്‍ ഇസ്ലാമിക ശരീഅത്ത് താല്‍പ്പര്യമാണ് മുന്നിട്ടു നിന്നത്. ബില്ലു സംബന്ധമായി സെലക്ട് കമ്മിറ്റി നടത്തിയ പരിശോധനയില്‍ നിരവധിപേര്‍ സ്വത്തിന്‍റെ പൊതുവായ വിഭജനം ആളോഹരി (Per Capita Basis) അടിസ്ഥാനത്തിലായിരിക്കണം എന്നും അത്തരം സ്വത്തുക്കളുടെ ഭാവി വിഭജനം ഇസ്ലാമിക നിയമമനസരിച്ച് നിയന്ത്രിക്കപ്പെട്ടുന്ന തരത്തിലായിരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള പ്രതിബന്ധങ്ങളെ തരണം ചെയ്യുന്നതിന് ലജിസ്ലേറ്റീവ് കൗണ്‍സിലിന്‍റെ മുന്നില്‍ ഉപാദികളില്ലായിരുന്നു. മാത്രമല്ല, ഇതിനായി കൂടിയ സമുദായ സംഘടനകളുടെയും നേതാക്കന്മാരുടേയും യോഗത്തില്‍ തറവാട് വിഭജനം സംബന്ധമായ തീരുമാനങ്ങളൊന്നും കൈകൊണ്ടിരുന്നുമില്ല. സ്വത്ത് സംബന്ധമായ അധികാരവകാശങ്ങള്‍ നിയമാനുസരണം ഇസ്ലാമിക നിയമത്തിലാക്കി സുരക്ഷിതമാക്കാനുള്ള സ്വാഭാവിക പ്രകടനമായി വിലയിരുത്തിയ സെലക്ട് കമ്മിറ്റിക്ക് സ്വത്തു വിഭജനം എങ്ങനെ നടപ്പില്‍ കൊണ്ടുവരണം എന്നതിനെ കുറിച്ച് വ്യക്തമായ രൂപരേഖയോ അനുമാനങ്ങളോ അവരില്‍ നിന്നും ലഭിച്ചതുമില്ല. മരുമക്കത്തായികളായ മുസ്ലീങ്ങളുടെ ഭാഗത്തുനിന്നും സ്വത്ത് വിഭജനം സംബന്ധിച്ച വ്യക്തമായ രീതികളൊന്നും മുന്നോട്ടുവെയ്ക്കാന്‍ കഴിയാതിരുന്നതിനാല്‍ മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലി പാസാക്കിയ മാപ്പിള പിന്തുടര്‍ച്ചാവകാശനിയമത്തിന്‍റെ രീതി പിന്തുടരുന്നതിനും നിയമ നിര്‍മ്മാണമാവശ്യമുള്ള ചില കാര്യങ്ങളില്‍ തര്‍ക്കങ്ങള്‍ കടന്നു കൂടാതിരിക്കുവാന്‍ സെലക്ട് കമ്മിറ്റി, ബില്ലില്‍ ചില മാറ്റങ്ങളും കൂടി നിര്‍ദ്ദേശിച്ചു. 

കൊ. വ. 1074 (1899) ലെ തിരുവിതാംകൂര്‍ ഒസ്യത്ത് റെഗുലേഷന്‍ പ്രകാരം മരുമക്കത്തായികളായ മുസ്ലീങ്ങള്‍ക്ക് അവര്‍ സ്വയം സമ്പാദിച്ച സ്വത്തുക്കള്‍ ഇഷ്ടപ്രകാരം വിനിയോഗിക്കാനും ആകെ സ്വത്തിന്‍റെ മൂന്നിലൊന്നില്‍ കൂടാത്ത സ്വത്തുവകകള്‍ വേര്‍തിരിച്ചെടുക്കാനും അധികാരം നല്‍കി: "ഈ ബില്ല് നിയമമാകുമ്പോള്‍ അവര്‍ സ്വയം സമ്പാദിച്ചതും പ്രത്യേകമായ സ്വത്തുക്കളെ സംബന്ധിച്ചിടത്തോളം മരുമക്കത്തായ നിയമത്തിന്‍റെ പിന്തുടര്‍ച്ചരീതി അവസാനിക്കും. എന്നാല്‍ തറവാട് അനുകൂലികളെ സംബന്ധിച്ചിടത്തോളം അവരപ്പോഴും മരുമക്കത്തായ രീതിയില്‍ തുടരും. എന്നാല്‍ ഒരു മരുമക്കത്തായി മുസ്ലീം കൈവശം വയ്ക്കുന്ന സ്വത്തിന്‍റെ നിയമപരമായ അവകാശം സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങളും അതിന്‍മേല്‍ നിയമപ്രശ്നങ്ങളും വരും. അതു സംബന്ധമായി ബില്ലു പാസ്സാക്കിയ ശേഷമേ പരിശോധിക്കാന്‍ സാധിക്കുകയുള്ളൂ."

ഇസ്ലാമിക നിയമം അനുവദിച്ചതിലും കൂടുതല്‍ എന്തെങ്കിലും ഓഹരി കയ്യടക്കുന്നതില്‍ നിന്ന് ഓരോരുത്തരെയും അയോഗ്യരാക്കുന്നതിന് ഈ ബില്ലില്‍ ഭേദഗതി ആവശ്യമാണെന്ന് സെലക്ട് കമ്മിറ്റി നിര്‍ദ്ദേശിച്ചു. അതിനായി മാപ്പിള ഒസ്യത്ത് നിയമം  VII ന്‍റെ മാതൃകയില്‍, 1074 -ലെ തിരുവിതാംകൂര്‍ ഒസ്യത്ത് റെഗുലേഷന്‍ VI ന്‍റെ ഭേദഗതിയ്ക്കാണ് സെലക്ട് കമ്മിറ്റി കൂടുതല്‍ താല്‍പ്പര്യം അറിയിച്ചത്. 1932 മാര്‍ച്ച് 8ന് സെലക്ട് കമ്മിറ്റി മുന്നോട്ട് വച്ച ഭേദഗതികള്‍ നിയമനിര്‍മ്മാണ സഭയില്‍ അവതരിപ്പിച്ച് നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള പാസാക്കാനുള്ള റിപ്പോര്‍ട്ട് തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. 1932 ഏപ്രില്‍ 25 ന് സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ട് പി.എസ്. മുഹമ്മദ് ശ്രീമൂലം അസംബ്ലി മുമ്പാകെ അവതരിപ്പിക്കുകയുണ്ടായി. തുടര്‍ന്ന് ബില്ലിന്‍റെ മേല്‍ അവസാന വായനയും നടത്തി ചെറിയ ചില മാറ്റങ്ങളോടെ സഭ ബില്ലിന് അംഗീകാരം നല്‍കുകയും ചെയ്തു.41 1932 ഡിസംബര്‍ 12 ന് സെലക്ട് കമ്മിറ്റി മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളിലൊന്നായ 1074 ലെ വസിയത്ത് റെഗുലേഷന്‍ കഢ ലെ ഭാഗം 8 ല്‍ പറയുന്ന ഒസ്യത്ത് പ്രകാരം കൈമാറ്റത്തിന് അധികാരപ്പെടുത്തുന്ന 'ടെസ്റ്റ്മെന്‍ററി' അധികാരത്തെ അസ്ഥിരപ്പെടുത്തുന്ന ഭേദഗതി ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ അവതരിപ്പിച്ച് അംഗീകാരം നേടി.42

1932 ഡിസംബര്‍ 19-ന് തിരുവിതാംകൂറിലെ മുസ്ലീങ്ങളുടെ മരുമക്കത്തായം അവസാനിപ്പിക്കുന്നതിനും മുസ്ലീം ദായക്രമം പിന്തുടര്‍ച്ചയാക്കുന്നതിനുമായി മുസ്ലീം പിന്തുടര്‍ച്ചാവകാശ റെഗുലേഷന്‍  XI (The Muslim Sccession Regulation XI of 1108 ME)  ശ്രീമൂലം അസംബ്ലി പാസാക്കി.43 തിരുവിതാംകൂര്‍ മൊത്തത്തില്‍ വ്യാപകമായ ഈ റെഗുലേഷന്‍ സംസ്ഥാനത്ത് താമസിച്ചുവരുന്ന മരുമക്കത്തായ ദായക്രമം പിന്തുടരുന്ന മുസ്ലീങ്ങള്‍ക്കും തിരുവിതാംകൂറില്‍ സ്ഥിതി ചെയ്യുന്ന സ്ഥാവര വസ്തുക്കളുള്ള അന്യദേശക്കാരായ മുസ്ലീങ്ങള്‍ക്കും ബാധകമാക്കി. 1933 ജനുവരി 3-ന് തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഗസറ്റില്‍ ഇതു സംബന്ധമായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന മരുമക്കത്തായത്തിന് തിരുവിതാംകൂര്‍ പ്രദേശത്ത് നിയമസാധുത ഇല്ലാതായി. തറവാട്ടു സ്വത്തൊഴികെയുള്ള എല്ലാ സ്വത്തവകാശവും മുസ്ലീം നിയമപ്രകാരമായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. തറവാട്ട് സ്വത്തില്‍ ഭേദഗതിയ്ക്കായി പുതിയ നിയമം പാസാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുകയുണ്ടായി. ഇതിനെ പിന്തുടര്‍ന്ന് തിരുവിതാംകൂറിലെ പ്രബല മുസ്ലീം വിഭാഗമായ കച്ചിമേമന്‍മാരുടെ ഇടയില്‍ നിലവിലുണ്ടായിരുന്ന ദായക്രമം അവസാനിപ്പിക്കുന്നതിനും ശരീഅത്ത് നിയമം നടപ്പില്‍ വരുത്തുന്നതിനുള്ള ബില്ല് അവതരിപ്പിക്കുന്നതിനും പി.എസ്. മുഹമ്മദിന് അവസരം ലഭിച്ചു.

ഉപസംഗ്രഹം

ഓരേ സമുദായത്തിലെ അംഗങ്ങള്‍ തന്നെ വ്യത്യസ്തദായക്രമം വച്ചു പുലര്‍ത്തുമ്പോള്‍ വന്നു ചേരുന്ന നിയമ പ്രശ്നങ്ങളെന്നതിനെക്കാള്‍ മതസംബന്ധിയായ വൈകാരികയായിരുന്നു ഇത്തരം മാമൂലുകള്‍ അവസാനിപ്പിക്കുന്നതിന് വേണ്ടി ഇറങ്ങിപ്പുറപ്പെട്ടതിന് പിന്നിലെ പ്രേരണ. അധിനിവേശാധുനികതയാല്‍ ഉയര്‍ന്നുവന്ന അച്ചടി, വാര്‍ത്താവിനമയ സംവിധാനങ്ങളുടെ വ്യാപനം, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്‍റെ വളര്‍ച്ച എന്നിവയെല്ലാം ഇതിന്‍റെ വേഗതയെ ത്വരിതപ്പെടുത്തിയ  ഘടകങ്ങളായിരുന്നു. പശ്ചിമേഷ്യയില്‍ നിന്നും ഈജിപ്റ്റില്‍ നിന്നും പ്രവഹിച്ച 'പാന്‍ ഇസ്ലാമിസ' ത്തിന്‍റെ ആശയങ്ങള്‍ പിന്‍പറ്റുന്നതിനായി നാട്ടാചാരങ്ങള്‍ വിട്ടൊഴിയണമെന്ന ശുദ്ധീകരണ വാദികളുടെ താല്‍പ്പര്യങ്ങളും ഇതിന്‍റെ പിന്നിലെ പ്രധാന പ്രേരകശക്തിയായി നിലനിന്നു. മരുമക്കത്തായികള്‍ കാലങ്ങളായി നടപ്പില്‍ വരുത്തുവാനാഗ്രഹിച്ച ഇസ്ലാമിക പിന്തുടര്‍ച്ച നിലവില്‍ വന്നതോടെ വ്യക്തി സ്വാതന്ത്യത്തിന് കൂടുതല്‍ അവസരങ്ങള്‍ കൈവന്നു. ദായക്രമത്തില്‍ വന്ന മാറ്റം ഇഷ്ടാനുസരണമുള്ള വിവാഹത്തിലേയ്ക്കും കുടുംബരീതികളിലേയ്ക്കും കടക്കുന്നതിന് അവരെ പ്രാപ്തമാക്കി. അത്തരത്തില്‍ പ്രകടമായ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ കഴിഞ്ഞ ചരിത്ര പ്രസിദ്ധമായ ഒരു സാമൂഹിക നിയമനിര്‍മ്മാണമായി 1108 ലെ തിരുവിതാംകൂര്‍ മുസ്ലീം പിന്തുടര്‍ച്ചാവകാശ നിയമം മാറി.

കുറിപ്പുകള്‍

1. പതിനാറാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട സഞ്ചാര കുറിപ്പുകളിലും (ഫ്രെയര്‍ ജോര്‍ദാനസ്, ദുവാര്‍ത്തെ ബര്‍ബോസ) ഗ്രന്ഥങ്ങളിലും (തുഹ്ഫത്തുല്‍ മുജാഹിദ്ദീന്‍) മരുമക്കത്തായത്തെ കുറിച്ച് പരാമര്‍ശമുണ്ട്. കാണുക, കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍, (വിവ.) വേലായുധന്‍ പണിക്കശ്ശേരി, മാതൃഭൂമി ബുക്സ്, 1963, കോഴിക്കോട്, പു. 49.
2. https: // www. washingtonpost.com/news/ insight/ wp/2016/07/06/1-glimpse- inside- the - worlds- largest- matrilineal - society/
Liazzat J.K. Bonate, Matroliny, Islam and gender in Northern Mozambique/https: ///www.jstor,org/. stable/27594374.
3. കേശവന്‍ വെളുത്താട്ട്, എം.ജി. എസ്സിന്‍റെ ചരിത്ര നിലപാടുകള്‍, എന്‍. ബി. എസ്, കോട്ടയം, 2012, പു. 66.
4. 9-12 നൂറ്റാണ്ടുകള്‍ക്കിടയില്‍ എഴുതപ്പെട്ട തിരുവല്ലാ ചെപ്പേട്, ജൂത ചെപ്പേട്, പാര്‍ത്ഥിവപുരം ചെപ്പേട് എന്നിവകളില്‍ മരുമക്കത്തായ ദായക്രമത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. കൊടുങ്ങല്ലൂരിലെ രണ്ടാംചേര രാജാക്കന്മാര്‍ മക്കത്തായികളായിരുന്നുവെന്ന ഇളംകുളം കുഞ്ഞന്‍പിള്ളയുടെ വാദത്തെ ഖണ്ഡിച്ച് കൊണ്ട് അവര്‍ മരുമക്കത്തായികളായിരുന്നുവെന്ന് എം.ജി.എസ് അവകാശപ്പെടുകയുണ്ടായി. മുന്‍ സൂചന.
5. T.K. Gopala Panikkar, Malabar and its Folk, GA Nadesan and Co., Madras, 1900, p.38
6. ഹിന്ദുകള്‍ക്കും മുസ്ലീംങ്ങള്‍ക്കും പുറമേ തിരുവിതാംകൂര്‍ പ്രദേശത്തെ സമ്പന്ന ക്രിസ്ത്യന്‍ കുടുംബങ്ങളിലും മരുമക്കത്തായ പിന്തുടര്‍ച്ച നില നിന്നിരുന്നതായി രേഖപ്പെടുത്തലുകളുണ്ട്. കാണുക, ങീറമ്യശഹ ജീവേലി ഖീലെുവ, ഠവല ജൃശിരശുഹലെ ീള ങമൃൗാാമസസമവേമ്യമാ ഘമം, ഇങട ജൃലൈ, ഗീമ്യേേമാ, 1918, ു. 46
7. കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍, പു. 49.
8. കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്, നമ്പൂതിരിമാരും മരുമക്കത്താ യവും, പഞ്ചാംഗം പുസ്തകശാല, കുന്നംകുളം, 1136 (1961), പു. 52-53.
9. L.K Krishna Iyer, Social History of Kerala, Vol. II, The Dravians, Books Centre Madras 1970, p. 82.
10. വേണാട്ടില്‍ അധികാരത്തില്‍ വന്ന മാര്‍ത്താണ്ഡവര്‍മ്മ (1729-1758) തന്‍റെ രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന മാടമ്പിമാരെയും പിളളമാരെയും അടിച്ചൊതുക്കുകയും അവരെ വധിക്കുകയും ചെയ്തു. കുടുംബത്തെ തുറ കയറ്റുകയും മുക്കുവന്‍ മാര്‍ക്ക് പിടിച്ചു നല്‍കിയെന്നുമാണ് ചരിത്രം. വേണാട്ടിന്‍റെ വടക്കെ അതിര്‍ത്തിയായിരുന്നു ഇടവ. തുടര്‍ന്ന് ഇവരില്‍ പലരും ഇസ്ലാമിലേ ക്കെത്തുകയും അവര്‍ തദ്ദേശീയമായി ആചരിച്ചിരുന്ന മരുമക്കത്തായം തുടര്‍ന്നു പോകുകയായിരുന്നുവെന്നും കരുതാവുന്നതാണ്.
11. മാപ്പിളമാരിലെ മരുമക്കത്തായത്തെക്കുറിച്ച് ചെങ്കുളത്ത് കുഞ്ഞിരാമമേനോന്‍ പരാമര്‍ശിക്കുന്നത്, "തറവാട്ടു സമ്പ്രദായവും മരുമക്കത്തായവും സാധാരണ മുഹമ്മദീയ നടവടിയ്ക്ക് അനുസരിച്ചുള്ളതല്ല. എന്നു മാത്രമല്ല, അവ മലയാളത്തിലെ മാപ്പിളമാരില്‍ വടക്കെ മലയാളത്തുകാര്‍ മുഴുവനും മരുമക്കത്തായക്കാരാണ്. തെക്കെ മലയാളത്തില്‍ ചിലേടങ്ങളില്‍ തറവാട്ടുമുതലിനെ സംബന്ധിച്ചിടത്തോളം മരുമക്കത്തായവും സ്വന്തം സമ്പാദ്യത്തെ  സംബന്ധിച്ച് മക്കത്തായ നടപടിയാണ് അനുസരിച്ച് വരുന്നത്."'കവന കൗമുദി'യില്‍ അദ്ദേഹമെഴുതിയ ലേഖനം പിന്നീട് വക്കം മൗലവി തന്‍റെ മുസ്ലീം മാസികയില്‍ പ്രസിദ്ധീകരിച്ചു കാണുക, ചെങ്കുളത്ത് കുഞ്ഞിരാമന്‍ മേനോന്‍ മലയാളത്തിലെ മാപ്പിളമാര്‍, മുസ്ലീം മാസിക, വാല്യം-5, ലക്കം-5, 1091 ധനു, പു. 137.
12. കെ. എം സീതി, കേരളത്തിലെ മുസ്ലീങ്ങളും മരുമക്കത്തായവും, (എ.ഡി) പി.എ സൈദ് മുഹമ്മദ്. ഇന്‍ കേരള മുസ്ലീം ഡയറക്ടറി, കൊച്ചി, 1960, പു. 410.
13. അതേ പുസ്തകം
14. പി.എ. മുഹമ്മദ് കോയ (മുഷ്താഖ്) രചിച്ച 'സുല്‍ത്താന്‍വീട്'  എന്ന നോവല്‍ അത്തരത്തില്‍ ഒരു പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. സുല്‍ത്താന്‍ വീട്ടില്‍ കോയമാരുടെ തറവാട് സമ്പ്രദായം വര്‍ണ്ണിക്കുന്നുണ്ട്. തറവാട്ടു ഭരണാധികാരമുണ്ടായിരുന്ന കാരണവ ത്തിമാരുടെ രീതികള്‍ മുഷ്ത്താഖ് ഇതില്‍ വരച്ചിടുന്നുണ്ട്. ഹജ്ജീബി താത്ത മുതല്‍ കൊച്ചുമകള്‍ കൗജേയിതാത്ത വരെയുളളവരിലൂടെ തറവാട്ടില്‍ സംഭവിക്കുന്ന നിരവധിയായ ജീവിതഘട്ടങ്ങള്‍ ഈ നോവലില്‍ വിവരിക്കുന്നുണ്ട്. കാണുക, ജമാല്‍ കൊച്ചങ്ങാടി, മുസ്ലീം സമുദായ ജീവിതം മലയാള നോവലുകളില്‍, കേരള സാഹിത്യ അക്കാദമി, തൃശൂര്‍, പു. 110.
15. 1780-90 കളിലാരംഭിച്ച് 1840 കള്‍ വരെ നീണ്ടുനിന്ന ഇന്തോനേഷ്യയിലെ പാതിരി യുദ്ധം നാട്ടാചാരപ്രകാരമുള്ള പിന്തുടര്‍ച്ചാക്രമത്തിനെതിരെയായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. കാണുക, മഹമ്മൂദ് കൂറിയ, അഭിമുഖം, ശബാബ് വാരിക, 2020 മെയ് 8, പു. 24.
16. കേരളത്തിലെ മുസ്ലീങ്ങളുടെ ഇടയില്‍ നിലനിന്നിരുന്ന തദ്ദേശീയ ദായക്രമത്തെ കുറിച്ച് ആദ്യ എതിര്‍പ്പ് രേഖപ്പെടുത്തിയത് തുഹ്ഫ ത്തൂല്‍ മുജാഹീദ്ദീന്‍ എന്ന ഗ്രന്ഥത്തിലൂടെ അതിന്‍റെ കര്‍ത്താവായ ഷെയ്ഖ് സൈനുദ്ദീനാണെന്നും കാണാം.
17. മക്തി തങ്ങള്‍ സമ്പൂര്‍ണ്ണകൃതികള്‍, (എഡി.) കെ.കെ.മുഹമ്മദ് അബ്ദുള്‍ കരീം, വചനം ബൂക്സ്, കോഴിക്കോട്,പു. 512.
18. S.M Muhammed Koya, Change of Inheritance Law among the Muslims of Kerala, Proceedings of South Indian History Congress. Vol. IX, 1989, p.44
19. S M Muhammed Koya, Reforms in the Matrilineal system in Kerala; Some Aspects, Proceedings of South Indian History Congress, Vol. XI, 1991; p.295
20. Subairath, 'Disintegration of Mappila Matrilineal in North Malaba', Proccedings of South Indian History Congress, Vol 33, 2013, p294
21. കെ. എം. സീതി,മുന്‍ സൂചന, പു. 412.
22. തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ മരുമക്കത്തായത്തി നെതിരെ ബില്ലവതരിപ്പിച്ച വേളയില്‍ പി. എസ്. മുഹമ്മദ് തന്നെയാണ് ചിറയിന്‍കീഴ്, കൊല്ലം താലൂക്കകളിലായി മൂന്നൂറില്‍ പരം കുടുംബങ്ങള്‍ മരുമക്കത്തായ ദായക്രമം പിന്തുടരുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടത്. 
23. The Regulation and Proclamation of Travancore, Vol. VII, 1105- 1109 ME, The Anantha Rama Varma Press, Trivandrum, 1934, p 580.
24 Ibid
25. പിതാവിന്‍റെയോ മാതാവിന്‍റേയോ സഹോദരന്‍-സഹോദരി പുത്രന്‍/ പുത്രി എന്നിവര്‍ തമ്മിലുളള വിവാഹം വ്യാപകമായിരുന്നു. അമ്മായി/അമ്മാവന്‍റെ മകള്‍ മുറപ്പെണ്ണ് എന്ന നിലയില്‍ വിവാഹബന്ധം നടന്നിരുന്നു. തറവാടുകളില്‍ സ്ത്രീകള്‍ തന്നെയാണ് ഭരണകാര്യ ങ്ങളില്‍ ഇടപ്പെട്ടിരുന്നത്.  
26. എസ് ആദം സേട്ട്, എസ് പി സുല്‍ത്താന്‍ അഹമ്മദ് ബദറുദ്ദീന്‍, എം. കെ. ഖാദര്‍പിളള, പി. എസ് മുഹമ്മദ്, പി. കെ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നല്‍കിയ നിവേദനത്തിലെ മറ്റ് രണ്ടാവശ്യങ്ങള്‍ തിരുവിതാം കൂറിലെ പബ്ലിക് സര്‍വ്വീസില്‍ മുസ്ലീങ്ങള്‍ക്ക് കൂടുതല്‍ അവസര ങ്ങള്‍ നല്‍കുക, തിരുവനന്തപുരത്ത് മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ബോര്‍ഡിംഗ് ഹോസ്റ്റല്‍ സ്ഥാപിക്കുക, എന്നിവയായിരുന്നു.
27. മുസ്ലീം ദ്വൈവാരപത്രം, 1922 സെപ്റ്റംബര്‍ 14, ആലപ്പുഴ, പു. 6
28. മുസ്ലീം മിത്രം, വാല്യം-1, ലക്കം: 9-10, തിരുവനന്തപുരം, 1927, പു. 254-255.
29 പി.കെ ബാലകൃഷ്ണന്‍, ശ്രീനാരായണ ഗുരു, എന്‍ ബി എസ്, കോട്ടയം, 1974, പു. 72.
30. Travancore Government Gazette, Part II, 3rd June 1930, Trivandrum, p. 163.
31 Ibid
32 വക്കം മൗലവിയുടെ ദീപിക ഒറ്റവാല്യത്തില്‍, വക്കം മൗലവി ഫൗണ്ടേഷന്‍ ട്രസ്റ്റ്, തിരുവനന്തപുരം, 1992.
33. കെ. എം മുഹമ്മദ് യൂസഫ്, ഒരു ശപിക്കപ്പെട്ട ദുരാചാരം, ദീപിക, വാല്യം -1, ലക്കം - 7, 1106 മിഥുനം (1931) കാണുക, വക്കം മൗലവിയുടെ ദീപിക ഒറ്റവാല്യത്തില്‍,  പു. 306-307.
34. Travancore Legislative Council Proceedings, Fourth Council, First Session of 1106 ME/ 10th August 1931, Vol. XIX, No. 13, p. 648
35 Ibid
36. താഹിര്‍ മഹ്മൂദ്, മുസ്ലീം ലോകത്തിലെ കുടുംബനിയമ പരിഷ്കാരം, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1978, പു. 250.
37. ഠൃമ്മിരീൃല ഘലഴശഹെമശ്ലേ ഇീൗിരശഹ ജൃീരലലറശിഴെ, ഢീഹ. തകത, ചീ. 13,  ു.649.
38. സെലക്ട് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍: രാമവര്‍മ്മ രാജാ, കെ. സി കരുണാകരന്‍, എ. എസ് ദാമോദരനാശാന്‍, എം. മുഹമ്മദ് മുസ്തഫ, ആര്‍. എസ്. സുബ്രഹ്മണ്യപിളള, കെ. പി കൊച്ചുകോര തരകന്‍, കയ്യാല പരമേശ്വരപിളള, പി. എസ് മുഹമ്മദ്.
39 The Regulation and Proclamation of Travancore, Vol. VII, p.586.
40 Ibid
41 Travancore Legislative Council Proceedings, Fourth Council, First Session of 1107 ME/ 25th April 1932, Vol. XX, No. 8, p. 624.
42 ഒരു മുസ്ലീമിന് സ്വത്ത് കൈകാര്യത്തില്‍ വില്‍പത്രം വിനിയോഗിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. മരുമക്കത്തായ രീതി അവസാനിക്കുന്നതോടെ അത്തരത്തില്‍ വസിയത്ത് ചെയ്ത സ്വത്ത് വിനിയോഗിക്കുന്ന രീതി ഇസ്ലാമിക നിയമത്തിലേക്ക് പരിവര്‍ത്തനപ്പെടും. Vide, Travancore Legislative Council Proceedings, Fourth Council, First Session of 1108 ME, 19th December 1932, Vol. XXII, No. 9, pp. 619-620.
43 Ibid, pp. 611-612.
Dr. Sakhariya T
Assistant Professor of History
Maharajas College (Autonomous)
Ernakulam
Pin: 682011
Ph: +91 9446854406
Email: sakhariya2009@gmail.com
ORCID: 0000- 0002-1750-9781