Social reformation and religious coexistence in Mappila Arts

Basheer Chungathara

Developed as a language of the Mapila community, Arabimalayalam is nourished through cultivating it's own literature and art. It can be said that the messages of equality and coexistence are visible even in the very origin of the language.  The lofty ideals of the language made it possible to involve actively in the propagation of the principles of modernity. Sanahulla makti Thangal, one of the Mapila leaders of Kerala renaissance was instrumental and bore persecution  for developing among Mapila community an aptitude for public education. Mapila arts and literature are the result of the communal harmony and cultural symbiosis practiced and existed for hundreds of years. The tradition of harmony it practiced is  unique when one thinks in the context of Indian history. Mapilapattu and arts stood by all the changes Kerala society ungone for centuries.  Thus,  one cannot belittle Arab Malayalam and it's arts belonged to Mapila community alone. It belongs to the Kerala society.  The article explores the religious harmony and social reformation in Mappila arts.

Basheer Chungathara
Secretary
Mahakavi Mohinkutty Vaidyar Mappila kala Academy
Kondotty
Pin: 673638
India
Ph: +91 9447171566
Email: basheerchungathara@gmail.com

സാമൂഹ്യ പരിഷ്കരണവും മത സൗഹാര്‍ദ്ദവും മാപ്പിള കലകളില്‍

ബഷീര്‍ ചുങ്കത്തറ

രണ്ട് ജനതകള്‍ തമ്മില്‍ നിലനിന്നിരുന്നതും സഹസ്രാബ്ദങ്ങള്‍ നീണ്ടുനിന്നതുമായ സഹവര്‍ത്തിത്വത്തിന്‍റെ ഫലമായി ഉരുത്തിരിഞ്ഞുവന്ന സവിശേഷമായ ഒരു സാംസ്കാരിക സമന്വയത്തിന്‍റെ ഉല്‍പന്നങ്ങളാണ് മാപ്പിള കലകളും മാപ്പിളപ്പാട്ടും. ഇന്ത്യയുടെ ചരിത്രവുമായി ബന്ധപ്പെടുത്തി വിലയിരുത്തുമ്പോള്‍ ആ ബന്ധത്തിന് ഒരു മഹത്വമുണ്ട്.

ഇസ്ലാമിന്‍റെ ആവിര്‍ഭാവത്തിനു നൂറ്റാണ്ടുകള്‍ മുമ്പ് തന്നെ അറേബ്യന്‍ പത്തേമാരികള്‍ ഇന്ത്യന്‍ തീരങ്ങളില്‍ എത്തിയിരുന്നു. അറബികള്‍ ഇന്ത്യയിലേക്ക് വരാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷം എത്തിയ പാശ്ചാത്യ വ്യാപാരക്കപ്പലുകളില്‍ വന്നിറങ്ങിയിരുന്നവര്‍ക്ക് ഉണ്ടായിരുന്ന അധിനിവേശം എന്ന രഹസ്യ അജണ്ട അറബികള്‍ക്കുണ്ടായിരുന്നില്ല. മാന്യമായ കൊടുക്കലുകളും വാങ്ങലുകളുമായി നിലനിന്ന ആ ബന്ധത്തിലൂടെ രണ്ട് സംസ്കാരങ്ങള്‍ തമ്മിലുള്ള ഇഴുകിച്ചേരലാണ് നടന്നത്. കച്ചവട ആവശ്യത്തിനായി കേരളത്തിലേക്ക് വന്ന അറബികളില്‍ ചിലര്‍ക്ക് വളരെക്കാലം തുടര്‍ച്ചയായി ഇവിടെത്തന്നെ തങ്ങേണ്ടിവന്നു. അവരില്‍ പലരും ഇവിടെ നിന്നും വിവാഹം കഴിച്ച് ഇവിടെത്തന്നെ കൂടി. അവരെയും അവരുടെ സന്തതികളെയും മാപ്പിളമാരെന്ന് വിളിച്ചു. രണ്ട് സംസ്കാരങ്ങളെയും സ്വാംശീകരിച്ചുകൊണ്ട് ഒരു പുതിയ സമൂഹമായി അവര്‍ ഇവിടെ വളര്‍ന്നു. അന്നത്തെ ഇന്ത്യയും കേരളവും അധസ്ഥിതര്‍ക്ക് അറിവ് നിഷേധിച്ചവരായിരുന്നു. അറിവ് നേടാന്‍ ശ്രമിക്കുന്ന ശുദ്രന്‍റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണമെന്ന കല്പനകളും, څഞങ്ങളുടെ കുട്ടികളെ നിങ്ങളുടെ സ്കൂളില്‍ ചേര്‍ക്കില്ലെങ്കില്‍ നിങ്ങളുടെ പാടം ഞങ്ങള്‍ കൊയ്യൂല' എന്ന് പ്രഖ്യാപിച്ചുകൊണ്ട് അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന സമരവുമെല്ലാം ഈ മനോഭാവത്തിന്‍റെ സൃഷ്ടികളായിരുന്നു.

അറബികള്‍ ഇന്ത്യയിലേക്ക് വരാന്‍ തുടങ്ങിയത് മതം പ്രചരിപ്പിക്കാനായിരുന്നുവെന്ന ഒരു പ്രചാരണം ഉണ്ട്. ഇസ്ലാമിനും വളരെ മുമ്പ് തന്നെ ഇവിടെ വന്നുകൊണ്ടിരുന്ന അറബികള്‍ക്കിടയില്‍ ഇസ്ലാം മതം വ്യാപിച്ചപ്പോള്‍ അവര്‍ വഴി ഇസ്ലാമും ഇന്ത്യയിലേക്ക് വന്നു എന്ന് മാത്രം. ആദ്യഘട്ടത്തില്‍ ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടത് അറിവുകള്‍ നിഷേധിക്കപ്പെട്ട അധസ്ഥിതരായിരുന്നു. സ്വന്തം മാതൃഭാഷപോലും അവര്‍ക്ക് എഴുതാന്‍ അറിയുമായിരുന്നില്ല. ഇസ്ലാം മതം സ്വീകരിച്ച അവരെ മതം പഠിപ്പിക്കാന്‍ കണ്ടെത്തിയ ഒരു എളുപ്പവിദ്യയായിരുന്നു 'അറബി മലയാളംچ

മാപ്പിള സമൂഹത്തിന്‍റെ ഭാഷയായി വളര്‍ന്ന അറബിമലയാളം അതിന്‍റേതായ കലയെയും സാഹിത്യത്തെയും വികസിപ്പിച്ചെടുക്കാന്‍ പ്രചോദനമായി. അതിനാല്‍ മാപ്പിള കലകളുടെ പിറവിയില്‍ തന്നെ ഒരു സഹവര്‍ത്തിത്വത്തിന്‍റെയും സമത്വത്തി്ന്‍റെയും സന്ദേശമുണ്ട്.

കേരളത്തെ മുന്നോട്ട് നയിച്ച സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങള്‍ക്കും നവോത്ഥാന ആശയ പ്രചരണങ്ങള്‍ക്കും തുണയായി മാപ്പിളകലകളും പാട്ടും സജീവമായി നിലകൊണ്ടു. മുസ്ലിം നവോത്ഥാന നായകരില്‍ പ്രമുഖനായിരുന്ന സനാഹുള്ളാമക്തി തങ്ങള്‍ മുസ്ലിം സമൂഹത്തെ പൊതുവിദ്യാഭ്യാസത്തോട് ആഭിമുഖ്യമുള്ളവരാക്കിത്തീര്‍ക്കുവാനായി പ്രവര്‍ത്തിച്ചുകൊണ്ട് പീഢനങ്ങള്‍ ഏറ്റുവാങ്ങിയ ത്യാഗിയാണ്. തന്‍റെ ആശയ പ്രചരണങ്ങള്‍ക്കായി അദ്ദേഹം ഉപയോഗിച്ചിരുന്നവയില്‍ ഉള്‍പ്പെട്ടിരുന്ന 

ڇ അടുക്കള വിട്ട് പോയില്ല
അറിവുള്ളോരെ കണ്ടില്ല 
അറിവുകളൊന്നും പഠിച്ചില്ല
ഫത്വാക്കൊട്ടും മുട്ടില്ലڈ എന്ന വരികള്‍ ഏറെ പ്രശസ്തമാണ്.

ഉപരിവര്‍ഗ്ഗത്തിന്‍റെ വിനോദോപാധിയെന്ന നിലയിലും, അടിയാള വിഭാഗങ്ങള്‍ അവരുടെ ദുരിത ജീവിതത്തിന് ഒരു ആശ്വാസം എന്ന നിലയിലും കൊണ്ടുനടന്നിരുന്നവയെ വികസിപ്പിച്ചെടുത്തതാണ് നമ്മുടെ മിക്ക കലാരൂപങ്ങളും. ഇതില്‍ രണ്ടാമത് പറഞ്ഞ വിഭാഗത്തിലാണ് നാടന്‍ പാട്ടുകളും നാടന്‍ കലകളും വരിക. മുസ്ലിംകളായി മാറിയവരില്‍ നല്ലൊരു പങ്കും അധസ്ഥിതരായിരുന്നതിനാല്‍ അവയോടാണ് മാപ്പിള കലകള്‍ക്ക് കൂടുതല്‍ അടുപ്പം.

അറേബ്യന്‍ ബെയ്ത്തുകളുടെ ഈണങ്ങളും നമ്മുടെ ഭാഷാവൃത്തങ്ങളുടെ രീതികളും സംയോജിപ്പിച്ചുകൊണ്ട് രൂപപ്പെട്ടവയാണ് മാപ്പിളപ്പാട്ടിന്‍റെ ഇശലുകള്‍. ഇവിടെ നിലവിലുണ്ടായിരുന്ന ഇതര സമുദായങ്ങളുടെ വാദ്യകലകളും നൃത്തച്ചുവടുകളും പരിഷ്കരിച്ചെടുത്ത് അവയിലേക്ക് ഇസ്ലാമിക ആശയങ്ങള്‍ സന്നിവേശിപ്പിച്ച് രൂപം കൊടുത്തവയാണ് മാപ്പിള കലകള്‍.

മതപരമായോ, മറ്റേതെങ്കിലും വിധത്തിലോ ഉള്ള ഭിന്നതകള്‍ക്ക് മേല്‍ സാംസ്കാരികമായ ഒരു ഒന്നിപ്പിന് മനുഷ്യരെ പ്രേരിപ്പിക്കുന്ന ഒരു കഴിവ് എല്ലാകാലത്തും എല്ലാ കലകള്‍ക്കും ഉണ്ട്. ഈ ദൗത്യം മാപ്പിള കലകളും നിര്‍വ്വഹിച്ചുപോരുന്നുണ്ട്.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സാക്ഷരത, സ്ത്രീപദവി, ആരോഗ്യസൂചകങ്ങള്‍ തുടങ്ങിയ ഒട്ടേറെ വിഷയങ്ങളില്‍ വലിയ ഉയരത്തിലാണ് കേരളം. ഈ മേന്മയിലേക്ക് കേരളത്തെ എത്തിക്കുന്നതില്‍ നവോത്ഥാന പ്രസ്ഥാനങ്ങളും, രാഷ്ട്രീയ പ്രസ്ഥാനങ്ങളും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കലാരംഗത്ത് നടന്ന പ്രവര്‍ത്തനങ്ങളും വലിയ പങ്ക് വഹിച്ചു. കലാരംഗത്ത് നിന്നും ഈ കാര്യത്തില്‍ വലിയ സംഭാവന ചെയ്തത് നമ്മുടെ നാടക പ്രസ്ഥാനമാണ്.

തെക്ക് കെ.പി.എ.സി.യും, മദ്ധ്യകേരളത്തില്‍ പി.ജെ.ആന്‍റണിയെ പോലുള്ളവരും, കോഴിക്കോട് നിന്ന് കെ.ടി.യും കൂട്ടരും, വള്ളുവനാട്ടില്‍ ചെറുകാടും സംഘവും, ഏറനാട്ടില്‍ ഇ.കെ. അയമുവും സഹപ്രവര്‍ത്തകരും ഉള്‍പ്പെട്ട പ്രതിഭാശാലികള്‍ നേത്യത്വം കൊടുത്ത ആ നാടക വസന്തത്തില്‍ കേരളം ഇളകി മറിഞ്ഞു. അതില്‍ ഒരു ബലം അവക്ക് അകമ്പടിയായി വന്ന മാപ്പിളപ്പാട്ടുകളായിരുന്നു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ആഞ്ഞടിച്ചുകൊണ്ട് ആയിരക്കണക്കിന് വേദികളില്‍ അന്നത്തെ ഓരോ നാടകവും അരങ്ങേറി.

'ഇത് ഭൂമിയാണ്' എന്ന നാടകത്തില്‍ മാപ്പിളപ്പാട്ട് ശൈലിയില്‍ കെ.ടി രചിച്ച 'തെളിയട്ടെ വിളക്കുകള്‍ തമസ്സിന്‍റെ തലവെട്ടി' എന്ന് തുടങ്ങുന്ന അവതരണ ഗാനവും, 'കൈലുകള്‍ പിടിക്ക്ണ കൈകളുണ്ടുയര്ണ്....' എന്ന സ്ത്രീ മുന്നേറ്റത്തിന്‍റെ സന്ദേശമുള്ള ഗാനവും വലിയ സ്വാധീനം ചെലുത്തിയവയാണ്.

മതങ്ങളുടെ തെറ്റായ വ്യാഖ്യാനങ്ങളിലും, അന്ധമായ കുറെ സാമൂഹ്യ ആചാരങ്ങളിലും കുടുങ്ങി വളരെ പരിഹാസ്യമായി തീര്‍ന്ന ഒന്നായിരുന്നു നമ്മുടെ സ്ത്രീ പുരുഷ ബന്ധങ്ങള്‍.

സാഹിത്യ കൃതികളിലൂടെ പുറത്ത് വന്ന പ്രണയത്തിന്‍റെ മനോഹര ആഖ്യാനങ്ങള്‍ ആ മനോഭാവത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. ചന്തുമേനോന്‍റെ 'ഇന്ദുലേഖ'യും ചങ്ങമ്പുഴയുടെ ചന്ദ്രികയും, കുമാരനാശാന്‍റെ നളിനിയും, ലീലയും, സാവിത്രിയും, ബഷീറിന്‍റെ സുഹ്റയും സാറാമ്മയും, തകഴിയുടെ കറുത്തമ്മയും ഉള്‍പ്പെട്ട നമ്മുടെ പ്രണയ നായികമാര്‍ മലയാളിയുടെ മനസ്സിനെ വളരെയേറെ സ്വാധീനിച്ചു. ഇവയില്‍ ആദ്യത്തെയാളായ ഇന്ദുലേഖക്കും മുമ്പായിരുന്നു അതി മനോഹരമായ ഒരു മാപ്പിളപ്പാട്ട് കാവ്യത്തിലൂടെ മോയിന്‍കുട്ടി വൈദ്യര്‍ അവതരിപ്പിച്ച ഹുസ്നുല്‍ ജമാല്‍ വന്നത്. സാഹിത്യപണ്ഡിതന്മാരാല്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മുസ്ലിം സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തിയ ഒരു പ്രണയ കാവ്യമായിരുന്നു അത്. പില്‍ക്കാലത്ത് പതിനായിരക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു. മെഹ്റിന്‍റെ പ്രണയ കാവ്യങ്ങളും ഇതേ ദൗത്യം നിര്‍വ്വഹിച്ചു.

മാപ്പിളപ്പാട്ടു രചയിതാക്കളില്‍ മത സൗഹാര്‍ദ്ദ ചിന്തകള്‍ എത്രമാത്രം ശക്തമായിരുന്നു എന്ന തിന്‍റെ വ്യക്തമായ തെളിവാണ് 'മാപ്പിള രാമായണം' എന്ന രചന. 'രാമായണം' കഥയെ തനി നാടന്‍ മാപ്പിള ഭാഷയില്‍, മാപ്പിളപ്പാട്ടിന്‍റെ ഇശലില്‍ തയ്യാറാക്കിയ ഈ രചനയുടെ കര്‍ത്താവ് ആരെന്ന് വ്യക്തമല്ല. ഇന്നത്തെ കാലത്ത് അത്തരം ഒരു രചന നടത്താന്‍ ആരെങ്കിലും ധൈര്യപ്പെടുമോ, അഥവാ ആരെങ്കിലും അതിന് മുന്നോട്ട് വന്നാല്‍ അത് ഏത് രീതിയിലായിരിക്കും സ്വീകരിക്കപ്പെടുക എന്നത് ചിന്താര്‍ഹമാണ്.

പ്രത്യക്ഷത്തില്‍ തന്നെ മതസൗഹാര്‍ദ്ദത്തിന്‍റെ സന്ദേശം വഹിക്കുന്ന ശ്രദ്ധേയമായ മാപ്പിളപ്പാട്ടുകള്‍ പ്രമുഖരായ മാപ്പിളപ്പാട്ടു കവികളില്‍ നിന്നും പുറത്ത് വന്നിട്ടുണ്ട്.

'പടപ്പ് പടപ്പോട് പിരിശത്തില്‍ നിന്നോളിന്‍ 
പടച്ചോന്‍റെ കാരുണ്യം കിട്ടുന്നത് കണ്ടോളിന്‍ 
അന്യോന്യം പോരാടിപ്പോരാടി നില്‍ക്കേണ്ടാ 
പൊന്നാലെ ക്ഷേത്രങ്ങള്‍, പള്ളികള്‍ തീര്‍ക്കേണ്ടാ....' 
എന്ന് തുടങ്ങുന്ന പി.ടി. അബ്ദുറഹ്മാന്‍റെ ഗാനവും
'ഒട്ടേറെ ജാതിമതക്കാരെല്ലാമൊത്ത്
ചേര്‍ന്ന് വാഴുന്ന മാമലനാട്...' 

എന്ന് തുടങ്ങുന്ന പക്കര്‍ പന്നൂരിന്‍റെ രചനയും വളരെ ജനപ്രീതി നേടിയവയാണ്. പ്രേം സൂറത്ത്, വി.എം.കുട്ടി, ഒ.എം. കരുവാരക്കുണ്ട് എന്നിവരും ശ്രദ്ധേയമായ മത മൈത്രീ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

കേരളീയരുടെ പൊതുബോധത്തെ ഗുണപരമായി സ്വാധീനിച്ചതും സര്‍ക്കാര്‍ നേത്യത്വത്തില്‍ നടന്നതും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടന്നതുമായ എല്ലാവിധ ബോധവല്‍ക്കരണ ക്യാംപയിനുകള്‍ക്കും മാപ്പിളപ്പാട്ടും കലകളും പ്രയോജനപ്പെടുത്താറുണ്ട്.

കേരളം തുരത്തിയോടിച്ചുവെന്ന് കരുതപ്പെട്ടിരുന്ന അന്ധവിശ്വാസങ്ങള്‍ ഒരു തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് അവക്കെതിരെ നടത്തുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കു എസ്.എ. ജമീല്‍ എഴുതിയ 'തങ്ങള്‍ കിസ്സ' എന്ന പ്രശസ്തമായ മാപ്പിളപ്പാട്ട് മികച്ചൊരായുധമാണ്.

മാപ്പിളപ്പാട്ട് കഴിഞ്ഞാല്‍ മാപ്പിള കലകളില്‍ കൂടുതല്‍ സ്വീകാര്യതയുള്ളത് ഒപ്പനക്കും കോല്‍ക്കളിക്കുമാണ്. കേരളീയ കലകളായ തുള്ളല്‍, തിരുവാതിരക്കളി, കൈകൊട്ടിക്കളി തുടങ്ങിയവയുടെയെല്ലാം സ്വാധീനം ഒപ്പനയുടെ ചുവടുകളിലും താളങ്ങളിലും വേഷത്തിലുമെല്ലാം കാണാന്‍ കഴിയും. വിശാലമനസ്കതയോടുകൂടിയ ഒരു സ്വാംശീകരണ മനോഭാവം ഇക്കാര്യത്തില്‍ ഉണ്ടായി

കലോത്സവ വേദികളുടെ പരിമിതികളിലേക്ക് ഒതുക്കുന്നതിനായി ഉണ്ടാക്കിയ ചിട്ടകളും നിയമങ്ങളും അനുസരിച്ച് പരുവപ്പെടുത്തിയതും കൂടുതലും ഏക സ്വഭാവമുള്ളതുമാണ് ഇന്ന് കാണുന്ന ഒപ്പനയെന്ന കലാരൂപം. യഥാര്‍ത്ഥത്തില്‍ മറ്റെല്ലാ മാപ്പിള കലകളെയും പോലെ മാപ്പിള സമൂഹത്തിന്‍റെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു ഒപ്പനയും. വീടുകളില്‍ നടക്കുന്ന വിവാഹം, കാത്കുത്ത്, ചേലാകര്‍മ്മം, ചെറിയ കുട്ടികളുടെ പിറപ്പ്, മുടി കളയല്‍ തുടങ്ങിയ എല്ലാ വിശേഷങ്ങള്‍ക്കും ഒപ്പന അരങ്ങേറിയിരുന്നു. ഓരോ ചടങ്ങിനനുസരിച്ചും പാട്ടിനും അവതരണത്തിനും വ്യത്യാസവും അവക്കുണ്ടായിരുന്നു. മാവേലിയെ വരവേല്‍ക്കുന്ന ഒപ്പനപ്പാട്ടൊക്കെ ഈ വൈവിധ്യവല്‍ക്കരണ ലക്ഷ്യത്തോടെയുള്ളതാണ്. ഒരു ഉദാഹരണം താഴെ കൊടുക്കുന്നു.

'മാവേലിക്ക് വരവേല്‍പ്പിന്നായി മലയാള
മൊരുങ്ങി നിന്നേ - ഒരുങ്ങി നിന്നേ 
മാളോര്‍ക്കുള്ളിലാമോദത്തിന്‍ നറുമലരുകള്‍ 
വിരിഞ്ഞിടുന്നേ - വിരിഞ്ഞിടുന്നേ

കോല്‍ക്കളിയില്‍ കേരളത്തിന്‍റെ അയോധന കലയായ കളരിപ്പയറ്റിന്‍റെയും, അധസ്ഥിത വിഭാഗങ്ങള്‍ക്കും ആദിവാസികള്‍ക്കും ഇടയില്‍ പ്രചാരത്തിലുള്ള സമാന കലാരൂപങ്ങളുടെയും അംശങ്ങള്‍ നല്ല തോതില്‍ ഇണക്കിച്ചേര്‍ത്തിട്ടുണ്ട്. അവയിലേക്ക് ഇസ്ലാമിക ആശയങ്ങളുള്ള ഗാനങ്ങളും വേഷവും ചേര്‍ത്ത് പുതിയ താളങ്ങള്‍ നല്‍കി വികസിപ്പിച്ചെടുത്തതാണ് ഈ കലാരൂപം.

ഒരു വിളക്ക് കത്തിച്ചാല്‍ അത് അനിസ്ലാമികമാകും എന്ന തരത്തില്‍പ്പെട്ട ഇന്നത്തെ സങ്കുചിത മതവ്യാഖ്യാനങ്ങള്‍ അന്നുണ്ടായിരുന്നുവെങ്കില്‍ ഈ കലാരൂപം തന്നെ ഉണ്ടാകുമായിരുന്നില്ല. മതസൗഹാര്‍ദ്ദത്തിന്‍റെ ആഹ്വാനമുള്ള പാട്ടുകള്‍ മിക്ക കോല്‍ക്കളിയിലും കലാകാരന്മാര്‍ അവതരിപ്പിക്കാറുണ്ട്.

څനാനാ മതങ്ങളും വസിക്കുമീ മലനാട്ടില്‍ 
നാനാ വിശ്വാസങ്ങള്‍ പുലരുമീ കേരള നാട്ടില്‍ 
സൗഹാര്‍ദ്ദം കുടി കൊള്ളട്ടേ... എന്നും 
ജാതി മതങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ദം നിലനില്‍ക്കട്ടേ...' 

എന്ന് തുടങ്ങുന്ന ഗാനം ഈ വിഭാഗത്തില്‍പ്പെട്ട ഒരു കോല്‍ക്കളിപ്പാട്ടാണ്. നബിയുടെ സഹാബികളുടെയും അപദാനങ്ങള്‍ക്കൊപ്പം ഓണപ്പാട്ടുകളും മതമൈത്രീ ഗാനങ്ങളും കോല്‍ക്കളിയില്‍ അവതരിപ്പിക്കുന്നു. പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ അവരുടെ വീടുകള്‍ക്ക് മുമ്പില്‍ കൂട്ടം കൂടി നടത്താറുള്ള കോല്‍ക്കളിയില്‍ മാപ്പിള കോല്‍ക്കളിക്കാര്‍ പാടാറുള്ള ഇസ്ലാമിക യുദ്ധ നായകന്മാരെ കുറിച്ചുള്ള പാട്ടുകളും പാടുന്നത് ഈ ലേഖകന്‍ കേട്ടിട്ടുണ്ട്. ഇന്ന് അത്തരം സാംസ്കാരികമായ കൊടുക്കലും വാങ്ങലുമൊക്കെ നിരുത്സാഹപ്പെടുത്തുന്ന മതവ്യാഖ്യാനങ്ങള്‍ എല്ലാ വിഭാഗങ്ങളിലും ശക്തിപ്പെട്ടുവരുന്നുണ്ട്. നാടിന്‍റെ ബഹുസ്വരതക്ക് കളങ്കമേല്‍പ്പിക്കുന്ന ഇത്തരം മതമൗലികതാ വാദങ്ങളെ കൂട്ടായി പ്രതിരോധിക്കേണ്ടതുണ്ട്.

ദഫ്മുട്ട്, അറവനമുട്ട്, ചീനിമുട്ട് തുടങ്ങിയ മാപ്പിള കലകളിലും അറബ് നാടുകളിലെയും കേരളത്തിലെയും വാദ്യകലകളുടെ അംശങ്ങള്‍ ചേര്‍ന്നിട്ടുണ്ട്. അറബി ബെയ്ത്തുകളും നാടന്‍ പാട്ടുകളും, മാപ്പിളപ്പാട്ടുകളും കൂട്ടിച്ചേര്‍ത്ത് വികസിപ്പിച്ചെടുത്ത ഈ കലകളുടെ അവതരണം ധാരാളമായി നടന്നിരുന്നത് നേര്‍ച്ച പോലുള്ള ഉത്സവങ്ങളിലും ഉറൂസുകളിലുമാണ്. ഈ ഉത്സവങ്ങള്‍ക്ക് പോലും നമ്മുടെ ക്ഷേത്രോത്സവങ്ങളുമായി നല്ല സാദൃശ്യമുണ്ട്. ഈ സാംസ്കാരിക സമന്വയങ്ങളുടെ പ്രതീകങ്ങളെ നിലനിര്‍ത്താനും ശക്തിപ്പെടുത്താനും ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ വേണ്ടതുണ്ട്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളില്‍ നമ്മുടെ നാട് കൈവരിച്ച നേട്ടങ്ങളില്‍ പ്രധാനം ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയതും ജന്മിത്വം അവസാനിപ്പിച്ചതുമാണ്. ഈ രണ്ട് സാമൂഹ്യ മാറ്റങ്ങള്‍ക്കും വേണ്ടി നടന്ന സമരങ്ങളിലും മാപ്പിളപ്പാട്ടും കലകളും പങ്ക് വഹിച്ചിട്ടുണ്ട്.

ഇരുനൂറ് കൊല്ലത്തോളം നീണ്ടുനിന്ന ബ്രിട്ടീഷ് ഭരണം നേരിട്ട ഏറ്റവും വലിയ ജനകീയ സായുധ ചെറുത്തു നില്‍പ്പായിരുന്നു മലബാര്‍ കലാപം. അതിലെ പോരാളികള്‍ക്ക് ആവേശം പകര്‍ന്നിരുന്ന കലാസൃഷ്ടികളായിരുന്നു മോയിന്‍കുട്ടി വൈദ്യരുടെ പടപ്പാട്ടുകള്‍ രക്തസാക്ഷികളാക്കപ്പെട്ട മാപ്പിളപ്പോരാളികളുടെ മൃതശരീരങ്ങളില്‍ നിന്നും വൈദ്യരുടെ പടപ്പാട്ടുകളുടെ കോപ്പികള്‍ കണ്ടെടുക്കപ്പെട്ടിരുന്നു. അതിനാല്‍ വൈദ്യരുടെ പടപ്പാട്ടുകളുടെ കോപ്പികള്‍ കൈവശം വെക്കലും പാടിപ്പറയലും ബ്രിട്ടീഷുകാര്‍ നിരോധിച്ചു.

കൂട്ടക്കൊലകള്‍ കൊണ്ട് മലബാര്‍ കലാപം അടിച്ചമര്‍ത്താന്‍ നേതൃത്വം കൊടുത്ത മലബാര്‍ കലക്ടറായിരുന്ന ഹിച്ച്കോക്കിനെ പോരാളികള്‍ കൊലപ്പെടുത്തിയിരുന്നു. അയാള്‍ക്ക് ഒരു സ്മാരകം കൊണ്ടോട്ടിക്കും മഞ്ചേരിക്കുമിടയിലെ മോങ്ങത്തെ വെള്ളുവമ്പ്രം ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്നു. ആ സ്മാരകത്തെ അപലപിച്ച് കൊണ്ട് രചിക്കപ്പെട്ട ഒരു മാപ്പിളപ്പാട്ട് ചരിത്രം സൃഷ്ടിച്ചു.

കമ്പളത്ത് ഗോവിന്ദന്‍ നായര്‍ എന്ന അദ്ധ്യാപക നേതാവ് എഴുതിയ ആ പാട്ട് ആ സ്മാരകം പൊളിച്ചുമാറ്റണമെന്ന ആവശ്യം ശക്തിപ്പെടുത്തി. അതോടെ ബ്രിട്ടീഷുകാര്‍ ആ പാട്ട് നിരോധിക്കുകയും അത് അച്ചടിച്ചുവന്ന ദേശാഭിമാനി പത്രം കണ്ടുകെട്ടുകയും ചെയ്തു. പാട്ടെഴുതിയ കവി ജോലിയില്‍ നിന്നും പിരിച്ചു വിടപ്പെട്ടു.

അന്നിരൂപത്തൊന്നിന്‍ നമ്മളീ മലയാളത്തില് 
ഒന്ന് ചേര്‍ന്ന് വെള്ളയോടെതിര്‍ത്ത് നല്ല മട്ടില്' 

എന്ന് തുടങ്ങുന്ന ആ ഗാനം സ്വാതന്ത്ര്യസമര ചരിത്രത്തിന്‍റെ ഭാഗമാണ്.

ജന്മിത്വവിരുദ്ധ സമരത്തിന് ആവേശം പകര്‍ന്ന ഒട്ടേറെ സാഹിത്യ സൃഷ്ടികള്‍ നമുക്കുണ്ട്. തോപ്പില്‍ ഭാസി, കെ. ദാമോദരന്‍, ചെറുകാട്, ഇ.കെ.അയമു എന്നിവരുടേതടക്കമുള്ള അനേകം നാടകങ്ങള്‍, തകഴിയുടെയും പൊന്‍കുന്നം വര്‍ക്കിയുടെയും നോവലുകള്‍, ചങ്ങമ്പുഴ, ഇടശ്ശേരി, വയലാര്‍, പി. ഭാസ്കരന്‍, ഒ.എന്‍.വി. എന്നിവരടക്കമുള്ള കവികളുടെ കവിതകള്‍ എന്നിവയെല്ലാം ഈ വിഷയവുമായി ബന്ധപ്പെട്ട് സ്മരിക്കപ്പെടാറുണ്ട്. എന്നാല്‍ അതേ തീവ്രതയോടെ ജന്മിത്വത്തിനെതിരെ ഉയര്‍ന്ന മാപ്പിളപ്പാട്ടുകള്‍ അധികം പറഞ്ഞു കേള്‍ക്കാറില്ല. മലബാറിലെ കുടിയാന്മാരുടെ മനസ്സില്‍ കുടിയേറിയ ഒരു മാപ്പിളപ്പാട്ടായിരുന്നു നിലമ്പൂര്‍ യുവജന കലാസമിതിയുടെ കലാകാരനും കവിയുമായിരുന്ന കെ.ജി. ഉണ്ണീന്‍ എഴുതിയ 

'അള്ള പടച്ചെ ഭൂമിയെ ഇന്നൊരു 
കൂട്ടര് കുത്തകയാക്കി നിറുത്തി
അതിനിടെ അതിരും അളവുമെ ഇത് വരെ 
കണ്ടിടുവാതെ - ജന്മി
അകലെയിരുന്ന് അതില്‍ വിളയുന്നത്
തിന്നുകയാണേ....' എന്ന് തുടങ്ങുന്ന പാട്ട്. മുകളില്‍ സൂചിപ്പിച്ച എഴുത്തുകാരുടെ വരികള്‍ക്കൊപ്പം ഓര്‍മ്മിക്കപ്പെടേണ്ടതാണ് ഈ വരികളും.

കേരളത്തിന്‍റെ എല്ലാ മാറ്റങ്ങള്‍ക്കും ഒപ്പം നിന്നവയാണ് മാപ്പിളപ്പാട്ടും മാപ്പിള കലകളും അവയെ ഒരു പ്രത്യേക സമുദായത്തിന്‍റേതായി ചുരുക്കിക്കാണാനാവില്ല. അത് മുഴുവന്‍ കേരളീയരുടെതുമാണ്. 

Basheer Chungathara
Secretary
Mahakavi Mohinkutty Vaidyar Mappila kala Academy
Kondotty
Pin: 673638
India
Ph: +91 9447171566
Email: basheerchungathara@gmail.com