The stylistic influence of Tamil in Arabi-Malayalam songs

Dr Aneesha P
Dr. Saidalavi C

Tamil-like linguistic forms and stylistic features are predominant in the Arabi-Malayalam songs, composed even in 20th century.  This style seems to have influenced the other branches of Mappilappattu at varying degree. Many authors are still inclined to the same style, if to a lesser extent, and imbibe it as the manifesting identity of Mappilappattu. This article investigates why the Arabi-Malayalam works composed even after the Malayalam language acquired its own identity, based on the six principles pointed out by Kerala Panini, moved away from the unique identity of the then contemporary Malayalam. The study identifies the affinity of Arabi-Malayalam to the broader tradition of Dravidian songs.

Key words: Arabi-Malayalam, Dravidian, Arwi, Arabi-Tamil, language identity, language mixture, Mappilappattu  

Bibliography

Abu, O. 1970. Arbimalayala Sahithya Charithram (Mal), Kottayam: National Book Trust
Iqbal Koppilan. 2008. Vattappattu (Mal), Kondotty: Moyinekutty Vaidyar Smarakam
Muahammed Abdul Kareem, K K. 1995. Arabi-Malayalam (Mal). Farook Colllege Golden Jubilee Souvenir
Balakrishnan Vallikkunnu. 1999. Mappilappattu: Oru Armukha Padanam (Mal). Kozhikode: Poonkavanam
Balakrishnan Vallikkunnu. 1999. Mappilabhasha: Arabimalayalathil ninnu sreshtamalayalathilekk (Mal). Kozhikode: Vachanam Books
Mansoorali T (Ed). 2014. Arabi-Malayala Sahithya Padanangal (Mal). Kozhikode: Lead Books
Meeran Muhammed Thoppil. 2010. Arabi-tamilum Tamil Muslim sahithyavum (Mal) Ishal Paithrukam. 14-17, 1.1 December 2010
Muhammed Abdul Kareem K K & Aboobacker K. 2005. Vaidyar Sampoorna Krithikal(Mal). Volume 1. Kondotty:  Mahakavi Moyeenkutty Vaidyar Smaraka Committee
Muhammed Abdul Kareem K K & Aboobacker K. 2005. Vaidyar Sampoorna Krithikal (Mal). Volume 2. Kondotty:  Mahakavi Moyeenkutty Vaidyar Smaraka Committee
Robert Caldwell. 1973. Dravidabhasha Vyakaranam(Mal). Thiruvananthapuram: Kerala Bhahsa Institute
Shamsudheen K O. 1978. Mappila Malayalam (Mal). Thiruvananthapuram: Kerala University
Bayly, Susan. (1992). Saints, Goddesses and Kings: Muslims and Christians in South Indian Society 1700 - 1900. Cambridge: Cambridge University Press.
Hussain Randathani. 2009.  Mappila muslims. Calicut.
Hussain Randathani. 2018. Mappila Songs and Performing Artis. Kondotty: Moyin Kutty Vaidyar Smaraka Mappila Kala Academy.
Kunjali V, 2004. Sufism in Kerala. Thenjippalam : Publication Division University of Calicut
Saiadalavi C. 2016. Arabi Malayalam A contact Linguistics analysis . Calicut :  Lipi publications.
Saidalavi C. 2012. A linguistic evaluation on Hybridization in Arabi Malayalam , inrtnational review on social science and humanities. Vol 3. No.1 (April 2012) pp 96-103.
Saidalavi C. 2012. Morphological analysis of Arabi Malayalam with special reference to Malappuram  Padappattu, proceedings of the international conference of Language contact in India. Pune : Deccan college Pune.
Saidalavi C. 2014. A Sociolinguistics Evaluatin of Arabi-Malayalam. Unpublished  Ph.D thesis. Mysore University.
Shu’ayb Alim Tayka. 1993. Arabic, Arwi and Persian in Sarandib and Tamil Nadu. A Study of the Contributions of Sri Lanka and Tamil Nadu to Arabic, Arwi, Persian and Urdu Languages, Literature and Education. Madras: Imamul Arus Trust.
Trosten Tschacher .2001. Islam in Tamil Nadu: Varia. Halle-Wittenberg : Martin-Luther-University 
Uwise, M.M. 1990 (1953). Muslim Contribution to Tamil Literature. Kilakarai: Fifth International Islamic. Tamil Literary Conference.
Vasudha Narayanan, 2003, Religious Vocabulary and Regional Identity, A Study of the Tamil Cerappuranam (Life of the Prophet), in Richard M. Eaton Ed., India’s Islamic Traditions. Oxford University Press, New Delhi, , p. 393
Dr Aneesha P
Thalappil House
Ozhoor Post
Tirur, Malppuram
India
Pin: 676307
Ph: +91 8089319950
Email: aneeshaambalappara@gmail.com
ORCID: 0009-0001-3651-4201
&
Dr Saidalavi C
Professor, School of Linguistics
Malayalam University, Tirur
India
Pin: 676502
Ph: +91 9895012935
Email: drsaid@temu.ac.in
ORCID: 0000-0002-8011-4803


അറബിമലയാളപ്പാട്ടുകൃതികളിലെ തമിഴ്ശൈലീസ്വാധീനം

ഡോ. അനീഷ പി
ഡോ. സൈതലവി സി

തമിഴുമട്ടിന് മേല്‍ക്കൈ ഉള്ളതും സാമാന്യവ്യവഹാര ഭാഷയില്‍ നിന്ന് ഏറെ അകന്നുനില്‍ക്കുന്നതുമായ ഭാഷാശൈലിയാണ് ഇരുപതാം നൂറ്റാണ്ടില്‍ രചിച്ച അറബിമലയാളപ്പാട്ടുകൃതികളില്‍പോലും കാണാനാകുന്നത്. ഈ ശൈലി ഏറിയും കുറഞ്ഞും ഇതര മാപ്പിളപ്പാട്ടുശാഖകളിലേക്കും സംക്രമിച്ചതായി കാണുന്നു. മാപ്പിളപ്പാട്ടുകളിലെ മാപ്പിളത്തത്തിന്‍റെ മുദ്രയായി പല രചയിതാക്കളും ഇപ്പോഴും അതേ ശൈലിയോട് കുറഞ്ഞ അളവിലാണെങ്കില്‍പോലും പ്രതിപത്തി കാണിക്കുകയും ചെയ്യുന്നു. മലയാളഭാഷ സവിശേഷ സ്വത്വമാര്‍ജിച്ചതിന് ശേഷം രചിച്ച അറബിമലയാളകൃതികള്‍ കേരളപാണിനി ചൂണ്ടിക്കാണിച്ച ആറു നയങ്ങള്‍ ഉള്‍പ്പെടെ മലയാളത്തിന്‍റെ തനത് സ്വത്വത്തില്‍ നിന്ന് എന്തുകൊണ്ടാണ് അകന്നു നിന്നത് എന്നാണ് ഈ  പ്രബന്ധം അന്വേഷിക്കുന്നത്. ആ അന്വേഷണം ചെന്നെത്തുന്നത് അറബിത്തമിഴ് ഉള്‍ക്കൊള്ളുന്ന വിശാലമായ ദ്രാവിഡപാട്ടുപാരമ്പര്യത്തിലേക്കാണ്.

താക്കോല്‍ വാക്കുകള്‍: അറബിമലയാളം, ദ്രാവിഡം, ആര്‍വി, അറബിത്തമിഴ്, ഭാഷാസ്വത്വം, ഭാഷാമിശ്രണം, മാപ്പിളപ്പാട്ട്

സങ്കരഭാഷാസ്വത്വപരികല്പന സ്വീകരിച്ച മുന്‍കാല ഗവേഷണങ്ങള്‍ (അബു. ഒ(1970), ഷംസുദ്ധീന്‍(1978), സെയ്തലവി(2014)) അറബിമലയാളത്തിലെ തമിഴുസ്വാധീനത്തിന്‍റെ കാരണങ്ങള്‍ കണ്ടെത്തുവാനുള്ള ശാസ്ത്രീയാന്വേഷണത്തിന് ഏറെയൊന്നും മുതിര്‍ന്നിട്ടില്ല. വ്യാപാരം മുഖ്യഉപജീവനമാര്‍ഗമായി സ്വീകരിച്ച മാപ്പിള സമുദായത്തിന് സഹവസിക്കേണ്ടിവന്ന സ്വാഭാവികമായ ബഹുഭാഷാചുറ്റുപാടിന്‍റെ ഫലമായി കൈവന്ന സങ്കരസ്വഭാവം മാത്രമായി ഇതിനെ കണ്ട ഗവേഷകരുണ്ട്. (ഉദാഹരണം ഡോ. സി സെയ്തലവി (2014) ഈ പ്രതിഭാസത്തിന്‍റെ അനേകകാരണങ്ങളിലൊന്ന് മാത്രമായേ അത്തരം നിരീക്ഷണങ്ങളെ കാണുവാനാകൂ. പൌരാണിക കാലം മുതല്‍ മലബാറിലെ ജനങ്ങളുടെ വാമൊഴി തലത്തില്‍ തമിഴിനുണ്ടായ സ്വാധീനം സംസ്കൃതവത്കരണത്തിന് വിധേയരാകാതിരുന്ന മാപ്പിളമാര്‍ വാമൊഴിയിലും വരമൊഴിയിലും തുടരുകയായിരന്നു എന്നതാണ് മറ്റൊരു വാദം. ഇതും കാരണങ്ങളിലൊന്നുമാത്രമായേ ഗണിക്കാനാകൂ. പദതലത്തില്‍ ദ്രാവിഡ കോശത്തിന്‍റെ വേരുകള്‍ മലയാളത്തിന്‍റെ ഇതരമേഖലകളെ അപേക്ഷിച്ച് മലബാറില്‍ ദൃഢമാണെന്ന് സമ്മതിച്ചാല്‍ തന്നെയും മലയാളത്തിന്‍റെ അടിസ്ഥാന സ്വഭാവങ്ങളില്‍ നിന്നും തനത് പരിണാമങ്ങളില്‍ നിന്നും പുറന്തിരിഞ്ഞ് നില്‍ക്കാന്‍ മാത്രമുള്ള സ്വത്വസമ്മര്‍ദമോ ഒറ്റതിരിയാനുള്ള സാഹചര്യമോ ഒന്നും ഭൂമിശാസ്ത്രപരമായും ചരിത്രപരമായും സാമൂഹികമായും മലബാറിനുണ്ടായിരുന്നില്ല. രാമചരിതംപോലുള്ള പാട്ടുകൃതികളിലെ ഭാഷാസ്വഭാവം അതേപടി വടക്കുഭാഗത്തെ മാപ്പിളമാര്‍ പിന്‍തുടര്‍ന്നുവെന്ന ഊഹവും യുക്തിസഹമല്ല. യുദ്ധസന്ദര്‍ഭം ഉപജീവിച്ചെഴുതിയ രാമചരിതത്തെ പോലുള്ള പാട്ടുകൃതികള്‍ അറബിമലയാളം പടപ്പാട്ടുരചയിതാക്കളെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നു മാത്രം. അറബിമലയാളത്തിന് അറബിത്തമിഴുമായുള്ള ബന്ധം കൂടി പരിശോധിച്ചാലേ പടപ്പാട്ടുകളിലെ വ്യതിരിക്ത ഭാഷാശൈലിയുടെ കാരണത്തെ കുറിച്ചുള്ള അന്വേഷണം പൂര്‍ണമാകൂ.

അറബിത്തമിഴ് അഥവാ ആര്‍വി

അറബിത്തമിഴിന്‍റെ ഉല്‍പ്പത്തി സംബന്ധിച്ച് തോപ്പില്‍ മുഹമ്മദ് മീരാന്‍റെയും(2014) Trosten Tschacher (2001)ന്‍റെയും അഭിപ്രായം ഇനി പറയും വിധം ക്രോഡീകരിക്കാം.

മുഹമ്മദ് നബിയുടെ കാലഘട്ടത്തിന് മുമ്പുതന്നെ തമിഴകത്തിന്‍റെ തീരപ്രദേശങ്ങളുമായി അറബികള്‍ക്ക് വ്യാപാരബന്ധമുണ്ടായിരുന്നു. കായല്‍പട്ടണം, നാഗൂര്‍, തേങ്ങാപട്ടണം, തിരുച്ചിറപ്പള്ളി, തൂത്തുക്കുടി തുടങ്ങിയ തുറമുഖപട്ടണങ്ങളായിരുന്നു അവരുടെ ആദ്യകാല കൂടിയേറ്റ കേന്ദ്രങ്ങള്‍. ജൈന, ബുദ്ധ മതവിശ്വാസികളിലൊരു വിഭാഗം ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തതോടെ തമിഴകത്ത് മുസ്ലിംകളുടെ അംഗസംഖ്യ വര്‍ധിക്കുവാനും ഒരു മിശ്രസംസ്കാരം ഉടലെടുക്കുവാനും കാരണമായി. ഇപ്രകാരം രൂപപ്പെട്ട മുസ്ലീം സമുദായങ്ങള്‍ ലബ്ബ, മരയ്ക്കാര്‍, റാവുത്തര്‍, ജോനകര്‍, തുലുക്കര്‍ എന്നിങ്ങനെ വിവിധ പേരുകളിലാണറിയപ്പെട്ടത്.  പ്രാദേശിക സംസ്കൃതി കൂടി സ്വാംശീകരിച്ച് വികസിച്ച ഇത്തരം സമുദായങ്ങളുടെ രൂപീകരണപ്രക്രിയ മലബാറിലെ മാപ്പിളസമുദായ രൂപീകരണ പ്രക്രിയയുമായി ഏറെ സമാനത പുലര്‍ത്തുന്നുണ്ട്. തമിഴകത്തെ മുസ്ലീങ്ങള്‍ തങ്ങളുടെ മതപരവും അല്ലാത്തതുമായ വ്യവഹാരത്തിന് രൂപപ്പെടുത്തിയ എഴുത്തുഭാഷയാണ് അറബിത്തമിഴ് എന്ന് അറിയപ്പെട്ടത്. 

അറബിലിപിയിലെഴുതിയ തമിഴ് സാഹിത്യത്തെ വിശേഷിപ്പിക്കാന്‍ അറബുതമിഴ് എന്ന പദത്തിനു പുറമെ ആര്‍വി എന്ന പദവും ഉപയോഗിച്ചിരുന്നതായി Trosten Tschacher (2001) സാക്ഷ്യപ്പെടുത്തുന്നു. ഉര്‍ദു ഭാഷകരായ ഡെക്കാന്‍ മുസ്ലീങ്ങളാണ് അറബുതമിഴിനെ ആര്‍വി എന്ന് വിശേഷിപ്പിച്ചത്.څആരവംچഎന്ന വാക്കിന് അവ്യക്തഭാഷണം എന്ന അര്‍ഥം കല്‍പ്പിച്ച് അറബുതമിഴിനെ അവമതിക്കാനാണ്څആര്‍വിچഎന്ന പ്രയോഗം ഉണ്ടാക്കിയത് എന്നും അഭിപ്രായമുണ്ട് (Shu'ayb1993). ഉത്തരേന്ത്യയിലും ഡെക്കാനിലും ഉര്‍ദുവിന് ലഭിച്ച സമ്മതി പ്രാദേശിക സംസ്കൃതിയോടും ഭാഷയോടും കൂടുതല്‍ ഇണങ്ങാനിഷ്ടപ്പെട്ട തമിഴ് മുസ്ലീങ്ങള്‍ക്കിടയില്‍ ഉണ്ടായില്ല എന്ന വസ്തുതയും പരിഗണിക്കേണ്ടതാണ് (Caldwell 1974: 14; cf. Uwise 1990: 239; Shu'ayb 1993: 100-1).

അറബിത്തമിഴ് ലിപി

ആര്‍വിയിലെയും അറബിമലയാളത്തിലെയും ലിപിവിന്യാസം താരതമ്യം ചെയ്യുക വഴിയും അവ തമ്മിലുള്ള അടുപ്പവും അകലവും കണ്ടെത്താനാകും. Trosten Tschacher (2001) ആര്‍വിയിലെ ലിപിവിന്യാസത്തെക്കുറിച്ച് സവിസ്തരം ചര്‍ച്ചചെയ്തിട്ടുണ്ട്. മാപ്പിളൈ ലെപ്പൈ എന്നും ഇമാമുല്‍ അറൂസ് എന്നും അറിയപ്പെടുന്ന കിഴക്കരെ സയ്യിദ് മുഹമ്മദിന്‍റെ ഹദിയമാലൈ എന്ന കൃതിയെയും ഷുഹൈബിന്‍റെ പഠനത്തില്‍ (1993: 776-778) അധികവിവരമായിചേര്‍ത്ത പഴയ ആര്‍വിലിപിയുടെ പട്ടികയെയും ആസ്പദമാക്കിയാണ് Tschacher (2001)  തന്‍റെ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നത്. ഈ വിവരണത്തിലുള്ള ആര്‍വിലിപിയ്ക്ക് ആദ്യകാല അറബിമലയാള ലിപിയോടുള്ള സാമ്യം ശ്രദ്ധേയമാണ്. പ്രസ്തുത പഠനത്തിലെ വിവരണമനുസരിച്ച് അറബിയിലില്ലാത്ത ച്, ട്. ര്, ള്, ണ്, ഴ് എന്നീ സ്വനങ്ങള്‍ക്ക് ആര്‍വി സ്വീകരിച്ചിട്ടുള്ള ലിപി തന്നെയാണ് അറബിമലയാളവും സ്വീകരിച്ചിരിക്കുന്നത് (Tschacher (2001:14 - 16)).. മറ്റു ദ്രാവിഡസ്വനങ്ങള്‍ക്കുള്ള ലിപിയുടെ കാര്യത്തില്‍ ആര്‍വിയും അറബിമലയാളവും തമ്മില്‍ വളരെ ചെറിയ വ്യത്യാസമേ ഉള്ളൂ. ഗ് എന്ന സ്വനത്തിന് ആര്‍വിയില്‍ ക് എന്ന സ്വനത്തിനുള്ള അറബിലിപിയുടെ താഴെ ഒരു കുത്താണ് ഇട്ടിരിക്കുന്നത്. അറബിമലാളത്തിലാകട്ടെ മുകളില്‍ ഒരു ചരിഞ്ഞ വരയും. 

ങ കാരത്തിന് അയ്ന് എന്നറിയപ്പെടുന്ന അറബിലിപിരൂപത്തിന്‍റെ മുകളില്‍ രണ്ടു കുത്തും താഴെ ഒരു കുത്തുമാണ് ആര്‍വിയിലുള്ളത്. അറബിമലയാളത്തില്‍ മുകളില്‍ രണ്ടിനു പകരം ഒരു കുത്തേ ഉള്ളൂ എന്നത് മാത്രമാണ് വ്യത്യാസം. 

പകാരലിപിക്ക് പഴയ അറബിമലയാള കൃതിയില്‍ അറബിയിലെ ഫ് എന്നതിനുള്ള ലിപിയാണ് ഉപയോഗിച്ചിരുന്നത്. ആദ്യകലാ അറബിമലായാള കൃതികളിലെല്ലാം പകാരത്തിന് അറബിയിലെ ഫ (Fa) ചിഹ്നമാണ് നല്‍കിയിരിക്കുന്നത്. പില്‍ക്കാലത്ത് പല അറബിമലയാളകൃതികളും (ഉദാ: വൈദ്യര്‍ കൃതികള്‍) ലിപ്യന്തരണം നടത്തിയപ്പോള്‍ പകാരത്തിന് തുല്യമായി /ള/ ന്‍റെ ഉച്ചാരണം സൂചിപ്പിക്കാന്‍ ഫകാരമാണ് ഉപയോഗിച്ചു കാണുന്നത്. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ മൂന്ന് ദശകങ്ങളില്‍ പിറന്ന കൃതികളില്‍ വരെ ഈ സവിശേഷത കാണാം. എഴുത്തില്‍ /ള/ എന്നുള്ള ലിപിയാണെങ്കിലും ഉച്ചാരണത്തില്‍ /പ്/ എന്ന് തന്നെയായിരിക്കാനാണിട; ലിപ്യന്തരണത്തില്‍ /ഫ/ എന്ന മലയാളലിപി ഉപയോഗിച്ചു പോന്നതുകൊണ്ട് പാട്ടുകളിലും മറ്റും പകാരം ഫകാരമായി ഉച്ചരിക്കുന്നുണ്ടെങ്കില്‍ പോലും. മേല്‍ പറഞ്ഞ വസ്തുത കൂടി കണക്കിലെടുത്താണ് ആര്‍വിയിലെ പകാരലിപിയെ സമീപിക്കേണ്ടത്. ആര്‍വിയില്‍ പകാരത്തിന് അറബിയിലെ ഫ (Fa) യുടെ ലിപി തന്നെയാണ് ഉപയോഗിച്ചു പോന്നത്. To the letter fa (-f) a dot is added below, creating Tamil –p- This is quite different from Persian or Urdu, In which –p is written with aletter based on Arabic –ba (-b)” (Shuayb: 1974). മുകളിലെ കുത്തിന് പുറമെ താഴെയും ഒരു കുത്ത് നല്‍കിയിരിക്കുന്നു എന്നുള്ളത് മാത്രമാണ് ആര്‍വിയും അറബിമലയാളവും ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന വ്യത്യാസം. പേര്‍ഷ്യന്‍ ലിപിയെ അനുകരിച്ച് അറബിയിലെ ബ് /(ba)/എന്നുള്ള ലിപിയ്ക്ക് താഴെ രണ്ട് കുത്തുകൂടി ചേര്‍ത്ത് പകാരം സൃഷ്ടിക്കാന്‍ ആര്‍വിയും ആദ്യകാല അറബിമലയാളവും ശ്രമിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അറബിമലയാളം പേര്‍ഷ്യന്‍/ഉര്‍ദുമട്ടിലുള്ള പകാര ചിഹ്നം സ്വീകരിക്കുന്നത് പില്‍ക്കാലത്ത് വന്ന ലിപി പരിഷ്കരണങ്ങളിലാണ്. പേര്‍ഷ്യന്‍/ ഉര്‍ദു അനുകരണം എളുപ്പമായിരുന്നുവെങ്കിലും ദ്രാവിഡസ്വത്വത്തിലൂന്നി തനതു ലിപി വികസിപ്പിക്കാനായിരുന്നു അറബിത്തമിഴിന് താല്‍പര്യം. അറബിമലയാളം ആ പാത പിന്‍തുടരുക മാത്രമാണ് ചെയ്തതെന്ന് കരുതാന്‍ ന്യായമുണ്ട്. 

ലഭ്യമായ വിവരണങ്ങളനുസരിച്ച് അറബിമലയാളത്തിലെ ആദ്യകൃതിയായ മുഹു്യുദ്ധീന്‍ മാലയ്ക്കും (1609) മുമ്പ്തന്നെ അറബിത്തമിഴില്‍ മാലപ്പാട്ടുകളടക്കമുള്ള കൃതികള്‍ ഉണ്ടായിട്ടുണ്ട് (മീരാന്‍: 2010). അതിനാല്‍തന്നെ ലിപിസംവിധാനകാര്യത്തിലും സാഹിത്യജനുസുകളുടെയും ശൈലിയുടെയും കാര്യത്തിലും അറബിമലയാളം അറബിത്തമിഴിനെക്കൂടി ആശ്രയിച്ചിരുന്നു എന്ന് പറയേണ്ടി വരും. ദക്ഷിണേന്ത്യന്‍ തീരപ്രദേശത്ത് കേരളത്തിലെ കൊല്ലം മുതല്‍ ആന്ധ്രയിലെ നെല്ലൂര്‍ വരെയും ശ്രീലങ്കയിലുടനീളവും വസിച്ചിരുന്ന മുസ്ലീങ്ങളെല്ലാം ഒരു കാലത്ത് ആര്‍വി മുസ്ലീങ്ങള്‍ എന്നറിയപ്പെട്ടിരുന്നതായി ഷുഹൈബ് (അതേ കൃതി: പുറം 11) യുക്തിയുക്തം സമര്‍ഥിക്കുന്നുണ്ട്. കേരളീയമുസ്ലീങ്ങളുടെ ബൌദ്ധികകേന്ദ്രമായിരുന്ന പൊന്നാനിയില്‍ മതസാഹിത്യസാംസ്കാരികരംഗത്ത് നേതൃത്വം കയ്യാളിയിരുന്നവരായിരുന്നു മഖ്ദൂം കുടുംബം.ڇപൊന്നാനി മുസ്ലീംകളുടെ ഒരു കേന്ദ്രമായിരുന്നു. ഹിജ്റ ഒമ്പതാം ശതകം മുതല്‍ ഒരു പണ്ഡിതകുടുംബം പൊന്നാനിയില്‍ താമസം തുടങ്ങി. അവരാണ്څപൊന്നാനി മഖ്ദൂം കുടുംബം. മഖ്ദൂംഗോത്രക്കാര്‍ യമനിലെ മഅ്ബറില്‍ നിന്ന് കീഴക്കര, കായല്‍പട്ടണം മുതലായ പ്രദേശങ്ങളില്‍ കുടിയേറിപ്പാര്‍ത്തു. മധുര, തഞ്ചാവൂര്‍, തിരുച്ചിറപ്പള്ളി, നാഗൂര്‍ മുതലായ പ്രദേശങ്ങളില്‍ ഇസ്ലാം പ്രചരിപ്പിച്ചതില്‍ മഖ്ദൂം കുടുംബത്തിന് വലിയ പങ്കുണ്ട്ڈ (മൌലവി &കരീം 1978). മാപ്പിളമാരുടെ ഭാഷാസാഹിത്യവ്യവഹാരങ്ങളില്‍ മഖ്ദൂമുമാര്‍ക്കുള്ള സ്വാധീനം നിസ്തര്‍ക്കമാണ്. തമിഴ് വേരുകളുള്ള മഖ്ദൂമുമാരിലൂടെയും തമിഴ് ചായ്വ് പുലര്‍ത്തുന്ന ഭാഷാശീലം സാഹിത്യവ്യവഹാരങ്ങളില്‍ വ്യാപിച്ചിട്ടുണ്ട് എന്നും കരുതാന്‍ ന്യായമുണ്ട്. സാഹിത്യ-മത വ്യവഹാരങ്ങള്‍ക്ക് സ്വീകരിച്ച ഭാഷാശൈലിയിലും എഴുത്തു സമ്പ്രദായത്തിലെ ഏറെക്കുറെ ഏകീകൃതമായ ലിപിയും തമിഴ്ڊകേരളതീരങ്ങളുള്‍പ്പെട്ട മുസ്ലീംവാസ ദേശങ്ങള്‍ക്ക് ചരിത്രത്തിലെ ഗണ്യമായ കാലയളവില്‍ ഒരു പൊതുസ്വത്വം നല്‍കിയിരുന്നുവെന്ന് മേല്‍പ്പറഞ്ഞ നിരീക്ഷണങ്ങള്‍ തെളിയിക്കുന്നു.

കാലമേറെ പിന്നിട്ടിട്ടും, ഭാഷാപരിണാമവഴികളില്‍ മലയാളം തനത് സ്വത്വമാര്‍ജിച്ചിട്ടും അറബിമലയാളസാഹിത്യം, പ്രത്യേകിച്ച് അതിലെ പടപ്പാട്ട് ജനുസ് തമിഴിന്‍റെ ഭാഷാഭാവങ്ങള്‍ കൈവെടിയാന്‍ മടിച്ചുനിന്നതിന് മേല്‍പ്പറഞ്ഞ  പൊതുസ്വത്വവും കാരണമായിട്ടുണ്ടെന്ന് കരുതാം. ദക്ഷിണേന്ത്യന്‍ തീരങ്ങളിലെ മുസ്ലീങ്ങള്‍ക്കിടയില്‍ പത്തൊമ്പതാം നൂറ്റാണ്ട് വരെ സജീവമായിരുന്ന സാഹിത്യപ്രവര്‍ത്തനങ്ങളുടെ സ്വഭാവം കൂടി വിലയിരുത്താതെ ആര്‍വിയും അറബിമലയാളവും തമ്മിലുള്ള ബന്ധം പൂര്‍ണമായി വ്യക്തമാകില്ല.

അറബിത്തമിഴ് സാഹിത്യം

എ. ഡി പത്താം നൂറ്റാണ്ട് മുതല്‍ക്ക് തന്നെ അറബിത്തമിഴില്‍ പല കൃതികളും ഉണ്ടായതായി തോപ്പില്‍ മുഹമ്മദ് മീരാന്‍ (2014: 61) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മുഖ്യധാരാ തമിഴ് സാഹിത്യത്തില്‍ നിന്ന് പൂര്‍ണമായി വേറിട്ടു നിന്നല്ല അറബിത്തമിഴിലെ സാഹിത്യധാര രൂപം കൊണ്ടത് എന്ന് വസുധാനാരായണന്‍ (2003: 393) സമര്‍ഥിക്കുന്നു. ഒമ്പതാം നൂറ്റാണ്ടില്‍ രചിച്ചതെന്നു കരുതപ്പെടുന്ന കമ്പരുടെ രാമായണത്തിന് സ്ത്രീകളും പുരുഷന്‍മാരുമായ തമിഴ് മുസ്ലീം എഴുത്തുകാര്‍ നല്‍കിയ വ്യാഖ്യാനം വസുധാനാരായണന്‍ ചൂണ്ടിക്കാട്ടുന്നു. തമിഴ് രാമായണത്തില്‍ അവഗാഹമുണ്ടായിരുന്ന അനേകം പണ്ഡിതരെ അവര്‍ പട്ടികപ്പെടുത്തുന്നുമുണ്ട്. സൂഫിവര്യന്‍മാരുടെ അന്ത്യവിശ്രമസ്ഥലം സന്ദര്‍ശിച്ച് ഉപചാരമര്‍പ്പിക്കുന്നത് ഇപ്പോഴും തമിഴ്നാട്ടിലെ ഹിന്ദുക്കളുടെ സംസ്കാരത്തിന്‍റെ ഭാഗമാണ്. ഭക്തിപ്രസ്ഥാനത്തിലെ വൈഷ്ണവധാരയാണ് മുസ്ലീങ്ങളോട് കൂടുതല്‍ അടുപ്പം പുലര്‍ത്തിയിരുന്നത് എന്ന് പ്രൊഫ. ഹുസൈന്‍ രണ്ടത്താണിയും (2018: 49) സാക്ഷ്യപ്പെടുത്തുന്നു. സൂസന്‍ ബെയിലിയെ (1992: 94) ഉദ്ധരിച്ച്. അള്ളാഹുവിനെ അള്ളാസ്വാമി എന്ന പേരില്‍ ആരാധിച്ചിരുന്ന സമ്പ്രദായവും ഇരു സമുദായങ്ങള്‍ തമ്മിലുള്ള ഇഴയടുപ്പത്തിന് മകുടോദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

സൂഫികളുടെ തസ്കിറ സാഹിത്യവുമായി ശൈവസാഹിത്യത്തിലെ ബിംബകല്‍പനകള്‍ക്കുള്ള ചാര്‍ച്ച സൂസന്‍ ബെയിലി (അതേ കൃതി: 120) ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആവിര്‍ഭാവകാലം തൊട്ട് തമിഴ് മുസ്ലീം സമുദായത്തിലെ വിദ്യാസമ്പന്നരായ വലിയൊരു വിഭാഗം ഹിന്ദുമതവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ തമിഴ് സാഹിത്യപ്രപഞ്ചത്തെ ഉള്‍ക്കൊണ്ടുപോന്നു. അതുവഴി തമിഴ് കാവ്യപാരമ്പര്യ വഴിയിലുള്ള എല്ലാതരം കവന സമ്പ്രദായത്തെയും ഉള്‍കൊള്ളാന്‍ തമിഴ് മുസ്ലീം രചയിതാക്കള്‍ക്ക് സാധിച്ചു. അറബിക്, പേര്‍ഷ്യന്‍. ഉര്‍ദു ഭാവങ്ങള്‍ അറബിത്തമിഴ് രചനകളില്‍ പേരിനുമാത്രമായി ചുരുങ്ങുവാന്‍ കാരണമായത് തമിഴുമുസ്ലീങ്ങള്‍ ഉള്‍ക്കൊണ്ട ശക്തമായ ദ്രാവിഡപാരമ്പര്യ കണ്ണികളാണെന്ന് പറയാം. അറബിതമിഴ് സങ്കരഭാവം നിലനില്‍ക്കെ തന്നെ ദീപ്തമായ ദ്രാവിഡമുദ്രകള്‍ പേറുന്ന കൃതികള്‍ക്ക് ഉത്തമോദാഹരണമായി സീറാപുരാണത്തെ സൂസന്‍ ബെയിലി (1992) അടയാളപ്പെടുത്തിയിട്ടുണ്ട്. എ. ഡി 1703 ല്‍ ഉമറുപുലവര്‍ രചിച്ച സീറാപുരാണത്തിന്‍റെ രചനാശൈലിയില്‍ കമ്പരാമായണത്തിന്‍റെയും ജീവകചിന്താമണിയുടെയും രചനാശൈലിയുടെ സ്വാധീനം പ്രകടമാണെന്ന് വസുധാനാരായണനും (2003: 397) തെളിയിച്ചിട്ടുണ്ട്.

വിവിധജനുസുകളില്‍ പെടുത്താവുന്ന കൃതികള്‍കൊണ്ട് സമ്പന്നമായ അറബിത്തമിഴ് സാഹിത്യത്തിന്‍റെ വൈപുല്യം പല പണ്ഡിതരും സവിസ്തരം വിശകലനം ചെയ്തിട്ടുണ്ട്. ഈ കൃതികളില്‍ പലതും കേരളമുള്‍പ്പെടെ മുസ്ലീങ്ങള്‍ അധിവസിക്കുന്ന ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും പ്രചുരപ്രചാരം നേടിയതായി സൂസന്‍ ബെയ്ലി (1986: 3573) ചൂണ്ടിക്കാട്ടുന്നു. പ്രവാചകന്‍മാരുടെയും സൂഫിവര്യന്‍മാരുടെയും ദിവ്യത്വത്തെ പ്രകീര്‍ത്തിക്കുന്ന കീര്‍ത്തനകാവ്യങ്ങള്‍ക്കാണ് കൂടുതല്‍ ജനപ്രീതി ലഭിച്ചതെന്നും സൂസന്‍ (അതേ കൃതി) അഭിപ്രായപ്പെടുന്നു. ഈ ഗണത്തില്‍പെട്ട കാവ്യകൃതികളുടെ സാത്വികരും ആത്മീയവാദികളുമായ രചയിതാക്കള്‍ പുലവര്‍ എന്നറിയപ്പെട്ടു. മേല്‍പ്പറഞ്ഞ തരത്തിലുള്ള കീര്‍ത്തനകാവ്യങ്ങള്‍  മാലൈچ എന്നാണ് അറിയപ്പെട്ടത്. പതിനാറാം നൂറ്റാണ്ടിന്‍റെ ആദ്യത്തില്‍ ജീവിച്ചിരുന്ന ആലിപുലവരുടെ മെഹ്റാജ് മാലൈچ അറബിത്തമിഴിലെ മാലൈ ജുനസില്‍ കണ്ടുകിട്ടിയതില്‍ വെച്ച് ആദ്യകൃതിയായി കണക്കാക്കുന്നു (മീരാന്‍: 2014:69). അറബിമലയാളത്തില്‍ ആദ്യകൃതിയായി കണക്കാക്കാവുന്ന മുഹിയിദ്ദീന്‍ മാല വരുന്നത് പതിനേഴാം നൂറ്റാണ്ടിലാണ്. സൂഫിചിന്താസരണിയില്‍ തൂലിക ചലിപ്പിച്ച അറബിത്തമിഴിലെ കവി സംഘങ്ങള്‍ (പുലവര്‍കള്‍) കൊണ്ടോട്ടിയും കോഴിക്കോടുമുള്‍പ്പെടെ മലബാറിലുടനീളം കവിസദസുകളില്‍ പങ്കെടുത്ത് തങ്ങളുടെ കൃതികള്‍ അവതരിപ്പിക്കുക പതിവായിരുന്നുവെന്ന് അറബിമലയാള ഗവേഷകരായ കെ.കെ അബ്ദുല്‍കരീമും (1978) ബാലകൃഷ്ണന്‍ വള്ളിക്കുന്നും (2010) ഹുസൈന്‍ രണ്ടത്താണിയും (2018) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മലബാറിലെ മുസ്ലീങ്ങള്‍ അറബിത്തമിഴ് കവികളുമായി നടത്തിയ സാഹിത്യവിനിമയങ്ങള്‍ സ്വാഭാവികമായും അറബിമലയാളത്തിന്‍റെ ദ്രാവിഡഭാവം ഊട്ടിയുറപ്പിക്കാന്‍ സഹായകമായിട്ടുണ്ടെന്നു കരുതാന്‍ ന്യായമുണ്ട്. 

മുഹിയുദ്ദീന്‍ മാലക്കു ശേഷം പിറവിയെടുത്ത കുഞ്ഞായിന്‍ മുസ്ലിയാരുടെ നൂല്‍മാലയിലും തമിഴുമട്ടിന്‍റെ ആധിക്യമുണ്ട്. അറബിമലയാളത്തില്‍ രചിച്ച തമിഴുകാവ്യമെന്നു വരെ ഇതിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് മീരാന്‍ (2014) അഭിപ്രായപ്പെട്ടിട്ടുണ്ട്.

വേദം അറിവ് യെളുതാമ്മല്‍ ഓതും ജബ്റാഈല്‍
മൊളിവത് യേണ്ടി അറബാല്‍ തൊളുന്ത നൈനാര്‍ 
മുഹമ്മനദിന്‍ തിരി പേര് വൊണ്ടുക്ക് വൊരുമൊളിയായ്

നൂല്‍മാലയിലെ ഈ വരി ഇക്കാര്യം വ്യക്തമാക്കുന്നു. ഭാഷയില്‍ മാത്രമല്ല പ്രാസവൃത്തനിബന്ധനകളിലും ഈ ആധര്‍മണ്യം കാണാം. തമിഴ് പുലവരുടെ കൃതികള്‍ ആദ്യകാലമാപ്പിളപ്പാട്ടു രചയിതാക്കളെ അത്രയേറെ സ്വധീനിച്ചിട്ടുണ്ടെന്നതിന് ചേറ്റുവായ് പരീക്കുട്ടിയുടെ പുലവര്‍ വിരോധിച്ചാല്‍ നടക്കാപ്പാട്ട് എന്നുള്ള വിധേയത്വം തുളുമ്പുന്ന വരികളും തെളിവാണ്. 

ആശയ സ്വീകാര്യതയിലും അറബിമലയാളസാഹിത്യം തമിഴ് പുലവരോട് കടപ്പെട്ടിരിക്കുന്നു. തമിഴകത്ത് രൂപപ്പെട്ടുവന്ന സൂഫിസമാണ് മാലപ്പാട്ടുകളുടെ പിറവിക്കിടയാക്കിയത്. പില്‍ക്കാലത്ത് ദക്ഷിണണേന്ത്യയിലുടനീളം ഈ പ്രകീര്‍ത്തനങ്ങള്‍ വ്യാപരിച്ചു. അപ്രകാരം കേരളദേശത്തും അവ സ്വാധീനം ചെലുത്തി. അറബിമലയാളത്തില്‍ മുഹിയുദ്ദീന്‍ മാല രചിക്കപ്പെടുന്നതിനുമുമ്പേ പ്രസ്തുത വിഷയത്തെ പുരസ്കരിച്ച് തമിഴില്‍ മാലപ്പാട്ടുകള്‍ പിറവികൊണ്ടിരുന്നുവെന്ന് ഹുസൈന്‍ രണ്ടത്താണിയും (2016) ബാലകൃഷ്ണന്‍ വള്ളിക്കുന്നും (2012) മൌലവി & കരീമും (1978) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 

മാലപ്പാട്ടുകള്‍ക്കു പുറമെ അറബിമലയാളത്തിലെ പ്രശസ്തമായ മിക്ക സാഹിത്യജനുസുകള്‍ക്കും അറബിത്തമിഴില്‍ പൂര്‍വ മാതൃകകള്‍ കാണുവാന്‍ സാധിക്കും. ഖുര്‍ആന്‍ വിവര്‍ത്തനങ്ങളും ഭാഷ്യങ്ങളും, ഇസ്ലാമിക നിയമസംഹിതകള്‍, ഹദീസുകള്‍, തസവ്വുഫ് (യോഗാത്മകത്വം), ജീവചരിത്രങ്ങള്‍, സ്തുതികാവ്യങ്ങള്‍, പടപ്പാട്ടുകള്‍,  ആഖ്യായികകള്‍, വിലാപകാവ്യങ്ങള്‍, ചരിത്രം, ജ്യോതിശാസ്ത്രം, വാസ്തുവിദ്യ, ഉദ്യാന നിര്‍മാണം, നിഘണ്ടുക്കള്‍, തര്‍ക്കശാസ്ത്രം, വൈദ്യം, ധര്‍മശാസ്ത്രം, ആക്ഷേപഹാസ്യം, ലൈംഗികശാസ്ത്രം, കായികവിദ്യ തുടങ്ങിയ ഒട്ടനവധി മേഖലകളില്‍ അറബിത്തമിഴില്‍ കൃതികളുണ്ടായതായി ഡോ.കെ.എം.എ സുബൈര്‍ (2014 :263  282) സാക്ഷ്യപ്പെടുത്തുന്നു. അല്ലാമത് ലങ്കാപുരി, അജൈബുല്‍ അഖ്ബാര്‍, മുസ്ലിം നേശന്‍, കശ്ഫുറാന്‍ അന്‍ ഖല്‍ബിന്‍ ജാന്‍ തുടങ്ങിയ നിരവധി പത്രമാസികകള്‍  ദീര്‍ഘകാലം അറബിത്തമിഴില്‍ പ്രസിദ്ധീകരിച്ചിരുന്നതായും അദ്ദേഹം തെളിവു നല്‍കുന്നു (അതേ കൃതി: പുറം 277). 

ഇസ്ലാമിക നിയമസംഹിതകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കാവ്യരൂപത്തില്‍ ചോദ്യോത്തരഘടനയില്‍ രചിക്കുന്ന അറബിത്തമിഴ് സമ്പ്രദായത്തെ മചാല (മസ്അല) എന്ന ജനുസിലാണ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തില്‍ ഏറ്റവും പഴക്കം ചെന്ന കൃതിയാണ് 1572ല്‍ വണ്ണപരിമളപുലവര്‍ രചിച്ച ആയിരംമചാല. അറബിത്തമിഴിലെ ഏറ്റവും പഴക്കം ചെന്ന കൃതിയായി ചില പണ്ഡിതര്‍ കണക്കാക്കുന്നത് ഇതിനെയാണ്. മചാലകള്‍ക്ക് പുറമെ സാരോപദേശരരൂപേണയുള്ള ധാരാളംڅമാലൈ കൃതികള്‍ അറബിത്തിഴിനെ സമ്പന്നമാക്കിയിട്ടുണ്ട്.ڇആയിരം ഹദീസുകളെ 1191 പദ്യങ്ങളിലായി ശാം ഷിഹാബുദ്ദീന്‍ വലിയുള്ള രചിച്ചڅപെരിയ ഹമീദു മാണിക്യമാലൈ, څഅദബുമാലൈ,څതൊഴുകൈമാലൈ,നോമ്പുമാലൈ,څസക്കാത്ത്മാലൈ,څസ്വദഖമാലൈ,څതഖ്വമാലൈ, ബിദ്അമാലൈچതുടങ്ങിയവയും ഈ ഗണത്തില്‍പ്പെടുന്നവയാണ് (മീരാന്‍: 2014).

കായല്‍പട്ടണം പോലുള്ള പ്രദേശങ്ങളിലെ മരക്കാര്‍ വിഭാഗത്തില്‍പെട്ടവരുമായി മലബാറിലെ മാപ്പിളമാര്‍ക്ക് ശക്തമായ സാംസ്കാരിക ബന്ധമുണ്ടായിരുന്നതായി ഹുസൈന്‍ രണ്ടത്താണി (2018: 52) അടയാളപ്പെടുത്തിയിട്ടുണ്ട്. അതുവഴിയാണ് വണ്ണപ്പരിമളപുലവരുടെ ആയിരം മസാലൈ, നൂഹ് വലിയുള്ളാ അല്‍ ഖ്വഹിരിയുടെ വേദപുരാണം, കുണംകുടി മസ്താന്‍റെڅഗനീമത്ത് അല്‍ സലിഖീല്‍മുതലായ കൃതികള്‍ മലബാറിലുടനീളം പ്രചാരത്തില്‍ വരുന്നത്. ഇവ മലബാറിലെ മതപാഠ ശാലകളില്‍ പഠിപ്പിച്ചിരുന്നതായും ഹുസൈന്‍ രണ്ടത്താണി (അതേ കൃതി: 53) സ്ഥാപിച്ചിട്ടുണ്ട്. ഇസ്ലാമികകര്‍മങ്ങളെല്ലാം മാലപ്പാട്ടുരൂപത്തില്‍ പ്രചരിപ്പിക്കുന്ന രീതിയാണ് തമിഴ് പുലവര്‍ സ്വീകരിച്ചിരുന്നത്. നേരത്തെ പരാമര്‍ശിച്ച നിസ്കാരമാല, സക്കാത്ത് മാല, നോമ്പ് മാല തുടങ്ങിയവയ്ക്ക് പുറമെ ഉലമമാല, ഖുതുബ മാല, ഇഖ്തിലഫ് മാല തുടങ്ങിയവയും കേരളത്തിലെ മുസ്ലീം പണ്ഡിതര്‍ക്ക് പ്രിയപ്പെട്ടവയായിരുന്നു എന്നതിനും അദ്ദേഹം തെളിവുകള്‍ നിരത്തുന്നു.

കേരളക്കരയില്‍ സൂഫിപാരമ്പര്യമുറയ്ക്കുന്നതില്‍ തമിഴ്നാട്ടിലെ കായല്‍പട്ടണം കേന്ദ്രീകരിച്ചുള്ള പണ്ഡിതരുടെ പ്രവര്‍ത്തനം വളരെയേറെ പങ്കുവഹിച്ചതായി ഡോ. കുഞ്ഞാലി (2004) ചരിത്രരേഖകള്‍ സഹിതം തെളിയിച്ചിട്ടുണ്ട്. ഷൈഖ് അബ്ദുല്‍ ഖാദര്‍ ജിലാനി എന്ന സൂഫിവര്യനെക്കുറിച്ച് കായല്‍പട്ടണത്തെ പുലവസഭകളില്‍ ഉടലെടുത്ത പല പാഠഭേദങ്ങളുള്ള മാലപ്പാട്ടുകള്‍ വാമൊഴിരൂപത്തില്‍ മലബാറില്‍ പ്രചരിച്ചിരുന്നുവെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഇതിന്‍റെ തുടര്‍ച്ചയെന്നവണ്ണമാണ് ഖ്വാളി മുഹമ്മദ് 1609ല്‍ മുഹു്യുദ്ദീന്‍ മാല രചിച്ചതെന്ന് കരുതാന്‍ ന്യായമുണ്ട്. മുഹിയുദ്ധീന്‍ മാലയിലെ തമിഴ് തലപ്പും തമിഴ് ഭാഷയോടും കാവ്യശൈലിയോടും കൂടുതല്‍ കൂറും ആഭിമുഖ്യവും പ്രകടിപ്പിക്കുന്ന കുഞ്ഞായിന്‍ മുസ്ല്യാരുടെ കൃതികളും ചൂണ്ടിക്കാട്ടി അറബിമലയാളത്തിന് അറബിത്തമിഴിനോടുള്ള ജനിതകബന്ധം മീരാന്‍ (2014: 63) സയുക്തികം സ്ഥാപിച്ചിട്ടുണ്ട്. നിരവധി കൃതികളില്‍ നിന്നുള്ള തെളിവുകള്‍ നിരത്തിയും ഇരുഭാഷകളിലേയും കൃതികള്‍ താരതമ്യം ചെയ്തും ഓരോ അറബിത്തമിഴ് പാട്ടുകള്‍ക്കും മാപ്പിളക്കവികള്‍ അറബിമലയാളം പതിപ്പുകള്‍ സൃഷ്ടിച്ചിട്ടുണ്ട് ڈഎന്ന നിഗമനത്തില്‍ ഡോ. ഹുസൈന്‍ രണ്ടത്താണി (2018: 53) എത്തിച്ചേരുന്നു.

കായല്‍പട്ടണം കേന്ദ്രീകരിച്ച് വികസിച്ച മരക്കാര്‍മാരുടെ തമിഴ്മുസ്ലീം സങ്കരസംസ്കാരം ദക്ഷിണേന്ത്യയിലെയും ശ്രീലങ്കയിലേയും ഇതര മേഖലകളിലെ മുസ്ലീങ്ങളെയും സ്വാധീനിച്ചതിന് വേണ്ടത്ര തെളിവുകളുണ്ട്. മരക്കാര്‍ സംസ്കാരത്തിന്‍റെ വ്യാപനവഴികളിലെല്ലാം അവര്‍ക്കിടയിലെ പണ്ഡിതന്‍മാര്‍ അവശേഷിച്ചുപോയ സാംസ്കാരിക മുദ്രകള്‍ ഇപ്പോഴും കണ്ടെടുക്കാനാകും. കൊച്ചിയിലും പിന്നീട് പൊന്നാനിയിലും വാസമുറപ്പിച്ച് കേരളക്കരയാകെയുള്ള മുസ്ലീങ്ങളുടെ ആത്മീയജീവിതത്തെ സ്വാധീനിച്ച മഖ്ദൂം പരമ്പരയുടെ വേരുകള്‍ കായല്‍പട്ടണത്താണെന്ന് അസന്ദിഗ്ധമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കായല്‍പട്ടണത്തെ പ്രമുഖ സൂഫിവര്യന്‍ ഉമര്‍അല്‍ഖ്വാഹിരി കോഴിക്കോട്ട് ഒരു അഭയകേന്ദ്രം സ്ഥാപിച്ചിരുന്നതായി ഡോ. വി. കുഞ്ഞാലി (2004) തെളിവ് നല്‍കുന്നു. തമിഴ് മുസ്ലീങ്ങള്‍ വഴി കേരളതീരത്തങ്ങോളമിങ്ങോളം വിവിധ സൂഫി പരമ്പരകള്‍ക്ക് വേരോട്ടം ലഭിച്ചതായി അദ്ദേഹം തെളിവുകള്‍ നിരത്തി സ്ഥാപിക്കുന്നുണ്ട്. ഓരോ സൂഫി സംഘത്തിലും കവികള്‍ (പുലവര്‍കള്‍) കൂടിയുണ്ടായിരുന്നു എന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട്.

ഈ പശ്ചാത്തലം കൂടി പരിഗണിച്ചുവേണം മാപ്പിളപ്പാട്ടിനേയും അതിലെ ചില ജനുസുകളില്‍ കാണുന്ന സാമാന്യവ്യവഹാരഭാഷയില്‍ നിന്നും ഏറെ അകന്ന് നില്‍ക്കുന്ന തമിഴ് സ്വാധീനമുള്ള ഭാഷയേയും വിശകലനം ചെയ്യാന്‍. നേരത്തെ സൂചിപ്പിച്ച പോലെڇപുലവര്‍ വിരോധിച്ചാല്‍ നടക്കാ പാട്ട് (ബാലകൃഷ്ണന്‍ വള്ളിക്കുന്ന് 2011: 14 ഉദ്ധരിച്ചത്) എന്ന ചേററുവായി പരീക്കുട്ടിയുടെ വരികള്‍ മാപ്പിളപ്പാട്ടിന്‍റെ രചനാവഴക്കങ്ങളിലും ഭാഷയിലുമുള്ള പുലവസ്വാധീനം വ്യക്തമാക്കുന്നു. തമിഴിന്‍റെ പ്രാദേശിക ഭേദങ്ങളാണ് പുലവര്‍ കാവ്യങ്ങളുടെ ഭാഷയില്‍ മുഴച്ചു നിന്നതെങ്കിലും മുഖ്യധാരാ തമിഴ് സാഹിത്യത്തിലെ ചെന്തമിഴ് ശൈലിയിലും അവര്‍ കാവ്യരചന നടത്തിയതായി കാണുന്നു. ഈ ഗണത്തിലെ ഉത്തമ കൃതി സീറപുരാണമാണെന്ന് ഹുസൈന്‍ രണ്ടത്താണി (2018: 5455) അഭിപ്രായപ്പെടുന്നു.

ചെന്തമിഴ് സംസ്കാരത്തിലെ പ്രാസദീക്ഷയുള്‍പ്പെടെയുള്ള പല രചനാ സമ്പ്രദായവും ശൈലിയും നിയമമെന്നവണ്ണം പിന്തുടരുവാന്‍ മാപ്പിളപ്പാട്ടു രചയിതാക്കള്‍ ഒരു കാലത്ത് പുലര്‍ത്തിയ നിഷ്കര്‍ഷ ശ്രദ്ധേയമാണ്. ഈ കവനശൈലിയ്ക്ക് പുലവരോട് തന്നെയാണ് മാപ്പിളക്കവികള്‍ കടപ്പെട്ടിരിക്കുന്നത്. 

വാക്കാല്‍ മുതനുല്‍ ചിറ്റെഴുത്തും കമ്പി
വാലും തലൈ ചന്തം കുനിപ്പും കമ്പി ڈ
(മോയിന്‍കുട്ടി വൈദ്യര്‍: സലീഖത്ത്:2005:1520)

മേല്‍ക്കൊടുത്ത മോയിന്‍കുട്ടി വൈദ്യരുടെ വരികളിലെ ചിറ്റെഴുത്ത്, കമ്പി എന്നീ കാവ്യ സങ്കേതം തമിഴ് പാരമ്പര്യത്തിലുള്ളത് തന്നെയാണ്. ചേറൂര്‍ പടപ്പാട്ടിലും സമാനമായ പരാമര്‍ശം കാണുന്നതായി ബാലകൃഷ്ണന്‍ വള്ളിക്കുന്ന് (2011: 66) ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

വൊടുക്കം കവിക്കുള്ളെ കണക്കുമില്ല
ഉരൈവാന്‍ ഒരു തിട്ടം അതും ഒന്നില്ല
ചിനത്തില്‍ വക കമ്പി കഴുത്തുമില്ല
പടത്തില്‍ ബിലങ്കതും ഫസഹത്തില്ല
പറൈവാന്‍ ഫഹ്മുകള്‍ ഇല്‍മുമില്ല ڈ

ചേറൂര്‍ പടപ്പാട്ടിലെ മേല്‍പ്പറഞ്ഞ വരികളില്‍ പരാമര്‍ശിക്കുന്ന കണക്ക്, കമ്പി, കഴുത്ത്, നിപ്പ്, എടുപ്പ്, വെപ്പ്, ബിലങ്ക് എന്നീ കാവ്യസങ്കേതങ്ങള്‍ക്ക് തമിഴ് കവനപാരമ്പര്യത്തോടുള്ള ചാര്‍ച്ച സുവ്യക്തമാണ്. എതിരാളിയായ കവിയുടെ പിഴച്ച കവിതയെ വിമര്‍ശിച്ച് പുലിക്കോട്ടില്‍ ഹൈദര്‍ രചിച്ച വരികളും ഈ ചാര്‍ച്ച അനാവരണം ചെയ്യുന്നു. 

എന്നും എന്നുങ്കള്‍ വച്ച്
എട മൊയ്യിലും പിഴച്ച്
ഏഞ്ഞതോ വരി മാഞ്ഞതോ 
മറന്നതോ പിച്ച് കണകുണാ 
എന്ന മൊളി രണ്ടിനും
നടുക്കുണ്ടൊരു കൊച്ച്
ഒന്നും രണ്ടും കണക്ക്
ഓത്തു പോരാ കവിക്ക്
ഉത്തമം മൊഴിയുത്തിലും വരും
കുത്തവും പൊക്കും പുന
അതിനുള്ളിലൊമ്പതു കള്ളിയില്‍
തല കൊള്ളണം കവിയ്ക്ക്ڈ
(ബാലകൃഷ്ണന്‍ വള്ളിക്കുന്ന് ഉദ്ധരിച്ചത് 2014:74-76) 

മാപ്പിളപ്പാട്ടിലെ ഒഴിച്ചുകൂടാനാകാത്ത എട്ടോളം ശൈലീ സങ്കേതങ്ങളെയാണ് കവി പരാമര്‍ശിക്കുന്നതെന്ന് ബാലകൃഷ്ണന്‍ വള്ളിക്കുന്ന് (അതേ കൃതി) വിശദീകരിക്കുന്നു. ചിറ്റെഴുത്ത് (ഭാഷാഭംഗി), മൊയ്യ് (മൊഴി/ വാക്ക്), ഇടമൊയ്യ് (തുണ്ടം, ചാട്ടം, മുറുക്കം എന്നിവയുള്‍പ്പെടയുള്ള താളം), വെപ്പ് (വാക്ക് നിറുത്തുന്ന രീതി), എടുപ്പും നിപ്പും (ആലാപനത്തില്‍ ഉടനീളം നിലനിര്‍ത്തേണ്ട ഏകരൂപത), കുനിപ്പ് (ആലാപനത്തില്‍ ഉത്ഥാന പതനങ്ങളിലൂടെ തീര്‍ക്കേണ്ട ശൈലീപരമായ അന്തരങ്ങള്‍), കുത്തം (ഉച്ചാരണത്തില്‍      ചിലയിടത്ത് നല്‍കേണ്ട ഊന്നല്‍ അഥവാ പ്രബലനം), പൊക്ക് (ഉച്ചാരണത്തില്‍ ചിലയിടത്ത് വരുത്തേണ്ട മൃദുലനം) തുടങ്ങിയ നിയമങ്ങളാണ് മേല്‍പ്പറഞ്ഞ വരികളില്‍ പരാമര്‍ശിക്കുന്നത്.

മാപ്പിളപ്പാട്ടിന്‍റെ സൗന്ദര്യമായി കാണാവുന്ന ദ്രാവിഡവൃത്തത്തിലധിഷ്ഠിതമായ തനതു താളങ്ങള്‍ക്കും പുലവരോട് തന്നെയാണ് കടപ്പാട്. തമിഴ് വൃത്ത (വിരുത്ത) രീതികളായ വെണ്‍പാവ്, കളിപ്പാവ്, വഞ്ചിപ്പാവ്, ആശരിയപ്പാവ് തുടങ്ങിയ നിരവധി വകഭേദങ്ങളാണ് മാപ്പിളപ്പാട്ടില്‍ കാണുന്നതെന്ന് മാപ്പിളപ്പാട്ട് ഗവേഷകനായ ഇഖ്ബാല്‍ കോപ്പിലാന്‍ (2008:22) തെളിയിച്ചിട്ടുണ്ട്. വിരുത്തം എന്നുകൂടി അറിയപ്പെടുന്ന പാവുകളില്‍ തമിഴ് പുലവര്‍ തങ്ങളുടെ മനോഗതമനുസരിച്ച് വൃത്തഖണ്ഡങ്ങള്‍ കൂട്ടിയും കുറച്ചും തനത് വിരുത്തങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. മത്തുവിരുത്തം, വഴിവിരുത്തം, കാപ്പുവിരുത്തം, തലര്‍വിരുത്തം, ചായല്‍ വിരുത്തം, തുടര്‍ വിരുത്തം, ചെറുവിരുത്തം മുതലായവ ഈ മട്ടില്‍ അവര്‍ സൃഷ്ടിച്ചെടുത്തതാണെന്ന് കോപ്പിലാന്‍ (അതേകൃതി) സാക്ഷ്യപ്പെടുത്തുന്നു. ഈ വിരുത്തങ്ങള്‍ തന്നെയാണ് മാപ്പിളപ്പാട്ടും അടിസ്ഥാനപരമായി അനുവര്‍ത്തിച്ചത്; പ്രാദേശിക താളങ്ങളും അറേബ്യന്‍ ഈണങ്ങളും അവയ്ക്ക് തനത് സൗന്ദെര്യവും തനത് സ്വത്വവും നല്‍കിയിട്ടുണ്ടെങ്കില്‍ കൂടി.

കാവ്യസങ്കേതത്തില്‍ മാത്രമല്ല ഈ അനുവര്‍ത്തനം ഒതുങ്ങി നിന്നത്; ആദ്യകാല മാപ്പിളപ്പാട്ടിലെ ഇതിവൃത്തസ്വീകരണത്തിലും ഇത് പ്രകടമാണ്. അറബിത്തമിഴിലെ څമാലൈچ ഇനത്തില്‍പെട്ട നിരവധി കാവ്യങ്ങള്‍ക്ക് അറബിമലയാളത്തില്‍ പതിപ്പുകളോ അനുകല്‍പ്പനങ്ങളോ ഉണ്ടായിട്ടുണ്ടെന്ന് ഹുസൈന്‍ രണ്ടത്താണിയും (2018) ഇഖ്ബാല്‍ കോപ്പിലാനും (2008) ബാലകൃഷ്ണന്‍ വള്ളിക്കുന്നും (2011) ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉദാഹരണമായി മുഹിയുദ്ദീന്‍ പുലവരുടെڇസഖൂം പടൈപ്പോര്‍ എന്ന കൃതിക്ക് അറബിമലയാളത്തിലുണ്ടായ പതിപ്പാണ് ഉമര്‍ ആലിം ലബ്ബയുടെ സഖൂം പടപ്പാട്ട്. 

കാവ്യരചനയുടെ കാര്യത്തില്‍ കനപ്പെട്ട ലക്ഷണഗ്രന്ഥങ്ങളൊന്നും അറബിമലയാളത്തില്‍ കാണുന്നില്ലെങ്കിലും തമിഴ് പുലവരില്‍ നിന്ന് സ്വീകരിച്ച തമിഴ് കവന പാരമ്പര്യത്തിലൂന്നിയ നടപ്പുരീതി പിന്‍തുടരാന്‍ അറബിമലയാള കാവ്യരചയിതാക്കളും പില്‍ക്കാലത്ത് മലയാള ലിപിയില്‍ തന്നെ കാവ്യരചന നടത്തിയ മാപ്പിളപ്പാട്ടുരചയിതാക്കളും ശ്രമിച്ചിരുന്നു എന്ന കാര്യം നിസ്തര്‍ക്കമാണ്. ഇപ്രകാരം സ്വീകരിച്ച കാവ്യരചനാചിട്ടകള്‍ ലീലാതിലകത്തിന്‍റെڅദ്രമിഡസംഘാതാക്ഷര നിബദ്ധയെതുകമോനവൃത്തവിശേഷയുക്തം പാട്ട് എന്ന പാട്ടു ലക്ഷണത്തോട് ഒട്ടൊക്കെ യോജിച്ച് പോകുന്നുമുണ്ട്. അക്ഷരങ്ങളുടെ കാര്യത്തില്‍ അറബിയും അധികമായി ചേരുന്നുവെന്ന് മാത്രം. അതുകൊണ്ടുമാത്രം അറബിമലയാളപ്പാട്ടുസാഹിത്യത്തെ രാമചരിതം പോലുള്ള പാട്ടുകൃതിയുടെ പില്‍ക്കാല തുടര്‍ച്ചയായി കണക്കാക്കുന്നതില്‍ യുക്തിയില്ല. രാമചരിതം പോലുള്ള തദ്ദേശീയ പാട്ടുകൃതിയോടുള്ളതിനെക്കാള്‍ അറബിമലയാള കാവ്യരചയിതാക്കള്‍ക്ക് അടുപ്പം തമിഴ് പുലവര്‍ പരിചയപ്പെടുത്തിയ കാവ്യസമ്പ്രദായത്തോടായിരുന്നു. രണ്ടും വിപുലമായ ദ്രാവിഡകാവ്യപാരമ്പര്യത്തിന്‍റെ കണ്ണികളായതുകൊണ്ടുണ്ടാകുന്ന സ്വാഭാവികച്ഛായകള്‍ കണ്ടെത്താനാകുമെന്ന് മാത്രം. 

പാട്ടുകൃതികളില്‍ സംസ്കൃത പദങ്ങള്‍ ദ്രമിഡസംഘാതാക്ഷരമാക്കി ആരിയചിതയ്വ്രൂപങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള വലിത്തല്‍, നീട്ടല്‍, കുറുക്കല്‍, വിരിത്തല്‍, മുതല്‍ക്കുറൈ, ഇടൈക്കുറൈ, കടക്കുറൈ തുടങ്ങിയ ചെയ്യുള്‍വികാരങ്ങള്‍ (മാറ്റങ്ങള്‍) അറബിമലയാള കാവ്യങ്ങളിലും കാണുന്നുണ്ട്; അവിടവിടെ ചില അപവാദങ്ങള്‍ കാണാമെങ്കിലും. മാപ്പിളക്കവികളില്‍ മിക്കവരും തമിഴില്‍, പ്രത്യേകിച്ച് അറബിത്തിഴില്‍ അവഗാഹം നേടിയിരുന്നവരായിരുന്നുവെന്നതിന് കെ.കെ. അബ്ദുല്‍കരീം (1989) ധാരാളം തെളിവ് നല്‍കിയിട്ടുണ്ട്. ആദ്യ അറബിമലയാള കൃതിയായി കണക്കാക്കുന്ന മുഹിയിദ്ദീന്‍ മാലയുടെ രചയിതാവായ ഖ്വാളി മുഹമ്മദ് തമിഴ്നാട്ടിലാണ് മതവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ ഇസ്ലാം മതവിദ്യാഭ്യാസ കേന്ദ്രമായിരുന്ന പൊന്നാനി ആദ്യകാലത്ത് തമിഴ് സാഹിത്യകേന്ദ്രം കൂടിയായിരുന്നുവെന്നും അദ്ദേഹം തെളിയിക്കുന്നുണ്ട്. അറബിമലയാള കാവ്യസാഹിത്യത്തിന്‍റെ അസ്ഥിവാരമുറപ്പിച്ച കവികളായ മോയിന്‍കുട്ടി വൈദ്യരും, ചേറ്റുവായ് പരീക്കുട്ടിയുമൊക്കെ അറബിത്തമിഴില്‍ കൂടി ശിക്ഷണം നേടിയവരായിരുന്നുവെന്ന് അവരുടെ ആധികാരിക ജീവചരിത്രങ്ങളില്‍ കാണാം. സഖൂം പടപ്പാട്ട്, ഫുത്തഹുശ്ശാം, മിഅ്റാജ്മാല തുടങ്ങിയവ അതേപേരിലുള്ള അറബിത്തമിഴ് കൃതികളുടെ അറബിമലയാളം പതിപ്പുകളാണെന്നത് തര്‍ക്കമില്ലാത്തവിധം തെളിയിക്കാന്‍ പ്രയാസമില്ല.

ഉപസംഹാരം 

മലയാളം നിലവാരപ്പെടലിന്‍റെ വഴിയില്‍ ഏറെ മുന്നേറുകയും സംസ്കൃതാക്ഷരങ്ങള്‍ ലിഖിതഭാഷയില്‍ വ്യവസ്ഥാപിതമാകുകയും ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടിട്ട് പോലും ആദ്യകാല അറബിമലയാളപ്പാട്ടുകൃതികളില്‍ കാണുന്ന തമിഴു സ്വാധീനത്തിന്‍റെ കാരണമന്വേഷിക്കാനാണ് ഈ പഠനം  ശ്രമിച്ചത്. അറബിത്തമിഴിന്‍റെയും അറബിമലയാളത്തിന്‍റെയും ബന്ധം അനിഷേധ്യമാണെന്ന് ഈ പ്രബന്ധം തെളിയിക്കുന്നു. അറബിത്തമിഴിനെക്കൂടി പരിഗണിക്കാതെ അറബിമലയാളം പടപ്പാട്ടുകളിലെ ഭാഷയെക്കുറിച്ച് നടത്തുന്ന ഏത് നിരീക്ഷണവും അപൂര്‍ണമാകുമെന്നാണ് ഈ പഠനം മുന്നോട്ടവയ്ക്കുന്ന പ്രധാന വാദം. 

ഗ്രന്ഥസൂചി

അബു ഒ. 1970. അറബി മലയാള സാഹിത്യചരിത്രം. കോട്ടയം: നാഷനല്‍ ബുക്ക് സ്റ്റാള്‍.
ഇഖ്ബാല്‍ കോപ്പിലാന്‍. 2008. വട്ടപ്പാട്ട്. കൊണ്ടോട്ടി: സ്കാര്‍ഫ് മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം.
കരിം സി.കെ. 1983. മുസ്ലിം സമുദായവും സംസ്കാരവും. തിരുവനന്തപുരം: ചരിത്രം പബ്ലിക്കേഷന്‍സ്
കരീം സി.കെ. 1999. പ്രാചീന കേരളവും മുസ്ലിം ആവിര്‍ഭാവവും.കോഴിക്കോട്: ഇസ്ലാമിക് സാഹിത്യ അക്കാദമി
അബ്ദുല്‍ കരീം. 1995. അറബിമലയാളം. ഫാറൂഖ് കോളേജ് ഗോള്‍ഡന്‍ ജൂബിലി സുവനീര്‍. 
കുട്ടി വി.എം. 2006. മാപ്പിളപ്പാട്ടിന്‍റെ ചരിത്രസഞ്ചാരങ്ങള്‍. കോഴിക്കോട്: ലിപി പബ്ലിക്കേഷന്‍സ്.
കുട്ടി വി.എം. 2007. മാപ്പിളപ്പാട്ടിന്‍റെ തായ്വേരുകള്‍. തൃശൂര്‍: കേരള സാഹിത്യ അക്കാദമി.
ബാലകൃഷ്ണന്‍ വള്ളിക്കുന്നും മറ്റും. 1990.  മോയിന്‍കുട്ടി വൈദ്യര്‍അനുസ്മരണ പ്രബന്ധങ്ങള്‍. മലപ്പുറം: യുവകലാസാഹിതി.
ബാലകൃഷ്ണന്‍ വള്ളിക്കുന്ന്. 1999. മാപ്പിളപ്പാട്ട് ഒരാമുഖ പഠനം. കോഴിക്കോട്:  പൂങ്കാവനം ബുക്സ്.
ബാലകൃഷ്ണന്‍ വള്ളിക്കുന്ന്. 2008. മാപ്പിള സാഹിത്യവും മുസ്ലിം നവോത്ഥാനവും. കോഴിക്കോട്: യുവത പബ്ലിക്കേഷന്‍സ്.
ബാലകൃഷ്ണന്‍ വള്ളിക്കുന്ന്. 2010. മാപ്പിള സംസ്കാരത്തിന്‍റെ കാണാപ്പുറങ്ങള്‍. കോഴിക്കോട്: കാപിറ്റല്‍ ബുക്സ്.
ബാലകൃഷ്ണന്‍ വള്ളിക്കുന്ന്. 2018. മാപ്പിളഭാഷ അറബിമലയാളത്തില്‍ നിന്ന് ശ്രേഷ്ഠമലയാളത്തിലേക്ക്. കോഴിക്കോട്: വചനം ബുക്സ്.
ബാലകൃഷ്ണന്‍ വള്ളിക്കുന്ന്. 2104. മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കാവ്യ ലോകം. കോഴിക്കോട്: വചനം ബുക്സ്.
മന്‍സൂറലി ടി (എഡി). 2014. അറബിമലയാള സാഹിത്യ പഠനങ്ങള്‍. കോഴിക്കോട്: ലീഡ് ബുക്സ്.
മീരാന്‍ മുഹമ്മദ് തോപ്പില്‍. ഡിസം.2010. അറബിത്തമിഴും തമിഴ് മുസ്ലിം സാഹിത്യവും. ഇശല്‍ പൈതൃകം. ത്രൈമാസിക 1417. 1,1.
മുഹമ്മദ് അബ്ദുല്‍ കരീം കെ. കെ,  അബൂബക്കര്‍, കെ. 2005. വൈദ്യര്‍ സമ്പൂര്‍ണ കൃതികള്‍ വാല്യം 1. കൊണ്ടോട്ടി: മബാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കമ്മിറ്റി.
മുഹമ്മദ് അബ്ദുല്‍ കരീം കെ. കെ,  അബൂബക്കര്‍, കെ. 2005. വൈദ്യര്‍ സമ്പൂര്‍ണ കൃതികള്‍ വാല്യം 2. കൊണ്ടോട്ടി: മബാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കമ്മിറ്റി.
റോബര്‍ട്ട് കാള്‍ഡ്വെല്‍. 1973. ദ്രാവിഡഭാഷാവ്യാകരണം. തിരുവനന്തപുരം: കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
ഷംസുദ്ദീന്‍ കെ.ഒ. 1978. മാപ്പിള മലയാളം. തിരുവന്തപുരം:  കേരള യൂണിവേഴ്സിറ്റി
ഹൂസൈന്‍ രണ്ടത്താണി. 2005. മാപ്പിള മലബാര്‍. കോഴിക്കോട്: ഇസ്ലാമിക് പബ്ലിഷിംഗ് ബ്യൂറോ.
Ahamed Zubair, K.M.A (2014). Arawi or Arabu-Tamil. India: Lap Lambert Academic Publishing.
Bayly, Susan. (1992). Saints, Goddesses and Kings: Muslims and Christians in South Indian Society 1700 - 1900. Cambridge: Cambridge University Press.
Hussain Randathani. 2009.  Mappila muslims. Calicut.
Hussain Randathani. 2018. Mappila Songs and Performing Artis. Kondotty: Moyin Kutty Vaidyar Smaraka Mappila Kala Academy.
Kunjali V, 2004. Sufism in Kerala. Thenjippalam: Publication Division University of Calicut
Saiadalavi C. 2016. Arabi Malayalam A contact Linguistics analysis . Calicut :  Lipi publications.
Saidalavi C. 2012. A linguistic evaluation on Hybridization in Arabi Malayalam , inrtnational review on social science and humanities. Vol 3. No.1 (April 2012) pp 96-103.
Saidalavi C. 2012. Morphological analysis of Arabi Malayalam with special reference to Malappuram  Padappattu, proceedings of the international conference of Language contact in India. Pune : Deccan college Pune.
Saidalavi C. 2014. A Sociolinguistics Evaluatin of Arabi-Malayalam. Unpublished  Ph.D thesis. Mysore University.
Shu’ayb Alim Tayka. 1993. Arabic, Arwi and Persian in Sarandib and Tamil Nadu. A Study of the Contributions of Sri Lanka and Tamil Nadu to Arabic, Arwi, Persian and Urdu Languages, Literature and Education. Madras: Imamul Arus Trust.
Trosten Tschacher .2001. Islam in Tamil Nadu: Varia. Halle-Wittenberg : Martin-Luther-University 
Uwise, M.M. 1990 (1953). Muslim Contribution to Tamil Literature. Kilakarai: Fifth International Islamic. Tamil Literary Conference.
Vasudha Narayanan, 2003, Religious Vocabulary and Regional Identity, A Study of the Tamil Cerappuranam (Life of the Prophet), in Richard M. Eaton Ed., India’s Islamic Traditions. Oxford University Press, New Delhi, , p. 393
Dr Aneesha P
Thalappil House
Ozhoor Post
Tirur, Malppuram
India
Pin: 676307
Ph: +91 8089319950
Email: aneeshaambalappara@gmail.com
ORCID: 0009-0001-3651-4201
&
Dr Saidalavi C
Professor, School of Linguistics
Malayalam University, Tirur
India
Pin: 676502
Ph: +91 9895012935
Email: drsaid@temu.ac.in
ORCID: 0000-0002-8011-4803