Travel and Sufi Tradition of Kerala

M. H. Ilias

This work traces the history of Kerala’s Sufi tradition to the maritime past of the region which has not been adequately addressed by the local and international scholarship. The Sufi tradition in Kerala, of course, represents a notable exception to the general situation in Indua and the way in which Islam entered and flourished in the region perhaps must be the prime reason for such exclusiveness. It is the direct linkages of Islam in Kerala with their counterparts in Arabia, Southeast Asia and Africa which resulted in lesser influence of Indo-Persian brand of Sufism here. Its isolation from Indo-Persian Sufism is more significant as Sufis of Kerala have developed own practices, performative occasions, and musical tradition. This work explores how did trade-based and faith based travel of people, movements of ideas and goods across the Indian Ocean shape the distinctiveness of Sufism in Kerala.

M. H. Ilias
Professor
School of Gandhian Thought and Development Studies
Mahatma Gandhi University
Kottayam
India
Pin: 686560
Ph: +91 9717039874
ORCID: 0000-0003-2921-3133

സഞ്ചാരവും കേരളത്തിന്‍റെ  സൂഫി പാരമ്പര്യവും

എം. എച്ച്. ഇല്ല്യാസ്

څമൊയ്ലിയാര്‍' എന്നത് കേരളത്തിലെ മുസ്ലീങ്ങള്‍ക്കിടയില്‍ മതപണ്ഡിതരെയും പുരോഹിതരെയും കുറിക്കുന്ന പദമാണ്. തങ്ങള്‍ക്കിടയിലെ മതപണ്ഡിതരെ വിളിക്കാന്‍ കേരളത്തിലെ യഹൂദരും ഇതേ വാക്കാണ് ഉപയോഗിച്ചിരുന്നത്. യഹൂദ മലയാളം, അറബി-മലയാളം, അറബി-തമിഴ് തുടങ്ങിയ ഭാഷഭേദങ്ങളില്‍ പൊതുവായി ഉപയോഗിച്ചിരുന്ന 'മുസ്ലിയാര്‍' എന്ന പദമാണ് മൊയ്ലിയാരുടെ അസ്സല്‍. മുസ്ലിയാര്‍ ലോപിച്ചാണ് മൊയ്ലിയാര്‍ ആയത്. 'മുസല്ലി' അഥവാ പ്രാര്‍ത്ഥിക്കുന്ന ആള്‍ എന്ന അറബി പദമാണ് 'മുസ്ലിയാരുടെ' മൂലപദം. 'മുസ്ലിഹ്' അഥവാ പരിവര്‍ത്തനം നടത്തുന്ന ആള്‍ എന്ന അറബി പദത്തില്‍ നിന്നാണ് ഈ വാക്കുണ്ടായതെന്ന വാദവുമുണ്ട്. څആര്‍' എന്നത് തമിഴിലും, പഴയ മലയാളത്തിലും ബഹുമാന സൂചകമായി ഉപയോഗിച്ചിരുന്ന 'പൂജക ബഹുവചന'മാണ്. څഓരെ'ന്ന വര്‍ണ്ണമാറ്റത്തോടുകൂടി 'മുസ്ലിയോരെ'ന്ന പ്രയോഗവും മലബാറില്‍ ചിലയിടങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്നു.

എന്നാല്‍ കടല്‍ കച്ചവടവുമായി ബന്ധപ്പെട്ട പഴയ പല രേഖകളിലും څമുസ്ലിയാര്‍' എന്ന വാക്കിന് മതപണ്ഡിതന്‍ എന്നത് കൂടാതെ മറ്റൊര്ത്ഥം കൂടി കണ്ടെത്താനാകും. കച്ചവടത്തിനും, മതപ്രചാരണത്തിനും നടത്തിയിരുന്ന ദീര്‍ഘദൂര യാത്രകളില്‍, യാത്രസംഘങ്ങളെ നയിച്ചിരുന്ന 'അറിവുള്ള'യാളുകളെയും ഈ പേരുകൊണ്ടാണ് വിശേഷിപ്പിച്ചിരുന്നത്. ഇത്തരം ആളുകള്‍ക്ക് മതകാര്യങ്ങളില്‍ മാത്രമല്ല സമുദ്രസംബന്ധിയായും അഗാധമായ അറിവുണ്ടായിരുന്നു. കടലിലെ സഞ്ചാരപഥങ്ങള്‍ അറിയുവാനും, ദിശകള്‍ നിര്‍ണയിക്കാനും, കടലിന്‍റെ ആഴമളക്കാനും, കാലാവസ്ഥ വ്യതിയാനങ്ങള്‍ നേരത്തെകൂട്ടി കാണാനും മറ്റും കടല്‍ യാത്രക്കാര്‍ ഇവരുടെ സഹായം തേടിയിരുന്നു. അതുകൊണ്ടുതന്നെ, ഇത്തരം പണ്ഡിതര്‍ക്ക് ഇന്ത്യമഹാസമുദ്രത്തിന്‍റെ പല കരകളിലായി വ്യാപിച്ചു കിടന്നിരുന്ന ബ്രഹത്തായ കടല്‍ കച്ചവട ശൃംഖലയിലുള്‍പ്പെട്ട മലബാറടക്കമുള്ള തെക്കു പടിഞ്ഞാറന്‍ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ പ്രമുഖമായ സ്ഥാനമുണ്ടായിരുന്നു. ഇവരുടെ ആഴത്തിലുള്ള അറിവിനെ കുറിച്ചും, അനുഭവസമ്പത്തിനെക്കുറിച്ചുമുള്ള വിവരണങ്ങള്‍ വാമൊഴി പാരമ്പര്യത്തിന്‍റെ രൂപത്തിലും അപദാനകഥകളുടെ രൂപത്തിലും പാട്ടു രൂപത്തിലും പലയിടത്തും പ്രചാരത്തിലുള്ളതായി കാണാന്‍ കഴിയും.

څമൊയ്ലിയാരെ'ന്ന പദത്തിന്‍റെ ഉല്‍പ്പത്തി കഥയിലൂടെ ഇവിടെ പറയാന്‍ ഉദേശിച്ചത്, കേരളത്തിലേക്കുള്ള ഇസ്ലാമിന്‍റെ വരവിലും തുടര്‍വ്യാപനത്തിലും, ഇന്ത്യാ മഹാസമുദ്രത്തിനു ചുറ്റും അധിവസിക്കുന്ന വിവിധ ജനവിഭാഗങ്ങളുടെ സഞ്ചാരങ്ങളെയും, കച്ചവട-സാംസ്കാരിക വിനിമയങ്ങളെയും, പൊതു ഭൂതകാലത്തെയും ബന്ധിപ്പിക്കുന്ന അതീവ സങ്കീര്‍ണമായ കൂടിക്കലരലുകള്‍ ഉള്‍ചേര്‍ന്നിട്ടുണ്ടെന്നതാണ്. കേരളത്തിലെ ഇസ്ലാം, ഇന്ത്യാ മഹാസമുദ്രത്തിന്‍റെ മത-സാംസ്കാരിക ഭൂമിക കേന്ദ്രീകരിച്ചായിരുന്നു വളര്‍ന്നതും വ്യാപിച്ചതും. അതുകൊണ്ടു തന്നെ, മുസ്ലിങ്ങളുടെ സമുദ്രാന്തര സഞ്ചാരങ്ങളും, സഞ്ചാരത്തിലൂടെ ഉരുവം കൊണ്ട ദേശാന്തരബന്ധങ്ങളും, അവരുടെ ചരിത്രാവബോധവും, ഓര്‍മകളും, പരിഗണിച്ഛ് ആന്ദ്രേ വിങ്കടക്കമുള്ള പല ചരിത്രകാരന്മാരും മധ്യകാല, ആധുനികാരംഭ കേരളത്തിലെ ഇസ്ലാമിനെ 'ചലനത്വരയുടെ ലോക'മായാണ്' വിശേഷിപ്പിച്ചിട്ടുള്ളത്. 

സാംസ്കാരിക തലത്തില്‍, യാത്രകള്‍,കച്ചവട-വിശ്വാസ അധിഷ്ടിതമായ കുടിയേറ്റങ്ങള്‍, പണ്ഡിത-പ്രബോധക ശൃംഖലകള്‍ തുടങ്ങിയവ, ആശയങ്ങളുടെയും പുസ്തകങ്ങളുടെയും ഒരു സഞ്ചാരപഥം മലബാര്‍, തെക്കന്‍ അറേബ്യ, സ്വാഹിലി തീരം, തെക്ക്-കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ സൃഷ്ടിച്ചിരുന്നു. പ്രമുഖ കര്‍മശാസ്ത്ര കൃതിയായ څഫതഹുല്‍ മുയീന്‍' അടക്കം കേരളത്തില്‍ എഴുതപെട്ട പല കിത്താബുകളും ഈ പ്രദേശങ്ങളിലും വലിയ രീതിയില്‍ പ്രചാരം നേടിയിരുന്നു. മാപ്പിളകളുടെ മഹാകവിയായ മോയികുട്ടി വൈദ്യരെ പേര്‍ഷ്യന്‍ ഭാഷ പഠിപ്പിച്ചത് ഇറാനില്‍ നിന്നുവന്ന പണ്ഡിതനായിരുന്നെവുന്നും, പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്നത്തെ സൗദി അറേബ്യയില്‍ ജന്മം കൊണ്ട څവഹാബി' ആശയത്തെ വിമര്‍ശിക്കുന്ന പുറത്തുനിന്നുള്ള ആദ്യത്തെ കൃതി കോഴിക്കൊടുനിന്ന് ശൈഖ് ജിഫ്രി തങ്ങളുടെതായിരുന്നുവെന്നുമുള്ള വസ്തുതകള്‍  ഈ സംസ്കാരിക കൊടുക്കല്‍-വാങ്ങലുകളുടെ ആഴത്തെ സൂചിപ്പിക്കുന്നു. 

ഇതേ ദേശാന്തരീയമായ പടലപ്പാടുകളില്‍ തന്നെയാണ് മാപ്പിളമാര്‍ അവരുടെ സാംസ്കാരിക-രാഷ്ട്രീയ സ്വതങ്ങളെ സ്വയം പ്രതിഷ്ഠിച് പോന്നിരുന്നത്. അതുകൊണ്ട്തന്നെ, കേരളത്തിലെ സൂഫിസത്തെ കുറിച്ചുള്ള അന്വേഷണവും തുടങ്ങേണ്ടത് വ്യാപാരികളും സഞ്ചാരികളും നാവികരും സൂഫികളും, സംഗീതജ്ഞരും പണ്ഡിതരും വിശുദ്ധരുമൊക്കെയടങ്ങിയ പരന്നതും വൈവിധ്യമാര്‍ന്നതുമായിരുന്നു ഇവിടുത്തെ  മുസ്ലിങ്ങളുടെ  'കടല്‍ പാരമ്പര്യ'ത്തെ മനസിലാക്കികൊണ്ടാവണം. കേരളത്തിലെ څസൂഫി സാഹിത്യശാഖ'യിലുള്‍പ്പെടുന്ന പല ദാര്‍ശനിക കൃതികളിലും ഉപയോഗിക്കുന്ന  ബിംബങ്ങളും ഉപമകളും കടല്‍, കടല്‍യാത്രകള്‍, കപ്പല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ്. ഈ ഗണത്തില്‍ ഉള്‍പ്പെടുന്ന ഏറ്റവും പ്രധാന കൃതിയായ കുഞ്ഞായന്‍ മുസ്ലിയാരുടെ 'കപ്പപ്പാട്ടി'ല്‍ മനുഷ്യ ശരീരത്തെ കപ്പലിനോടും, ജീവിതയാത്രയെ കപ്പലിലുള്ള സഞ്ചാരത്തോടുമാണ് ഉപമിച്ചിരിക്കുന്നത്.

സൂഫിസം എന്ന ആശയത്തേയോ ആ ആശയം സൃഷ്ടിച്ച ആത്മീയ ലോകത്തെയോ കുറിച്ച് ചര്‍ച്ചചെയ്യലല്ല ഈ ലേഖനത്തിന്‍റെ മുഖ്യലക്ഷ്യം. മറിച്ച്, കേരളത്തിലടക്കം ഇന്ത്യാ മഹാസമുദ്രത്തിന്‍റെ പലകരകളിലായി കടല്‍കടന്നുള്ള വിശ്വാസ പ്രചരണാര്‍ത്ഥം പിറവിയെടുത്ത സവിശേഷമായ സൂഫി പാരമ്പര്യങ്ങളെ കുറിച്ചാണ് ഈ ലേഖനത്തിന്‍റെ ഊന്നല്‍. ഈ സവിശേഷ ധാരകള്‍ ഉത്തരേന്ത്യയിലടക്കം തെക്കനേഷ്യയുടെ പലഭാഗത്തും പ്രചാരത്തിലുള്ള ഭൂ-കേന്ദ്രികൃതമായ ഇന്തോ-പേര്‍ഷ്യന്‍ ധാരയില്‍ നിന്നും എങ്ങിനെ വിഭിന്നമാവുന്നുവെന്നും ഇവിടെ ചര്‍ച്ച ചെയ്യുന്നു.

ചലനക്ഷമതയും ബര്‍കതും

ഐഹീകആസക്തികളെ അകറ്റിനിര്‍ത്തി, ആന്തരികമായ ആത്മീയ അന്വേഷങ്ങള്‍ക്കു ഊന്നല്‍ നല്‍കുന്ന ഇസ്ലാമിലെ അദ്ധ്യാത്മീകദര്‍ശനമാണ് څതസവുഫ്' എന്ന് അറബിഭാഷയില്‍ വിളിക്കപ്പെടുന്ന സൂഫിസം. ദൈവവുമായി ഒരാത്മീയ അടുപ്പം പുലര്‍ത്തുന്ന സൂഫികള്‍ ആത്മശുദ്ധീകരണത്തിനു വേണ്ടി ആഗ്രഹങ്ങളും കാമനകളും നിറഞ്ഞ ഇഹ ലോകത്തോട് അകലം പാലിക്കുന്നു. ധ്യാനനിരതമായ ആത്മീയ-ജ്ഞാനഅന്വേഷങ്ങളിലൂടെയാണ് സൂഫികള്‍ ദൈവത്തിലേക്ക് അടുക്കുന്നത്. ഇത്തരം ആത്മീയ അന്വേഷങ്ങളുടെ പാതകള്‍ 'ത്വരീഖകള്‍' എന്ന് വിളിക്കപ്പെടുന്നു.

കേരളത്തിലെ സൂഫിസത്തിന്‍റെ വരവിനും പ്രചാരണത്തിനും ഇവിടേക്കുള്ള ഇസ്ലാമിന്‍റെ വരവിനോളം തന്നെ പഴക്കമുണ്ടെന്നു കരുതപ്പെടുന്നു. ഇവിടേക്ക് ആദ്യമായി ഇസ്ലാം മത പ്രചാരണത്തിനെത്തിയെന്നു കരുതുന്ന മാലിക് ഇബ്ന്‍ ദിനാര്‍ തെക്കന്‍ അറേബ്യയിലെ ഒരു സൂഫി ശൃംഖലയുടെ ഭാഗമായിരുന്നെന്ന് ഹുസൈന്‍ രണ്ടത്താണിയെ പോലുള്ള ചില ചരിത്രകാരന്മാര്‍  കരുതുന്നു. എന്നാല്‍, കേരളത്തിലെ സൂഫിധാരകളുടെ ഉല്‍ഭവത്തെ സൂചിപ്പിക്കുന്ന പ്രത്യേക ലിഖിതലക്ഷങ്ങളില്ലെന്നു തന്നെ വേണം കരുതാന്‍. ആദ്യകാലങ്ങളില്‍ വാമൊഴി ചരിത്രത്തിന്‍റെ രൂപത്തില്‍ പ്രചരിച്ച് പിന്നീട് ക്രോഡീകരിക്കപ്പെട്ട കൃതികളിലാണ് ഇതേ കുറിച്ച് അധികവും പ്രതിപാദിക്കുന്നത്.

പ്രധാനമായും തെക്കന്‍ അറേബ്യ, കിഴക്കന്‍ ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ തുടങ്ങിയ പ്രദേശങ്ങളിലെ കടല്‍ കച്ചവട-വിശ്വാസ പ്രചരണ ശൃംഖലകളുമായി കേരള മുസ്ലീങ്ങള്‍ക്കുണ്ടായിരുന്ന നിരന്തര സമ്പര്‍ക്കത്തിന്‍റെ തണലില്‍ വളര്‍ന്ന  ഒരു ആശയഗതിയായതുകൊണ്ടു ഇവിടെ പച്ചപിടിച്ച സൂഫിസരണിക്ക് ഇന്തോ-പേര്‍ഷ്യന്‍ ധാരയുമായി വിശ്വാസത്തിന്‍റെ കാര്യത്തിലും പ്രയോഗത്തിന്‍റെ കാര്യത്തിലും ഒരല്‍പ്പം അകലമുണ്ടായിരുന്നു. കേരളത്തിലെ പ്രമുഖമായ സൂഫിധാരകള്‍ ഒരര്‍ത്ഥത്തില്‍ ഇന്തോ-പേര്‍ഷ്യന്‍ പാരമ്പര്യത്തില്‍ നിന്നും വിഭിന്നമായി മുഴുവനായും അമൂര്‍ത്തമായ ദൈവശാസ്ത്രത്തിന്‍റെയോ അദ്ധ്യാത്മീയമായ സ്വച്ചതയുടെ സൂഫിസമല്ല. മറിച്ച്, ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ അനുഗ്രഹീതരായ പുണ്യവാന്മാരുടെയും വിശുദ്ധരുടെയും ജീവിതം പുണ്യപ്രവര്‍ത്തികള്‍  അത്ഭുത സിദ്ദികള്‍ തുടങ്ങിയവയെ പറ്റിയുള്ള ആഖ്യാനങ്ങളാല്‍ നിറഞ്ഞ ഒന്നാണ്.

നൈല്‍ ഗ്രീന്‍ സൂചിപ്പിച്ചതുപോലെ മുരീദന്മാരെ അഥവ പിന്‍പറ്റുന്ന ആളുകളെയോ, സംഘങ്ങളെയോ ആത്മീയഅനുഭവങ്ങളുടെ പാരമ്യതയിലേക്ക് എത്തിക്കാനുള്ള ദൈവദാനമായ 'അനുഗ്രഹ ശേഷി' (യഹലശൈിഴ ുീംലൃ) യാണ് സൂഫിയുടെ കൈമുതല്‍.  ഈ ശേഷിയെ 'ബര്‍കത്ത്' എന്ന് പറയുന്നു. ഈ ബര്‍ക്കത്ത്, നൈല്‍ ഗ്രീന്‍ അപഗ്രഥിക്കും പോലെ "വിശ്വാസപരമായതും അതെ സമയം തന്നെ വംശവിഷയകവുമായ (ഴലിലമഹീഴശരമഹ) ഒരു സാമൂഹിക നിര്‍മിതിയാണ്." ബര്‍കത്ത്'വന്നുചേരുന്ന വഴികള്‍ പലതാണ്. ഒന്നാമത്തെത് ഒരേസമയം വംശവിഷയകവും വിശ്വാസപരവുമായ വഴിയാണ്. ഒന്നുകില്‍ ഏതെങ്കിലും ഒരു ത്വരീഖത്തിലെ അഥവാ സൂഫി ജ്ഞാനസരണിയിലെ വംശാവലിയില്‍ കണ്ണിയായി ഉള്‍പ്പെടുക. അല്ലെങ്കില്‍ അനുഗ്രഹിക്കപ്പെട്ട, പ്രവാചകന്‍റേതുപോലുള്ള ഒരു കുടുംബപരമ്പരയില്‍ ജനിക്കുക. കേരളത്തിലെ പല സൂഫിവര്യന്മാരും പ്രവാചകന്‍റെ വംശപരമ്പരയില്‍ ഉള്‍പെടുന്നതു വഴി څഅനുഗ്രഹ ശേഷി' ലഭിച്ച യമനിലെ ഹളറമൗത്തില്‍ നിന്ന് മതപ്രചാരണാര്ഥം കേരളത്തിലെത്തിയ തങ്ങള്‍മാരെന്നു വിളിക്കുന്ന സയ്യിദ് വിഭാഗക്കാരാണ്.  പോരിശയുള്ള അഥവാ ദൈവീകമായി അനുഗ്രഹിക്കപ്പെട്ട കുടുംബപരമ്പരയില്‍ ഉള്‍പ്പെടുക എന്നത് ഉന്നതമായൊരു സൂഫി ത്വരീഖത്തില്‍ ഉള്‍പ്പെട്ടുവെന്നതരത്തില്‍ പരിഗണിച്ചിരുന്നു.

മറ്റൊരു വഴി തികച്ചും വിശ്വാസപരമായ ഒന്നാണ്. എന്നാല്‍ കേരളത്തിലെ സവിശേഷമായ സാഹചര്യത്തില്‍ അത്, യാത്രയും, ചലനക്ഷമതയുമായി ഇണചേര്‍ന്ന് നില്‍ക്കുന്നു. ആധ്യാത്മീകമായ ഔന്നിത്യത്തിനൊപ്പം, ദേശാന്തര യാത്രകളും ചലനക്ഷമതയും, യാത്രയിലാര്‍ജിച്ച അനുഭവങ്ങളും ആത്മീയമായ അറിവിന്‍റെ  മാനദണ്ഡമായി കരുതപെടുന്നു. മറ്റെന്തിനോളവും-കൃതികളും അവര്‍ പരിചയപ്പെടുത്തിയ ആത്മീയ ആശയ ലോകങ്ങളും-പുറംനാടുകളില്‍ നിന്ന് കടല്‍കടന്ന് വന്ന സൂഫി വര്യന്മാരുടെ 'അനുഗ്രഹിക്കപ്പെട്ട ശരീര'വും പുണ്യമായി നിലകൊകൊണ്ടിരുന്നു. ദീര്‍ഘദൂര കടല്‍-കര മാര്‍ഗമുള്ള യാത്രക്കിടയില്‍ മരിച്ച സൂഫിവര്യന്മാരെ ദിവ്യന്മാരായി കരുതി അവര്‍ മരിച്ച്, മറചെയ്യപ്പെട്ട സ്ഥലം പിന്നീട് വിശുദ്ധ സ്ഥലമായി കരുതി സംരക്ഷിച്ചു പോരുന്ന രീതിയും കേരളത്തിലുണ്ട്.  

ഇത്തരം സൂഫിവര്യന്മാരുടെ കാര്യത്തില്‍ 'ബര്‍കത്ത്' കാല-ദേശങ്ങളെ ഭേദിക്കുന്ന ഒരു പ്രതീകാത്മക മൂലധനമാണ്. അവ സൂഫിവര്യന്മാരിലൂടെ സാക്ഷാത്കരിക്കപ്പെടുക മാത്രമല്ല, ദേശാന്തര സഞ്ചാരികളായ അവരുടെ ജീവന ശരീരങ്ങളി (ഹശ്ശിഴ യീറശലെ)ലൂടെ പലായനം ചെയ്ത്, അവരെത്തിച്ചേരുന്ന സ്ഥലങ്ങളില്‍ പുനരുത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. സൂഫിവര്യന്മാര്‍ മണ്മറഞ്ഞതിനു ശേഷം, 'ബര്‍കത്ത്' ദിവ്യാത്ഭുദപ്രവര്‍ത്തികളിലൂടെ മക്ബറകളില്‍ അഥവാ അടക്കം ചെയ്യപ്പെടുന്ന സ്ഥലങ്ങളില്‍ സജീവമായി നിലകൊള്ളുന്നു. സൂഫിവര്യന്മാരുടെ ഭൗതീക ശരീരം അടക്കം ചെയ്തിട്ടുള്ള സ്ഥലം പിന്നീട് ഒരു വിശുദ്ധസ്ഥലമാക്കപ്പെടുന്നതോടൊപ്പം, ഇവരുടെ ജീവിതത്തെയും ദിവ്യാത്ഭുതങ്ങളെയും കുറിച്ചുള്ള ഒരു ടെക്സ്റ്റ്വെല്‍ മെമ്മറിയുടെ ഉറവിടവുമാകുന്നു.

മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, പുറത്ത് നിന്നുവന്ന പല പുണ്യാത്മാക്കളുടെയും സൂഫിശ്രേണിയിലുള്ള പ്രത്യേക പദവി അവരുടെ ദേശാന്തരീയമായ ചലനാത്മകതയും, 'നസ്ബ്' അഥവാ വംശപരമ്പരയുമായി ബന്ധപ്പെട്ടുകൂടി കിടക്കുന്നു. വംശപരമ്പരകള്‍ ചില ഘട്ടങ്ങളില്‍ 'ബര്‍കത്ത്'ആവേശിക്കുവാനുള്ള ഘടകമായും അതുവഴി ആത്മീയ അധികാരശ്രേണിയില്‍ (ുശെൃശൗമേഹ വലശൃമൃരവ്യ) ഉന്നത സ്ഥാനം കിട്ടുവാനുള്ള ഉപാധിയായും പ്രവര്‍ത്തിക്കുന്നു.

ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലുള്ള മധ്യസ്ഥരായയിട്ടാണ് സൂഫിവര്യന്മാരെ കേരളത്തിലെ മുസ്ലീങ്ങള്‍ കാണുന്നത്. അവരുടെ ജീവിച്ചിരിക്കുമ്പോഴും മരണപെട്ടതിനു ശേഷവും ഒരുപോലെ നില നിര്‍ത്തുന്ന 'ബര്‍കത്ത്' നേര്‍ച്ച പോലുള്ള വിശേഷ അവസരങ്ങളില്‍ പ്രത്യേകമായി സ്മരിക്കപ്പെടുന്നു. സൂഫി വര്യന്മാര്‍ ഒരര്‍ത്ഥത്തില്‍  സ്മരണകളുടെ ഉല്പന്നമാണ്, സാംസ്കാരിക പ്രയോഗങ്ങളിലൂടെ നിരന്തരം ദൃഢീകരിക്കപ്പെടുന്ന ഒരോര്‍മമ. അവരെ കുറിച്ച് പ്രധാനമായും മൂന്നു തരത്തിലുള്ള കൂട്ടായ ഓര്‍മകളാണ് വ്യാപരിചിരുന്നത്.  അവയില്‍ പ്രധാനം ശരീരത്തെക്കുറിച്ചുള്ളതായിരുന്നു, രണ്ടാമത്തെതരം ഓര്‍മ്മകള്‍ വംശാവലിയെ കുറിച്ചും, മൂന്നാമത്തേത് ജീവിച്ചിരിക്കുമ്പോഴും, മരിച്ചതിനുശേഷം കാണിക്കുന്ന അത്ഭുതപ്രവര്‍ത്തികളെ കുറിച്ചുമാണ്. അപദാന കൃതികളായ 'മാലപ്പാട്ടു'കളിലൂടെയും 'നേര്‍ച്ചപ്പാട്ടു'കളിലൂടെയുമാണ് അവരുടെ ശരീരം, കുടുംബം വംശാവലി അത്ഭുതപ്രവര്‍ത്തികള്‍ തുടങ്ങിയവ സ്മരിക്കപ്പെട്ടുപോരുന്നത്. 

ഇന്തോ-പേര്‍ഷ്യന്‍ സൂഫിസമ്പ്രദായത്തിലെ ഖവാലികളുടെ സ്ഥാനമാണ് 'മാലപാട്ടു'കള്‍ക്കും 'നേര്ച്ച'പട്ടുകള്‍ക്കുമുള്ളത്. ദിവ്യന്മാരുടെ ആത്മീയഔന്നിത്യത്തെയും അത്ഭുത പ്രവര്‍ത്തികളെയും പ്രകീര്‍ത്തിക്കുന്ന മാലപ്പാട്ടുകള്‍ വിശുദ്ധരുടെ ഖബറിടങ്ങളില്‍ നേര്‍ച്ചയായി പാടുന്നതിനൊപ്പം ഗൃഹസദസ്സുകളില്‍, പ്രധാനമായും സ്ത്രീകളുടെ മുന്‍കൈയില്‍ ഒറ്റക്കായും കൂട്ടമായും ആലപിക്കപ്പെട്ടിരുന്നു. കീര്‍ത്തനങ്ങളുടെ രൂപത്തില്‍ ചിട്ടപ്പെടുത്തിയ മാലകളായിരുന്നു ഒരുകാലത്ത് അറബ്-മലയാള സഹി ത്യകൃതികളിലെ പ്രധാന പങ്കും. ജീവിതത്തിലെ തടസ്സങ്ങള്‍ മാറികിട്ടാനും രോഗശാന്തിക്കും വേണ്ടിയാണ് പ്രധാനമായും വീടുകളില്‍ വിശുദ്ധഅന്തരീക്ഷം സൃഷ്ടിച്ച് മാലപ്പാട്ടുകള്‍ പാടിയിരുന്നത്.

കേരളത്തിലെ സൂഫി സാഹിത്യത്തില്‍ കണ്ടെടുക്കപ്പെട്ടതില്‍ ആദ്യത്തേതും ഏറ്റവും ജനപ്രിയമായതുമായ കൃതി ഖാദിരിയ്യ ത്വരീഖത്തിന്‍റെ സ്ഥാപകന്‍ പതിനൊന്നാം നൂറ്റാണ്ടില്‍ ബാഗ്ദാദില്‍ ജീവിച്ചിരുന്ന സൂഫിവര്യന്‍ ശൈഖ് അബ്ദുല്‍ക്വാദിര്‍ ജീലാനിയുടെ ജീവിതത്തെയും അത്ഭുതപ്രവര്‍ത്തികളെയും വാഴ്ത്തുന്ന څമുഹിയുദ്ദീന്‍' മാലയാണ്. അറബി ഭാഷയിലെ രണ്ടു കൃതികളായ ബഹ്ജയും, തഹ്മീലയും അതോടൊപ്പം തമിഴില്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ എഴുതപെട്ട څമുഹിയുദ്ധീന്‍ ആണ്ടവര്‍ മാല'യുമാണ് 1604ല്‍ കോഴിക്കോട്ടുകാരനായ ഖാസി മുഹമ്മദിനാല്‍ രചിക്കപ്പെട്ട ഈ കൃതിയുടെ മുഖ്യ പ്രചോദനങ്ങള്‍. ഈ കൃതിയുടെ പ്രചരണവും വ്യാപകമായ വായനയും ഖാദിരിയ്യ ത്വരീഖത്തിന് മലബാറില്‍ ആഴത്തിലുള്ള വേരുകള്‍ ഉണ്ടാക്കി.

കുടുംബ സദസ്സുകളില്‍ മൊഹിയുദ്ധീന്‍ മാല വ്യാപകമായി വായിക്കപ്പെട്ടു. ഈ മാല വായിക്കാനറിയുന്നത് സാക്ഷരതയുടെ അടയാളവും, കാണാതെ ചൊല്ലാന്‍ അറിയുന്നത് കല്യാണത്തിനു മുന്‍പ് പെണ്‍കുട്ടികള്‍ സ്വായത്തമാക്കേണ്ട ആവശ്യ അറിവായും കരുതിപ്പോന്നിരുന്നു. വിശേഷ അവസരങ്ങളില്‍ മുഹിയുദ്ധീന്‍ മാല ഓര്‍ത്തു ചൊല്ലുന്നതുന്നത്, അസുഖങ്ങളെ തൊട്ടുകാക്കുമെന്നും  ദാരിദ്ര്യം അപകടം തുടങ്ങിയവയില്‍ നിന്ന് രക്ഷിക്കുമെന്നും, ദുഃഖവും സങ്കടവും  അകറ്റുമെന്നും വലിയൊരു വിഭാഗം മുസ്ലീങ്ങളും വിശ്വസിച്ചിരുന്നു. മാലകളുടെ ജനപ്രിയത മലബാറിലെ സൂഫിപാരമ്പര്യത്തിന്‍റെ വ്യാപനവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഓരോ ധാരകളും അവരവരുടെ പാരമ്പര്യത്തെ ജനപ്രിയമാക്കുന്നതിനുവേണ്ടി മാലകളെ ഉപയോഗപ്പെടുത്തിയിരുന്നു.

ഔലിയാക്കളെന്നോ പോരിശയാക്കപ്പെട്ടവരെന്നോ പൊതുവില്‍ പറയുമെങ്കിലും കേരളത്തിലെ സൂഫിവര്യന്മാരെ രണ്ടുതരത്തില്‍ തരംതിരിക്കാം;അനുഗ്രഹീതരും വിശുദ്ധരും. ഇരുകൂട്ടരും തമ്മില്‍ നേരിയ അന്തരമുണ്ട്. څഅനുഗ്രഹീതര്‍' ജീവിച്ചിരിക്കുന്ന അവസ്ഥയില്‍ ദൈവത്തിന്‍റെ അനുഗ്രഹം ഏറ്റുവാങ്ങാനും അത് മറ്റാളുകളിലേക്ക് എത്തിക്കാനുമുള്ള വിശേഷപ്പെട്ട കഴിവ് ആര്‍ജിച്ചവരാണ്. അനുഗ്രഹീതര്‍ അവര്‍ സൂക്ഷിക്കുന്ന ഇശ്ഖ് അഥവാ ദൈവത്തിനോടുള്ള അടങ്ങാത്ത അനുരാഗം കൊണ്ട് അല്ലാഹുവുമായുള്ള കൂടിച്ചേരലും, അവന്‍റെ പ്രീതി പിടിച്ചുപറ്റലും പരമപ്രധാന ലക്ഷ്യമായി കരുതുന്നു. നബിയോടുള്ള അടുപ്പവും ആത്മീയമായ അനുരാഗവും പോലും ദൈവത്തിനോടുള്ള അനുരാഗത്തിന്‍റെ വാതിലായി കാണുന്നു. അവരുടെ ജീവിതവും ശരീരവും വാക്കുകളും ഇങ്ങിനെ ദിവ്യാനുരാഗത്തിന്‍റെ പ്രദര്‍ശനഇടങ്ങളായി മാറുന്നു. ഹഖീഖത് അഥവാ  പരമമായ സത്യം തേടാനുള്ള ആശയും, മഅ്-രിഫത്ത്ദി അഥവാ ദിവ്യജ്ഞാനവുമാണ് അല്ലാഹുവിനെ അടുത്തറിയുന്നതിനുള്ള പ്രധാന മാധ്യമം.

څവിശുദ്ധരാകട്ടെ' ജീവിച്ചിരിക്കുന്ന അവസ്ഥയിലും അല്ലാത്ത അവസ്ഥയിലും കറാമത്തുകള്‍ അഥവാ അത്ഭുതസിദ്ധികള്‍ പ്രദര്ശിപ്പിക്കുന്നവരാണ്.  അവര്‍ പലപ്പോഴും കൂട്ടായ ഓര്‍മകളുടെ ഉല്പന്നമാണ്.  അവരുടെ പേരില്‍ ദര്‍ഗകള്‍ നിര്‍മ്മിച്ചും, അത്ഭുതപ്രവര്‍ത്തികളെ കുറിച്ചുള്ള ആഖ്യാനങ്ങള്‍ സൃഷ്ടിച്ചും ആചാരങ്ങള്‍ ഉണ്ടാക്കിയുമാണ് ജനങ്ങള്‍ വിശുദ്ധരെ ഓര്‍ക്കുക. അനുഗ്രഹീതരായ സൂഫിവര്യന്മാരുടെ വിശേഷപ്പെട്ട ഗുണകണങ്ങളില്‍ പലതും മരിച്ചു വിശുദ്ധരാകുമ്പോള്‍ നാട്ടാഖ്യാനങ്ങളാകുന്നു. ഇരുകൂട്ടരുടെയും ജീവിതം വിശുദ്ധമോ പാവനമോ ആയി പ്രഖ്യാപിക്കുന്നത് ബഹുമാനസൂചകമായി ഇവരുടെ പേരില്‍ നടത്തുന്ന നേര്‍ച്ചകള്‍ പോലുള്ള ആചാരങ്ങള്‍ തുടങ്ങിക്കൊണ്ടാണ്.

അത്ഭുത പ്രവര്‍ത്തികള്‍ കാണിക്കാനുള്ള കഴിവാണ് ഇരുകൂട്ടരുടെയും ദിവ്യത്വത്തിന്‍റെ പ്രധാന അടയാളം. അവരുടെ ദിവ്യാത്ഭുതപ്രവര്‍ത്തികളിലൂടെ-കോപിഷ്ഠമോ കൃപമായാമോ ആയ-ദൈവീക നീതി സാമൂഹ്യ ലോകത്തേക്ക് പരക്കുന്നതായി മനസിലാക്കാം. സൂഫിവര്യന്മാരുടെ ഖബറുകള്‍ അവരുടെ 'കറാമത്' അഥവാ വിശുദ്ധമായ ശേഷികള്‍ പ്രവര്‍ത്തിക്കുന്ന ഇടമായി വിശ്വാസികള്‍ കാണുന്നു, അതുകൊണ്ടു ഇത്തരം സ്ഥലങ്ങളിലേക്കുള്ള 'സിയാറത്ത്' അഥവാ തീര്‍ത്ഥയാത്ര അവരുടെ വിശുദ്ധ ശേഷികള്‍ അനുഭവിക്കാനുള്ള അവസരമായും വിശ്വാസികള്‍ കരുതുന്നു. നിത്യജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് ഉത്തരംതേടി മലബാറിലെ മാപ്പിളമാര്‍ ജീവിച്ചിരിക്കുന്ന അവസ്ഥയിലോ മരിച്ച അവസ്ഥയിലോ അവരെ തേടിയെത്തുന്നു. പ്രത്യേക ആവശ്യം നിറവേറാന്‍, രോഗവിമുക്തി നേടാന്‍, ശരീരസൗഖ്യം ലഭിക്കാന്‍ വിശ്വാസികള്‍ അവരുടെ ജാറങ്ങളോ, അടക്കം ചെയ്യപ്പെട്ട സ്ഥലങ്ങളോ സന്ദര്‍ശിക്കുന്നു.  ഇന്തോ-പേര്‍ഷ്യന്‍ മാതൃകയിലുള്ള ദര്‍ഗകള്‍ കേരളത്തില്‍ കുറവാണ്. അനുഗ്രഹീതരുടെ ശരീരം അടക്കം ചെയ്യപ്പെട്ട څമഖ്ബറ'കളോ 'ജാറ'ങ്ങളോ ആണ് ഇവിടെ കൂടുതല്‍. ഇത്തരം ജാറങ്ങളുടെ കൈകാര്യക്കാര്‍ക്ക് പലപ്പോഴും ഇന്തോ-പേര്‍ഷ്യന്‍ സൂഫി വിഭാഗങ്ങളിലെ څപീര്‍'നോട് ചേര്‍ന്ന സ്ഥാനമുണ്ട്. 

ഉത്തരേന്ത്യയില്‍ നിന്നും വ്യത്യസ്തമായി, ആത്മീയ ആചാര്യന്മാരോ, അനുഗ്രഹീത ശരീരങ്ങളോ ആയിരിക്കുന്നതിന് പുറമെ കേരളത്തിലെ സൂഫിവര്യന്മാരില്‍ പലര്‍ക്കും സമൂഹത്തില്‍ മറ്റു പല സ്ഥാനങ്ങളുമുണ്ടായിരുന്നു.അവരില്‍ ചിലര്‍ സാമ്രാജ്യത്വ-വിരുദ്ധ രാഷ്ടീയത്തില്‍ പോലും സജീവമായിരുന്നു. പൊന്നാനിയിലെ മഖ്ദൂമുമാര്‍ പോര്‍ത്തുഗീസ് വിരുദ്ധ പോരാട്ടത്തിന്‍റെ മുന്നണിപോരാളികള്‍ ആയിരുന്നപ്പോള്‍, മമ്പുറം തങ്ങന്മാരടക്കമുള്ള സയ്യിദന്മാരുടെ വെള്ളിയാഴ്ച ഖുതുബകളും, ഫത്വകളും തെക്കന്‍ മലബാറിലെ മുസ്ലീങ്ങള്‍ക്കിടയില്‍ ബ്രിടീഷ് വിരുദ്ധ പോരാട്ടത്തിന് ഊര്‍ജ്ജം നല്‍കി. അവര്‍ രചിച്ച കിതാബുകളില്‍ പലതും തെക്കന്‍ മലബാറിലെ മുസ്ലീങ്ങള്‍ക്കിടയില്‍ കോളനി-വിരുദ്ധ വികാരമുണ്ടാക്കിയെടുക്കാന്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. അങ്ങിനെ നോക്കുമ്പോള്‍ പുണ്യാത്മാക്കളുടെ, വിശുദ്ധസ്ഥലങ്ങളുടെ അത്ഭുതപ്രവര്‍ത്തികളുടെ സൂഫി ഇസ്ലാം അതിന്‍റെ പാരമ്യത്തിലെത്തുന്നത് കോളോണിഭരണ കാലത്താണ്.

പൊന്നാനി-കൊണ്ടോട്ടി കൈതര്‍ക്കം

അറബ് പേര്‍ഷ്യന്‍ ധാരകള്‍ തമ്മിലുള്ള ഒരു ശീതസമരമാണ് പതിനെട്ടാം നൂറ്റാണ്ടില്‍ തുടങ്ങി ഇരുപതാം നൂറ്റാണ്ടിന്‍റെ പകുതി വരെ കേരളത്തിലെ സൂഫിസത്തെ നിര്‍ണയിച്ചിരുന്നത്. പശ്ചിമേഷ്യയിലെ യമനില്‍നിന്നും പേര്‍ഷ്യ (ഇന്നത്തെ ഇറാനും ഇറാഖിന്‍റെ ചില ഭാഗങ്ങളും) യില്‍  നിന്നും ഉരുവംകൊണ്ട പ്രവാചകന്‍റെ കുടുംബ പാരമ്പര്യം അവകാശപ്പെടുന്ന രണ്ട് വംശങ്ങളായ ഹദറമി തങ്ങന്മാരിലും, കൊണ്ടോട്ടി തങ്ങന്മാരിലുമായിരുന്നു യഥാക്രമം ഈ രണ്ടു ധാരകളുടെയും നായകത്വം. ആദ്യത്തെകൂട്ടര്‍ യമനിലടക്കം തെക്കന്‍ അറേബ്യയുടെ പലഭാഗങ്ങളിലും പ്രസിദ്ധമായിരുന്ന 'ഖാദിരീയ' ധാരയുടെ ഒരു ഉപശാഖയായ  അലവിയ്യ ത്വരീഖത്തിന്‍റെ പ്രചാരകരായിരുന്നപ്പോള്‍, മറുകൂട്ടര്‍ മധ്യേഷ്യയിലും, തെക്കനേഷ്യന്‍ രാജ്യങ്ങളിലും കാര്യമായ സ്വാധീനമുണ്ടായിരുന്ന 'ചിശ്ത്തി' ത്വരീഖത്തിന്‍റെ പ്രചാരകരായിരുന്നു.

ഹദ്റമി  സയ്യിദന്മാരെക്കൂടാതെ, യമനില്‍നിന്നുതന്നെ വന്ന് കൊച്ചിയിലും പൊന്നാനിയിലും സ്ഥിരതാമസമാക്കിയ മഖ്ദൂമുമാരായിരുന്നു അറേബ്യന്‍ സൂഫിസത്തിന്‍റെ പ്രധാന പ്രചാരകര്‍. കോഴിക്കോട് താമസമാക്കിയ അറബ് വംശജരായ 'ഖാസി'മാരും ഈ ധാരയുടെ വ്യാപനത്തില്‍ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ 1745ല്‍ ഹദറമൗത്തില്‍നിന്ന് വന്ന് കോഴിക്കോട് വാസമുറപ്പിച്ച സയ്യിദ് ഷെയ്ഖ് ജിഫ്രി തങ്ങളും, അനന്തരവന്‍ സയ്യിദ് അലവി തങ്ങളും സ്ഥാപിച്ച മമ്പുറം തങ്ങള്‍ കുടുംബമാണ് ഈ ധാരയുടെ ഏറ്റവും പ്രധാന പ്രചാരകരായിരുന്നത്. സയ്യിദ് വംശജനായ അബ്ദുറഹ്മാന്‍ ഐദറൂസിയാണ് അറബ് സൂഫി പാരമ്പര്യത്തിലുള്‍പ്പെടുന്ന ആദ്യത്തെ 'ഖാന്‍ക്വ' പതിനെട്ടാം നൂറ്റാണ്ടിന്‍റെ പകുതിയില്‍ പൊന്നാനിയില്‍ സ്ഥാപിക്കുന്നത്.   

മാടായി വളപട്ടണം ഏഴിമല കണ്ണൂര്‍  തുടങ്ങിയ ഉത്തരകേരളത്തിലെ പട്ടണങ്ങളായിരുന്നു ഇന്തോ-പേര്‍ഷ്യന്‍ സൂഫി പാരമ്പര്യത്തിന്‍റെ ആദ്യകാലത്തെ പ്രധാന സ്ഥാനങ്ങള്‍. പതിനെട്ടാം നൂറ്റാണ്ടില്‍ മുഹമ്മദ് ശാ തങ്ങളുടെ വരവോടുകൂടി മലബാറില്‍, പ്രത്യേകിച്ച് തെക്കന്‍ മലബാറില്‍, ഈ പാരമ്പര്യത്തതിന്‍റെ സ്വാധീനം വര്‍ധിക്കുകയായിരുന്നു. ഇറാനില്‍ നിന്ന് മഹരാഷ്ട്രയിലെ കല്യാണിലേക്ക് കുടിയേറിപ്പാര്‍ത്ത പ്രവാചകന്‍റെ വംശപരമ്പരയില്‍  ഉള്‍പ്പെടുന്ന സയ്യിദ് കുടുംബത്തില്‍ നിന്നാണ് മുഹമ്മദ് ശാ തങ്ങളുടെ വരവ്.  ഇതോടെ കൊണ്ടോട്ടി ഇന്തോ-പേര്‍ഷ്യന്‍ സൂഫിസത്തിന്‍റെ ഹൃദയഭൂമിയായി. മുഹമ്മദ് ശാ തങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് പതിനെട്ട്, പത്തൊന്‍പത് നൂറ്റാണ്ടില്‍ സൂഫിവര്യന്മാരുട ഒരു വലിയ സംഘം തന്നെ തെക്കന്‍ മലബാറില്‍ നിന്നും ഉയര്‍ന്നുവന്നിരുന്നു. ഒരുപാട് സൂഫികൃതികളും ഈ കാലയളവില്‍ രചിക്കപ്പെട്ടിട്ടിട്ടുണ്ട്.ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്  മാപ്പിളമാരുടെ മഹാകവിയെന്ന് പില്‍കാലത്ത് ഖ്യാതിനേടിയ മോയിന്‍കുട്ടിവൈദ്യരുടെ അറബി-മലയാള കൃതികളാണ്.   

തെക്കന്‍ അറേബ്യയില്‍ നിന്നുള്ള സൂഫിധാരകളുടെ പ്രചാരകരായിരുന്ന ഹദറമൗത്തില്‍ നിന്നുള്ള സയ്യിദന്മാര്‍, ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ നിന്ന് കേരളത്തിലെത്തിയ സൂഫി ധാരകളെ 'ശിയ'ബന്ധത്തിന്‍റെ പേരിലും, പ്രാദേശിക ആചാരങ്ങള്‍ കടം കൊണ്ടതിന്‍റെ പേരിലും നിരന്തരം വിമര്‍ശിച്ചുകൊണ്ടിരുന്നു. ശിയ ആഭിമുഖ്യമുള്ള കൊണ്ടോട്ടി തങ്ങള്‍ കുടുംബത്തിന്‍റെ സ്നാപകന്‍ പേര്‍ഷ്യന്‍ ഭാഷ സംസാരിക്കുന്ന മുഹമ്മദ് ശാ തങ്ങള്‍ക്ക് അതുകൊണ്ടുതന്നെ മലബാറിലെ ഭൂരിപക്ഷമായ സുന്നി മുസ്ലീങ്ങള്‍ക്കിടയില്‍ ഒരു 'അപര'സ്ഥാനമാണ് ഉണ്ടായിരുന്നത്. താന്‍ സുന്നിയാണെന്നും തന്‍റെ അനുഭാവം ചിശ്ത്തി ത്വരീഖത്തിനോടാണെന്ന് മുഹമ്മദ് ശാ തങ്ങള്‍ നിരന്തരം അവകാശപ്പെട്ടിരുന്നെങ്കിലും, മുഹറം പോലുള്ള അവസരങ്ങള്‍ അമിത പ്രാധാന്യത്തോടെ ആഘോഷിക്കുന്നതും, വിശേഷ അവസരങ്ങളില്‍ മുരീദന്മാര്‍ ഷേഖിന്‍റെ മുന്നില്‍ വണങ്ങുന്നതും കൊണ്ടോട്ടി തങ്ങന്മാര്‍ ശിയാ ആചാരങ്ങളെ പിമ്പറ്റുന്നവരാണോ എന്ന സംശയം മറ്റു മുസ്ലീങ്ങളില്‍ ജനിപ്പിച്ചു. 

കൊണ്ടോട്ടിയിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും വിലയിരുത്തിക്കൊണ്ട്, ഡൊമിനിക് സില ഖാന്‍ അവിടത്തെ രീതികള്‍ക്ക് ശിയായിസത്തിലെ നിസരി ഇസ്മാഈലീ വിഭാഗവുമായി സാദൃശ്യം കാണുന്നുണ്ട്. മുഹറത്തിനുള്ള അമിത പ്രാധാന്യം 'അശുറ' ഓര്‍മിപ്പിക്കുന്ന രീതിയില്‍ മുഹറം ആഘോഷിച്ചിരുന്നത്, സൂഫി ഷെയ്ഖിന്‍റെ മുന്‍പിലുള്ള മുരീദന്മാരുടെ സൂജൂദ് തുടങ്ങിയവയാണ് ഈ സാദൃശ്യത്തെ ബലപ്പെടുത്തുന്നത്. ഈ ആചാരങ്ങള്‍ പലപ്പോഴും മറുഭാഗത്തുള്ള പണ്ഡിതന്മാരെ ചൊടിപ്പിച്ചിരുന്നു. പൊന്നാനി പക്ഷത്തെ പണ്ഡിതനായ ആലികുട്ടി മുസ്ലിയാര്‍ പറയുന്നതനുസരിച്ച്, കൊണ്ടോട്ടിഭാഗത്തെ കുറിച്ചുള്ള പ്രധാന ആരോപണം അവര്‍ ഇസ്ലാമിലെ നിര്‍ബന്ധമായും നിര്‍വഹിക്കേണ്ട ചര്യകള്‍ക്ക് വലിയ പ്രാധാന്യം നല്‍കാതിരിക്കുകയോ അവയില്‍ നിന്നും വിട്ടുനില്‍ക്കുകയോ ചെയ്യുന്നുവെന്നുള്ളതാണ്. ഈ വിഭഗത്തിലുള്‍പ്പെട്ട സ്ത്രീകള്‍ പ്രാര്‍ത്ഥനാവേളകളില്‍ അനിസ്ലാമികമായി ശൈഖിന്‍റെ കരം പിടിച്ചിരുന്നുവെന്നും, ഹഷീഷും മദ്യവും ഉപയിഗിച്ചിരുന്നുവെന്നും പൊന്നാനി പക്ഷം ആരോപിച്ചിരുന്നു. 'അവര്‍ ദിക്റിന് പ്രാധാന്യം കൊടുത്തുകൊണ്ട്, നിസ്കാരത്തില്‍ നിന്നും വിട്ടുനിന്നു. ഹജ്ജിനും സക്കാത്തിനും നിര്‍ബന്ധം കല്പിച്ചിരുന്നില്ല', കൊണ്ടോട്ടിക്കാര്‍ക്കെതിരെയുള്ള ഫത്വവയില്‍ ആലിക്കുട്ടി മുസ്ലിയാര്‍ എഴുതുന്നു.  

മലാമത്തിയ്യ, ഖലന്ദരിയ്യ, മദാരിയ്യ തുടങ്ങിയ സൂഫിധാരകളെപ്പോലെ ശരീഅ'ത്തിനോടും ക്രോഡീകരിക്കപ്പെട്ട മതസംഹിതകളോടും പുലര്‍ത്തിയിരുന്ന നിഷേധ സമീപനം അഥവാ ബേ-ശറഅ' വാദം കൊണ്ടോട്ടി പക്ഷക്കാരില്‍ ചാര്‍ത്തപ്പെട്ട മറ്റൊരു കുറ്റമാണ്. ശരീഅ'ത്തിനെ അടിമുടി പിന്‍പറ്റുക മാത്രമല്ല, ശരീഅത്തില്ലാതെ ത്വരീഖത്തില്ല എന്ന കടുത്ത നിലപാടെടുത്തിരുന്ന ബാ-ശറഅ' പക്ഷക്കാരായിരുന്നു പൊന്നാനിക്കാര്‍. അയവില്ലാത്ത ശരീഅ'ത്തനുകൂല നിലപാട്  കൊണ്ട് കൊണ്ടോട്ടിക്കാര്‍ നേര്‍ച്ചയുടെ ഭാഗമായി നടത്തിയിരുന്ന  ചീനിമുട്ട് പോലുള്ള സംഗീത-വാദ്യ പ്രകടനങ്ങളോടും ഈ പക്ഷക്കാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

പൊന്നാനി-കൊണ്ടോട്ടി കൈതര്‍ക്കം ആശയപരമായ വ്യസ്ത്യസ്തതകളില്‍ നിന്ന് ഉടലെടുത്ത ഒന്നായിരുന്നെകിലും, അതിന്‍റെ സമൂഹികമായ പ്രതിഫലനങ്ങള്‍ കൂടുതല്‍ ഗൗരവമുള്ളതായിരുന്നു. വ്യത്യസ്തമായ ആചാരങ്ങള്‍ വച്ചുപുലര്‍ത്തിയതിന്‍റെ പേരില്‍ കൊണ്ടോട്ടി വിഭാഗം സാമൂഹികമായി ബഹിഷ്കരണം പോലും നേരിട്ടിരുന്നു. തെക്കന്‍ മലബാറിലെ പല പള്ളികളിലും ഈ വിഭാഗത്തില്‍ നിന്നുള്ള പണ്ഡിതന്മാരെ ഇമാം ആകാന്‍ അനുവദിച്ചിരുന്നില്ല. ചില പള്ളികളില്‍ ഇക്കൂട്ടരെ നമസ്കരിക്കാന്‍ പോലും അനുവദിതിരുന്നില്ല.  അവരുടെ മയ്യിത്തുകള്‍ പലപള്ളികളിലെയും ഖബര്‍സ്ഥാനില്‍ അടക്കം ചെയ്യാന്‍ സമ്മതിച്ചിരുന്നില്ല. അവര്‍ കശാപ്പു ചെയ്ത ഇറച്ചി അവര്‍ തയ്യാറാക്കിയ ഭക്ഷണം മുതലായവ കഴിക്കരുതെന്നുവരെ ഫത്വവ ഇറങ്ങിയിരുന്നു. തെക്കന്‍ മലബാറിന്‍റെ ചിലഭാഗത്ത് കൊണ്ടോട്ടി വിഭാഗത്തെ പിന്‍പറ്റുന്നവരുമായുള്ള വിവാഹബന്ധം പോലും നിഷിദ്ധമാക്കി. കൊണ്ടോട്ടി വിഭാഗം സ്ഥാപിച്ച സൂഫി കമ്മ്യൂണായ څതഖിയ'യില്‍ സ്ത്രീ-പുരുഷന്മാര്‍ സ്വാതന്ത്രമായി ഇടകലരുന്നതും, അവിടെ ജീവിക്കുന്നവരും അവരുടെ അനുയായികളും ഇസ്ലാമിന്‍റെ അടിസ്ഥാന തത്വങ്ങള്‍ക്ക് പ്രാധാന്യം കല്പിക്കാത്തതും ഷെയ്ഖ് ജിഫിരിയെപോലുള്ള മറുവശത്തെ പണ്ഡിതന്മാര്‍ മതനിന്ദയായി കണ്ടു. 'അവര്‍ എല്ലാ സീമകളും ലംഘിക്കുന്നു/ വിശ്വാസികളില്‍ സന്ദേഹങ്ങള്‍ സൃഷ്ടിക്കുന്നു/ അവര്‍ ലഹരിയില്‍ ഉന്മത്തരായി പിശാചിനെ പുല്‍ക്കുകയാണ്', പുതിയകത്ത് ബാവാ മുസ്ലിയാര്‍ എഴുതുന്നു.  

ഈ തര്‍ക്കത്തിന് ഒരു രാഷ്ട്രീയ മാനംകൂടി ഉണ്ടായിരുന്നു. മമ്പുറം തങ്ങള്‍മാരെ പോലുള്ള അറബ് സൂഫിപരമ്പര്യത്തിന്‍റെ ഏറ്റെടുപ്പുകാര്‍ ബ്രിടീഷുകാരുമായി നിരന്തരം ഏറ്റുമുട്ടിയപ്പോള്‍, കൊണ്ടോട്ടി കൈക്കാര്‍ അവരുടെ രാഷ്ട്രീയസൗഹൃദത്തിന്‍റെ തണല്‍പറ്റിയിരുന്നു. 1792ല്‍ ബ്രിട്ടിഷുകാര്‍ മലബാര്‍ പിടിച്ചടക്കിയപ്പോള്‍ മുഹമ്മദ് ശാ തങ്ങളെ ഇനാംദാര്‍ പദവി നല്‍കി ആദരിച്ചിരുന്നു. ഇതിനു പകരമായി കൊണ്ടോട്ടി കുടുംബം അവരുടെ അനുയായികളെ ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളില്‍നിന്ന് മാറിനില്‍ക്കാന്‍ പ്രേരിപ്പിച്ചിരുന്നു.

എന്നാല്‍ ശിയാ-പേര്‍ഷ്യന്‍ സ്വാധീനങ്ങളില്‍ നിന്നുള്ള ഒരു മുഴുവന്‍ വിടുതല്‍ സത്യത്തില്‍ അറബ് ലോകത്ത് നിന്നുള്ള സയ്യിദന്മാരുടെ അപ-പേര്‍ഷ്യവല്‍ക്കരണത്തിനുള്ള കാര്യമായ ശ്രമങ്ങളുണ്ടായിട്ടും സാധ്യമായിട്ടില്ലെന്നുവേണം പറയാന്‍. ഈ സ്വാധീനം ഇന്നും കേരളത്തിലെ മുസ്ലീങ്ങളുടെ സംസ്കാരത്തില്‍, ആചാരങ്ങളുടെയും, ആഘോഷങ്ങളുടെയും, കലാവിഷ്കാരങ്ങളുടെ രൂപത്തിലും ആഴത്തില്‍ നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ ഇസ്ലാമിക പണ്ഡിതര്‍ അവരുടെ പ്രാര്‍ത്ഥനകളില്‍ ശിയാവിഭാഗക്കാര്‍ കൂടുതലായി ചെയ്യുന്നതുപോലെ അലിയെയും മക്കളായ ഹസ്സനെയും ഹുസ്സനെയും പ്രകീര്‍ത്തിക്കാറുണ്ട്. അതോടൊപ്പം തന്നെ അവര്‍ ഇസ്ലാമിലെ ആദ്യമൂന്നു ഖലീഫമാരെ രൂക്ഷമായിവിമര്ശിക്കുന്ന ശിയനിലപാടുകളെ തള്ളിപ്പറയാറുമുണ്ട്.

നവോഥാനം, ദേശം, ദേശാന്തരീയം

തൊള്ളായിരത്തി മുപ്പതുകളിലും നാല്പതുകളിലും നവോഥാന പ്രസ്ഥാനങ്ങളുട പ്രവര്‍ത്തനഫലമായി, മതത്തെയും സമൂഹത്തെയും സംബന്ധിക്കുന്ന പുതിയൊരു സംവാദം ഉയര്‍ന്നുവന്നിരുന്നു. കേരളത്തിലെ മുസ്ലിങ്ങളുടെ മത-സാമുദായിക ജീവിതത്തിന്‍റെ മുഖ്യഭാഗമായ ആനന്ദം നിറഞ്ഞ ആഘോഷങ്ങളും, ആചാരങ്ങളും തീവ്രവിമര്‍ശനത്തിന് പാത്രമായി. ഇതിനെതുടര്‍ന്ന്, ഒന്നുകില്‍ ഇവയെ നവീകരിക്കുക അല്ലെങ്കില്‍ തള്ളിക്കളയുക എന്ന വാദം പൊന്തിവന്നു. സൂഫി പാരമ്പര്യത്തിന്‍റെ ഭാഗമായ പ്രവാചകനെയും, ദിവ്യാത്മാക്കളെയും പ്രകീര്‍ത്തിക്കുന്ന ഏറ്റവും ജനപ്രിയമായ മൗലീദുകളാണ് ആദ്യമായി ആക്രമിക്കപ്പെട്ടത്.

വിശ്വാസപരമായി, മറ്റു ഇസ്ലാമിക സമൂഹങ്ങളിലെ സമാനമായ അനക്കങ്ങളെ ഉള്‍ക്കൊണ്ട ഒന്നായിരുന്നെങ്കിലും, സാമൂഹികമായി څആധുനികത'യുടെ പ്രത്യയശാസ്ത്ര അടിത്തറയില്‍ കെട്ടിപൊക്കിയ കേരളത്തിലെ മുസ്ലിം നവോഥാനം ഒരുതരത്തില്‍ څദേശീയ'മായിരുന്നു.  സൂഫി പാരമ്പര്യമാകട്ടെ, അറബ്-ഇസ്ലാമിക ലോകത്ത് പരക്കെ നിലവില്‍ നിന്നിരുന്ന ഉയര്‍ന്ന തോത്തിലുള്ള ചലനാത്മകതയുടെ ഉപോല്‍പ്പന്നമായിരുന്നു. ദേശ-രാഷ്ട്രത്തിന്‍റെ അതിര്‍ത്തികള്‍ക്കപ്പുറം രൂപമെടുത്ത ആശയഗതിയാണെന്നുള്ള നിലക്ക്, ദേശങ്ങളും ദേശാതിര്‍ത്തികളും സൃഷ്ടിക്കുന്ന څസെന്‍സിബിലിറ്റി'കള്‍ക്കു പുറത്തുനില്‍ക്കുന്ന ഒന്നായും നിലകൊണ്ടു.

നവോഥാനം ഒരു മതേതര ദേശീയപദ്ധതിയായി മാറിയപ്പോള്‍, ദേശീയഭാവനക്ക് പുറമെനില്‍ക്കുന്ന പല ശീലങ്ങള്‍ ആചാരങ്ങളും  അനുഷ്ടാങ്ങളും 'നവോഥാന' സ്വത്വത്തിന്‍റെ നിര്‍മിതിയില്‍ ഉള്‍ചേരാതെ പോകുകയായിരുന്നു. ദേശ-രാഷ്ട്രങ്ങളുടെ പരിമിതികളെ ഭേദിക്കുന്ന ആശയമെന്നുള്ള നിലക്ക് കേരളത്തിലെ സൂഫിസത്തിനും ഇതേ തിരസ്കരണമാണ് നേരിടെണ്ടി വന്നിട്ടുള്ളത്.

ഒരുവശത്ത്, സൂഫി ഇസ്ലാമിന്‍റെ കടല്‍ കടന്നുവന്ന 'അനുഗ്രഹീതരായ' ആളുകളും, അവര്‍ കൊണ്ടുവന്ന ആശയങ്ങളും, എഴുതിയ കിതാബുകളും, തിരുശേഷിപ്പുകളും സൃഷ്ടിച്ച ചലനാത്മകവും ദേശയാന്തരീയവുമായ മതബോധനങ്ങളും, മറുവശത്താകട്ടെ, ഭൂ-കേന്ദ്രീകൃതമായി ഒട്ടും ചലനാത്മകമല്ലാതെ, ഇളക്കംതട്ടാതെ നിലകൊണ്ട ബോധനരീതികളും പ്രമാണങ്ങളൂം, സ്ഥാപനങ്ങളും, വിശുദ്ധസ്ഥലങ്ങളും, വിഭവങ്ങളും, കേട്ടിടങ്ങളും. ഇവ തമ്മിലുള്ള ഒരു കലഹം എപ്പോഴും കേരത്തിലെ ഇസ്ലാമിനെ നിശ്ചയിച്ചിട്ടുണ്ട്.

End Notes:

1 M.H. Ilias and Shamshad Hussain. (2017) Arabi-Malayalam: Linguistic and Cultural Traditions of Mappila Muslims of Kerala. New Delhi: IGNCA and Gyan Books. 
2 Andre Wink. (1995) Al-Hind: The Making of the Indo-Islamic World, Vol. 1. New Delhi: Oxford University Press.
3 Ronit Ricci. (2011). Islam Translated Literature, Conversion, and the Arabic Cosmopolis of South and Southeast Asia. Chicago: University of Chicago Press.
4 M.H. Ilias. (2020) Contesting Genealogies of Divinity: Arab versus Persian Sufism in Malabar. Mahatma Gandhi University.   
5 Hussain Randathani. (2007) Mappila Muslims: A Study on Society and Anti-Colonial Struggles, Calicut, Other Books.
6 Nile Green. (2012) Making Space: Sufis and Settlers in Early Modern India, New Delhi: Oxford University Press, p. 2.
7 Ibid.   
8 Stephen Dale. (1980) The Mappilas of Malabar, 1498-1922: Islamic Society on the South Asian Frontier, London, Clarendon Press, p.115.
9 Green. (2012) Making Space.p.2
10 Ibid. 
11 തിരുവന്തപുരത്തെ ബീമാ ബീവിയുടെ ജാറവും പൊന്നാനിക്കടുത്തുള്ള മുനക്കല്‍ ബീവിയുടെ ജാറവും ഇതിനുദാഹഹാരങ്ങളാണ്. 
12 Green. (2012) Making Space.p.2.
13 Ilias and Hussain. (2017) Arabi-Malayalam.  
14 ഈ വര്‍ഗീകരണത്തെ കൂടുതല്‍ അറിയാന്‍ വായിക്കുകI Green (2012) Making Space.p.2.
15 Ilias. (2020) Contesting Genealogies of Divinity
16 Randathani. (2007) Mappila Muslims
17 Ilias. (2020) Contesting Genealogies of Divinity
18 Randathani. (2007) Mappila Muslims. 
19 Dominique Sila Khan. (2009) Sacred Kerala: A Spiritual Pilgrimage, New Delhi: Penguin Books,p.42.
20 Alikutty Musliyar, Fatwa (MS, 1891) and Colayil Ahammed et al., Fatwa al-Radd Kondo??y  (MS, 1861).
21 Randathani. (2007) Mappila Muslims.
22 Puthiiyakat Bawa Musliyar, Answer to the Questions of Kunh?du (MS).
23 Ilias and Hussain. (2017) Arabi-Malayalam.
M. H. Ilias
Professor 
School of Gandhian Thought and Development Studies
Mahatma Gandhi University
Kottayam
India
Pin: 686560
Ph: +91 9717039874
ORCID: 0000-0003-2921-3133