West Asian Trading Communities and Kerala Inscriptions: A Study

Dr. Sreejith E

This paper tries to understand the presence of West Asian communities in Kerala during the early medieval and medieval period, with the help of some inscriptional evidences. Unlike the other part of India, In Kerala, these communities had intermingled with local societies and enjoyed certain rights or privileges. There is a strong argument that the author Aryabhatiya, the world renowned mathematics text, was born in Kerala. The first of the Aryabhatiyam Translations was appeared in Arabic language during the 9th CE. It can be assumed that this translation was consummated with the help of Kerala mathematicians. This aspect is examined against the Tharisappally Copperplate of 849 CE and Laghubhaskariya vakhya of 869 CE. The other inscription conspicuously mentions the Arabic presence is Muchunti Mosque inscription, Calicut. Though the date of the inscription is not mentioned in the inscription, it is generally believed that it was belonging to the 12th century CE. Based on the linguistic analysis and other internal evidences, in this study, it is also suggested that, the Muchuniti Mosque inscription was written in a period later than the 12th century. 

Key Words:  Perumal Period-Tharisappalli Copperplates, Muchunti Mosque inscription, Laghubhaskariyavaghya-Aryabhatiyam-Veeraraghavaplates-Anchuvannam, Manigramam-Valachiyar- Vattezhuthu-Kufic- West Asia

References:

Ayyar, Krishna, K.V. The Zamorins Calicut. Malappuram. University of Calicut
 Gopinatharao, T.A. (1910).  Travancore Archaeological Series - Vol. II. Government of Travancore 
Kunjan Pillai, Elamkulam. (2012).  Selected Works.  (Ed. Sam. N). Trivandrum. Kerala University
Menon, Ramachandra, P. (2012). Aryabhateeyam. (Trans.). Trivandrum. Language Institute
Narayanan, M.G.S. (1972). Cultural Symbiosis in Kerala. Trivandrum
Narayanan, M.G.S. (2013). Perumals of Kerala. Trissur. Current Books
Narayanan, M.G.S. (2016). Kerala Charithrathile Pathu Kallakkathakal. (Mal.). Kottayam. DC Books
Nair, Padmanabhan. (1982). Periplus: Erithriyankataltheerathiloote oru Yathra. (Mal.). Trivandrum. Language Institute
Ramachandran, Puthussery. (2007). Kerala Charithrathinte Atisthanarekhakal. Trivandrum. Language Institute
Variar, Raghava and Veluthatt, Kesavan. (2013). Tharisappalli Cheppetukal. Kottayam. NBS
Dr. Sreejith. E
Associate Professor of History
SARBTM Govt. College
Muchukunnu, Koyilandy
India
Pin : 673307
Email: rituragsrijit@gmail.com
Ph: +91 9446691489
ORCID : 0009-0003-4513-300X

പശ്ചിമേഷ്യന്‍ വാണിക്സംഘങ്ങളും കേരളീയ ലിഖിതങ്ങളും

ഡോ. ശ്രീജിത്ത്. ഇ

കേരള ചരിത്രം പുനര്‍നിര്‍മ്മിക്കുന്നതില്‍ പ്രത്യേകിച്ച് മധ്യകാലത്തിന്‍റെ ആദ്യപകുതി, നിര്‍ണായകമായ പങ്കുവഹിച്ചിട്ടുള്ളവയാണ് വട്ടെഴുത്ത്, ഗ്രന്ഥം മുതലായ ലിപികളില്‍ തയ്യാറാക്കിയ ലിഖിതങ്ങള്‍. തരിസാപ്പള്ളി ശാസനം, മുച്ചുന്തിപ്പള്ളി ശാസനം എന്നിവ കേരളത്തില്‍ എത്തിച്ചേര്‍ന്ന വിവിധ കച്ചവട വിഭാഗക്കാരെ കുറിച്ചും അവര്‍ ഇവിടെ അനുഭവിച്ചുവന്ന സൗജന്യങ്ങളെക്കുറിച്ചും ഭരണാധികാരികളില്‍ നിന്നും ലഭിച്ചുകൊണ്ടിരുന്ന പരിരക്ഷയെ കുറിച്ചും വ്യക്തമാക്കുന്നുണ്ട്. കേരളത്തിലെ അറബി സാന്നിധ്യവുമായി ബന്ധപ്പെട്ട രണ്ടുലിഖിതങ്ങളാണ് ഈ പഠനത്തില്‍ ചര്‍ച്ചചെയ്യുന്നത്. ലിഖിതങ്ങളുടെ വെളിച്ചത്തില്‍ സാംസ്കാരിക സമന്വയം എന്ന ആശയം നേരത്തെ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. മുന്‍ പഠനങ്ങളില്‍ പരിഗണിക്കപ്പെടാതെപോയ, പ്രസ്തുത രേഖകളില്‍ നിന്ന് അനുമാനിക്കാവുന്ന മറ്റു ചരിത്ര വസ്തുതകളാണ് ഈ പഠനത്തില്‍ നല്‍കിയിട്ടുള്ളത്. 

താക്കോല്‍പദങ്ങള്‍: പെരുമാള്‍ വാഴ്ച, തരിസാപള്ളി പട്ടയം, മുച്ചുന്തിപ്പള്ളി ശാസനം വിവരണം, ആര്യഭടീയം, വീരരാഘവപട്ടയം, അഞ്ചുവണ്ണം, മണിഗ്രാമം, വളഞ്ചിയാര്‍, വട്ടെഴുത്ത്, കൂഫിക്, പശ്ചിമേഷ്യ.

പഴയ തമിഴകത്തുനിന്നും1 വേര്‍പെട്ടുകൊണ്ട് കേരളത്തിന്‍റെതായ സവിശേഷതകള്‍ ഉരുവം കൊള്ളുന്നത് ഏതാണ്ട് എട്ടാംനൂറ്റാണ്ട് സി.ഇ മുതലാണ്. സംഘകാലാനന്തരസമൂഹങ്ങളുടെ സ്വാഭാവികപരിണിതി  എന്ന നിലയിലല്ല അത് വികസിക്കുന്നത്. അക്കാലമാകുമ്പോഴേക്കും ഗംഗാതടത്തില്‍ നിന്നുംമറ്റും പുതിയ അവസരങ്ങളും വാസയോഗ്യസ്ഥലങ്ങളും അന്വേഷിച്ചുകൊണ്ട്, കൊങ്കണ്‍തീരം വഴി, നിരവധി ബ്രാഹ്മണസംഘങ്ങള്‍ കേരളക്കരയിലെത്തിയിരുന്നു. ബ്രാഹ്മണഗ്രാമങ്ങളും അവയുടെ ഉപഗ്രാമങ്ങളുമെല്ലാം പതിയെ വികസിച്ചുവന്നു. കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി പെരുമാക്കന്മാരുടെ ഭരണമാംരംഭിച്ചു. അനവധി ക്ഷേത്രങ്ങളും മറ്റനേകം സാമൂഹ്യസ്ഥാപനങ്ങളും വികസിച്ചുവന്നു. ആര്യ-ദ്രാവിഡസംസ്കാരങ്ങളുടെ സങ്കലനം വഴി പുതിയൊരു  ജീവിതരീതി ഉടലെടുത്തു.2

എന്നാല്‍ മേല്‍പ്പറഞ്ഞ രണ്ടുജീവിതരീതികളുടെ കൂടിച്ചേരല്‍വഴി മാത്രമല്ല  കേരളീയത രൂപമെടുക്കുന്നത്. സുഗന്ധദ്രവ്യങ്ങളുടെയും മറ്റ് പ്രകൃതി വിഭവങ്ങളുടെയും കലവറ എന്ന നിലയില്‍ ഈ ഭൂപ്രദേശം ക്രിസ്തുവര്‍ഷാരംഭത്തിനു മുന്നേതന്നെ പശ്ചിമേഷ്യക്കും പാശ്ചാത്യലോകത്തിനുമൊക്കെ പരിചിതമായിരുന്നു. അസ്സറീയക്കാരും ബാബിലോണിയക്കാരും ഇസ്രായേലില്‍ നിന്നുള്ളവരും ഗ്രീക്കുകാരും ഗ്രീക്കുകാരും റോമക്കാരുമൊക്കെ3 കേരളീയ വിഭവങ്ങളുടെ ഉപഭോക്താക്കളായിരുന്നു എന്ന് സൂചിപ്പിക്കുന്ന പുരാതനതെളിവുകളും  സാഹിത്യലക്ഷ്യങ്ങളുമുണ്ട്.

കേരളവുമായുള്ള കടല്‍കടന്നുള്ള വ്യാപാരം ഒരിക്കല്‍ക്കൂടി ഊര്‍ജ്ജസ്വലമാകുന്നത് ഒമ്പതാം നൂറ്റാണ്ടോടുകൂടിയാണ്(സി.ഇ). ക്രിസ്ത്യാനികളും ജൂതന്മാരും അറബിമുസ്ലീങ്ങളും വ്യാപാരാവ്യശ്യാര്‍ത്ഥം കേരളത്തിലേക്ക് നിരന്തരമായി സഞ്ചരിക്കാന്‍തുടങ്ങി. കാലവര്‍ഷക്കാറ്റ് കിഴക്കോട്ട് വീശുന്നകാലത്ത് പശ്ചിമേഷ്യയില്‍നിന്ന് ചെറിയ കപ്പലുകളില്‍ യാത്രചെയ്താണ്  ഈ വിഭാഗങ്ങള്‍ കേരളത്തിലെത്തിയിരുന്നത്. വ്യത്യസ്തദേശങ്ങളില്‍ നിന്നുള്ളവരും വ്യത്യസ്ത മതാനുഷ്ഠാനങ്ങളും സാസ്കാരിക പശ്ചാത്തലങ്ങളും ഉണ്ടായിരുന്ന വിദേശ വണിക് സംഘങ്ങള്‍ക്ക് ഏറെക്കുറെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം പ്രദാനം ചെയ്യാന്‍ ഈ നാട്ടിലെ പ്രാദേശിക ഭരണാധികാരികള്‍ ഔത്സുക്യം കാണിച്ചു. പലതരത്തില്‍ നിലവിലുണ്ടായിരുന്ന നികുതിവരുമാനം തന്നെയായിരുന്നു പ്രധാന കാരണം. അന്യായമായ നികുതികള്‍ ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, മറ്റ് കച്ചവടക്കാരും തദ്ദേശീയരും ഭരണാധികാരികള്‍ക്ക് നല്‍കേണ്ടുന്ന നികുതികളിലെ ചെറിയഭാഗങ്ങള്‍ പോലും വിദേശകച്ചവടസംഘങ്ങള്‍ക്ക് വിട്ടുകൊടുക്കാനും കേരളത്തിലെ അധികാരികള്‍ ശ്രമിക്കുന്നുണ്ട്.4 അത് വിദേശവ്യാപാരത്തെ കൂടുതല്‍ ശക്തിപ്പെടുത്തും എന്നും അവര്‍ക്ക് അറിവുണ്ടായിരുന്നു.

കേരളത്തില്‍ അറബികളുടെ സാന്നിധ്യം വ്യക്തമാക്കുന്ന മൂര്‍ത്തമായ തെളിവുകളിലൊന്ന് തരിസാപ്പള്ളി ചെപ്പേടാണ് (849 സി. ഇ.). ചേരരാജാക്കന്മാരില്‍ രണ്ടാമനെന്ന് കരുതപ്പെടുന്ന സ്ഥാണുരവിയുടെ അഞ്ചാം ഭരണവര്‍ഷത്തില്‍ അദ്ദേഹത്തിന്‍റെ സാമന്തനായിരുന്ന വേണാട് അധികാരി അയ്യനടികള്‍ പശ്ചിമേഷ്യന്‍ വണിക് സംഘം തലവനായിരുന്ന മരുവാന്‍ സാപ്പീരിശോക്ക് കുരക്കേണിക്കൊല്ലത്ത് (തെക്കന്‍ കൊല്ലം) ഒരു പള്ളി പണിയാന്‍ അനുവാദം കൊടുക്കുന്നതിന്‍റെയും അതിന്‍റെ നിത്യച്ചെലവിലേക്കായി ഭൂമി ദാനം ചെയ്യുന്നതിന്‍റെയും രേഖയാണത്. ചെപ്പേടില്‍ സാപ്പിരീശോ ക്രിസ്തുമതക്കാരാനാണെന്ന് വ്യക്തമാക്കുന്ന പരാമര്‍ശങ്ങളൊന്നുമില്ലെങ്കിലും സാമ്പ്രദായികമായി ആ രേഖ ക്രിസ്തുമതവുമായി ബന്ധപ്പെടുത്തിയാണ് പരിഗണിച്ചുപോരുന്നത്. 

സാപിരീശോ കൊല്ലത്ത് ഒരു നഗരം സ്ഥാപിക്കുന്നതോടൊപ്പം അഞ്ചുവണ്ണം, മണിഗ്രാമം തുടങ്ങിയ വര്‍ത്തകസംഘങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നുമുണ്ട്. അഞ്ചുവണ്ണം എന്ന ശബ്ദം പേര്‍ഷ്യന്‍ ഹഞ്ജമാന എന്നതില്‍ നിന്നും ഉരുത്തിരിഞ്ഞതാണെന്ന്  ചിലര്‍ കരുതുന്നു. ഇത് ഈ സംഘത്തിന്‍റെ പശ്ചിമേഷ്യന്‍ ബന്ധം സൂചിപ്പിക്കുന്നു. മണിഗ്രാമം സിറിയന്‍ ക്രിസ്ത്യാനികളുടെ സംഘമാണെന്നാണ് പ്രൊഫ. എം.ജി.എസ് അഭിപ്രായപ്പെടുന്നത്.5

വിദേശവണിക് സംഘത്തിന് ചേരരാജാവിന്‍റെ പ്രതിനിധി വിജയരാഗവദേവര്‍, വേണാട്ടധികാരി അയ്യനടികള്‍, രാമതിരുവടി എന്നിവര്‍ ചേര്‍ന്ന് നല്‍കുന്ന അവകാശങ്ങള്‍ ഇപ്രകാരമാണ്: അറുപതില്‍ ഒന്ന് ചുങ്കം, കള്ളിന്മേല്‍ വരവുചുങ്കവും അഴിവുചുങ്കവും ഒഴിവാക്കിക്കൊടുക്കല്‍, ഇവര്‍ വാങ്ങുന്ന അടിമയ്ക്ക് നികുതി നല്‍കേണ്ടതില്ല, നഗരത്തിലേക്ക് വണ്ടി വരുമ്പോഴും പോകുമ്പോഴും എട്ട് കാശ്, തോണികള്‍ ചെറുതിലും വലുതിലും വരവിലും പോക്കിലും നാല് കാശ്, ചരക്കിന് വിലയിടുമ്പോഴും മറ്റുമുള്ള കാര്യങ്ങളിലും ഇവരുടെ പ്രാധിനിത്യം ഉണ്ടായിരിക്കണം എന്നിങ്ങനെ. അന്നന്ന് പിരിക്കുന്ന ചുങ്കം അഞ്ചുവണ്ണവും മണിഗ്രാമവും ചേര്‍ന്ന് സൂക്ഷിച്ചുവെക്കണം. ഭൂമി വില്‍ക്കുകയോ, കാരാണ്മയ്ക്ക് കൊടുക്കുകയോ ചെയ്യുമ്പോള്‍ രാജാവിനുള്ള പത്തിലൊന്ന് അഞ്ചുവണ്ണത്തിനും മണിഗ്രാമത്തിനും ലഭിക്കുമെന്നും വ്യവസ്ഥ ചെയ്യുന്നു. ഇതിനും പുറമേ മരുവന്‍ സാപിരീശോക്കും സംഘത്തിനും അന്ന് കേരളത്തിലെ പ്രഭുക്കന്മാര്‍ അനുഭവിച്ചിരുന്ന 72 അവകാശങ്ങളും6 അനുവദിച്ചുകൊടുക്കുന്നു. ഇത്തരത്തില്‍ കൈമാറ്റം ചെയ്യപ്പെട്ട അവകാശങ്ങളെല്ലാം തന്നെ ചന്ദ്രനും ആദിത്യനും നിലനില്‍ക്കുന്നിടത്തോളം പ്രാബല്യത്തിലുണ്ടാകുമെന്നുള്ള ഉറപ്പും നല്‍കുന്നുണ്ട്.

ചെപ്പേടിലൂടെ നടത്തിയിട്ടുള്ള ദാനത്തിന്‍റെ ഗൗരവസ്വഭാവം മനസ്സിലാക്കാന്‍ അതില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന സാക്ഷികളുടെ പേരുവിവരങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. പേരുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത് പഹ്ലവി (18 എണ്ണം), കൂഫിക് (10 എണ്ണം), ഹീബ്രു (8 എണ്ണം) എന്നീ ലിപികളിലാണ്. കേരളത്തിലെ ഒരു നാട്ടുടയവര്‍ നടത്തിയ ദാനപത്രത്തില്‍  അറബികളും ജൂതന്മാരും മറ്റു പശ്ചിമേഷ്യക്കാരുമൊക്കെ പ്രത്യക്ഷപ്പെടുന്നത് ചെറിയകാര്യമല്ല. ഇവിടുത്തെ സാമൂഹിക- രാഷ്ട്രീയ-സാമ്പത്തിക ഘടനയില്‍ നിര്‍ണ്ണായകമാംവിധമുള്ള സ്വാധീനം ആ വിഭാഗക്കാര്‍ അക്കാലമാകുമ്പോഴേക്കും കൈവരിച്ചിരുന്നു എന്നതിന്‍റെ വ്യക്തമായ സൂചനയാണത്.7

കൈമാറ്റം ചെയ്യപ്പെട്ട ഭൂമിയിലെ വിവിധ തൊഴില്‍ സംഘങ്ങളെയും ജാതിക്കൂട്ടങ്ങളെയും കൂടി പള്ളിക്ക് കൈമാറുന്നുണ്ട്. ഇത്തരത്തിലുള്ള പ്രാദേശിക ജനവിഭാഗങ്ങളുമായി വിദേശകച്ചവടക്കാരും അഞ്ചുവണ്ണക്കാരും മണിഗ്രാമക്കാരുമൊക്കെ നിരന്തരമായി ബന്ധപ്പെട്ടിരിക്കണം. അങ്ങനെ പ്രാദേശികഭാഷയായ പ്രചീനമലയാളത്തിലും അവരുടെ ലിപികളായിരുന്ന വട്ടെഴുത്ത്,8 ഗ്രന്ഥം9 മുതലായവയിലും കടല്‍കടന്നുവന്ന സംഘങ്ങള്‍ക്ക് പിടിപാടുണ്ടായിട്ടുണ്ടാവണം. ആ ഭാഷയിലും ലിപികളിലും തയ്യാറാക്കിയ പട്ടയത്തിന്‍റെ സാക്ഷികള്‍ക്ക് അതിന്‍റെ ഉള്ളടക്കത്തെക്കുറിച്ച് അറിയാതിരിക്കാന്‍ വഴിയില്ലല്ലോ. നേരത്തെ സൂചിപ്പിച്ച ഒപ്പുകള്‍ ഒരു വലിയ ജനസംഘത്തിന്‍റെ പ്രതിനിധികളുടേതാവാനാണ് സാധ്യത. അതായത് കേരളത്തില്‍ അന്നുണ്ടായിരുന്ന അറബികളുടെയും ജൂതന്മാരുടെയുമൊക്കെ സംഖ്യ സാക്ഷികളേക്കാള്‍ പലമടങ്ങായിരിക്കും എന്നുതന്നെ. കൂഫിക് ലിപിയിലുള്ള അറബി ഭാഗങ്ങള്‍ മാത്രം ഇവിടെ നല്‍കുന്നു.

ഇബ്രാഹിം മകന്‍ മയ്മൂനും സാക്ഷി
മനീഹ് മകന്‍ മുഹമ്മദും സാക്ഷി
അല്‍ മര്‍ധുബാന്‍ മകന്‍ ഉസ്മാനും സാക്ഷി
യഹ്യാ മകന്‍ മുഹമ്മദും സാക്ഷി
ഇബ്രാഹിം മകന്‍ അമ്റും സാക്ഷി
അല്‍ തയ്യാ മകന്‍ ഇബ്രാഹിം സാക്ഷി
മന്‍ഷൂര്‍ മകന്‍ ബക്റും സാക്ഷി
ഹമീദ് മകന്‍ അല്‍ കാസിമും സാക്ഷി

തരിസാപ്പള്ളി ചെപ്പേടിന്‍റെ  കാലത്തെ പശ്ചിമേഷ്യന്‍ ബന്ധം വെളിപ്പെടുത്തുന്ന പുരാതത്വത്തെളിവുകളും ലഭ്യമാണ്. അന്നത്തെ കൊച്ചി രാജ്യത്തെ പുരാവസ്തുവകുപ്പ് അദ്ധ്യക്ഷന്‍ അനുജുന്‍അച്ഛന്‍ കൊടുങ്ങല്ലൂരുള്ള ചേരമാന്‍ പറമ്പിലും തിരുവഞ്ചിക്കുളത്തും  നടത്തിയിട്ടുള്ള ഉത്ഖനനത്തില്‍ ധാരാളം പാത്രക്കഷ്ണങ്ങളും ഗ്ലാസിലും കല്ലിലും നിര്‍മ്മിച്ചിട്ടുള്ള മുത്തുകള്‍, ചെമ്പിലും ഇരുമ്പിലും തയ്യാറാക്കിയ ഉപകരണങ്ങള്‍ എന്നിവ ലഭിച്ചിട്ടുണ്ട്. ഇവയില്‍ മിക്കതും പശ്ചിമേഷ്യയില്‍നിന്നോ ചൈനയില്‍നിന്നോ ഉള്ളതായിരുന്നു.10

അഞ്ചാം നൂറ്റാണ്ടില്‍ (സി.ഇ) ജീവിച്ചിരുന്ന ആര്യഭടന്‍ രചിച്ച ആര്യഭടീയം എന്ന ജ്യോതിര്‍-ഗണിത ഗ്രന്ഥം അതിന്‍റെ മൗലികത കൊണ്ട് ലോകശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ളതാണ്.11 ഗ്രന്ഥകര്‍ത്താവ് അശ്മകക്കാരനാണെന്നും കുസുമപുരത്തുവെച്ചാണ് ഗ്രന്ഥരചന നടത്തിയിട്ടുള്ളത് എന്നൊക്കെ  സൂചനകള്‍ ആര്യഭടീയത്തിലുണ്ട്. അശ്മകത്തിന്‍റെ സ്ഥാനം തര്‍ക്കവിഷയമാണ്. എന്നാല്‍ അത് കൊടുങ്ങല്ലൂരാണെന്ന് വിശ്വസിക്കുന്നവരുണ്ട്. കുസുമപുരം പൂങ്കുന്നമാണെന്നും. ആര്യഭടന്‍ കേരളത്തില്‍ ജനിച്ച് സഞ്ചാരങ്ങള്‍ക്കിടയില്‍ കുസുമപുരത്ത് (പാറ്റ്നയ്ക്കടുത്ത്) ചെന്ന് നക്ഷത്രനിരീക്ഷണം നടത്തി ഗണിതഗ്രന്ഥം  രചിച്ചു എന്നാണ് ഇപ്പോഴത്തെ പ്രബലമായ  നിഗമനം. അതെന്തുതന്നെയായാലും ഇന്ത്യയില്‍ മറ്റെവിടെയുമുണ്ടായിരിന്നതിനേക്കാള്‍ ആര്യഭടസ്വാധീനം ശക്തമായി ഉണ്ടായിരുന്ന നാട് കേരളമാണ്. ആര്യഭടീയത്തിന്‍റെ വ്യാഖ്യാനങ്ങളില്‍ മുക്കാല്‍പ്പങ്കും കേരളത്തിലുണ്ടായവയാണ്.12

ആര്യഭടീയം നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ ആദ്യത്തേത് അറബിഭാഷയിലാണ്-ബിജ്-അല്‍-അര്‍ജഭര്‍ (820 സി.ഇ). ക്വാവാരിശ്മിയാണത് തയ്യാറാക്കിയിട്ടുള്ളത്. അദ്ദേഹത്തിന് ആര്യഭടീയത്തെക്കുറിച്ചുള്ള അറിവും അതിന്‍റെ പാഠവും ലഭിച്ചിട്ടുള്ളത് കേരളത്തില്‍ നിന്നായിരിക്കും എന്ന് കരുതാന്‍ പല ന്യായങ്ങളുമുണ്ട്.  കേരളത്തിലെ വിദേശസംഘങ്ങളെല്ലാം തന്നെ തരിസാപ്പള്ളി ചെപ്പേടിന്‍റെ കാലത്തിനും മുമ്പേ തന്നെ ഇവിടെ എത്തിയിട്ടുണ്ട് എന്നൊരു സൂചന ആ ദാനപത്രത്തില്‍ത്തന്നെയുണ്ട്. മുന്നേ കൊടുത്തിട്ടുള്ള അവകാശങ്ങള്‍ വീണ്ടും കൊടുക്കുന്നു എന്ന പ്രസ്താവന അത് സാധൂകരിക്കുന്നു.13

സ്ഥാണുരവിയുടെ സദസ്സിലെ ജ്യോതിശാസ്ത്ര വിദഗ്ദനായിരുന്ന ശങ്കരനാരായണന്‍ രചിച്ച വിവരണം എന്ന ജ്യോതിര്‍-ഗണിത  ഗ്രന്ഥത്തില്‍ താന്‍ ആര്യഭടന്‍റെ സിദ്ധാന്തങ്ങള്‍ പിന്തുടരുന്ന ആളാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അക്കാലത്ത് കൊടുങ്ങല്ലൂരില്‍ ഒരു നക്ഷത്രനിരീക്ഷണ കേന്ദ്രം ഉണ്ടായിരുന്നതായും വിവരണത്തില്‍ പറയുന്നുണ്ട്.14 ആര്യഭടീയം സംസ്കൃതത്തില്‍ എഴുതപ്പെട്ട ഗ്രന്ഥമാണ്. സ്ഥാണുരവിയെപ്പോലുള്ള ഭരണാധികാരികളും ശങ്കരനാരായണനെപ്പോലുള്ള പണ്ഡിതന്മാരും സംസ്കൃതഭാഷയില്‍ അവഗാഹമുള്ളവരായിരുന്നു. ഇവരുമായൊക്കെയുള്ള സഹവാസമായിരിക്കണം അറബികള്‍ക്ക് ആര്യഭടീയത്തിന്‍റെ മൗലികത വ്യക്തമാക്കിക്കൊടുത്തതും അത്യന്തതികമായി അതിന്‍റെ വിവര്‍ത്തനപാഠം ലഭ്യമാക്കിത്തന്നതും.

ആര്യഭടീയത്തിന് അറബിവിവര്‍ത്തനമുണ്ടായിത്തീര്‍ന്ന കാലത്ത് വടക്കേ ഇന്ത്യയിലും വൈദേശികര്‍ എത്തിച്ചേരുന്നുണ്ട്. പേര്‍ഷ്യ, അഫ്ഗാനിസ്ഥാന്‍, സമര്‍ഖണ്ഡ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വന്നവര്‍ സമാധാനപരമായ സഹവര്‍ത്തിത്വം ആഗ്രഹിക്കുന്ന കച്ചവടസംഘങ്ങളായിരുന്നില്ല. തികഞ്ഞ അക്രമകാരികളായി, സമ്പത്ത് കൊള്ളയടിക്കാനായി  എത്തിയവരായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ എത്തിച്ചേര്‍ന്ന സ്ഥലത്തെ പ്രാദേശിക സമൂഹങ്ങളുമായി ആദ്യകാലത്ത് സാംസ്കാരിക ആദാന-പ്രദാനങ്ങള്‍ക്ക് സാധ്യത ഉണ്ടായിരുന്നില്ല.15 അതിനുള്ള സാഹചര്യം എറ്റവും ഒത്തുവന്നിരുന്നത് ഭരണാധികാരികളുടെ പിന്തുണയോടെ തദ്ദേശീയജനതയുമായി കൂടിക്കലര്‍ന്ന് ജീവിച്ച, കേരളക്കരയിലെത്തിയ വൈദേശിയര്‍ക്കാണ്. ഇതും ആര്യഭടീയവിവര്‍ത്തനത്തിന്‍റെ കേരളബന്ധത്തെ ബലപ്പെടുത്തുന്നു. മഹാരാഷ്ട്രയിലെ കോലാപ്പൂരിലും മറ്റും ഗണിതപാരമ്പര്യം ശക്തമായിരുന്നു. അവിടെയും അറബികളടക്കമുള്ള  വിദേശസംഘങ്ങള്‍ എത്തിച്ചേരുന്നുണ്ട്. പക്ഷേ കേരളത്തില്‍ ലഭിച്ചപോലുള്ള ഭരണകൂട പരിരക്ഷയോ പ്രാദേശിക പിന്തുണയോ ലഭിച്ചതായി ലിഖിതപരമായ തരിസാപ്പള്ളി പട്ടയത്തെ പോലുള്ള തെളിവുകള്‍ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. 

അറബികളുമായി ബന്ധപ്പെട്ട് നമ്മുടെ മുന്നിലുള്ള മറ്റൊരു രേഖ കോഴിക്കോട് കുറ്റിച്ചിറയിലുള്ള മുച്ചുന്തിപ്പള്ളിയിലെ ശിലാരേഖയാണ്. കോഴിക്കോട് സാമൂതിരിക്ക് മുസ്ലീം സമുദായത്തോടുണ്ടായിരുന്ന സൗഹാര്‍ദത്തിന്‍റെയും ബഹുമാനത്തിന്‍റെയും പ്രതിഫലനമാണ് പ്രസ്തുത ലിഖിതം. വില്യം ലോഗന്‍റെ മലബാര്‍ മാന്വലില്‍ ഈ ലിഖിതത്തെക്കുറിച്ച് പരാമര്‍ശമുണ്ടെങ്കിലും അക്കാലത്ത് അത് വായിക്കപ്പെട്ടിരുന്നില്ല. പിന്നീട് ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്‍റെ ശ്രമഫലമായി തയ്യാറാക്കിയിട്ടുള്ള സൗത്ത് ഇന്ത്യന്‍ ഇന്‍സ്ക്രിപ്ഷന്‍സ് വാല്യങ്ങളിലും മേല്‍പറഞ്ഞ ലിഖിതം സ്ഥാനംപിടിച്ചില്ല. കന്നഡ ലിപിയിലുള്ളതും അപൂര്‍ണ്ണവും എന്ന ധാരണകൊണ്ടായിരുന്നു ആദ്യകാലത്ത് മുച്ചുന്തിപ്പള്ളി രേഖയ്ക്ക് മതിയായ ശ്രദ്ധകിട്ടാതെപോയത്. 1960കളുടെ അവസാനം പ്രൊഫ. എം.ജി.എസ് നാരായണനാണ്, സഹപ്രവര്‍ത്തകനായിരുന്ന ഡോ. എം.ആര്‍ രാഘവവാര്യരുടെ സഹായത്തോടെ ലിഖിതം പൂര്‍ണ്ണമായും വായിച്ചെടുത്തത്.16

ലിഖിതത്തിന്‍റെ ഇടതുവശത്ത് വട്ടെഴുത്തില്‍ ശാസനവും വലതുഭാഗത്ത് അറബി ലിപിയില്‍ രേഖപ്പെടുത്തിയിട്ടുള്ള സാക്ഷികളുടെ ഒപ്പുമാണ്. കാലസൂചന നല്‍കിയിട്ടില്ലെങ്കിലും ലിപിപരിണാമ സ്വഭാവം പരിഗണിച്ച് പതിമൂന്നാം നൂറ്റാണ്ട് (സി.ഇ) എന്ന് നിശ്ചയിക്കുകയാണ് എം.ജി.എസ്. നേരത്തേ സൂചിപ്പിച്ച തരിസാപ്പള്ളി ശാസനത്തിലും  കാലസൂചന ദുര്‍ബ്ബലമായിരുന്നു. പക്ഷേ വിവരണത്തിലെ (ശങ്കരനാരായണീയത്തിലെ) വിവരങ്ങളും സ്ഥാണുരവിയുടെ അഞ്ചാം ഭരണവര്‍ഷമെന്ന ലിഖിത പ്രസ്താവനയും കൂട്ടിയോജിപ്പിച്ച് 849 (സി.ഇ) എന്ന് അതിന്‍റെ കാലം ഇളംകുളം കൃത്യമായും ഗണിച്ചെടുത്തു.17 അത്തരം സമകാലീന ഉപാദാനങ്ങള്‍ മുച്ചുന്തിയുടെ കാര്യത്തില്‍ ലഭിച്ചിട്ടില്ല. കച്ചവടക്കാര്‍ക്ക് നല്‍കിയിട്ടുള്ള എല്ലാ അവകാശരേഖകളും  നേരത്തേ തയ്യാറാക്കിയിരുന്നത് ചെമ്പ് തകിടുകളിലായിരുന്നുവെങ്കില്‍ (തരിസാപ്പള്ളി, ജൂതപ്പട്ടയം, വീരരാഘവപട്ടയം) മുച്ചുന്തിപ്പള്ളിയില്‍ അത് ശിലയിലാണ്. മാത്രവുമല്ല ആദ്യകാല രേഖകള്‍ പ്രതലം ചൂഴ്ന്ന് അല്ലെങ്കില്‍ ആഴത്തില്‍ കോറി എഴുതിയവ ആയിരുന്നുവെങ്കില്‍ മുച്ചുന്തിപ്പള്ളിശാസനത്തില്‍ അക്ഷരങ്ങള്‍ പ്രതലത്തില്‍ നിന്നും ഉയര്‍ന്നുനില്‍ക്കുന്ന തരത്തിലുള്ളതാണ്. മറ്റൊരു പ്രത്യേകത ചേരകാല ലിഖിതങ്ങളധികവും സ്വസ്തിശ്രീ എന്ന മംഗള വചനത്തോടുകൂടി ആരംഭിക്കുന്നവയാണെങ്കില്‍ നേരെ വിഷയത്തിലേക്ക് കടക്കുന്ന രീതിയാണ്  മുച്ചുന്തിപ്പള്ളി രേഖയിലുള്ളത്. തരിസാപ്പള്ളിച്ചെപ്പേടില്‍ സ്ഥാണുരവിയും വീരരാഘവപട്ടയത്തിലെ വീരരാഘവ ചക്രവര്‍ത്തിയുമൊക്കെ അല്‍പം പ്രകീര്‍ത്തിക്കപ്പെടുന്നുണ്ട്.18 മെയ്ക്കീര്‍ത്തി അഥവാ പ്രശസ്തി എന്ന വിഭാഗത്തില്‍ വേണമെങ്കില്‍പെടുത്താവുന്നതാണവ. സാമൂതിരിയെ څപൂന്തറക്കോന്‍چ എന്നാണ് മുച്ചുന്തിപ്പള്ളിയില്‍ വിശേഷിപ്പിക്കുന്നത്. തരിസാപ്പള്ളിയിലേതുപോലെ സാമന്തനല്ല, രാജാവ് നേരിട്ടാണ് ദാനം നടത്തുന്നത്. പൂന്തറക്കോന്‍റെ നീട്ട് (ശാസനം) വായിച്ചുകേട്ട്  നടപടി നടത്താന്‍ ഉദ്യോഗസ്ഥനുള്ള കല്പനയാണ് പ്രമേയം. മുചിയന്‍റെ പള്ളിക്ക് ദിവസംതോറും നാഴി നെല്ല് നല്‍കാന്‍ രാജാവ് ഉത്തരവിടുന്നു. അതിനുംപുറമേ പള്ളിയുടെ ചെലവിലേക്കായി കുന്ദമംഗലത്തും പുളിക്കീഴും (പുളിക്കല്‍?) പള്ളിക്ക് വിട്ടുകൊടുക്കുന്നു പള്ളിക്കടുത്തുള്ളിടത്ത് വേണം എന്ന ഭാഗം വായനയില്‍ വ്യക്തമായിട്ടില്ല. (ചില സ്ഥലങ്ങളില്‍ അക്ഷരങ്ങള്‍ തേഞ്ഞമട്ടാണ്) മേലുംപള്ളിക്ക് ആ വിധം പന്‍റിരണ്ടു എന്ന് അവസാനിക്കുകയാണ് 27 വരികളുള്ള ഈ ചെറുലിഖിതം.19

ഈ ലിഖിതത്തിന്‍റെ സവിശേഷതയെക്കുറിച്ച് അതിന്‍റെ പാഠം വായിച്ചെടുത്ത് വ്യാഖ്യാനിച്ച പ്രോഫ. എം.ജി.എസ്. ഇപ്രകാരം പറയുന്നു:

സാമൂതിരിയുടെ അപൂര്‍വ്വം ലിഖിതങ്ങളില്‍ ഒന്നാണ് ഈ ശാസനം. ഒരു ഹിന്ദു ഭരണാധികാരി തന്‍റെ തലസ്ഥാനത്ത് മുസ്ലിം ആരാധനാലയത്തിന് വേണ്ടി ആജീവനാന്തമായി സ്വത്തുവകകള്‍ നല്‍കി എന്നത് നമ്മുടെ സാമൂഹിക സാംസ്കാരിക പാരമ്പര്യം എത്ര ശക്തമായിരുന്നു എന്നതിന്‍റെ ഉത്തമ നിദര്‍ശനമാണ്. തരിസാപ്പള്ളി ചെപ്പേടിന്‍റെയും ജൂതചെപ്പേടിന്‍റെയും വീരരാഘവ പട്ടയത്തിന്‍റെയും കൂടെത്തന്നെയാണ് സാമൂതിരിയുടെ മുച്ചുന്തിപ്പള്ളി ശാസനത്തിനും ചരിത്രത്തിലുള്ള സ്ഥാനം.20

ഈ പള്ളി ഒരു പക്ഷേ മുചിയന്‍ എന്ന ഇവിടെ സ്ഥിരതാമസം ആക്കിയ അറബി വ്യാപാരി സ്ഥാപിച്ചതാകണം. മുചിയന്‍റെ പള്ളി എന്നത് മുച്ചിന്‍റെ പള്ളിയെന്നും പിന്നീട് മുച്ചുന്തിപള്ളിയെന്നും രൂപാന്തരപ്പെട്ടതായിരിക്കാം എന്ന് എം.ജി.എസ് കരുതുന്നു. പള്ളിക്കകത്ത് നിര്‍മ്മാണ അവസരത്തില്‍ത്തന്നെ ചുമരില്‍ ഉറപ്പിച്ചിട്ടുള്ളതുകൊണ്ട് തരിസാപ്പള്ളി ചെപ്പേടിനെപ്പോലെ21 ഉടമസ്ഥാവകാശക്കൈമാറ്റമോ നഷ്ടപ്പെടലോ ഒന്നുംതന്നെ പ്രസ്തുത ശാസനത്തിന് സംഭവിച്ചിട്ടില്ല എന്നും പ്രത്യേകം പറയേണ്ടതുണ്ട്. ചെപ്പേടുകള്‍ പല കാരണങ്ങളാല്‍ നഷ്ടപ്പെട്ടുപോകുന്നു എന്ന് മനസ്സിലാക്കിയായിരിക്കണം ശിലയില്‍ രേഖ തയ്യാറാക്കാന്‍ സാമൂതിരി ഉദ്യമിക്കുന്നതെന്നു കരുതാം.

സാമൂതിരിമാര്‍ക്ക് അറബ് കച്ചവടക്കാരുമായി ഉണ്ടായിരുന്ന സൗഹാര്‍ദ്ദത്തെക്കുറിച്ച് ഇവിടെ വിവരിക്കേണ്ടതില്ല. പോര്‍ച്ചുഗീസുകാരെ സാമൂതിരി പരിഗണിക്കാതിരുന്നതിന്‍റെ കാരണവും മറ്റൊന്നല്ല. മധ്യകാലത്ത് കോഴിക്കോടിനെ ലോകം അറിയുന്ന വ്യാപാരകേന്ദ്രം ആക്കിത്തീര്‍ക്കുന്നതില്‍ ഈ അറബി ബന്ധങ്ങള്‍ സാമൂതിരിക്ക് തുണയായി. പൂന്തുറക്കോന്‍ എന്ന വിശേഷണം പോലും അറബി ഭാഷയിലുള്ള ബന്ദര്‍ (ആമിമേൃ) അഥവാ തുറമുഖം എന്ന വാക്കില്‍ നിന്നും ഉണ്ടായി വന്നതാണെന്ന് കരുതുന്നവരുണ്ട്. 22 സാമൂതിരിയുടെ അധീനതയിലുള്ള കോഴിക്കോട് തുറമുഖത്തിന്‍റെ കാര്യങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഷാബന്ദര്‍ കോയ മുസ്ലിം സമുദായത്തില്‍ നിന്നുള്ള ആളായിരുന്നു. കുഞ്ഞാലിമരക്കാരുടെ ചരിത്രവും നമുക്ക് അറിയാവുന്നതാണ്.

പള്ളിക്ക് ചെലവിലേക്കായി കൊടുത്ത ഭൂമിയായ കുന്ദമംഗലവും പുളിക്കലും കുറ്റിച്ചിറയില്‍ നിന്നും കുറച്ചധികം മാറിയാണ് സ്ഥിതി ചെയ്യുന്നത്. അക്കാലമാകുമ്പോഴേക്കും കോഴിക്കോട് വലിയ ഒരു പട്ടണമായിത്തീര്‍ന്നിരുന്നു. ജനവാസകേന്ദ്രങ്ങളും കച്ചവട സ്ഥാപനങ്ങളും അടിക്കടി വര്‍ദ്ധിച്ചുവന്നു. ജനങ്ങള്‍ കൂടുന്നേടത്ത് തുറമുഖത്തിന് സമീപത്തായി തന്നെയാണ് പള്ളി സ്ഥാപിക്കപ്പെട്ടത്.  പള്ളിയുടെ നിത്യനിദാനങ്ങള്‍ക്കായി വളരെ വലിയ കാര്‍ഷികാദായമുള്ള ഭൂമി വേണം. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരപരിധിയില്‍ അത് സാധ്യമല്ല. അതുകൂടി പരിഗണിച്ചായിരിക്കണം നഗരത്തിനു പുറത്തുള്ള സ്ഥലങ്ങള്‍ പള്ളിക്കായി വിട്ടുകൊടുത്തത് എന്നും അനുമാനിക്കാം.

ലിപി സവിശേഷത പരിഗണിച്ചാണ് ശാസനത്തിന്‍റെ കാലം 13-ാം നൂറ്റാണ്ട് എന്ന് പ്രൊഫ. എം. ജി. എസ് നിശ്ചയിക്കുന്നത്. അതിലെ ഭാഷാപരമായ സവിശേഷതകള്‍ വേണ്ടത്ര പരിഗണിക്കപ്പെട്ടിട്ടില്ല എന്ന് സാരം. 13-ാം നൂറ്റാണ്ടിന്‍റെ തുടക്കകാലത്തെ പ്രതിനിധീകരിക്കുന്ന വീരരാഘവപട്ടയത്തില്‍23 (ഇരവിക്കോര്‍ത്തന്‍ എന്ന കച്ചവടക്കാരന് മണിഗ്രാമപ്പട്ടം കൊടുക്കുന്നതാണ് പ്രമേയം) കാണുന്ന സാമൂഹ്യസ്ഥാപനങ്ങളൊന്നും തന്നെ മുച്ചുന്തിരേഖയിലില്ല; മണിഗ്രാമം, വളഞ്ചിയര്‍, 72 അവകാശങ്ങള്‍, എന്നിങ്ങനെ ഒന്നും. അത്തരത്തിലുള്ള സമ്പ്രദായങ്ങള്‍ ഒക്കെ അവസാനിച്ചതിനു ശേഷമായിരിക്കണം മുച്ചുന്തിപ്പള്ളി രേഖ തയ്യാറാക്കിയിട്ടുണ്ടാവുക. ഇത്തരം കച്ചവട സംഘങ്ങള്‍ കേരളത്തിന്‍റെ മധ്യഭാഗത്തും തെക്കുഭാഗത്തും മാത്രമായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നും പറയുക വയ്യ. കാരണം കോഴിക്കോടിന് സമീപമുള്ള പന്തലായിനി കൊല്ലം ക്ഷേത്രരേഖ 1 ല്‍ (ഭാസ്കരരവിയുടെ കാലം) വളഞ്ചിയാര്‍ എന്ന വര്‍ത്തകസംഘം പ്രത്യക്ഷപ്പെടുന്നുണ്ട്.

വീരരാഘവപട്ടയത്തില്‍ ഏറനാടും വള്ളുവാനാടുമൊക്കെ പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും സാമൂതിരിയോ പൂന്തുറക്കോനോ പ്രത്യക്ഷപ്പെടുന്നില്ല. വീരരാഘവപട്ടയത്തിന്‍റെ കാലവും തര്‍ക്കവിഷയമാണ്.24 ഒരുപക്ഷേ കോഴിക്കോടിന്‍റെ ഉദയത്തിന് മുന്നേതന്നെ തയ്യാറാക്കിയതാണ് അത് എന്നും കരുതാവുന്നതാണ്. എന്തായാലും രണ്ട് സാധ്യതകള്‍ ഇവിടെ അനുമാനിക്കാം. 1) വീരരാഘവപട്ടയത്തിന് ശേഷമുള്ള കാലത്താണ് മുച്ചുന്തിപ്പള്ളിശാസനം തയ്യാറാക്കിയിട്ടുള്ളത്. 2) വീരരാഘവ പട്ടയകാലത്തുതന്നെയാണെങ്കില്‍ത്തന്നെ പഴയ ചേരകാല സാമൂഹ്യ-സാമ്പത്തിക സ്ഥാപനങ്ങളെ തീരെ പരിഗണിക്കാതെയാണ്, പൂര്‍ണ്ണസ്വതന്ത്ര സ്വഭാവത്തോടുകൂടിയാണ് , സാമൂതിരിമാര്‍ കോഴിക്കോട് കേന്ദ്രമാക്കി ഭരിച്ചത് എന്നും താന്‍ ഒരു ദാനം നടത്തുമ്പോള്‍ അഞ്ചുവണ്ണമോ, മണിഗ്രാമമോ വളഞ്ചിയരോ അറിയേണ്ടതില്ല എന്നും അദ്ദേഹം തീരുമാനിച്ചിട്ടുണ്ടാകാം.  

ചേരകാല ലിഖിതങ്ങളില്‍ നിന്നും (9-ാം നൂറ്റാണ്ടില്‍ നിന്നും) സാമൂതിരി രേഖയിലെത്തുമ്പോള്‍ മലയാള ഭാഷക്ക് സംഭവിച്ച ചില പരിണാമങ്ങള്‍ കൂടി ചൂണ്ടിക്കാട്ടി ഈ പഠനം അവസാനിപ്പിക്കാം. പ്രാചീനമലയാളത്തില്‍ തമിഴ് സ്വാധീനം മൂലമുണ്ടായിരുന്ന ഐ കാരം ഇല്ലാതാവുന്നതും അ കാരം പ്രബലമാവുന്നതും ഇവിടെക്കാണാം. (ഉദാഹരണമായി അമൈച്ചു എന്നത് അമച്ചു എന്നായിത്തീരുന്നു). അവന്‍, കല്പിച്ചു തുടങ്ങിയ പ്രയോഗങ്ങളും പുതുതെന്ന് കാണാം. പൂന്തുറക്കോന്‍ നീട്ടു എന്നതിലെ നീട്ടു എന്നതും പുതിയ വാക്കാണ്. തരിസാപ്പള്ളിയലത് വിടുപേറ് എന്നായിരുന്നു. നീട്ട് എന്ന പ്രയോഗം ആധുനിക കാലത്തും സാധുവാണ് എന്നതും സൂചിപ്പിക്കേണ്ടതില്ലല്ലോ. ചരിത്രാന്വേഷണങ്ങളില്‍ അന്തിമമായ തീര്‍പ്പുകള്‍ കല്പിക്കാനാവില്ല. മേല്‍പ്പറഞ്ഞവയൊക്കെയും ചര്‍ച്ചയ്ക്കുള്ള വിഷയങ്ങളാണ്. തുടരന്വേഷണങ്ങള്‍ ഇപ്പോഴുള്ള ശകലിത അറിവുകളെ കൂടുതല്‍ സമ്പുഷ്ടമാക്കും എന്നു തന്നെയാണ് സൂചിപ്പിക്കാനുള്ളത്. 

കുറിപ്പുകള്‍

1. വടവേങ്കടം തെന്‍കുമാരി/ആയിടെ/ത്തമിഴ്ക്കൂറു നല്ലുലകത്ത് എന്ന് തൊല്‍ക്കാപ്പിയത്തിന്‍റെ മുഖവുരയില്‍ തമിഴകത്തെ നിര്‍വചിക്കുന്നു. വടക്കു തിരുപ്പതിക്കും തെക്കു കന്യാകുമാരിക്കും ഇടയില്‍ തമിഴ് സംസാരിക്കുന്ന നല്ലദേശം  (ചിറപ്പുപ്പായിരം, പരമ്പാരനാര്‍ എഴുതിയത്) 
2. പെരുമാക്കന്മാരുടെ കാലത്തെക്കുറിച്ചുള്ള വിശദമായ വായനക്ക് കാണുക  Narayanan, MGS. (2013). Perumals of Kerala. Thrissur. Current Books
3. ഏകദേശം 2000 വര്‍ഷം മുമ്പത്തെ കേരളത്തിലെ തുറമുഖങ്ങളെ കുറിച്ചുള്ള വിവരണം പെരിപ്ലസ് കടല്‍ത്തീരത്തിലൂടെ ഒരു കപ്പല്‍ യാത്ര എന്ന ഗ്രന്ഥത്തില്‍ കാണാം. പെരിപ്ലസ് എന്ന വാക്കിന്‍റെ അര്‍ത്ഥം തുറമുഖങ്ങള്‍ തൊട്ടുള്ള യാത്ര എന്നാണ്. രചയിതാവിന്‍റെ പേര് അജ്ഞാതമാണ്. വില്‍ഫ്രഡ് എച്ച് ഷോഫിന്‍റെ ഇംഗ്ലീഷ് പരിഭാഷയെ അടിസ്ഥാനമാക്കി പി. കെ. പത്മനാഭന്‍ നായര്‍ ഒരു മലയാള തര്‍ജ്ജമ പ്രസിദ്ധീകരിച്ചിട്ടുണ്ട്, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് 1982.
4. തരിസാപ്പള്ളി ചെപ്പേട് ആദ്യമായി പ്രസിദ്ധീകരിച്ചത് ഹെര്‍മന്‍ ഗുണ്ടര്‍ട്ടാണ്.  Gundart Hermman. (1844). Madras Journal of Literature and Science Article NO. 30,  കൂടാതെ Gopinatha Rao, T.A .  (1910). Travencore  Archeological Series Vol II. Trivandrum. Govt. of Travancor പ്രസ്തുത ചെപ്പേടിനെക്കുറിച്ചുള്ള എറ്റവും പുതിയ ഗ്രന്ഥം ഡോ.എം.ആര്‍ രാഘവവാര്യരും പ്രൊഫ. കേശവന്‍ വെളുത്താട്ടും ചേര്‍ന്ന് രചിച്ചതാണ്. തരിസാപ്പള്ളിപ്പട്ടയം.  കോട്ടയം, 2013. Varrier, Raghava, M R. and Veluthatt, Kesavan. (2013). Tharisapalli pattayam. Kottayam. NBS
5 .Sircar, DC. Epigraphia Indica, Vol XXXII-p. 48,  Narayanan, MGS. (1972).  Cultural കൂടുതല്‍ ചര്‍ച്ചകള്‍ക്ക് Cultural Symbiosis in Kerala, Trivandrum,  അഞ്ചുവണ്ണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിയിട്ടുള്ള ലിഖിത പണ്ഡിതന്‍ വൈ. സുബ്ബരായലു അതൊരു തദ്ദേശീയ വ്യാപാരസംഘടനയാണെന്ന് അഭിപ്രായപ്പെടുന്നുണ്ട്.
6. പഞ്ചവാദ്യം, ശംഖ്, പകല്‍വിളക്ക്, പാവാട, ഐന്തോളം, കൊറ്റക്കട, വടുകപ്പറ, ഇടുപടി തോരണം, വിവാഹത്തിന് ആനപ്പുറത്തുകയറല്‍, മണ്ണുനീര്‍...... എന്നിങ്ങനെ 72 അവകാശങ്ങള്‍.
7. വിശദവായനയ്ക്ക് കാണുക ശ്രീജിത്ത്. ഇ. (2016). വീണ്ടും ശ്രദ്ധേയമാകുന്ന തരിസാപ്പള്ളി ചെപ്പേടുകള്‍, കേരളത്തിലെ വിദ്യാഭ്യാസം, ചരിത്രം, വര്‍ത്തമാനം. കോട്ടയം. എസ്.പി.സി.എസ്.
8. വട്ടെഴുത്ത് ദ്രാവിഡഭാഷാ സ്വരൂപത്തിനനുസരിച്ച് വികസിച്ചതായിരുന്നു. അതില്‍ അക്ഷരങ്ങള്‍ മുമ്പായിരുന്നതുകൊണ്ട് സംസ്കൃതഭാഷാ ശബ്ദങ്ങളെ രേഖപ്പെടുത്തുവാന്‍ കഴിയുമായിരുന്നില്ല. വട്ടെഴുത്ത് ലിഖിതങ്ങളില്‍ സംസ്കൃത വാക്കുകള്‍ എഴുതാന്‍ വേണ്ടി ഗ്രന്ഥം എന്ന ലിപി ഉപയോഗിച്ചു.
9. പല്ലവകാലത്ത് തമിഴ്നാട്ടില്‍ സംസ്കൃതവല്‍ക്കരണത്തിന്‍റെ ഭാഗമായി ഉരുത്തിരിഞ്ഞുവന്ന ലിപിയാണ് പല്ലവഗ്രന്ഥം. ഗ്രന്ഥാക്ഷരത്തിന്‍റെ പരിണമിച്ച രൂപമാണ് മലയാണ്മ ലിപി എന്ന് വിളിക്കപ്പെടുന്ന ആര്യ എഴുത്ത്.
10. Achan, Anujan. (1945-46). Annual Report of the Archeological Department of Cochin State, Eranakulam. Govt. of Cochin.
11. ആര്യഭടീയത്തിന് 4 ഭാഗങ്ങളുണ്ട്. ഗീതികാപാദം(13 ശ്ലോകങ്ങള്‍), ഗണിതപാദം (33 ശ്ലോകങ്ങള്‍), കാലക്രിയാപാദം (25), ഗോളപാദം (50)
12. ആര്യഭടീയത്തിന്‍റെ കേരളബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കാണുക Aryabhateeyam, and its Kerala Connections:Fresh Evidences, Seminar Paper Presented at the French Institute, Pondichery. 
13. തരിസാപ്പള്ളിച്ചെപ്പേട് ഏട് 1, വരി 10,11. പ്രസ്തുത ചെപ്പേട് ഇപ്പോള്‍ സൂക്ഷിച്ചിട്ടുള്ളത് കോട്ടയം ദേവലോകം അരമനയിലാണ്. തുടര്‍ന്ന് സൂചിപ്പിക്കുന്ന വീരരാഘവപ്പട്ടയവും അവിടെത്തന്നെയാണുള്ളത്. അത്യന്തം സുരക്ഷയിലുള്ള ഈ രണ്ടുരേഖകളും പരിശോധിക്കാന്‍ ഈ ഗവേഷകന് കഴിഞ്ഞിട്ടുണ്ട്.
14. വിശദമായ വായനയ്ക്ക്, കുഞ്ഞന്‍പിള്ള, ഇളംകുളം. (2005). തെരഞ്ഞെടുത്ത കൃതികള്‍, തിരുവനന്തപുരം. കേരള സര്‍വ്വകലാശാല.
15. നാരായണന്‍, എം.ജി.എസ്. (2016 പുറം 52-53.). കേരളചരിത്രത്തിലെ പത്ത് കള്ളക്കഥകള്‍, കോട്ടയം. ഡി.സി ബുക്സ്
16. മുച്ചുന്തിപ്പള്ളി ശാലനത്തെക്കുറിച്ചുള്ള എം.ജി.എസിന്‍റെ നിരീക്ഷണങ്ങള്‍ക്ക് കാണുക, Narayanan, MGS. (1972).  Cultural Symbiosis in Kerala, Trivandrum.
17. കുഞ്ഞന്‍പിള്ള, ഇളംകുളം. (2005). തെരഞ്ഞെടുത്ത കൃതികള്‍, തിരുവനന്തപുരം. കേരള സര്‍വ്വകലാശാല.
18. തരിസാപ്പള്ളിയില്‍ സ്ഥാണുരവി ഇപ്രകാരം പ്രകീര്‍ത്തിക്കപ്പെടുന്നു: കോത്താണു ഇരവിക്കുത്തന്‍ പല നൂറായിരത്താണ്ടുമ് മറുകുതലൈച്ചിറനുടിപ്പാളാനിന്‍റെയാണ്ടുള്‍പ്പെല്ലാ നിന്‍റ....  
ജൂതപ്പട്ടയത്തില്‍ ഭാസ്കരരവി: കോണ്‍മൈക്കൊണ്ടാന്‍ കോ ശ്രീ പാക്കരിന്‍ ഇരവിവര്‍മ്മന്‍ തിരുവടി..... എന്നിങ്ങനെയും
വീരരാഘവപ്പട്ടയം;: ശ്രീ പൂവാലനരപതി ശ്രീ വീരകെരള ചക്രവര്‍ത്തി ആതിയായി മുറമുറയ പല നൂറായിരത്താണ്ടു ചെങ്കോല്‍ നടത്തായി നിന്‍റെ ശ്രീ വീരരാഘവ ചക്രവര്‍ത്തിക്കു തിരുവിരാ
19. ഗവേഷകന്‍ ഈ ലിഖിതം നേരിട്ട് പരിശോധിച്ചിട്ടുണ്ട്.
20. പ്രൊഫ എം.ജി.എസ് നാരായണനുമായി ഈ ഗവേഷകന്‍ നടത്തിയ അഭിമുഖം. ശ്രീജിത്ത്, ഇ. (2012).  കല്ലെഴുത്തുകളിലെ കാലവും ദേശവും. കോഴിക്കോട്. മാതൃഭൂമി ആഴ്ചപ്പതിപ്പ് പുസ്തകം 90, ലക്കം-29.
21. തരിസാപ്പള്ളി ചെപ്പേട് ഉദയംപേരൂര്‍ സുന്നഹദോസിന്‍റെ കാലത്ത് പോര്‍ച്ചുഗീസുകാരുടെ കൈവശം എത്തിച്ചേര്‍ന്നു. പിന്നീട് ഡച്ചുകാരും ഇംഗ്ലീഷുകാരും അതിന്‍റെ ഉടമകളായി. അതിനിടയില്‍ കളവുപോകുകയും ചെയ്തു. ഇപ്പോഴും രണ്ട് സ്ഥലങ്ങളിലായാണ് (തിരുവല്ല, കോട്ടയം) പ്രസ്തുത ചെപ്പേടിന്‍റെ ഏടുകള്‍ സൂക്ഷിച്ചിട്ടുള്ളത്.
22. Ayyar, Krishna K.V. (1938, 1999).  The Zamorins of Calicut. Malapuram. University of Calicut. മാമാങ്കം കിളിപ്പാട്ടിലും കേരളോല്‍പത്തിയിലും പൂന്തുറക്കോന്‍ അല്ലെങ്കില്‍ പൂന്തുറേശ്വരന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പൂത്തുറ എന്ന പേര് മറ്റിടങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. പെറുന്തുറെയ് എന്ന പദത്തില്‍ നിന്നും പരിണമിച്ചതാണ് പൂന്തുറകോന്‍ എന്ന് കരുതുന്നതാകും കൂടുതല്‍ ഉചിതം (കോന്‍=രാജാവ്)
23. ലിഖിതത്തില്‍ മുഴുവന്‍ പാഠത്തിനുമായി  കാണുക- രാമചന്ദ്രന്‍, പുതുശ്ശേരി. (2007). കേരളചരിത്രത്തിന്‍റെ അടിസ്ഥാന രേഖകള്‍. തിരുവനന്തപുരം. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറം-60
24. വീരരാഘവപട്ടയത്തിന്‍റെ പാഠത്തിനും ചര്‍ച്ചകള്‍ക്കും കാണുക, കുഞ്ഞന്‍പിള്ള, ഇളംകുളം. (2005). തെരഞ്ഞെടുത്ത കൃതികള്‍, തിരുവനന്തപുരം. കേരള സര്‍വ്വകലാശാല.

ഗ്രന്ഥസൂചി:

കുഞ്ഞന്‍പിള്ള, ഇളംകുളം. എഡി. എന്‍. സാം. (2005). തെരഞ്ഞെടുത്ത കൃതികള്‍. തിരുവനന്തപുരം: കേരളസര്‍വ്വകലാശാല.
കൃഷ്ണയ്യര്‍, കെ.വി. (1938, 1999). The Zomorins of Calicut.  Malapuram. Calicut University.
ഗോപിനാഥറാവു, ടി.എ. (1910). Travancore Archaeological Series Vol II. Govt. of Travancore. 
പെരുമാള്‍, ഇളയ, ബാലസുബ്രമണ്യ, എസ്.ജി. (2019). തൊല്‍ക്കാപ്പിയം (വ്യാഖ്യാനം). തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റ്റ്റ്യൂട്ട്.
നായര്‍, പത്മനാഭന്‍ പി.കെ. (1982). പെരിപ്ലസ്: എറിത്രിയന്‍ കടല്‍ത്തീരത്തിലൂടെ യാത്ര (വിവ;), തിരുവനന്തപുരം: ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. 
നാരായണന്‍, എം.ജി.എസ്, (1972). Cultural Symbiosis in Kerala. Trivandrum.
നാരായണന്‍, എം.ജി.എസ്, (2013). Perumals of Kerala, Thrissur. Current Books.
നാരായണന്‍, എം.ജി.എസ്, (2016). കേരളചരിത്രത്തിലെ പത്ത് കള്ളക്കഥകള്‍, കോട്ടയം: ഡി. സി. ബുക്സ്.
രാമചന്ദ്രന്‍, പുതുശ്ശേരി. (2007). കേരളചരിത്രത്തിന്‍റെ അടിസ്ഥാനരഖകള്‍, തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റ്റ്റ്യൂട്ട്.
രാമചന്ദ്രമേനോന്‍, പി. (2012). ആര്യഭടീയം (വിവര്‍ത്തം, വ്യഖ്യാനം) തിരുവനന്തപുരം: ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
വാര്യര്‍, രാഘവ, എം.ആര്‍, വെളുത്താട്ട്, കേശവന്‍. (2013). തരിസാപ്പള്ളി പട്ടയം, കോട്ടയം: എന്‍. ബി. എസ്.
Dr. Sreejith. E
Associate Professor of History
SARBTM Govt. College
Muchukunnu, Koyilandy
India
Pin : 673307
Email: rituragsrijit@gmail.com
Ph: +91 9446691489
ORCID : 0009-0003-4513-300X