Women Walk in the Shadow Cities
Dr. Jose George
Travelogue which contributes monumentally for the confrontation and exchange of cultural worlds, has been a literary space dominated by male writers. A significant change in this trend can be seen in the 19th and 20th centuries where a group of women came to forefront by challenging the conventions and set beliefs established by the patriarchal society. Shadow City: A Woman Walks Kabul (2019) is a travelogue written by Taran N. Khan, a freelance journalist and writer who hails from Mumbai following her visit to Kabul. Until then, people from foreign nations conceived Afghanistan as a nation destroyed and deteriorated by war and violence. Surpassing all odds of prohibition, Taran walked along the unknown and strange streets of Kabul alone. She was able to trace new shades of Kabul by walking through the dusty streets of the city. Houses that welcomed even strangers, gardens that were well-kept and attended, the pomp and splendour of the dinner parties and the lavish wedding celebrations were all part of her experience of visiting Kabul. It was indeed the picture of a shadow city that hides behind a dark city; a Kabul where people reconstruct their life with love, warmth, disaster courage and persistence. The study follows the methodology that explores the models by which Taran Khan portrays the common features of women travel writing. The study aims at the ways by which Khan presents Kabul beyond the Eurocentric media descriptions that represent the invaders as protectors and the natives as aggressors.
Key Words: Kabul, emotional resemblance, riot, survival, diaspora, encroaching
References:
Sujatha Devi, (2015), Kadukalude Thalam Thedi, Kozhikode: Mathrubhumi Books
Taran Khan N., (2019), Shadow City: A Woman Walks Kabul, Gurugram: Penguin Random House
Thompson, Carl (2011), Travel Writting, London: Routledge
Wilkinson, John (1999) Egeria’s Travels, Warminster: Aris&Phillips Ltd.
നിഴല്‍നഗരങ്ങളിലെ പെണ്‍നടത്തങ്ങള്‍
ഡോ. ജോസ് ജോര്‍ജ്
സാംസ്കാരികലോകങ്ങളുടെ അഭിമുഖീകരണത്തിനും കൊടുക്കല്‍വാങ്ങലിനും കനപ്പെട്ട സംഭാവനകള്‍ നല്കുന്ന യാത്രാവിവരണം, പരമ്പരാഗതമായി പുരുഷന്മാരുടെ കുത്തക നിലനിന്ന സാഹിത്യപ്രസ്ഥാനമാണ്. ഇതിനൊരു ശ്രദ്ധേയമായ മാറ്റം 19, 20 നൂറ്റാണ്ടുകളിലെത്തുമ്പോഴേ കാണുന്നുള്ളൂ. കീഴ്വഴക്കങ്ങളും ഉറച്ച ധാരണകളും വെല്ലുവിളിച്ച് ദീര്‍ഘയാത്രകള്‍ക്കും യാത്രാഖ്യാനത്തിനും ചില സ്ത്രീകള്‍ മുന്നിട്ടിറങ്ങി. മുംബൈ ആസ്ഥാനമായി ജോലിചെയ്യുന്ന സ്വതന്ത്ര പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ തരണ്‍ എന്‍. ഖാന്‍, പലയാവൃത്തി കാബൂള്‍ സന്ദര്‍ശിച്ച ശേഷം 2019ല്‍ രചിച്ച യാത്രാവിവരണമാണ് Shadow City: A Woman Walks Kabul. കലാപത്തിലും യുദ്ധത്തിലും തകര്‍ന്നടിഞ്ഞ കാബൂളിന്‍റെ തെരുവുകളിലൂടെ വിലക്കുകള്‍ മറികടന്ന് അവര്‍ ഒറ്റയ്ക്കു നടന്നു. തെരുവിലെ പൊടിപടലങ്ങള്‍ക്കിടയിലൂടെ ആയാസപ്പെട്ടു നീങ്ങുമ്പോള്‍ തരണ്‍ ഒരു പുതിയ കാബൂള്‍ കണ്ടെത്തുകയാണ്. ഇരുണ്ട നഗരത്തിനുള്ളില്‍ മറഞ്ഞിരിക്കുന്ന ഒരു നിഴല്‍നഗരത്തെ, സ്നേഹത്തോടും വിപദിധൈര്യത്തോടും ഊഷ്മളതയോടും സ്ഥിരോത്സാഹത്തോടുംകൂടി ജീവിതം പുനര്‍നിര്‍മ്മിക്കുന്നവരുടെ കാബൂളിനെ അവര്‍ വരഞ്ഞിടുന്നു. സ്ത്രീയാത്രാവിവരണങ്ങളുടെ പൊതുസവിശേഷതകള്‍ തരണ്‍ ഖാന്‍റെ രചനയില്‍ ആവിഷ്കൃതമാകുന്നത് മാതൃകകളിലൂടെ പരിശോധിക്കുന്ന രീതിശാസ്ത്രമാണ് ഈ പഠനത്തില്‍ പിന്തുടരുന്നത്. അധിനിവേശകരെ രക്ഷകരും തദ്ദേശീയരെ അക്രമികളുമായി കൊണ്ടാടുന്ന യൂറോകേന്ദ്രിത മാധ്യമങ്ങളുടെ വിവരണങ്ങള്‍ക്കപ്പുറമുള്ള കാബൂളിനെ ഖാന്‍ എങ്ങനെ അവതരിപ്പിക്കുന്നു എന്നു തിരിച്ചറിയുകയാണ് പഠനലക്ഷ്യം.
താക്കോല്‍വാക്കുകള്‍: കാബൂള്‍, വൈകാരികസാദൃശ്യം, കലാപം, അതിജീവനം, പ്രവാസം, അധിനിവേശം.
ആമുഖം
സ്ഥലകാലങ്ങളിലൂടെ നടത്തുന്ന സഞ്ചാരമാണ് യാത്ര. ജനനവും ജീവിതവും മരണവും നിര്‍മ്മിക്കുന്ന ജൈവശൃംഖലയിലെ ഇടക്കണ്ണിയാണത്. മനുഷ്യനുള്‍പ്പെടെ സര്‍വചരങ്ങളുടെയും ദേശാന്തരപ്രാപ്തിയാണു യാത്രയുടെ ഉദ്ദേശ്യവും പ്രയോജനവും. അസ്തിത്വത്തിന്‍റെ അഭിന്നാംശമായ യാത്രകളോരോന്നും അദ്വിതീയമാണ്. അതെവിടെയും ഏകശിലാത്മകമായ ഒരു പ്രക്രിയയല്ല. വൈവിധ്യങ്ങളും വൈരുധ്യങ്ങളും അസമാനതകളും യാത്രകളുടെ സഹജഭാവമാണ്. യാത്രാദൂരങ്ങളിലും മാര്‍ഗങ്ങളിലും ഉപാധികളിലും ലക്ഷ്യങ്ങളിലും തുടങ്ങി യാത്രാനുഭവങ്ങളിലും യാത്രാക്കുറിപ്പുകളിലുംവരെ അനന്യത നിറയുന്നു. യാത്ര ചെറുതോ വലുതോ രാജ്യാതിര്‍ത്തിക്കുള്ളിലോ രാജ്യാന്തരമോ ആവാം. കര, കടലാകാശമാര്‍ഗങ്ങള്‍ സാധാരണയായി യാത്രയ്ക്ക് ഉപജീവിക്കുന്നു. യാത്രോപാധികളിലും യാത്രാലക്ഷ്യങ്ങളിലും അനുഭവാഖ്യാനങ്ങളിലും വ്യക്തിപരവും സംഘാതവുമായ തിരഞ്ഞെടുപ്പുകള്‍ക്ക് ഇടമുള്ളതിനാല്‍ യാത്രയെപ്പോഴും ബഹുസ്വരതയുടെ അരങ്ങാണ്.
ലിംഗപരമായ അസമത്വവും പ്രതിരോധവും
സാംസ്കാരികലോകങ്ങളുടെ അഭിമുഖീകരണത്തിനും കൊള്ളക്കൊടുക്കലിനും അനുഭവചക്രവാളങ്ങളുടെ വികാസത്തിനും കനപ്പെട്ട സംഭാവനകള്‍ നല്കുന്ന യാത്രാവിവരണം, പരമ്പരാഗതമായി പുരുഷന്മാരുടെ കുത്തക നിലനിന്ന സാഹിത്യശാഖയാണ്. ആദ്യകാലങ്ങളിലെ സഞ്ചാരവിവരണനിരയില്‍ സ്ത്രീപ്രാതിനിധ്യം നന്നേ അപൂര്‍വമാണെന്നു പറയണം. ദീര്‍ഘയാത്രകള്‍ നടത്താന്‍ സ്ത്രീകള്‍ക്കു കഴിവില്ലാത്തതിനാല്‍ അവരെഴുതുന്ന യാത്രാവിവരണങ്ങള്‍ ബാലിശവും ഉള്‍ക്കനമില്ലാത്തതുമായിരിക്കുമെന്ന പൊതുവിചാരം അത്രയ്ക്കു പ്രബലമായിരുന്നു. സാഹസികമായ ഏതൊരുദ്യമവും പുരുഷന്മാര്‍ക്കു മാത്രമുള്ളതാണെന്ന പ്രത്യയശാസ്ത്രധാരണ ലിംഗനീതിയുടെ (gender justice) നിഷേധവും ആണധികാരത്തിന്‍റെ പ്രതിഷ്ഠാപനവുമാണ് (Thompson, 2011:175-176).
നാലാം നൂറ്റാണ്ടില്‍ ഇസ്രായേലിലേക്കു നടത്തിയ തീര്‍ത്ഥാടനത്തിന്‍റെ യാത്രാക്കുറിപ്പു തയ്യാറാക്കിയ ക്രൈസ്തവ സന്യാസിനി എജേറിയായ്ക്കു ശേഷം (Pilgrimage of Egeria. 381-384) ചില ഒറ്റപ്പെട്ട സ്ത്രീശബ്ദങ്ങള്‍ ഈ രംഗത്ത് കേള്‍ക്കുന്നുണ്ട്. എങ്കിലും നൂറ്റാണ്ടുകളോളം പുരുഷന്മാര്‍ക്കായിരുന്നു അവിടെ ഇടവും ആധിപത്യവും. വൈകാരികതയും മൃദുലതയും ദുര്‍ബലതയും സ്ത്രൈണഗുണങ്ങളായി അടയാളപ്പെടുത്തിയ പൊതുസമൂഹം, യാത്രകളില്‍ ഉള്‍ച്ചേര്‍ന്ന സാഹസികത പെണ്ണിന്‍റെ അപരമായി സ്ഥാനപ്പെടുത്തി. ഇതിനൊരു മാറ്റം കാണുന്നത് 19, 20 നൂറ്റാണ്ടുകളിലാണ്. കീഴ്വഴക്കങ്ങളും പ്രതിഷ്ഠാപിത ധാരണകളും വെല്ലുവിളിച്ച് ചില സ്ത്രീകള്‍ മുന്നോട്ടുവന്നു. വേറിട്ട കാഴ്ചകളിലൂടെയും കാഴ്ചപ്പാടുകളിലുടെയും ആഖ്യാനമാതൃകകളിലൂടെയും ശ്രദ്ധനേടിയ അത്തരം പെണ്ണെഴുത്തുകള്‍ യാത്രാവിവരണരംഗത്ത് സ്ത്രീസാന്നിധ്യം ഉറപ്പാക്കി. പുരുഷന്മാരുടേതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അനുഭൂതിമണ്ഡലമാണ് അതിലൂടെ വായനക്കാര്‍ക്കു തുറന്നുകിട്ടിയത്. പത്തൊന്‍പതാം നൂറ്റാണ്ടിലെ ജപ്പാനെക്കുറിച്ചുള്ള ഇസബെല്ല ബേര്‍ഡിന്‍റെ വിവരണങ്ങളും മധ്യപൂര്‍വേഷ്യയെക്കുറിച്ചുള്ള ഫ്രെയ സ്റ്റാര്‍ക്കിന്‍റെ അന്വേഷണങ്ങളും യാത്രാവിവരണരംഗത്തെ പെണ്‍വിനിമയങ്ങളുടെ അപൂര്‍വതയ്ക്ക് അടിവരയിടുന്നു. ജെത്രൂദ് ബെല്ലിനെപ്പോലുള്ള എഴുത്തുകാര്‍ അജ്ഞാതദേശങ്ങള്‍ സന്ദര്‍ശിച്ച് യാത്രാക്കുറിപ്പുകള്‍ പുറത്തിറക്കിയപ്പോള്‍, നയതന്ത്രത്തിലും രാഷ്ട്രീയത്തിലും സ്ത്രീകളുടെ റോളുകളെക്കുറിച്ചു നിലനിന്നിരുന്ന സാമ്പ്രദായികധാരണകളാണ് കീഴ്മേല്‍ മറിഞ്ഞത്.
വിനിമയങ്ങളിലെ ഹൃദയപക്ഷം
സ്ത്രീകളുടെ യാത്രാവിവരണങ്ങള്‍ പൊതുവേ വ്യക്തിനിഷ്ഠമാണ്. ആഴമേറിയ ആഭ്യന്തരബന്ധങ്ങളെ അവ ചുറ്റിപ്പറ്റി നില്ക്കും. പുറംകാഴ്ചകളേക്കാള്‍ അകംകാഴ്ചകളോടാണ് അവയ്ക്കു മമതാബന്ധം. പുരുഷന്മാരുടെ ശ്രദ്ധ പ്രാഥമികമായി സന്ദര്‍ശനസ്ഥലത്തെ കേന്ദ്രീകരിക്കുമ്പോള്‍, സ്ത്രീകള്‍ അവിടത്തെ ജനങ്ങളെയും ജനജീവിതത്തെയും ദൃഷ്ടിപഥത്തിലെ മുഖ്യകാഴ്ചയാക്കും. ഇടപെടലുകളിലും ബന്ധനിര്‍മ്മിതിയിലും അടിസ്ഥാനപരമായ വ്യത്യാസമുണ്ട്. സന്ദര്‍ശകകേന്ദ്രത്തിലെ ആളുകളുമായി കൂടുതല്‍ ഇഴുകിച്ചേരാന്‍ പുരുഷന്മാരേക്കാള്‍ വിരുത് സ്ത്രീകള്‍ക്കാണ്. ചിലപ്പോള്‍ അവരുടെ വീടിനുള്ളിലേക്കു പോലും പ്രവേശനം സാധ്യമാകും. അവരുടെ സാംസ്കാരിക സവിശേഷതകള്‍ മുന്‍വിധി കൂടാതെ നോക്കിക്കാണാനും ആദരിക്കാനും അഭിനന്ദിക്കാനും സ്ത്രീകള്‍ക്കാണ് കൂടുതല്‍ അവസരം ലഭിക്കുന്നത്. ഒരുതരം വൈകാരിക സാദൃശ്യമാവാം (emotional resemblance) ഇരുകൂട്ടരെയും അത്തരമൊരു പൊതുസമ്പര്‍ക്കത്തിലേക്കു നയിക്കുന്നത്. വാര്‍ത്താരചനയുടെ ശൈലിയില്‍ അകന്നുനിന്നുകൊണ്ടു പുരുഷന്മാര്‍ കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ സ്ത്രീകളാകട്ടെ, അകപ്പെട്ട് അതായത് ഹൃദയംതൊട്ട് കാര്യങ്ങള്‍ പങ്കുവെക്കുന്നു. വൈകാരികഭൂപടങ്ങളില്‍ നടത്തുന്ന ഖനനമാണ് സ്ത്രീകളുടെ വിവരണങ്ങള്‍. ഭോഗത്തിന്‍റെ കാഴ്ചക്കോണുകളേക്കാള്‍ ഉള്ളിണക്കത്തിന്‍റെയും ഓരംചേരലിന്‍റെയും ആര്‍ദ്രമിഴിപഥങ്ങളോടാണ് അവര്‍ക്കു പഥ്യം (ഗീതാഞ്ജലി, 2017:16). നടന്നുതേഞ്ഞ പഴയ വഴികളിലൂടെ യാത്രചെയ്ത് ചിലതെല്ലാം അറിയാനും കാണാനും പുരുഷന്‍ ശ്രമിക്കുമ്പോള്‍, സ്ത്രീ ഊടുവഴികള്‍ തെരഞ്ഞുപിടിച്ച് അതിലൂടെ സഞ്ചരിക്കും; വേണ്ടിവന്നാല്‍ വിലക്കുകളെ മറികടന്ന് പുതിയ വഴികള്‍ വെട്ടും. പുറംയാത്ര മാത്രമല്ല, അതിനൊപ്പമുള്ള അകംയാത്രയും സ്വത്വനിര്‍ണയനവും സ്ത്രീയാത്രാവിവരണങ്ങളില്‍ ഇടംപിടിക്കാറുണ്ട്.
നിഴല്‍നഗരത്തിലേക്കുള്ള യാത്ര
മുംബൈ ആസ്ഥാനമായി ജോലിചെയ്യുന്ന സ്വതന്ത്ര പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമാണ് തരണ്‍ എന്‍. ഖാന്‍. മാധ്യമപരിശീലനത്തിന് 2006നും 2013നുമിടയില്‍ പലപ്രാവശ്യം അവര്‍ കാബൂള്‍ സന്ദര്‍ശിച്ചു. (Taran, 2019: X-V) അക്കാലമത്രയും വിദേശരാജ്യങ്ങളിലെ ജനമനസുകളില്‍ അഫ്ഗാനിസ്ഥാന്‍, കലാപത്തിലും യുദ്ധത്തിലും തകര്‍ന്നടിഞ്ഞ ഒരു രാജ്യമായിരുന്നു. സന്ദര്‍ശനങ്ങളുടെ ഫലശ്രുതിയെന്നോണം 2019ല്‍ അവര്‍ പുറത്തിറക്കിയ ഷാഡോ സിറ്റി: എ വുമണ്‍ വാക്സ് കാബൂള്‍ എന്ന പുസ്തകം യാത്രാവിവരണസ്വഭാവമുള്ളതാണ്. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസാണ് പ്രസാധകര്‍. സ്ത്രീയാത്രാവിവരണത്തിന്‍റെ പൊതുധര്‍മ്മങ്ങള്‍ ഈ പുസ്തകത്തില്‍ വേണ്ടുവോളമുണ്ട് എന്ന തിരിച്ചറിവിലേക്ക് വായന ക്രമേണ നമ്മെ കൊണ്ടെത്തിക്കും.
ഒരു സാംസ്കാരികബന്ധത്തിന്‍റെ ഇഴയടുപ്പത്തോടെയാണ് തരണിന്‍റെ കാബൂള്‍ യാത്ര. ഇന്ത്യയും അഫ്ഗാനും തമ്മില്‍ പൊതുവിലും, ജന്മദേശമായ അലിഗഡും കാബൂളും തമ്മില്‍ പ്രത്യേകിച്ചുമുള്ള സാംസ്കാരികബന്ധത്തെക്കുറിച്ച് അവര്‍ ബോധവതിയായിരുന്നു. മുത്തച്ഛന്‍ ബാബയുടെ കാബൂള്‍ വിവരണവും തരണിന്‍റെ പരന്ന വായനയുമാണ് ഈ ബോധനിര്‍മ്മിതിക്ക് ആസ്പദം. (Taran, 2019:15) ഊഷ്മളമായ അത്തരമൊരു ബന്ധത്തിന്‍റെ കാഴ്ചക്കോണിലൂടെയാണ് അവര്‍ കാബൂളിനെ കാണുന്നത്. ദേശവാസികളോട് ഇടപെടുമ്പോഴെല്ലാം അതേ വൈകാരികതയുടെ തുടിപ്പും മിടിപ്പും അനുഭവിക്കാം. താമസിച്ച കാലമത്രയും അവരുടെ ഇടപെടലുകള്‍ രൂപപ്പെടുത്തിയതും ഊഷ്മളമാക്കിയതും ഇതേ ഹൃദയബന്ധമാണ്. യാത്രകള്‍ സഫലമാകാനും, അഗമ്യമെന്നു കരുതുന്ന ഇടങ്ങളിലേക്കു പ്രവേശനം തുറന്നുകിട്ടുന്നതിനും സാംസ്കാരികമായ ബന്ധസാദൃശ്യം (cultural resemblance) വളരെ പ്രധാനമെന്നു പുസ്തകം പരോക്ഷസൂചന തരുന്നു.
ചരിത്രവും ചരിത്രനിര്‍മ്മിതിയും നഗരങ്ങളോടു കെട്ടുപിണഞ്ഞുകിടക്കുന്നു എന്നത് പൊതുബോധത്തില്‍ ഇടം നേടിയിട്ടുള്ള ധാരണയാണ്. സംസ്കാരങ്ങളും സമൂഹങ്ങളും കുടുംബങ്ങളും ഇടംകണ്ടെത്തുന്നതും വളരുന്നതും നഗരത്തോടും തെരുവിനോടും ബന്ധപ്പെട്ടാണെന്ന വിചാരമാണ് അതിനടിസ്ഥാനം. അടരുകള്‍ പലതുള്ളതും തലമുറകള്‍ സംരക്ഷിച്ചുപോരുന്നതുമായ ചരിത്രസഞ്ചയത്തിന് നഗരങ്ങള്‍ ആതിഥേയത്വം വഹിക്കുക മാത്രമല്ല, സംരക്ഷണം ഒരുക്കുന്നുമുണ്ട്. അതിനാല്‍ ഓരോ തെരുവും സവിശേഷവും വേറിട്ടതുമായ കഥകളുടെ നിധിപ്പുരയത്രേ. കാലത്തിന്‍റെയും കലാപത്തിന്‍റെയും വേലിയേറ്റങ്ങളാല്‍ അവയില്‍ പലതും മറക്കപ്പെടുകയോ മറയ്ക്കപ്പെടുകയോ ചെയ്യുന്നതാണ് ഖേദകരം.
3000 വര്‍ഷത്തെ ചരിത്രമുണ്ട് കാബൂള്‍ നഗരത്തിന്. വാണിജ്യം, മതം, സാഹിത്യം, സംസ്കാരം തുടങ്ങിയ അപൂര്‍വ്വ സമ്പത്തിന്‍റെ നിക്ഷേപാലയവും വിനിമയകേന്ദ്രവുമായിരുന്നു കാബൂള്‍. വിദ്യാര്‍ത്ഥികളെയും ബുദ്ധിജീവികളെയും സാഹസികരെയും ഒരുപോലെ ആകര്‍ഷിച്ച 'മധ്യേഷ്യയിലെ പാരീസ്' 1970കളുടെ അവസാനം വരെ തത്സ്ഥിതി നിലനിര്‍ത്തി. പക്ഷേ, പിന്നീടുണ്ടായ കലാപങ്ങളും അട്ടിമറികളും അശാന്തിയുടെ പടര്‍ച്ചയ്ക്കു ഗതിവേഗം കൂട്ടി. സോവിയറ്റ്-അഫ്ഗാന്‍ യുദ്ധവും താലിബാന്‍ ഭരണവും വടക്കന്‍സഖ്യത്തിന്‍റെ അധിനിവേശവും താലിബാന്‍റെ തിരിച്ചുവരവും അരാജകത്വത്തിലേക്കാണ് രാജ്യത്തെ തള്ളിവിട്ടത്. സമാധാനവും സാധാരണജീവിതവും പൊയ്പ്പോയതിനൊപ്പം അമൂല്യമായ ചരിത്രനിധികളും കാബൂളിന് നഷ്ടപ്പെട്ടു.
മൂന്നു പതിറ്റാണ്ട് നീണ്ട സംഘര്‍ഷങ്ങള്‍ക്കു ശേഷം ഇന്നു നോക്കുമ്പോള്‍ ഉള്ളില്‍ ഭീതിയുടെ നെരിപ്പോടില്‍ കനലുകളെരിയുന്നു. ഒരുകാലത്ത് ഉയര്‍ന്ന സാംസ്കാരികബോധവും സാഹിത്യസമ്പത്തും ആതിഥേയത്വവും തലക്കുറികളായി അണിഞ്ഞ കാബൂള്‍ ഇപ്പോള്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ, ഭീകരതയുമായി ഇഴചേര്‍ന്നുകിടക്കുന്നു. കാവല്‍ ഭിത്തികള്‍ക്കും കവചിത വാഹനങ്ങള്‍ക്കും പിന്നില്‍, നിരന്തരമായ അപകടഭീഷണിയുടെ മുനമ്പില്‍ സ്വയം പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന നഗരമായി മാറിയിട്ടുണ്ട് കാബൂള്‍. നഗരാതിര്‍ത്തിയിലെ ഇടുങ്ങിയ റോഡുകള്‍ മിക്കതും ഏറെക്കുറെ വിജനം. വളരെ കുറച്ചുപേരേ അതിലൂടെ നടക്കാന്‍ ധൈര്യപ്പെടുന്നുള്ളൂ. നഗരത്തിനുള്ളിലാണ് നേരിയതോതിലുള്ള തിരക്ക്. അപായസൂചനകള്‍ തിങ്ങിവിങ്ങിനില്ക്കുന്ന ഇത്തരമൊരന്തരീക്ഷത്തിലാണ് അഫ്ഗാന്‍ തലസ്ഥാനം കണ്ടറിയാന്‍ തരണ്‍ തുനിഞ്ഞിറങ്ങുന്നത്. തെരുവിലെ പൊടിപടലങ്ങള്‍ക്കിടയിലൂടെ നൂഴ്ന്നിറങ്ങുമ്പോള്‍, പുരുഷനോട്ടങ്ങളുടെ മുനകളേറ്റ് ചോരപൊടിയാതെ മുന്നോട്ടുതന്നെ നീങ്ങുമ്പോള്‍ തരണ്‍ ഒരു പുതിയ കാബൂള്‍ കണ്ടെത്തുന്നു. അപരിചിതരെപ്പോലും സ്വാഗതം ചെയ്യുന്ന വീടുകള്‍, ശ്രദ്ധാപൂര്‍വം പരിചരിക്കപ്പെടുന്ന മനോഹരമായ പൂന്തോട്ടങ്ങള്‍, ആഹ്ലാദാരവങ്ങള്‍ അകമ്പടി നില്ക്കുന്ന അത്താഴ വിരുന്നുകള്‍, ധൂര്‍ത്തുനിറഞ്ഞ കല്യാണാഘോഷങ്ങള്‍..(Taran, 2019:19-20, 173ff). ഒരു ഇരുണ്ട നഗരത്തിനുള്ളില്‍ മറഞ്ഞിരിക്കുന്ന ഒരു നിഴല്‍നഗരത്തെ, സ്നേഹത്തോടും വിപദിധൈര്യത്തോടും ഊഷ്മളതയോടും സ്ഥിരോത്സാഹത്തോടുംകൂടി ജീവിതം പുനര്‍നിര്‍മ്മിക്കുന്നവരുടെ നഗരത്തെ തരണ്‍ കണ്ടെത്തുന്നു. വൃദ്ധരുടെയും ചെറുപ്പക്കാരുടെയും കുട്ടികളുടെയും പ്രവാസികളുടെയും കണ്‍കോണുകളില്‍ പ്രതീക്ഷയുടെ നക്ഷത്രങ്ങള്‍ ചിമ്മിനില്പുണ്ട്. കഴിഞ്ഞകാലത്തിന്‍റെ അവശിഷ്ടങ്ങള്‍ ചേര്‍ത്തുകെട്ടി പുതിയൊരു ദേശനിര്‍മ്മിതി നടത്തുന്നതിന്‍റെ അടയാളപ്പെടലായി ഇത്തരം ദൃശ്യങ്ങള്‍ അവതരിപ്പിക്കുന്നു (Taran, 2019:6).
നിഴല്‍നഗരത്തിലെ ആദ്യചുവടുകള്‍
കാബൂളിനെ തരണ്‍ വിളിക്കുന്നത് നിഴല്‍ നഗരമെന്നാണ്. അവരുടെ യാത്രയെ വിശേഷിപ്പിക്കുന്നത് നിഴല്‍ നഗരത്തിലൂടെയുള്ള പെണ്‍നടത്തമെന്നും. യാഥാര്‍ത്ഥ്യത്തിന്‍റെ സന്നിഹിതത്വത്തെ മാത്രം ആശ്രയിച്ചു നില്ക്കുന്ന അവ്യക്തരൂപമാണ് നിഴല്‍. കാലഭേദമനുസരിച്ച് അതു വെയില്‍വെളിച്ചത്തില്‍ നീണ്ടും കുറുകിയുമിരിക്കും. ചിലപ്പോഴെങ്കിലും പുറംകാഴ്ചകള്‍ക്കപ്പുറമുള്ള ചില കാര്യങ്ങളെ അത് ഉള്ളിലേറ്റുന്നു. നിഴലുകളുള്ള കാബൂളിനെക്കുറിച്ചാണ് തരണ്‍ ഖാന്‍ എഴുതുന്നത്. യഥാര്‍ത്ഥ നഗരത്തിനു പിന്നില്‍ മറഞ്ഞിരിക്കുന്ന നിഴല്‍നഗരത്തെ വെയില്‍വെട്ടത്തിലേക്ക് അവര്‍ നീക്കിനിര്‍ത്തുന്നു. പെണ്‍നടത്തവും ഇതേ ചിന്താധാരകളോട് ഇണക്കംകൂടുന്നതാണ്. പുരുഷന്‍റെ നിഴലായി സ്ത്രീയെ പരിമിതപ്പെടുത്തുന്ന പൊതുധാരണയെ അതു ചീന്തിയെറിയുന്നു. ആണധികാരം വേലികെട്ടി പെണ്‍സഞ്ചാരത്തിന് വിലങ്ങുതീര്‍ക്കുന്ന അതേ വഴിയിലൂടെ വിലക്കപ്പെട്ട കനിയുടെ ഉള്ളും പൊരുളുമറിയാന്‍ ഒരുമ്പെട്ടവള്‍ നടത്തുന്ന പ്രതിയാത്രയാണ് ഈ കൃതി. നഗരവും പെണ്ണും ഇവിടെ ഒരുപോലെ വെളിപ്പെടുന്നു. ഫലമോ, ദുരന്തചിഹ്നങ്ങളിലൂടെ അഫ്ഗാനെ പൊതുസമക്ഷമെത്തിച്ച മാധ്യമ അജണ്ടകളുടെ ഉള്ളുകള്ളികള്‍ മറനീക്കപ്പെടുന്നു. പ്രബലവിചാരങ്ങളെ അപനിര്‍മ്മിച്ച് പുതിയൊരു പാഠനിര്‍മ്മിതി സാധ്യമാക്കുന്നു. നഗരത്തിന്‍റെ സമീപകാലചരിത്രവും വിദൂര ഭൂതകാലവും സീക്വന്‍സുകളായി ഒഴുകുന്ന നിഴല്‍നഗരത്തിന്‍റെ വായന, കാബൂളിന്‍റെ സാംസ്കാരികഭൂമിശാസ്ത്രം ചിത്രപ്പെടുത്തുന്ന രസകരമായ അനുഭവമാണ്.
കാബൂളിനെക്കുറിച്ചുള്ള തരണിന്‍റെ ഓര്‍മ്മകള്‍ ഒരു ചന്തയില്‍നിന്നു തുടങ്ങുന്നു (Taran, 2019:XIII). വിശദാംശങ്ങളോടെയാണ് അവിടം വിവരിച്ചുപോകുന്നത്. എങ്ങനെ അവിടെയെത്തിച്ചേര്‍ന്നു എന്നു ചിന്തിച്ചാല്‍, അറിയില്ല എന്നാണുത്തരം. കാബൂള്‍ നദിയുടെ തെക്കു ഭാഗത്തുള്ള മണ്ടായി എന്ന ചന്തയിലൂടെ ഞെരുങ്ങി നീങ്ങിയ ഓര്‍മ്മ. തെരുവിന്‍റെ ഉള്ളിലേക്കു കടക്കുമ്പോള്‍ തീരെ ഇടുങ്ങിയ വഴികളാണെങ്ങും. അവ നയിക്കുന്നതോ വീതിയേറിയ നിരത്തിലേക്കും. തെരുവിന് ഇരുവശത്തും അടുങ്ങിയടുങ്ങി നില്ക്കുന്ന കടകള്‍ക്കിടയിലൂടെ വേണം നടക്കാന്‍. വ്യാപാരികളും അവരുടെ വണ്ടികളും അതിലൂടെ നിരങ്ങിനീങ്ങുകയാണെന്നു പറഞ്ഞാല്‍ അതിശയോക്തി തെല്ലുമില്ല. ഉണങ്ങിയ പഴങ്ങളും പാചക എണ്ണയുടെ ടിന്നുകളും സോപ്പിന്‍റെ കൂമ്പാരവും തീര്‍ക്കുന്ന തിരക്കിനിടയില്‍ സ്ഥലം കണ്ടെത്തി ചുവടുറപ്പിക്കാന്‍ നല്ല പരിശീലനം വേണം. വസന്തകാലത്തെ മഴച്ചാറ്റലുള്ള ആ ദിവസം ചില കടകള്‍ക്കു മീതെ കെട്ടിയിരിക്കുന്ന മേലാപ്പുകളിലൂടെ മങ്ങിയ സൂര്യപ്രകാശം അരിച്ചിറങ്ങുന്നത് തരണിന്‍റെ കണ്ണില്‍പ്പെട്ടു.
വഴിമുഴുവന്‍ നല്ലയളവില്‍ ചെളി നിറഞ്ഞു കിടക്കുന്നുണ്ട്. ചന്തയില്‍ അധികം തിരക്കില്ല. ഇന്ത്യന്‍ നഗരങ്ങളിലെ ചന്തകളോട് നല്ല സാദൃശ്യം. ഒരു പാലത്തിലേക്കു സാവധാനം ചുവടുവെക്കുമ്പോള്‍ അതിന്‍റെ ഓരത്തു നില്‍ക്കുന്ന യുവാവില്‍ നിന്ന് സ്കാര്‍ഫ് വാങ്ങിയത് ഓര്‍ക്കുന്നു. അവന്‍റെ തോളില്‍ ചാഞ്ഞുകിടക്കുന്ന മരച്ചട്ടയില്‍ ബന്ധിച്ചിരുന്ന തുണിത്തരങ്ങള്‍ പറന്നുയരുന്നുണ്ട്. അതിനു പിന്നില്‍ അവന്‍റെ മുഖം കഷ്ടിച്ചു കാണാം. തരണ്‍ അവന്‍റെ ഫോട്ടോ എടുത്തപ്പോള്‍ അവനു പെരുത്തു സന്തോഷം.
തിരക്കു നന്നേ കുറഞ്ഞ, പാതി ശൂന്യമായ തെരുവുകളിലൂടെ ഒറ്റയ്ക്കു നടക്കുമ്പോള്‍ ദേഹത്ത് ഇളംചൂടു പകര്‍ന്ന് സൂര്യന്‍റെ തലോടല്‍. റേഡിയോയില്‍ നിന്നാണെന്നു തോന്നുന്നു, ഏതോ ഒരു ഗാനത്തിന്‍റെ ആരോഹണാവരോഹണങ്ങള്‍. യാത്ര പുരോഗമിക്കുന്തോറും കാഴ്ചകളുടെ സമൃദ്ധി. കലാപത്തിന്‍റെ ബാക്കിപത്രമെന്നപോലെ തെരുവില്‍ തള്ളിയ തകര്‍ന്ന സോഫയില്‍ ഒരു പറ്റം യുവാക്കള്‍ കിടന്നുറങ്ങുന്നു. ചില ചുവരുകളില്‍ അശാന്തിയുടെ മുദ്രപോലെ ബുള്ളറ്റ് പതിഞ്ഞ അടയാളങ്ങള്‍. ചില കേന്ദ്രങ്ങളില്‍ മാത്രം സുരക്ഷ ഉറപ്പാക്കാനെന്നോണം ഗേറ്റുകള്‍ക്ക് കുറുകെ തടസം തീര്‍ക്കുന്ന തടിച്ച കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍. കാലിഗ്രാഫി ചിത്രങ്ങള്‍ കൊണ്ടു മുന്‍വശത്തെ ഗ്ലാസ് പാളികള്‍ അലങ്കരിച്ച കടകള്‍... വീടുകളിലെ ചിമ്മിനികളില്‍ നിന്ന് പുക ഉയരുന്നതു കാണാം. മഞ്ഞുമൂടി കിടക്കുന്ന പര്‍വതശൃംഗങ്ങളില്‍ അസ്തമയവര്‍ണം വരച്ചുചേര്‍ക്കുന്ന സായാഹ്നം. ചാഞ്ഞുവീഴുന്ന സന്ധ്യയുടെ രാഗങ്ങള്‍ മരച്ചില്ലകളിലിരുന്ന് ആലപിക്കുന്ന പക്ഷിജാലം. വസന്തത്തിന്‍റെ മാലിന്യം പാദങ്ങളില്‍ പുതയുമ്പോഴും തരണിനെ അതൊന്നും അലോസരപ്പെടുത്തുന്നില്ല (Taran, 2019:XIV).
മുറിയിലെത്തി ജനലിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ ചുറ്റുമതിലുകള്‍ക്കപ്പുറം വേഷപ്പകര്‍ച്ചയോടെ നഗരം. വിചാരിച്ചതിലും എത്രയോ വലുതാണത്. ഏതോ ഒരു വാഗ്ദത്തം പോലെ തിളങ്ങിവിളങ്ങുന്നു.
ഉള്ളടരുകളിലേക്കുള്ള നടത്തം
ഒരു വിലക്കിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ടാണ് യാത്രാവിവരണം തുടങ്ങുന്നത്: ഞാന്‍ കാബൂളില്‍ എത്തിയപ്പോള്‍ എന്നോട് ആദ്യം പറഞ്ഞ കാര്യം, ഒരിക്കലും കാല്‍നടയാത്ര അരുത് എന്നായിരുന്നു(Taran, 2019:XIII). 2006ന്‍റെ തുടക്കത്തിലാണ് ഈ മുന്നറിയിപ്പ്; അഫ്ഗാനില്‍ അധികാരം കയ്യാളിയിരുന്ന താലിബാന്‍ ഭരണകൂടത്തെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന അട്ടിമറിച്ച് അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം. നഗരതെരുവുകളിലൂടെ ഒറ്റയ്ക്കുള്ള വഴിനടത്തം ആപത്കരമാണത്രേ. കാരണങ്ങള്‍ പലതാണ്. അവള്‍ വെറുമൊരു പെണ്ണാണെന്നത് ആദ്യവിഷയം. ലൈംഗികമുനയുള്ള പുരുഷനോട്ടങ്ങള്‍ കീഴ്പ്പെടുത്തലിലേക്കും ചോര കിനിയുന്നതിലേക്കും വളര്‍ന്നെത്താം. പോരാത്തതിന് സാഹസികത പെണ്ണിനു പറഞ്ഞിട്ടുള്ളതല്ലല്ലോ. വിദേശിയാണെന്നത് അടുത്ത വിഷയം. യുദ്ധക്കെടുതികളിലൂടെ കടന്നുപോകുന്ന അരക്ഷിതസമൂഹം ചിലപ്പോള്‍ അപരിചിതരുടെ നേരേ അക്രമോത്സുകരാകാം. ഭൗതികസുരക്ഷയൊരുക്കുന്ന കരുതലിന്‍റെ വാക്കുകളെന്നു പുറമേ തോന്നുമെങ്കിലും, ലിംഗപരമായ നിരപ്പില്ലായ്മയുടെ സൂചകമായി തരണിനത് അനുഭവപ്പെട്ടു. നിഴലുകള്‍ വെളിച്ചത്തിലേക്കു നീക്കിനിര്‍ത്താനുള്ള അന്വേഷണങ്ങള്‍ക്കു മുന്നിലെ അതിരുതീര്‍ക്കലുകളാണല്ലോ ഇത്തരം വിലക്കുകള്‍.
സാഹസികമായ യാത്രകള്‍ക്ക് ഒരുങ്ങിയിറങ്ങുമ്പോള്‍ പൊതുവേ സ്ത്രീകള്‍ സഞ്ചരിക്കുന്നത് ഇത്തരം നിരോധിതവഴികളിലൂടെയാണ്. കാടുകളുടെ താളംതേടി എന്ന കൃതിയില്‍ സുജാതാ ദേവി ഇതേ അനുഭവം പങ്കുവെക്കുന്നു. ഹിമാചലിലെ ഉള്‍വനങ്ങളിലൂടെ സഞ്ചരിക്കാന്‍ അനുവാദം ചോദിക്കുമ്പോള്‍ ചീഫ് ഫോറസ്റ്റ് ഓഫീസര്‍ ബദൂരിയായുടെ ശകാരം ഇങ്ങനെ: "ആരു പറഞ്ഞിട്ടാണ് നിങ്ങള്‍ ഇതിനൊക്കെ ഇറങ്ങിപ്പുറപ്പെട്ടത്? ആരനുവാദം തന്നു? പഠനമൊക്കെ ശാസ്ത്രജ്ഞന്മാര്‍ നടത്തിക്കൊള്ളും...നിങ്ങള്‍ക്ക് തിരിച്ചുപോകാം. യു മെ ഗോ ബാക്ക്" (സുജാതാദേവി, 2015:14-15). കൊടുങ്കാട്ടിലൂടെയുള്ള യാത്ര സാഹസികമാണെന്നും സ്ത്രീയ്ക്കത് അപ്രാപ്യമാണെന്നുമുള്ള ഉരുകിയുറച്ച പുരുഷധാരണയാണ് ബദൂരിയായുടെ വാക്കുകളില്‍ നിറയുന്നത്. കേന്ദ്രമന്ത്രിയുടെ നേരിട്ടുള്ള ഉത്തരവു നേടിയാണ് തുടര്‍യാത്ര തരപ്പെടുത്തിയതെന്ന് സുജാതാ ദേവി തുടര്‍ന്നെഴുതുന്നു.
അഫ്ഗാനിലെ സാമൂഹികസ്ഥിതി ഇന്ത്യയുടേതില്‍നിന്നും ഏറെ ഭിന്നമല്ല. ഇന്ത്യന്‍ നഗരങ്ങളില്‍ എവിടെയാണ് കാല്‍നടയാത്രക്കാര്‍ക്ക് പ്രത്യേകം അവകാശങ്ങള്‍ നല്‍കുന്നത്? അവിടെ നടക്കാമെങ്കില്‍ ഇവിടെന്തിനു മടിക്കണം? നടത്തം എഴുത്തിനെ സഹായിക്കുമെന്നതിനാല്‍ ഏറെദൂരം നടക്കാന്‍ താത്പര്യമുള്ള വ്യക്തിയാണ് തരണ്‍. ശരീരം വെറുതെ ചലിപ്പിച്ചുകൊണ്ടു നടക്കുമ്പോള്‍ പുറംലോകത്ത് വെറുതെ അലഞ്ഞുതിരിയാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുകയാണത്രേ. അപ്പോള്‍ എത്രയെത്ര വിഷയങ്ങളെക്കുറിച്ച് ആലോചന നടത്താം. ഇഷ്ടമുള്ള വഴികള്‍ തെരഞ്ഞെടുക്കാം. വേണമെങ്കില്‍ വഴിമാറിനടക്കാം. തോന്നുമ്പോള്‍ അവസാനിപ്പിക്കാം. ഇതൊക്കെ നടത്തത്തില്‍ മാത്രം ലഭിക്കുന്ന സ്വാതന്ത്ര്യങ്ങളാണ്. എഴുത്തും നടത്തവും തമ്മിലുള്ള ബാന്ധവത്തെക്കുറിച്ച് പലരും പറഞ്ഞിട്ടുണ്ടെങ്കിലും തനിക്ക് ഇപ്പോഴിത് കൂടിയേ തീരൂ എന്നൊരു തീരുമാനത്തിലേക്ക് തരണ്‍ എത്തിപ്പെടുന്നു.
വസന്തം കാബൂളിന്‍റെ വശ്യസൗന്ദര്യം മാറ്റിമറിച്ചു തുടങ്ങുകയാണ്. വിലക്ക് ലംഘിക്കാനുള്ള നാഴികയായെന്ന് തരണിനു തോന്നി. നഗരതെരുവിലെ പ്രധാന നിരത്തും, ഇരുവശങ്ങളിലേക്കും ക്രമംതെറ്റി നീളുന്ന ഊടുവഴികളും തൊട്ടൊഴുകുന്ന ശരീരപ്രവാഹത്തില്‍ അവളും അകപ്പെട്ടതോടെ അത് നിഷേധത്തിന്‍റെ ആദ്യചുവടുവെപ്പായി. സ്വതന്ത്രമായ വഴിനടത്തം തരണിനെ കാഴ്ചകളുടെ സമൃദ്ധിയിലേക്കാണ് നയിക്കുന്നത്. മൗനം കനംതൂങ്ങി നില്ക്കുന്ന ലൈബ്രറികളും പുസ്തകശാലകളും ഖനികളും അവള്‍ കണ്ടു. കാതടപ്പിക്കുന്ന നിശബ്ദത തളംകെട്ടിക്കിടക്കുന്ന ശ്മശാനങ്ങള്‍ കണ്ടു. സിനിമാശാലകളിലെ ആഘോഷപ്പെരുമഴ കണ്ടു. കൊക്കുരുമ്മുന്ന നിഷ്കളങ്ക പ്രണയങ്ങളും ധൂര്‍ത്ത് കൊടിയടയാളമായ ഉല്ലാസരാവുകളും കണ്ടു. ഉള്‍വ്യഥ കിനിഞ്ഞൊഴുകുന്ന കാവ്യാലാപനങ്ങള്‍ക്ക് കാതുകൊടുത്തു. പാശ്ചാത്യശക്തികളുടെ അനിയന്ത്രിതമായ ഇടപെടലിന്‍റെ ബാക്കിപത്രമെന്ന പോലെ കറുപ്പിനോട് അടിമത്തമുള്ള നഷ്ടയൗവനങ്ങളെയും കണ്ടു (Taran, 2019:40,50,98).
അപൂര്‍വ്വകാഴ്ചകള്‍ നുണഞ്ഞിറക്കുന്ന ആത്മഹര്‍ഷത്തോടെ മുന്നോട്ട് ഒഴുകിനീങ്ങുമ്പോള്‍ ഇടയ്ക്കിടയ്ക്ക് മനസില്‍ ഇഴഞ്ഞെത്തുന്ന ഭയപ്പാടിന്‍റെ ഓര്‍മ്മപ്പെടുത്തലുകള്‍; പക്ഷേ അവയെല്ലാം അവഗണിച്ച് ചുവടുവെക്കുമ്പോള്‍ ജീവിതം സാഹസികമാകുന്നതിന്‍റെ അവാച്യമായ അനുഭൂതി. തുടര്‍ന്നുള്ള പ്രതിയാത്രയ്ക്കും പെണ്‍വിനിമയത്തിനും അരങ്ങൊരുക്കിയ ആദ്യനടത്തമായി തരണ്‍ ഇതിനെ തിരിച്ചറിയുന്നു. നഷ്ടങ്ങളുടെയും വീണ്ടെടുക്കലിന്‍റെയും കേളിപോലെ നിമിഷാര്‍ദ്ധങ്ങളോരോന്നും മാറിമറിഞ്ഞ കാലം.
പിന്നീടും തരണ്‍ പലയാവൃത്തി കാബൂള്‍ സന്ദര്‍ശിച്ചു. കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ കാബൂളികള്‍ ആഗ്രഹം പ്രകടിപ്പിച്ചതായിരുന്നു പ്രധാന പ്രേരകം. വീഡിയോ നിര്‍മ്മാണവും അനുബന്ധ കാര്യങ്ങളും പഠിപ്പിച്ചപ്പോള്‍, അവര്‍ തിരികെ നല്കിയത് ജീവിതപാഠങ്ങളായിരുന്നു. ഷോര്‍ട്ഫിലിമുകളും ഡോക്യുമെന്‍ററികളും നിര്‍മ്മിക്കുന്ന യുവചലച്ചിത്രപ്രവര്‍ത്തകര്‍ ഒരുപാടുപേരെ കണ്ടുമുട്ടി. വളരെ കുറഞ്ഞ ബഡ്ജറ്റില്‍ ജോലി ചെയ്യുമെന്നു മാത്രമല്ല, ദിവസവും കൂടുതല്‍ സമയം ജോലികള്‍ക്കായ് ചെലവഴിക്കാന്‍ സന്നദ്ധരുമായിരുന്നു അവര്‍. സിനിമയും കഥകളും പരാമര്‍ശവിഷയമാകുമ്പോള്‍ അവര്‍ പ്രകടിപ്പിക്കുന്ന അഭിനിവേശം അന്യാദൃശമായിരുന്നു. ഫിലിം സ്കൂളുകളിലെ അഭ്യസനം അവര്‍ക്കു കിട്ടിയിട്ടില്ല. മികച്ച സംവിധായകരുടെയോ കലാപ്രവര്‍ത്തകരുടെയോ ശിക്ഷണവും ലഭിച്ചിട്ടില്ല. അതുകൊണ്ട് അവരുടെ സിനിമകള്‍ക്ക് കാലത്തിനിണങ്ങുന്ന സാങ്കേതികമികവ് അവകാശപ്പെടാനാവില്ലായിരിക്കും. കണ്ടുതീര്‍ക്കുന്ന സിനിമകളും അതേക്കുറിച്ചു നടത്തുന്ന സൗഹൃദചര്‍ച്ചകളും മാത്രമാണ് അവരുടെ പാഠപുസ്തകം. പക്ഷേ നഗരതെരുവുകളോടും ജീവിതത്തോടും ഉള്ളടുപ്പം സൂക്ഷിക്കുന്നതിനാലും കഥാപ്രവാഹത്തിന് സ്വാഭാവികമായ ഒഴുക്കുള്ളതിനാലും അവയെല്ലാം അവിശ്വസനീയമെന്നേ പറയേണ്ടൂ.
സൗന്ദര്യവും സംഘര്‍ഷവും തമ്മിലുള്ള ചങ്ങാത്തം
ഭൂപടത്തിലെ ഹൃദയഹാരിയായ ദേശങ്ങളോടും ജീവിതത്തോടും കലാപങ്ങള്‍ക്ക് എന്താണ് ഇത്ര അടുപ്പം? ആശങ്കയുണര്‍ത്തുന്ന ഈ വീണ്ടുവിചാരത്തിന് തൃപ്തികരമായ ഉത്തരം കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. അന്വേഷണങ്ങള്‍ കുറെ സന്ദിഗ്ധവിചാരങ്ങളിലേയ്ക്കു കൊണ്ടുചെന്നെത്തിക്കുമെന്നു മാത്രം. ഇന്ത്യയിലെ മനോരമ്യങ്ങളായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല, മധ്യപൂര്‍വ്വേഷ്യയിലും യുക്രെയിനിലും വൈരത്തിന്‍റെയും അവിശ്വാസത്തിന്‍റെയും പിടിച്ചെടുക്കലിന്‍റെയും തീമഴ ഇപ്പോഴും പെയ്തുകൊണ്ടിരിക്കുകയാണ്. അതിപുരാതനനഗരമായ കാബൂള്‍ ശ്രവണമാത്രയില്‍ മനസിലുണര്‍ത്തുന്ന ചിത്രപടങ്ങളത്രയും ചാരുദൃശ്യങ്ങളുടെ ഇഴകളാല്‍ നെയ്യപ്പെട്ടതാണ്. മഞ്ഞുപുതഞ്ഞു കിടക്കുന്ന മലകളുടെ ശൈത്യം പുതഞ്ഞ ഓര്‍മ്മകളാണ് ആദ്യമെത്തുന്നത്. പക്ഷേ നേരിട്ടു കാണുമ്പോഴോ, നിരന്തര സംഘര്‍ഷങ്ങളുടെ തിരയേറ്റത്തില്‍ വികൃതമാക്കപ്പെട്ട ഒരു ദേശത്തുണ്ടായി അതു മാറിയിരിക്കുന്നു. അധികാരത്തിന്‍റെ ആന്ധ്യം ബാധിച്ച വിവിധ ഗ്രൂപ്പുകള്‍ കാലാകാലങ്ങളില്‍ കാബൂളിനെ അധീനതയിലാക്കി. യുദ്ധത്തിന്‍റെ തേര്‍വാഴ്ചയില്‍ രാജ്യതലസ്ഥാനം രോഗാതുരമാക്കപ്പെട്ടു. അതിനിടയിലും ജനമനസുകളില്‍ സമാധാനത്തിന്‍റെ വെണ്‍പിറാവുകള്‍ ചിറകുവീശിപ്പറക്കുന്നു. ജീവിതത്തിന്‍റെ പഴയ പ്രമാണക്കെട്ടുകള്‍ പുറന്തള്ളി പുതിയ ജീവിതശീലങ്ങള്‍ പരീക്ഷിക്കുന്ന ഇടമായി കാബൂള്‍ മാറുന്നതിന്‍റെ രേഖാചിത്രം തരണ്‍ വരയ്ക്കുന്നത് തെരുവുകള്‍ തോറുമുള്ള കാല്‍നടയാത്രയിലൂടെയാണ്. ഇവിടെ നടത്തം പ്രതിരോധത്തിന്‍റെയും പ്രതിവായനയുടെയും കര്‍ത്തൃത്വരൂപീകരണത്തിന്‍റെയും മാര്‍ഗ്ഗമായി മാറുന്നു.
എഴുതാന്‍ തീരുമാനിക്കുന്നു
അഫ്ഗാനിലെ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനപരിപാടിക്കെത്തിയ തരണ്‍ (Taran, 2019:23) വിവിധ പ്രസിദ്ധീകരണങ്ങള്‍ക്കായി 2006 മുതലേ കാബൂള്‍ സ്റ്റോറികള്‍ ചെയ്യുന്നുണ്ടായിരുന്നു (Taran, 2019:217) ഒരു പുസ്തകമെഴുതുന്ന കാര്യമൊന്നും മനസിലുണ്ടായിരുന്നില്ല. അപ്പോഴും പുറംകാഴ്ചകള്‍ക്കടിയില്‍ ഖനിജസമൃദ്ധിയുണ്ടെന്ന തോന്നല്‍ നിഴല്‍പോലെ പിന്തുടര്‍ന്നിരുന്നു. ചില പ്രത്യേക വിഷയങ്ങളുടെ അകക്കാമ്പ് തേടിയുള്ള അന്വേഷണം അതിലേയ്ക്ക് എത്തിപ്പെടാനുള്ള അബോധശ്രമമായിരിക്കാം എന്നാണ് തരണ്‍ നല്കുന്ന വിശദീകരണം. അത്തരം ദീര്‍ഘരചനകളെ, ആസ്വദിച്ചു നിര്‍വഹിച്ച കര്‍മ്മമെന്ന് അവര്‍ വിശേഷിപ്പിക്കുന്നു.
ഒപ്പം ജോലിചെയ്തിരുന്ന അഫ്ഗാനികളുടെ സാമീപ്യമാണ് അങ്ങനെയൊരു താത്പര്യം ഊതിയുജ്ജ്വലിപ്പിച്ചത്. കഥകളുടെ വറ്റാത്ത ഉറവിടമാണ് ഓരോ അഫ്ഗാനിയുമെന്നു തോന്നിപ്പിക്കുംവിധം അവര്‍ തരണിനു മുമ്പില്‍ കഥാപ്രപഞ്ചത്തിന്‍റെ വാതായനങ്ങള്‍ മലര്‍ക്കേ തുറന്നിട്ടു. വര്‍ത്തമാനങ്ങളുടെ തുടര്‍ച്ച ബന്ധങ്ങളിലെ അകലം നേര്‍ത്തുനേര്‍ത്ത് ഇല്ലാതാക്കിയപ്പോള്‍, അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും തരണിന്‍റെയും ബന്ധുമിത്രങ്ങളായി. സംശയലേശമെന്യേ തരണിന് അവര്‍ ദൈനംദിന ജീവിതത്തില്‍ ഇടമനുവദിച്ചു. മൂടുപടങ്ങളില്ലാത്ത ആത്മബന്ധത്തിന്‍റെ അനുഭൂതിയിലേക്ക് വളര്‍ന്നെത്തിയ കാലമായിരുന്നു അത്. ആളുകള്‍ അവരുടെ സ്വകാര്യ ഇടങ്ങളിലേക്കുപോലും പ്രവേശനമനുവദിക്കുന്ന അനുഭവം. ചില സന്ദര്‍ഭങ്ങളില്‍ വളരെ ഉദാരമായി ലിവിംഗ് സ്പേസ് പങ്കിടുന്ന അപൂര്‍വത. കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ വഴിയൊരുക്കിയത് കാബൂളിന്‍റെ ഈ ഉദാരതയാണ്. ഇടപെടലുകളില്‍ സൗഹൃദത്തിന്‍റെ നനവു പടര്‍ന്നപ്പോള്‍, ഒരേ സമയം ജീവിതത്തിന്‍റെ സങ്കീര്‍ണതകളെയും സാധാരണതകളെയുംകുറിച്ച് അവരോട് ആരാഞ്ഞു. തുറസുകളിലെ ഹൃദയസംവേദനങ്ങളുടെ ലാളിത്യവും മറയില്ലായ്മയും ഇടമുറിയാതെ തുടര്‍ന്നപ്പോള്‍ അകംജീവിതത്തിന്‍റെ ഉള്ളറകള്‍ കൂടുതല്‍ സുതാര്യമായി. തുടര്‍ച്ചകളുടെയും ഇടര്‍ച്ചകളുടെയും സമാഹാരമായി കാബൂള്‍ തുടരുമ്പോഴും അവിടത്തെ ജീവിതം എത്ര സാധാരണമാണ്. ഒരു വീടിന്‍റെ ജനാലയ്ക്കരികില്‍ ഇരുന്നു വായിക്കുമ്പോള്‍പോലും അതു തിരിച്ചറിയാം.
നഗരജീവിതത്തിന്‍റെ യഥാര്‍ത്ഥ അകംകാഴ്ചകളിലേക്കുള്ള തീര്‍ത്ഥാടനമായാണ് ഈ സഹവാസങ്ങള്‍ അടയാളപ്പെടുന്നത്. കണ്ട കാഴ്ചകളും കേട്ട കഥകളും പുസ്തകത്തിന്‍റെ ശരീരമാര്‍ജ്ജിച്ചത് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമല്ല. എഴുത്തുരീതിയും മുന്നേ തീരുമാനിച്ചിരുന്നില്ല. ആളുകളെ പലയാവൃത്തി കണ്ടതും അവരുടെ ജീവിതം നിരീക്ഷിച്ചതും ക്രമേണ ഒരു വ്യാധിയായി നീറ്റിയപ്പോള്‍ മാത്രമേ എഴുത്ത് അനിവാര്യതയായി മാറിയുള്ളൂ. എഴുത്ത് കൂടിയേ തീരൂ എന്നൊരു ഉള്‍വിളിക്കു വിധേയപ്പട്ടപ്പോള്‍ തരണ്‍ ചോദിച്ചു: "പുസ്തകമെഴുതുകയാണ്. നിങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടോ?" അവര്‍ പറഞ്ഞു: 'തീര്‍ച്ചയായും എഴുതുക. ഒരു കുഴപ്പവുമില്ല.' അങ്ങനെ അവരെല്ലാം ഇതിലെ കഥാപാത്രങ്ങളായി.
നിരീക്ഷണവും പങ്കാളിത്തവുമാണ് എഴുത്തു സാധ്യമാക്കിയത്. 2013ല്‍ കാബൂള്‍ വിട്ടതിനു ശേഷം പുസ്തകത്തിന്‍റെ നിര്‍വഹണഘട്ടത്തിലേക്കു കടന്നു. കാബൂള്‍ വിടുന്നതും എഴുത്തു തുടങ്ങുന്നതിനുമിടയിലുള്ള അകലം എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്. അകന്നു നിന്നു കാഴ്ചകളിലേയ്ക്ക് വീണ്ടും വീണ്ടും നോക്കിയപ്പോള്‍ ചുറ്റും വട്ടംകറങ്ങുന്ന ഒരുപാട് ചിത്രങ്ങള്‍. അവ തമ്മിലുള്ള ഇഴയടുപ്പങ്ങളും ചേര്‍ച്ചക്കുറവും തിരിച്ചറിഞ്ഞ കാലം. ഉള്‍സ്വാതന്ത്ര്യത്തോടെ കൂട്ടിച്ചേര്‍ക്കേണ്ടവയെ കൂട്ടിച്ചേര്‍ക്കാനും ഒഴിവാക്കേണ്ടവയെ ഒഴിവാക്കാനും ഈ ദൂരം കരുത്തേകി.
മൂന്ന് ഡ്രാഫ്റ്റുകള്‍ തയ്യാറാക്കാന്‍ മാത്രം അച്ചടക്കം എഴുത്തിനു മുന്നേയുണ്ടായി എന്നു തരണ്‍ വെളിപ്പെടുത്തുന്നു. പുസ്തകത്തിന് തികച്ചും വ്യത്യസ്തമായ ഒരു മുഴക്കം ഉണ്ടാകണമെന്ന ആഗ്രഹമായിരുന്നു കാരണം. പക്ഷേ അതിന് നാടകീയമായ അംശങ്ങളൊന്നും ഉള്‍പ്പെടുത്താന്‍ തയ്യാറല്ലായിരുന്നു.
ഓര്‍മ്മകളുടെ പ്രിസത്തിലൂടെയുള്ള സഞ്ചാരമെന്നാണ് ഈ പുസ്തകവായനയെ തരണ്‍ സ്ഥാനപ്പെടുത്തുന്നത്. വായിക്കുന്ന ഓരോ തവണയും അതിനുള്ളില്‍ ഒരുപാട് ആളുകളെ കാണുന്നു. ധാരാളം സമയം മടുപ്പില്ലാതെ തന്നോടൊപ്പം സമയം പങ്കിട്ട നല്ല മനുഷ്യര്‍. അവരിപ്പോള്‍ കാബൂളില്‍ താമസിക്കുന്നില്ല. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവാസികളായി കഴിയുകയാണ്. അവിടെയൊക്കെ വെച്ച് അവരെ കണ്ടുമുട്ടുമ്പോള്‍, കാബൂള്‍ നഗരം അവിടെ പുതിയൊരു രൂപം ആര്‍ജ്ജിക്കുന്നതു പോലെ. ഭൂപടത്തിലെ അതിര്‍ത്തിരേഖകള്‍ക്കപ്പുറവും കാബൂള്‍ ജീവനോടെ വളരുകയാണെന്നു തോന്നിപ്പോകും.
ഓര്‍മ്മകളുടെ ഭൂപടവും സൂക്ഷ്മസഞ്ചാരവും
ഓര്‍മ്മകളുടെ ഭൂപടത്തിലൂടെയുള്ള സൂക്ഷ്മസഞ്ചാരവും അടയാളപ്പെടുത്തലുമാണ് ഈ കൃതി. കാബൂളിനെ സ്മൃതിനാശം സംഭവിച്ച നഗരമെന്നു (amnesiac city) വിശേഷിപ്പിക്കുമ്പോള്‍ അതിലൊരു ഉപഹാസയുക്തിയുണ്ട്. സമ്പന്നമായ പുരാതനത്വം പാടേ മറന്ന് ദുരന്തങ്ങളില്‍ മാത്രം ശ്രദ്ധയൂന്നി കാബൂളിനെ പ്രശ്നബാധിതമേഖലയാക്കി നിലനിര്‍ത്തുന്ന മാധ്യമവേലകളുടെ നേര്‍ക്കുള്ളതാണ് ആ വാക്ശരം. പാശ്ചാത്യമാധ്യമങ്ങള്‍ വരയുന്ന ഇരുണ്ട കാബൂളിനപ്പുറം, പ്രതീക്ഷയുടെയും നന്മയുടെയും ടുലിപ് പുഷ്പങ്ങള്‍ വിടരുന്ന മറ്റൊരു കാബൂള്‍ നിഴലുപോലെ നഗരത്തിനപ്പുറമുണ്ടെന്ന് പുസ്തകം ഓര്‍മ്മപ്പെടുത്തുന്നു.
കാബൂളിനെക്കുറിച്ചുള്ള ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകള്‍ തരണിനു സമ്മാനിച്ചത് മുത്തച്ഛന്‍ ബാബയാണ് (Taran, 2019:16,33) അദ്ദേഹം ഒരിക്കല്‍പ്പോലും കാബൂളില്‍ പോയിട്ടില്ലെങ്കിലും വിശാലമായ ലൈബ്രറിയിലെ പുസ്തകങ്ങളിലൂടെ കാബൂളിന്‍റെ സൗന്ദര്യം നുകര്‍ന്നിട്ടുണ്ട്. പേര്‍ഷ്യന്‍ ഭാഷ നന്നായി സംസാരിച്ചിരുന്ന അദ്ദേഹം ഇരുപതാം നൂറ്റാണ്ടിന്‍റെ പകുതി വരെ കാബൂളിന്‍റെ കടുത്ത ആരാധകനായിരുന്നു. അലിഗഡില്‍ വെച്ച് മുത്തച്ഛന്‍ ബാബ നല്‍കിയ കാബൂള്‍ വിവരണങ്ങള്‍ അവിടെ ചെലവഴിച്ച കാലത്ത് ഓര്‍മ്മപ്പെടുത്തലുകളും പ്രചോദനവുമായി തരണിനോടൊപ്പമുണ്ടായിരുന്നു. അതേക്കുറിച്ച് അവര്‍ പറയുന്നു:
'തീര്‍ത്തും വ്യക്തിപരമായി പറഞ്ഞാല്‍ എനിക്ക് ഏറെ ഭദ്രതാബോധം അനുഭവപ്പെട്ട നഗരമാണ് കാബൂള്‍. കാരണം അവിടത്തെ സുരക്ഷിതത്വത്തെയും നന്മയെയും കുറിച്ച് മുത്തച്ഛന്‍ പറഞ്ഞതൊക്കെയും അദ്ദേഹത്തിന്‍റെ സ്വരത്തില്‍ എന്‍റെ കാതുകളില്‍ പ്രതിധ്വനിച്ചുകൊണ്ടിരുന്നു. എനിക്കു വീടെന്നു പറയുന്നത്, നഗരങ്ങളെക്കുറിച്ചു കഥകള്‍ പറയുന്ന എന്‍റെ മുത്തച്ഛന്‍റെ സ്വരം കൂടിയാണ്. കാബൂളിലായിരുന്നപ്പോള്‍, അലിഗഡിലെ സ്വന്തം വീട് കൂടെ സഞ്ചരിക്കുന്ന അനുഭവമായിരുന്നു' (Taran, 2019:36). ഇത്തരം ഓര്‍മ്മകളാണ് അതിനു വെള്ളവും വളവും നല്കുന്നത്.
വഴിനടത്തത്തിനിടെ കാബൂളിന്‍റെ മുക്കിലും മൂലയിലും കണ്ടുമുട്ടിയ മനുഷ്യരുമായി ബന്ധം പുലര്‍ത്താന്‍ ആത്മബലം തന്നതും, കാതില്‍ പതിഞ്ഞ കാബൂള്‍ കഥകളെ ഊഷ്മളമാക്കിയതും, അധിനിവേശകരുടെ കടന്നുകയറ്റവും വ്യവസ്ഥാപിത ഇടപെടലുകളും അപമാനവീകരണവും ഉളവാക്കിയ പ്രതിസന്ധികള്‍ വെളിച്ചത്തിലേക്കു നീക്കിനിര്‍ത്താന്‍ കരുത്തു പകര്‍ന്നതും ഈ ഓര്‍മ്മകളാണ്. കീഴ്പ്പെടുത്തലിന്‍റെ വിജയഭേരികള്‍ക്കും അതിജീവനത്തിന്‍റെ കാഴ്ചകള്‍ക്കും ഇടയിലൂടെ നടന്നപ്പോള്‍, ബാബ പറഞ്ഞുകേട്ട ഓര്‍മ്മകളുടെ ഭൂപടങ്ങളോട് തരണ്‍ സംവദിക്കുകയായിരുന്നു. ഭാവനകളും വര്‍ത്തമാനവും തമ്മിലുള്ള അന്തരങ്ങളുടെ അകലവും ആഴവും അവരെ അത്ഭുതപ്പെടുത്തിയെന്നത് നേര്.
കാബൂളിലെ സുഹൃത്തുക്കള്‍ അവരുടെ നഗരത്തെക്കുറിച്ചുള്ള കഥകള്‍ പറയുന്നതിനുള്ളിലും സ്വന്തം വീട് കണ്ടെത്തുന്നതായി തരണ്‍ സൂചിപ്പിക്കുന്നുണ്ട്. അവരുടെ ഓര്‍മ്മകള്‍ വളരുന്തോറും തന്‍റെ വീടിന്‍റെ ചിത്രവും കൂടുതല്‍ വ്യക്തമാകുന്ന അനുഭവം. വീട് ഒരു പരിധിയോളം ദ്രാവകത്വസ്വഭാവമുള്ള ആശയമാണെന്നു വിശ്വസിക്കാനാണ് തരണിനിഷ്ടം. നമ്മോടൊപ്പം നമ്മുടെ വീടും യാത്ര ചെയ്യുകയാണ്. 2015ലെ അഭയാര്‍ത്ഥിപ്രവാഹം അത്ര നല്ല ഓര്‍മ്മയല്ല. മെഡിറ്ററേനിയന്‍ കരയിലൂടെയും കടല്‍ മാര്‍ഗ്ഗവും അഭയകേന്ദ്രം തേടി അലഞ്ഞുതിരിഞ്ഞ ലക്ഷക്കണക്കിന് പ്രവാസികള്‍. അക്കൂട്ടരില്‍ ഏറ്റവും ഉയര്‍ന്ന ശതമാനം അഫ്ഗാനികളായിരുന്നു; ഏതാണ്ട് 21.3 ശതമാനം. നഷ്ടങ്ങളുടെ കീറച്ചാക്കുമായി ഈ അഭയാര്‍ത്ഥികള്‍ അപരിചിതദേശങ്ങളില്‍ പാര്‍പ്പുറപ്പിച്ചപ്പോഴും അവര്‍ക്കൊപ്പം കാബൂളിലെ വീടുകളുമുണ്ടായിരുന്നു. വീട് ജൈവവും ചലനാത്മകവുമാകുന്ന അത്ഭുതമാണത്.
വ്യക്ത്യനുഭവങ്ങളിലൂടെ ദേശനിര്‍മ്മിതി
വ്യക്ത്യനുഭവങ്ങളിലൂടെ ദേശനിര്‍മ്മിതി എന്ന രചനാതന്ത്രമാണ് ഈ ചിത്രസംയോജനത്തിന് തരണ്‍ പിന്‍പറ്റുന്നത്. യുദ്ധവും അധിനിവേശവും ചവച്ചുതുപ്പിയ നഗരത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പത്രപ്രവര്‍ത്തകയുടെ നിര്‍മമത്വം അടിമുടി കലരുന്നുണ്ട്. കാബൂളിനെക്കുറിച്ച് എഴുതാന്‍ തുടങ്ങിയപ്പോള്‍ തരണ്‍ നേരിട്ട പ്രതിസന്ധികള്‍ പ്രധാനമായും രണ്ടെണ്ണമാണ്. അവ രണ്ടും പഴകിത്തേഞ്ഞ, ഇരുട്ടു കലര്‍ന്ന പ്രബലധാരണകളായിരുന്നു. യുദ്ധക്കെടുതികളുടെയും നാശകൂമ്പാരങ്ങളുടെയും അരക്ഷിതത്വത്തിന്‍റെയും കളിയരങ്ങും ശ്മശാനസമം പ്രതീക്ഷയറ്റതുമായ ഭൂമിയാണ് കാബൂള്‍ എന്നതാണ് അതിലാദ്യത്തേത്. അസാമാന്യമായ കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കുന്ന ജനങ്ങളാണ് അവിടെങ്ങും എന്നതായിരുന്നു രണ്ടാമത്തെ ധാരണ. ഇവ രണ്ടിനോടും തരണിന് ഉള്ളിണക്കം തോന്നുന്നില്ല. റൊമാന്‍റിക് വര്‍ണ്ണങ്ങള്‍ കലര്‍ന്ന അലംകൃതഭാഷയില്‍ പഴയ കാബൂളിനെ വരയ്ക്കാനോ, യുദ്ധം ബാധിക്കാത്ത ഒരുപാട് സ്ഥലങ്ങള്‍ ഇനിയും ബാക്കിയുണ്ട് എന്ന പഴകിത്തേഞ്ഞ ഉജ്ജീവനമൊഴി ആവര്‍ത്തിക്കാനോ തയ്യാറാകാതെ, കണ്ടുമുട്ടുന്ന ആളുകളിലും അവര്‍ തുറന്നിടുന്ന അനുഭവപരിസരങ്ങളിലും തരണ്‍ എഴുത്ത് കേന്ദ്രീകരിക്കുന്നു. കാബൂളിനെ വരയ്ക്കാന്‍ തരണ്‍ ഉപയോഗിക്കുന്ന കാന്‍വാസും ബ്രഷും നിറങ്ങളും അതുമാത്രമാണ്. നഷ്ടങ്ങളുടെ ചക്രവാതച്ചുറ്റിലും തികഞ്ഞ പ്രതീക്ഷ സൂക്ഷിക്കുന്ന കാബൂള്‍. കഷ്ടനഷ്ടങ്ങളുടെ ഇടയിലുള്ള നൂല്‍പ്പാലത്തിലൂടെ പ്രതീക്ഷയുടെ കൈവരിയില്‍ മുറുകെപ്പിടിച്ച് അവര്‍ മുന്നോട്ടു നിങ്ങുന്നു. മുന്‍ധാരണകളെ അവഗണിക്കുക, ആവൃതമായ അടരുകളിലേക്കു് കണ്ണെത്തിക്കുക, അവയുടെ പരിസ്ഥിതി മുഴുവന്‍ സൂക്ഷ്മതയോടെ വരഞ്ഞിടുക, അതായിരുന്നു തരണിന് എഴുത്തുപ്രമാണം.
ചുറ്റുമുള്ള ആളുകളെ വിശ്വസിക്കണമെന്ന പാഠമാണ് കാബൂളില്‍ ചെന്നപ്പോഴേ ആദ്യം പഠിച്ചത്. അഫ്ഗാന്‍ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും തന്‍റെ അതിജീവനകവചം (ൗൃ്ശ്മെഹ സശേ) എന്നു തരണ്‍ വിശേഷിപ്പിക്കുന്നു. ഒരു ഷോര്‍ട്ഫിലിമിന്‍റെ ചിത്രീകരണത്തിന് പോയ സന്ദര്‍ഭം ഓര്‍ക്കുന്നുണ്ട്. ആ ലൊക്കേഷനില്‍ കുറേനേരം കൂടി ഷൂട്ടുചെയ്താല്‍ രംഗങ്ങള്‍ കുറേക്കൂടി മികച്ചതാക്കാമെന്ന വിചാരം ശക്തമായിരുന്നു. പക്ഷേ ഡ്രൈവറും ഭര്‍ത്താവും, ഉടന്‍ സ്ഥലം കാലിയാക്കാന്‍ നിര്‍ബന്ധിച്ചു. ഉള്ളിലുള്ള നീരസം ആരോടു പറയാന്‍ മനസില്ലാമനസോടെ മടങ്ങുമ്പോള്‍ അവര്‍ പറഞ്ഞു: വിഷമിക്കരുത്. കണ്ടില്ലേ, നേരം വളരെ പെട്ടെന്ന് ഇരുളുകയാണ്. ഇപ്പോള്‍ പുറംസ്ഥലങ്ങളില്‍ കഴിയുന്നത് നല്ലതല്ല; ആപത്തു വിളിച്ചു വരുത്തും. ഒട്ടും സുരക്ഷിതമല്ലാത്തതുകൊണ്ടാണ് പോകാമെന്നു പറഞ്ഞത്. അവരുടെ സ്വരങ്ങള്‍ക്കു കാതുകൊടുക്കണമെന്ന് അപ്പോഴേ ഉറപ്പിച്ചു. അവര്‍ അവിടത്തുകാരല്ലേ; തനിക്കു മനസിലാക്കാനാവാത്ത ധാരാളം കാര്യങ്ങള്‍ ആഴത്തില്‍ മനസിലാക്കുന്നവര്‍.
ശരാശരി അഫ്ഗാനികളില്‍ നിറംമങ്ങാതെ വെളിപ്പെടുന്ന മനുഷ്യത്വവും മാന്യതയും, അപൂര്‍വ്വവും ഊഷ്മളവുമായ ആതിഥേയത്വവും, വര്‍ത്തമാനങ്ങളില്‍ മേമ്പൊടി പോലെ പറ്റിച്ചേര്‍ന്നുകിടക്കുന്ന നര്‍മ്മവും കഥക്കൂട്ടും ആസ്വദിച്ച സന്ദര്‍ഭങ്ങള്‍ അനവധിയാണെന്ന് തരണ്‍ കുറിക്കുന്നു. കാബൂളില്‍ ആദ്യം പോയപ്പോള്‍ നുകര്‍ന്ന അതേ ഊഷ്മളത തന്നെയാണ് പിന്നീടും അനുഭവിച്ചത്. ആപത്ഭീതി മൂലം നഗരംവിട്ട് വിവിധ രാജ്യങ്ങളില്‍ അഭയം പ്രാപിക്കാന്‍ ഒരുങ്ങിനില്ക്കുന്ന കുറെപ്പെരെ ആദ്യസന്ദര്‍ശനത്തില്‍ കണ്ടു. നാളുകളിത്ര കഴിഞ്ഞിട്ടും പ്രവാസികളായ അവരുമായി ഇപ്പോഴും ബന്ധം തുടരുന്നുണ്ട്. അവരാരും കലാപം കൊണ്ടുവന്ന ഗതികേടുകളുടെ മുകളില്‍ അടയിരിക്കുന്ന നിഷ്ക്രിയരല്ല. ലാഭചേതങ്ങളുടെ കണക്കെടുപ്പു നടത്തി സങ്കടങ്ങളുടെ കരിമ്പടത്തിനുള്ളില്‍ ഉള്‍വലിഞ്ഞവരുമല്ല. നീതിരഹിതമായ പീഡനങ്ങളുടെ ഇരകളാണ് തങ്ങളെന്ന നിലവിളികള്‍ ഒരിടത്തും ഉയരുന്നില്ല. വിലാപങ്ങള്‍ക്കും പലായനങ്ങള്‍ക്കും പിന്നാലെ ആര്‍ത്തിപൂണ്ടു പായുന്ന മാധ്യമങ്ങള്‍ പുറത്തുവിടുന്ന ചിത്രങ്ങളും വിവരണങ്ങളും അര്‍ദ്ധസത്യമോ അസത്യമോ മാത്രമെന്നു പറയേണ്ടിവരുന്നത് അതുകൊണ്ടാണ്.
കാബൂളിലെ സാധാരണ ജനം കുടിച്ചുതീര്‍ക്കുന്ന കഷ്ടതയുടെ ജലം അവര്‍ക്കു സമ്മാനിച്ചത് ആരാണെന്ന് തരണ്‍ ആരായുന്നു. താലിബാനും അമേരിക്കന്‍ പട്ടാളവുമാണോ? അതോ അവര്‍ക്കു മുന്നേ ഇവിടെ നുഴഞ്ഞു കയറിയ സോവ്യറ്റ് യൂണിയനാണോ? സാമൂഹികതിന്മയുടെ ഈ തേര്‍വാഴ്ചയില്‍ ആരാണ് ഒന്നാം സ്ഥാനത്ത് എന്നു തിരിച്ചറിയാന്‍ നന്നേ ബുദ്ധിമുട്ടാണ്. ഇത്തരം കടന്നുകയറ്റങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ ഒന്നുമറിയാത്തപോലെ നിശബ്ദരായി നോക്കിനില്ക്കുന്ന ശാക്തികചേരികളും വന്‍കിടരാഷ്ട്രങ്ങളും യുദ്ധക്കുറ്റവാളികളല്ലേ എന്ന അടിസ്ഥാനചോദ്യം കൃതിയില്‍ മുഴങ്ങുന്നുണ്ട്. അതിര്‍ത്തിക്കപ്പുറം അധികാരം ഉറപ്പിക്കാന്‍ അധിനിവേശത്തിന് ഉത്തരവിടുന്ന ഭരണകൂടമോ, കീഴടക്കലിന്‍റെ ആവേശം സിരകളില്‍ നിറച്ച് വെടിയുതിര്‍ക്കുന്ന സൈനികരോ, ചാവേറാക്രമണത്തിന്‍റെയും ഗറില്ലാ യുദ്ധമുറയുടെയും പോര്‍മുഖങ്ങള്‍ തുറന്ന് അരുംകൊലയില്‍ മദിക്കുന്ന വിപ്ലവകാരികളോ അല്ല, ഓരോ നിമിഷവും മരണം മുന്നില്‍ കണ്ട് പേടിച്ചരണ്ടു വീടിനുള്ളില്‍ കഴിയുന്ന സ്ത്രീകളും വൃദ്ധരും കുഞ്ഞുങ്ങളുമാണ് ലാഭക്കൊതിയുള്ള യുദ്ധക്കച്ചവടത്തില്‍ പരിക്കേല്ക്കുന്ന കാലാളുകള്‍.
ഒരു പതിറ്റാണ്ടോളം നീണ്ട സംഘര്‍ങ്ങളും യുദ്ധക്കെടുതികളും എത്ര പെട്ടെന്നാണ് ജീവിതത്തെ മാറ്റിമറിക്കുന്നതെന്ന് നഗരവാസികള്‍ തിരിച്ചറിയുകയായിരുന്നു. അപ്പോഴും സിരകളിലൂടെ ഒഴുകുന്ന നന്മകള്‍ കൈമോശം വരാതെ അവര്‍ സൂക്ഷിച്ചു. മരുപ്പറമ്പുകളുടെ ഓരത്തിരുന്ന് പ്രതീക്ഷ വിരിയുന്ന നക്ഷത്രക്കണ്ണുകളുമായി അവര്‍ വാതോരാതെ സംസാരിക്കുന്നത് ആരെയും അതിശയിപ്പിക്കും. അസ്തമയങ്ങള്‍ക്കപ്പുറവും സൂര്യവെളിച്ചം കിനാവു കാണുന്ന കുറച്ചാളുകളുമായി ഇടപഴകിയതിന്‍റെ നാള്‍വഴിയായതിനാലാവാം നിഴല്‍ നഗരത്തെക്കുറിച്ചുള്ള ഈ പുസ്തകം ഇപ്പോഴും ചര്‍ച്ചയാവുന്നത്.
പുരുഷകാഴ്ചകളെ അപേക്ഷിച്ച് പെണ്‍കാഴ്ചകള്‍ വിശാലവും ബഹുത്വവുമുള്ളതായിരിക്കുമെന്ന നിരീക്ഷണത്തോട് തരണിന്‍റെ ആഖ്യാനത്തിന് ഇണക്കമുണ്ട്. വസ്തുവിവരണത്തില്‍ ശ്രദ്ധിക്കുന്നതിനേക്കാള്‍, അനുകമ്പയുടെയും സ്നേഹത്തിന്‍റെയും മേമ്പൊടി ചേര്‍ത്ത് കാഴ്ചകളെ വിനിമയം ചെയ്യുന്ന പെണ്ണെഴുത്തിന് ഇവിടെ ഒരുപാട് മാതൃകകള്‍ കണ്ടെത്താം. കാബൂളില്‍ കണ്ടുമുട്ടിയ സ്ഥലങ്ങളെയും ആളുകളെയും കുറിച്ച് സംസാരിക്കുമ്പോള്‍ കാബൂളിനോടുള്ള തരണിന്‍റെ സ്നേഹം പ്രകടമാണ്. അവളുടെ കണ്ണുകളില്‍ കാബൂളിന്, കലാപത്തിലും ദാരിദ്ര്യത്തിലും തകര്‍ന്ന ഒരു നഗരത്തിന്‍റെ ദാരുണരൂപമല്ല; അധിനിവേശത്തിന്‍റെ തിരയേറ്റത്തിലും മാധുര്യവും ഉന്മേഷവും കവര്‍ന്നെടുക്കപ്പെടാത്ത തീരദേശജീവിതത്തിന്‍റെ പച്ചപ്പാണ്.
ഉപസംഹാരം
നിഴല്‍ നഗരം: കാബൂളിലൂടെയുള്ള ഒരു പെണ്‍നടത്തം എന്ന തരണ്‍ ഖാന്‍റെ കൃതി, പ്രസ്ഥാനപരമായി സഞ്ചാരസാഹിത്യത്തിന്‍റെ നിരയില്‍പ്പെടുന്നു. ഒടുങ്ങാത്ത യുദ്ധവെറിയുടെയും സമാനതകളില്ലാത്ത അനീതികളുടെയും അന്യവത്ക്കരിക്കപ്പെട്ട ജനക്കൂട്ടത്തിന്‍റെയും ലോകമായി മാറിയ കാബൂളിനെക്കുറിച്ചുള്ള ഈ രചന, സത്യസന്ധവും ഉദ്വേഗജനകവുമായ നേരനുഭവങ്ങളുടെ പകര്‍ത്തലാണ്. രക്ഷകവേഷത്തില്‍ രാജ്യത്തെത്തുന്ന വന്‍ശക്തികള്‍ ഭ്രാന്തമായ ഷെല്ലാക്രമണത്തിനും കിരാതമായ വ്യോമാക്രമണത്തിനും ജനവാസമേഖലകള്‍ ഉഴുതുമറിക്കുന്ന കരയുദ്ധത്തിനും അവിടം അധീനമാക്കുന്നു. ഭീകരതയുടെയും തീവ്രവാദത്തിന്‍റെയും പേരുപറഞ്ഞാണ് ഈ അധിനിവേശവും അക്രമവും. ചിതറിത്തെറിക്കുന്ന ശരീരങ്ങളും ഇടിച്ചുനിരത്തപ്പെടുന്ന വീടുകളും അനാഥമാക്കപ്പെടുന്ന ജീവിതങ്ങളും, ലോകഭീഷണി അമര്‍ച്ചചെയ്യാനുള്ള സത്കര്‍മ്മങ്ങളായി വാഴ്ത്തപ്പെടുന്നു. യുദ്ധഭൂമികളില്‍നിന്നുള്ള സജീവസംപ്രേഷണങ്ങളിലൂടെ മാധ്യമങ്ങള്‍ അധിനിവേശകരെ രക്ഷകരും തദ്ദേശീയരെ അക്രമികളുമായി കൊണ്ടാടുന്നു. ഏകപക്ഷീയമായ ഇത്തരം വ്യാഖ്യാനങ്ങളുടെ മുനയൊടിക്കുകയാണ് തരണിന്‍റെ നടത്തവും ആഖ്യാനവും.
കൊടുങ്കാറ്റു പോലെ ചീറിയടിക്കുന്ന യുദ്ധത്തില്‍നിന്നും ആഘാതങ്ങളില്‍നിന്നും പെരുമഴപോലെ പെയ്തിറങ്ങുന്ന വിഷാദങ്ങളില്‍ നിന്നും ഫീനിക്സിനെപ്പോലെ പറന്നുയരാന്‍ വെമ്പല്‍കൊള്ളുന്ന ഒരു ജനതയുടെ ആത്മരേഖയായി നിഴല്‍നഗരം പരിണമിക്കുന്നു. മനസിന്‍റെ ആഴങ്ങളെ തൊട്ടുനില്ക്കുന്ന സമ്മിശ്രമായ അനുഭവങ്ങളത്രയും ഫില്‍ട്ടര്‍ ചെയ്യാത്ത ലെന്‍സിലൂടെ നോക്കിക്കണ്ട് എഡിറ്റു ചെയ്യാതെ ഇതിലവതരിപ്പിക്കുകയാണ്. എഴുത്തിന്‍റെ വിഷയം ദുരന്തങ്ങളല്ല, അതിനപ്പുറമുള്ള ജീവിതവും ഉപജീവനവുമാണ്. ഒരു സ്ഫടികത്തിലൂടെ പുറത്തേയ്ക്കു വരുന്ന സപ്തവര്‍ണ്ണരാജിയുടെ സൗന്ദര്യത്തികവാണ്, ഈ നൂറ്റാണ്ടിലെ കാബൂള്‍ ജീവിതത്തിന്‍റെ മറയ്ക്കപ്പെട്ട മുഖങ്ങളത്രയും വെളിപ്പെടുന്ന ഇതിലെ ഏഴധ്യായങ്ങള്‍ക്കുമുള്ളത്. തീവ്രമായ മതനിയമങ്ങള്‍ പ്രാബല്യത്തിലാക്കിയ താലിബാന്‍ ഭരണകാലത്ത് ക്രിക്കറ്റ് കളിക്കുന്ന കുട്ടികളും യുവാക്കളും, ബോളിവുഡ് സിനിമകള്‍ ഒളിവില്‍ കാണുന്ന പെണ്‍കുട്ടികളും, വിവാഹാഘോഷങ്ങളില്‍ ഹിജാബ് മാറ്റി നൃത്തം ചെയ്യുന്ന സ്ത്രീകളും, അധിനിവേശകരുടെ നിയന്ത്രണങ്ങള്‍ അതിജീവിച്ച ഫിലിം ആര്‍ക്കൈവ്സുമെല്ലാം സ്വീക്വന്‍സുകളായി കടന്നുവരുന്നതിന്‍റെ മാധുര്യം പറഞ്ഞറിയിക്ക വയ്യ. പുരാതനനഗരത്തിന്‍റെ ചരിത്രം കുറച്ചേയുള്ളൂ; അതും ആരംഭഭാഗത്ത്. പുരാരേഖകളോ തെളിവുകളോ അതിലും കുറച്ചുമാത്രം. കാരണം, അതല്ലല്ലോ എഴുത്തിന്‍റെ ഉള്ളും ഉന്നവും.
ഗ്രന്ഥസൂചി:
സുജാതാ ദേവി, (2015), കാടുകളുടെ താളം തേടി, കോഴിക്കോട്: മാതൃഭൂമി ബുക്സ്
Taran Khan N., (2019), Shadow City: A Woman Walks Kabul, Gurugram: Penguin Random House,
Thompson, Carl (2011), Travel Writting, London: Routledge
Wilkinson, John (1999) . Egeria’s Travels, Warminster: Aris &Phillips Ltd.