Mixed languages Applications in place names: A study based on ArabiMalayalam literature
Arshida. A.T
Toponmy is the scientific study of place names. Toponyms can provide most valuable evidence for the study of human culture and Civilization like history and archaeology. Toponymist J.J. Egli observe that, “place names derived from the intellectual characteristics of a people reflect their cultural status and development”. This study mainly focuses on the topic ‘mixed languages uses in place names:a study based on ArabiMalayalam literature’. ArabiMalayalam is a script developed to write Malayalam by modifying Arabic letters and its rich in multilingual forms.arabimalayalam acquired the form of a hybrid language which has adopted words from various languages like Tamil, Sanskrit, Urdu, Persian, Hindi, Arabic and English. some toponyms in active arabimalayalam literature occur in translated forms. This research paper attempts to study the toponyms that undergo such process of translation.
Keywords: toponomy, arabimalayalam, mixed language, translation, ponnani
Reference:
Ulloor s. Parameshwarayyar. (1979). gaveshanam: ulloorinte prabadhangal. page6. Thiruvananthapuram. University of Kerala. publication dipartment.
Dr. Rajendran vilakkudi. (2016). Place names of kollam district. (from an article prepared by based on his thesis). Thiruvananthapuram. University of kerala.
K. Maheshwaran nair. (1995). chattambiswamikal jeevithavum krthikalum. (collected work). (Page: 927-934). Thiruvananthapuram. Duma books.
R.T. Pilla and sons. (Page: 1-23), keralathile sthalanaamangal. Chala. Thiruvananthapuram. Kairali darppanam.
Prasanth mithran. (Friday march 6, 2015). kerala paithrkam-kerala knowledge and heritage. Blog post article.
V. C. sreejan. Kavithayile angaadikal. (Article)
Quted by severine silva.(1963). toponomy of canara. page: 87. bombas. popular prakashan.
Dr. Rajendran Valakudi. Lfrom an article prepared based on his research paper on ‘Place Names of Kollam District’.University of Kerala. ‘Place Names of Kerala Culture Studies, Volume-1 ed. Professor Panmana Ramachandran Nair, Current Books, New Edition, Volume-188
Abhinsha M.U. (2015).deshavum samskaaravum maappila saahithyathil: mundambra unni mammadinteyum pulikkottil hydarinteyum krthikal aadhaaramaaki oru padanam (thesis). Page:125. Aligarh Muslim University.
Ponnani :(ml. m. Wikipedia.org)
Dr. Aboobacker. P.A. (Sep. 2018).Arabimalayalam malayalathinte classikkal bhavangal. Kondotty. Mahakavi moyin kutti vaidyar mappila kala accadamy.
Dr. Saithalavi cheerangott. (June 2020).sambarkka bhasha sasthra parikalpanakalum Arabimala- yalavum (article ). Isal paithrkam research journal.
Abdullakkutti. V. (2007). areekkodinte kissa: oru gramathinte saamsaarika charithram. (Page 17). calicut. Lipi publication.
സ്ഥലനാമങ്ങളിലെ മിശ്രഭാഷാ പ്രയോഗങ്ങള്‍: അറബിമലയാള സാഹിത്യത്തെ അടിസ്ഥാനമാക്കി ഒരു പഠനം
അര്‍ഷിദ എ.ടി
അറബി അക്ഷരങ്ങളെ പരിഷ്ക്കരിച്ച് മലയാളമെഴുതാന്‍ ഉണ്ടാക്കിയ ലിപി സമ്പ്രദായമാണ് അറബിമലയാളം. അറബിയിയിലെയും മലയാളത്തിലെയും അക്ഷരങ്ങള്‍ എഴുതാവുന്ന രൂപത്തിലും അറബി ലിപി പോലെ വലത്തുനിന്ന് ഇടത്തോട്ടുള്ള എഴുത്തു രീതിയും അറബിമലയാളം അവലംബിക്കുന്നു. അതുകൊണ്ടു തന്നെ അറബിമലയാളമെന്ന പേര് ഭാഷക്കതീതമായി ലിപി സമ്പ്രദായത്തിനാണ് കൂടുതല്‍ യോജിക്കുന്നത്. ഒ. ആബു സാഹിബ് സ്വന്തമായി വ്യാകരണമുള്ള ഒരു പ്രത്യേക ഭാഷയാണ് അറബിമലയാളമെന്ന് ശക്തിയുക്തം വാദിക്കുന്നു (അറബിമലയാള സാഹിത്യ ചരിത്രം, പുറം 22). എന്നാല്‍ മലയാളത്തിന്‍റെ ഭാഷാഭേദങ്ങളില്‍ ഒന്നിന്‍റെ ലിഖിത രൂപം മാത്രമാണ് അറബിമലയാള മെന്നാണ് കെ.ഒ. ശംസുദ്ധീന്‍ പറയുന്നത് (മാപ്പിള മലയാളം ഒരു ഭാഷാമിശ്രം, പുറം 4). എന്തു തന്നെയായാലും മിശ്രഭാഷാ പ്രയോഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് അറബിമലയാളം. തമിഴ്, സംസ്കൃതം, ഉറുദു പേര്‍ഷ്യന്‍, ഹിന്ദി, അറബി, ഇംഗ്ലീഷ് തുടങ്ങിയ വിവിധ ഭാഷകളില്‍നിന്നു പദ സ്വീകരണം നടത്തിയിട്ടുള്ള അറബിമലയാളത്തിന് സങ്കരഭാഷാ രൂപം കൈവന്നിട്ടുണ്ട്.
സമ്പര്‍ക്ക ഭാഷാ ശാസ്ത്രത്തിന്‍റെ പ്രധാനപ്പെട്ടൊരു പഠന മേഖല സങ്കരഭാഷയെ കുറിച്ചാണ്. വിവിധ സമൂഹങ്ങള്‍ സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ അനായാസകരമായ ആശയ വിനിമയത്തിനു വേണ്ടി സ്വന്തം ഭാഷയില്‍ രൂപമാറ്റങ്ങള്‍ വരുത്താറുണ്ട്. ഇത്തരം സമ്പര്‍ക്കങ്ങളുടെ ഫലമായുണ്ടാകുന്ന ഭാഷയുടെ ശാസ്ത്രീയ പഠനമാണ് സമ്പര്‍ക്കഭാഷാ ശാസ്ത്രം കൈകാര്യം ചെയ്യുന്നത്.
ഭാഷയുടെ ഈ ശാസ്ത്രീയ പഠനത്തില്‍ സങ്കര ഭാഷകളെ പിജിന്‍ (Pidgin) എന്നാണ് സൂചിപ്പിക്കുന്നത്. വ്യാപാരാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ആശയ വിനിമയത്തിനാണ് പിജിന്‍ പൊതുവെ രൂപപ്പെടുത്തിയിട്ടുള്ളത്. അറബിമലയാളമൊരു പിജിന്‍ ഭാഷയല്ലയെന്ന് ഡോ. സൈതലവി (A Sociolinguistic Evaluation of Arabimalayalm. അപ്രകാശിത ഗവേഷണ പ്രബന്ധം, മൈസൂര്‍ സര്‍വകലാശാല, 2013) സമര്‍ത്ഥിക്കുന്നു. കേരളത്തില്‍ ഈ പ്രയോഗ രീതിയുടെ പ്രധാന പ്രയോക്താങ്ങള്‍ മുസ്ലിംങ്ങളാണ്. ഗദ്യത്തിലും പദ്യത്തിലുമായി നിരവധി കൃതികള്‍ അറബിമലയാളത്തില്‍ ഉണ്ടെങ്കിലും പദ്യവിഭാഗത്തില്‍പ്പെടുന്ന മാപ്പിളപ്പാട്ടുകളിലൂടെയാണ് ഈ ലിപി വ്യവസ്ഥയ്ക്ക് പ്രചാരം ലഭിച്ചത്.
മാപ്പിളപ്പാട്ടുകളില്‍ മിശ്ര ഭാഷാ പ്രയോഗത്തിലൂടെ അറബിമലയാള സാഹിത്യകാരന്മാര്‍ സ്ഥല നാമങ്ങള്‍ക്ക് നല്‍കിയ പദപ്രയോഗങ്ങളെയാണ് ഈ പ്രബന്ധം പഠന വിധേയമാക്കുന്നത്. ഒരുനാടിന്‍റെ ചരിത്ര സാംസ്കാരിക പഠനത്തിന് അവിടുത്തെ സ്ഥലനാമങ്ങള്‍ നല്‍കുന്ന തെളിവ് സുപ്രധാനമായതു കൊണ്ട് ഈ വിഷയം പഠനാര്‍ഹമാണെന്ന് കരുതുന്നു.
ചരിത്രത്തിന്‍റെ പുനര്‍ നിര്‍മ്മിതിക്കും ഭാഷാ രൂപവല്‍ക്കരണത്തിനും സാമൂഹിക വ്യവസ്ഥിതിയെയും സംബന്ധിച്ച ഒട്ടേറെ വിവരങ്ങള്‍ നല്‍കാന്‍ സ്ഥലനാമങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മിത്തിനും ഐതിഹ്യങ്ങള്‍ക്കുമപ്പുറം ചരിത്ര പഠനത്തിന്‍റെ ഉപാദാനങ്ങളായി സ്ഥലനാമങ്ങളെ സ്വീകരിക്കാന്‍ കഴിയും. കാലാന്തരത്തില്‍ ചില സ്ഥലനാമങ്ങളില്‍ പല രൂപമാറ്റങ്ങളും വന്നിട്ടുണ്ടാവാം. ഇതിന് ഉദാഹരണമായി ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ രണ്ട് സ്ഥലനാമങ്ങളെ സൂചിപ്പിക്കുന്നുണ്ട്. "തോവാളക്കടുത്തു ശീതപ്പാല്‍ എന്ന സ്ഥലത്തിന് യഥാര്‍ത്ഥത്തില്‍ ശീതത്തിനോടോ പാലിനോടോ ഒരു ബന്ധവുമില്ല. ശ്രീപത്മനാഭനല്ലൂര്‍ എന്നായിരുന്നു ഇതിന്‍റെ പഴയ പേരെന്ന് ശിലാലിഖിതം വ്യക്തമാക്കുന്നു. അതുപോലെ തിരുവനന്തപുരത്തെ വേളിക്കായലിന്‍റെ പൂര്‍വ രൂപം വേളീര്‍ കായല്‍ എന്നായിരുന്നു. ഒരു കാലത്ത് വേണാടിന്‍റെ ഏതാനും ഭാഗം സംരക്ഷിച്ചിരുന്നവരാണ് വേളി വംശക്കാര്‍. അവരുടെ പേര് കായലിന്‍റെ പേരുമായി ഘടിപ്പിക്കുന്നത് യുക്തമാണല്ലോ. ഈ ചരിത്ര സത്യം അറിഞ്ഞില്ലെങ്കില്‍ വേളിയില്‍ നിന്ന് എന്തെല്ലാം കഥകള്‍ സൃഷ്ടിക്കാനാവും"(1) അതിനാല്‍ തന്നെ സ്ഥലനാമ ഗവേഷണത്തിന്‍റെ സങ്കീര്‍ണതയെ കുറിച്ച് ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ എഴുതുന്നു. "സ്ഥലനാമങ്ങള്‍ നിസ്സാരങ്ങളെന്നു ആരും കരുതിപ്പോകരുത്. ഓരോ സ്ഥലത്തിന്‍റെ പേരും ഓരോ ചരിത്രത്തെ പ്രായേണ ഉള്‍ക്കൊള്ളു ന്നതായി കാണാം"(2).
സ്ഥലനാമ രൂപീകരണം
നാമ പഠനം (Onomastics or Onomastique) ഭാഷാശാസ്ത്രത്തിലെ ഒരുപുതിയ പഠന ശാഖയാണ്. മനുഷ്യനാമ പഠനവും(Atnroponomy) സ്ഥലനാമ പഠനവും (Toponymy) ഇതിന്‍റെ ഉള്‍പിരിവുകളാണ്. Topos=place (സ്ഥലം), onoma = name (നാമം) എന്നീ ഗ്രീക്ക് പദങ്ങള്‍ ചേര്‍ന്നാണ് ടോപ്പോണമി (സ്ഥലനാമ പഠന ശാസ്ത്രം) എന്നപദം രൂപം കൊണ്ടത്. പദഘടനയെ ആധാരമാക്കി സ്ഥലനാമങ്ങള്‍ ഏകനാമ പദങ്ങളിലും ദ്വിപദ നാമങ്ങളിലും ത്രിപദ നാമങ്ങളിലും ചതുഷ് പദനാമങ്ങളിലും കാണുന്നു.(3)
1953ല്‍ പ്രസിദ്ധീകരിച്ച കേരളത്തിലെ 'ദേശ നാമങ്ങള്‍' എന്ന തലക്കെട്ടില്‍ ചട്ടമ്പി സ്വാമികള്‍ 'അഗസ്ത്യന്‍' എന്ന തൂലികാ നാമത്തില്‍ സദ്ഗുരു മാസികയില്‍ കേരളത്തിലെ സ്ഥല നാമങ്ങളുടെ നിഷ്പത്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 'കൊച്ചിയിലെ ചില സ്ഥല നാമങ്ങള്‍' എന്ന ലേഖനത്തിലെ ചില ഭാഗങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്. "വിദേശീയരുടെ ആഗമനത്താല്‍ ഭാരതത്തിലെ മിക്ക ദേശങ്ങളിലെയും നാമങ്ങളെ മാറ്റി പുതിയ പേരുകള്‍ കൊടുത്തിട്ടുണ്ടെന്ന് കാണാവുന്നതാണ്. സ്ഥലനാമങ്ങളുടെ ഉത്ഭവം മൂന്നു വിധത്തിലാണ്. ഭൂമിയുടെ കിടപ്പും ഗുണവുമനുസരിച്ചും രണ്ടാമത് പ്രഭുക്കളുടെ സ്ഥാനമാനങ്ങളെയനുസരിച്ചും മൂന്നാമത്തേതു ക്ഷേത്രദേവ നാമങ്ങളെ ആശ്രയിച്ചും ആകുന്നു. ഒരു വാക്കിനു പല അര്‍ത്ഥങ്ങളും കാണുന്നതു കൊണ്ട് ഒരു സ്ഥലത്തിന്‍റെ നാമം ശരിയാണോ എന്ന് നിശ്ചയിക്കുന്നതിന് ആ സ്ഥലത്തെ പരിശോധിക്കേണ്ടി വന്നേക്കും. 'ശിവസന്ധിപുരം' എന്നുള്ളത് ഉച്ചാരണ ദാര്‍ഢ്യത്താല്‍ ലോപിച്ചു 'ചിവേന്തിരം' എന്നായി. ഇതിനെ സംസ്കൃത പണ്ഡിതന്മാര്‍ ശുചീന്ദ്രം എന്നാക്കി. ഇന്ദ്രന്‍ ശുചിയായ ഇടം എന്നും മറ്റും ഇതിനെ തെറ്റായി വ്യാഖ്യാനിക്കുന്നു".(4) ചേര്‍ത്തല ചെളിക്കര, ഹരിപ്പാട് അരുവിപ്പാട്, ഏറ്റുമാനൂര്‍ ഏറ്റുമാല്‍+ഊര്‍ തുടങ്ങി കേരളത്തിലെ വിവിധ സ്ഥലനാമങ്ങളുടെ ഉത്ഭവത്തെക്കുറിച്ച് ചട്ടമ്പി സ്വാമികള്‍ പറയുന്നുണ്ട്.
സ്ഥലനാമ പഠനം തികച്ചും സങ്കീര്‍ണമായ ഒരു ഗവേഷണ പദ്ധതിയാണ്. ഓരോ പ്രദേശത്തിലെയും ചരിത്ര ഉപാദാനങ്ങളെ സൂക്ഷ്മമായി അപഗ്രഥിച്ചാണ് ഗവേഷകര്‍ ഒരു സ്ഥലത്തിന്‍റെ നിജസ്ഥിതി മനസ്സിലാക്കുന്നത്. ഒരുവാക്കിന്‍റെ ഉല്പത്തി കണ്ടെത്തുന്ന നിരുക്ത ശാസ്ത്രം പോലെ ഗഹനമായതാണ് സ്ഥലനാമ വിശകലനം. ഏതൊരു സ്ഥലനാമത്തിന്‍റെയും പിറകില്‍ ഒരുസംഭവമോ വ്യക്തിയോ വസ്തുവോ ദൃശ്യമോ അനുഷ്ഠാനമോ സ്ഥാപനമോ ഉണ്ടായിരിക്കും. തിരുവനന്തപുരത്തിന്‍റെ പേരിനു പിന്നില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രവും അനന്തശയനത്തിലുള്ള മഹാവിഷ്ണു പ്രതിഷ്ഠയുമാണുള്ളത്. കേരളത്തിലെ സ്ഥലനാമങ്ങളില്‍ ആവര്‍ത്തിച്ചു വരുന്ന പദങ്ങള്‍ ധാരാളമുണ്ട്. 'ഊര്‍' എന്നതിലവസാനിക്കുന്ന ആലത്തൂര്‍, തൃശ്ശൂര്‍, വഞ്ചിയൂര്‍, കണ്ണൂര്‍, കൊട്ടിയൂര്‍, കൊടുങ്ങല്ലൂര്‍ എന്നിവയും കാട് എന്നതിലവസാനിക്കുന്ന ഭാഗം വരുന്ന പാലക്കാട്, വെട്ടുകാട്, പാണ്ടിക്കാട് തുടങ്ങിയവയും തൊടി, കോട്ട, മല, പള്ളി, കോട്, മുറ്റം, ചാല്‍, പെട്ടി തുടങ്ങിയ പദങ്ങളിലവസാനിക്കുന്ന സ്ഥലനാമങ്ങളും വിരളമല്ല. 'ഏതു രാജ്യത്തിലെ സ്ഥലനാമങ്ങള്‍ പരിശോധിച്ചാലും അവയില്‍ വലിയൊരു വിഭാഗം സ്ഥല ജലാത്മകമായ പ്രകൃതിയുടെ ഭിന്നഭാവങ്ങളെ ആസ്പദമാക്കി ഉണ്ടായിട്ടുള്ളവയാണെന്ന്'(5) ഡോക്ടര്‍ കെ. ഗോദവര്‍മ്മ അഭിപ്രായപ്പെടുന്നു.
സ്ഥലനാമങ്ങളുടെ വിവര്‍ത്തന രൂപങ്ങളിലും ഇത്തരം ചരിത്ര വസ്തുതകള്‍ കാണാന്‍ കഴിയും. 'തിരുവനന്തപുരത്തെ കോട്ടണ്‍ഹില്‍ (രീീിേേ വശഹഹ) ആ പേര് വന്നത് സി.ഡബ്ല്യു.സി കോട്ടണ്‍ എന്ന ബ്രിട്ടീഷ് റസിഡന്‍റ് അവിടെ താമസിച്ചത് കൊണ്ടാണെന്ന് ഒരു വാദമുണ്ട്. അതിനെ 'പരുത്തിക്കുന്ന്' എന്ന് വിവര്‍ത്തനം ചെയ്തു കാണുന്നു. തമിഴില്‍ നിന്ന് പരിണമിച്ചു രൂപപ്പെട്ടിട്ടുള്ള ഏതാണ്ട് 125 തമിഴ് ധാതുക്കള്‍ മലയാള സ്ഥലനാമങ്ങളില്‍ ഉണ്ടായിരുന്നവ പില്‍കാലത്തു മലയാള ശൈലികളായി പരിണമിച്ചിട്ടുണ്ടെന്ന് കേരളത്തിലെ സ്ഥലനാമങ്ങളെക്കുറിച്ച് പഠനങ്ങള്‍ നടത്തിയ വി.വി.കെ. വാലത്ത് സൂചിപ്പിക്കുന്നു. അതുപോലെ സംഘകാല സാഹിത്യ കൃതികളില്‍ പരാമര്‍ശിക്കപ്പെടുന്ന ഐന്തിണകളെന്ന അഞ്ച് സ്ഥലരാശികളുടെ സ്വാധീനവും ഇവിടുത്തെ സ്ഥലനാമങ്ങളില്‍ ഉണ്ട്.6
സ്ഥലനാമങ്ങള്‍ കാണപ്പെടുന്ന മറ്റൊരു വിഭാഗം സന്ദേശ കാവ്യങ്ങളും അച്ചീചരിതങ്ങളുമാണ്. 'മണിപ്രവാളത്തിലെഴുതിയ ഈ കൃതികളില്‍ സുന്ദരീവര്‍ണ്ണനകളുമായി പ്രത്യക്ഷ ബന്ധമില്ലാത്ത വിസ്തരിച്ചുള്ള അങ്ങാടി വര്‍ണ്ണനകള്‍ കാണാം. ഉണ്ണിയച്ചി ചരിതം, ഉണ്ണുനീലി സന്ദേശം, ഉണ്ണിച്ചിരുദേവി ചരിതം, അനന്തപുര വര്‍ണ്ണനം, ഉണ്ണിയാടി ചരിതം ശുകസന്ദേശം എന്നീ മണിപ്രവാള കാവ്യങ്ങളിലെല്ലാം വിപണികള്‍ കാണാം. 'ആപണം', ആപണ ശ്രേണി, വിപണി, അങ്ങാടി, എന്നൊക്കെ പറയുന്ന കച്ചവട കേന്ദ്രങ്ങളും അവയോട് ചേര്‍ന്നു പോകുന്ന മുച്ചന്തക്കല്‍, വലിയങ്ങാടി, ചിറ്റങ്ങാടി, പഴയങ്ങാടി, പുതിയങ്ങാടി തുടങ്ങിയ സ്ഥലനാമങ്ങളും അന്നത്തെ കൃതികളില്‍ അവിടെ പ്രത്യക്ഷപ്പെടുന്നു'(7).
ഒരു സമൂഹത്തിന്‍റെ സാംസ്കാരികമായ ചുറ്റുപാടുകളും സ്ഥലനാമ നിര്‍ണയത്തില്‍ പ്രധാന പങ്കുവഹിക്കുന്നു. പ്രമുഖ സ്ഥലനാമ പണ്ഡിതനായ ജെ.ജെ എഗ്ഗി സൂചിപ്പിക്കുന്നത് സ്ഥലനാമങ്ങളുടെ ഉത്ഭവത്തിന് സംസ്ക്കാരം ഒരു കാരണമാവാം എന്നതാണ്. 'ഒരു ജനതയുടെ ബുദ്ധിപരമായ സവിശേഷതകളില്‍ നിന്നും രൂപം കൊള്ളുന്ന സ്ഥലനാമങ്ങളില്‍ അവരുടെ സാംസ്കാരികാവസ്ഥയും അതിന്‍റെ വികാസവും നിഴലിച്ചു കാണാം'. എന്നാല്‍ ഒരേ സ്ഥലത്തിന് വ്യത്യസ്ത പേരുകളും സ്ഥലനാമങ്ങളില്‍ സംഭവിക്കാറുണ്ട്. ഇത്തരം പ്രശ്നത്തെ പറ്റിയാണ് എഴുത്തച്ഛന്‍ പറയുന്നത്. "പുരാണ പ്രസിദ്ധമായ സ്ഥലങ്ങള്‍ തന്നെ പല പേരുകളില്‍ അറിയപ്പെട്ടു ഉദാ: ഹസ്തിനപുരം, ഹാസ്തിനപുരം ഈ വ്യത്യസ്ത പേരുകള്‍ എഴുത്തച്ഛനെയും കുഴക്കിയിരുന്നു എന്നതിന് മഹാഭാരതം കിളിപ്പാട്ട് തെളിവാണ്.
ഹസ്തിനപുരമെന്നു ചൊല്ലുന്നതറിഞ്ഞാലും,
ഹസ്തിനമെന്നു ചൊല്‍വാന്‍ തോന്നിയതെന്നാകിലും
ശാസ്ത്രികള്‍ ചൊല്ലീടുന്നു ഹാസ്തിന മെന്നു തന്നെ" (സംഭവപര്‍വം, 136-139)
ചന്ദ്രവംശ രാജാവായ ഹസ്തി നിര്‍മ്മിച്ച നഗരം 'ഹസ്തിനപുരം' ആയി. എന്നാല്‍ വ്യാകരണ ശാസ്ത്രം അറിയുന്നവര്‍ ഹാസ്തിനം എന്നപേരാണ് സ്വീകരിച്ചിരിക്കുന്നത്. പ്രയോഗം ഹസ്തിനപുരം എന്നുമാണ്"(9). സാഹിത്യാഖ്യാനങ്ങളിലേക്ക് സ്ഥലനാമങ്ങളെ കൊണ്ടുവരുമ്പോഴുള്ള ബുദ്ധിമുട്ടിനെ പറ്റിയാണ് കവി ഇവിടെ സൂചിപ്പിക്കുന്നത്.
മാപ്പിളപ്പാട്ടുകളിലെ ചില മിശ്രഭാഷാ സ്ഥലനാമങ്ങള്‍
പ്രളയത്തെ പ്രമേയമാക്കുന്ന മാപ്പിളപ്പാട്ടുകളില്‍ ധാരാളം സ്ഥലനാമങ്ങളെ പരാമര്‍ശിക്കുന്നുണ്ട്. പ്രളയവുമായി ബന്ധപ്പെട്ട് ലഭ്യമായതില്‍ ഏറ്റവും വലിയ കൃതിയായ മുണ്ടമ്പ്ര ഉണ്ണിമമ്മദിന്‍റെ 'വെള്ളപ്പൊക്കം' എന്ന കൃതിയില്‍ മാത്രം 72 ഇശലിലായി 456 സ്ഥലപ്പേരുകള്‍ പറയുന്നുണ്ട്. വിവിധ കൃതികളിലായി ചില സ്ഥലനാമങ്ങളെ മാപ്പിളപ്പാ ട്ടുകള്‍ പരാമര്‍ശിക്കുന്ന രീതി വ്യത്യസ്തവും കൗതുകരവുമാണ്. സാഹിത്യ രചനക്ക് വേണ്ടി നിരവധി ഭാഷകളില്‍ നിന്നും പദസ്വീകരണം നടത്തിയവരാണ് അറബിമലയാള സാഹിത്യകാരന്മാര്‍. വ്യത്യസ്തമായ പദങ്ങളെ പാട്ടിനനുയോജ്യമായ രീതിയില്‍ വരികളിലൂടെ സന്നിവേശിപ്പിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
1924ലെ വെള്ളപ്പൊക്കത്തെ ഇതിവൃത്തമാക്കി കളത്തില്‍ മമ്മദ് കുട്ടിയെന്ന മാപ്പിളകവി 'ലൗകിക മഹാത്ഭുത മാല' എന്ന തന്‍റെ കൃതിയില്‍ ചില സ്ഥലപ്പേരുകള്‍ ഇത്തരത്തില്‍ പ്രയോഗിച്ചിട്ടുള്ളതായി കാണാം.
ബന്തോടെ മരതിജാറത് ചെയ്യും
മുക്കിയ ഫിറബുക്കള്‍ക്കൊലിച്ചുള്ള ശജറിന്‍റെ
ദുഃഖങ്ങള്‍ ഭവിക്കയായ് ഫെരുത്ത്' (ഇശല്‍ 1)
ഇവിടെ കോഴിക്കോടിനെ സൂചിപ്പിക്കാന്‍ കാലിക്കോടും ഹജറായി കൊണ്ട് കല്ലായിയെയും ഫറൂമുക്കിനെ ഫറോക്കിനെയും സൂചിപ്പിക്കുന്നു.
എന്നാല്‍ 1925 ജൂലൈ 18ന് പ്രസിദ്ധീകരിച്ച ഇതിഹാസ കാവ്യഗണത്തില്‍ ഉള്‍പ്പെടുന്ന മോയിന്‍കുട്ടി വൈദ്യരുടെ ഉഹ്ദ് പടപ്പാട്ടില്‍ കോഴിക്കോടിനെ സൂചിപ്പിക്കാന്‍ മുറുഗിക്കോട് എന്നാണ് ഉപയോഗിക്കുന്നത്.
ഹുക്മിസ്ലാംകള്‍ക്കേകി വിധി ഫോര്‍
ഫരശറആലും ഫുന മുഹ്താജു
റ്റവര്‍കളില്‍താനെ തസ്വവുഫ്' (ഇശല്‍ 3)
മുമ്പ് പരാമര്‍ശിച്ചിട്ടുള്ള ലൗകികമഹാത്ഭുതമാല എന്നകൃതിയില്‍ പൊന്നാനി എന്ന പ്രദേശത്തെ സൂചിപ്പിക്കാന്‍ സുരണാനി എന്ന് കവിഉപയോഗിക്കുന്നു.
ദിക്കില്‍ മലബെള്ളം പൊങ്ങിക്കൊണ്ടേ മികവാല്‍
തീരാത്ത ദുഃഖങ്ങള്‍ നാശം പൂണ്ടേ' (ഇശല്‍ 3)
പൊന്നാനിയെ പല മാപ്പിളകവികളും ഇതേരീതിയില്‍ പരാമര്‍ശിക്കുന്നതായി വിവിധ കൃതികളിലൂടെ നമുക്ക് കാണാന്‍ കഴിയുന്നു. നാലകത്തു കുഞ്ഞു മൊയ്തീന്‍ കുട്ടി തന്‍റെ സലാമത്ത് മാലയില്‍ പൊന്നാനിക്ക് സ്വര്‍ണാനി എന്ന് ഉപയോഗിച്ചുകാണുന്നു.
അന്തേ വംശത്തിന്നാരുമോ
നഗരം സ്വര്‍ണ്ണാനിതന്നിലാവരവ്
ഇയ്യതയ് എങ്കും പ്രസിദ്ധമാ'
മാത്രമല്ല, പൊന്നാനിക്കാരനായ എം.എ ഇമ്പിച്ചി തന്‍റെ 'ഇബ്രാഹിം ഇബ്നു അദ്ഹം' കിസ്സപ്പാട്ടില്‍ (1981 പ്രസിദ്ധീകരിച്ച) പൊന്നാനിയെ സൂചിപ്പിക്കാന്‍ ഇതേ പദം ഉപയോഗിച്ചതായി കാണാന്‍ കഴിയും.
ഫരിഭാഷപ്പെടുത്തി തന്‍ഭവരുടെ
നാമാ ഫുരി സ്വരനാനി മഖ്ദൂമിന്‍
ഫുതിയകം ഫിറന്തേ വലിയോനാം' (ഇശല്‍ 3)
കളത്തില്‍ മമ്മദ്കുട്ടിയുടെ 'ലൗകികമഹാത്ഭുതമാല'യില്‍ ഇനിയും ഇത്തരത്തിലുള്ള സ്ഥലനാമങ്ങള്‍ വിവിധ ഇശലുകളിലായി വിന്യസിച്ചിരിക്കുന്നു.
ഫരപ്പന്‍ സൂഖിനടുത്തെ
ഫുരി ഉള്ളാണം സ്വിറാത്തിങ്ങലും
ഫരന്ന് നാം മികത്തെ' (ഇശല്‍ 5)
ഇവിടെ പരപ്പനങ്ങാടിയെ പറയാന്‍ ഫരപ്പന്‍ സൂഖ് എന്നുപയോഗിക്കുന്നു. അതുപോലെ 'സ്വിറാത്തിങ്ങല്‍' എന്ന് സൂചിപ്പിക്കുന്ന സ്ഥലം പരപ്പനങ്ങാടിക്കടുത്തു തന്നെയുള്ള പാലത്തിങ്ങല്‍ എന്നപ്രദേശത്തിനെയാണ്. മലപ്പുറം ജില്ലയിലെ പ്രസിദ്ധമായ മമ്പുറം എന്ന സ്ഥലപ്പേരിലും കളത്തില്‍ മമ്മദ് കുട്ടി ഈ സങ്കരഭാഷ പ്രയോഗം നടത്തുന്നു എന്നുള്ളത് ശ്രദ്ധേയമാണ്.
അനവധി വീടും എടുപ്പുകള്‍ പൊളിപെടാലയെ സയ്യിദ്
അലവി വലിയ്യര്‍ മഖാമുള്ളില്‍ ജലം ദഖലായെ' (ഇശല്‍ 6)
ചേറൂര്‍ കലാപത്തെ പ്രമേയമാക്കി 1844 എഴുതപ്പെട്ട ചേറൂര്‍ പടപ്പാട്ടില്‍ മലപ്പുറം ജില്ലയിലെ പൊന്മളക്ക് സ്വര്‍ണ്ണമള എന്ന് ഉപയോഗിച്ചുകാണുന്നു.
അതുപോലെതന്നെ 'മുണ്ടമ്പ്ര ഉണ്ണി മഹമ്മദിന്‍റെ കൊടികേറ്റം എന്ന കൃതിയില്‍ അരീക്കോടിനെ ചാവല്‍ കോട് എന്ന് വിശേഷിപ്പിക്കുന്നുണ്ട്'(10).
വിശകലനങ്ങള്‍
ടോപ്പോണമിക്ക് പഠനങ്ങള്‍ക്ക് ചരിത്രത്തിന്‍റെ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. അവ്യക്തമായ ചരിത്രത്തിലേക്ക് ചില വസ്തുതകള്‍ വെളിപ്പെടുത്താന്‍ ടോപ്പോണമി പഠനങ്ങള്‍ സഹായിക്കുന്നു. ശിലാസാസനങ്ങളില്‍ നിന്നും ചരിത്രരേഖകളില്‍ നിന്നുമൊക്കെയുള്ള അവ്യക്തമായ ഭാഷാപരമായ വസ്തുതകള്‍ പൂര്‍ണമായി കണ്ടെത്താന്‍ സ്ഥലനാമങ്ങള്‍ക്ക് കഴിയും. സ്ഥലനാമങ്ങളില്‍ മറ്റു രേഖകളിലൊന്നും കാണാത്ത പദങ്ങള്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്നില്ലാത്ത വ്യക്തി നാമങ്ങളും സ്ഥലനാമങ്ങളില്‍ ദൃശ്യമാണ്. യഥാര്‍ത്ഥ ഭാഷ നിന്ന കാലഘട്ടവും ഒരു പ്രദേശത്തിന്‍റെ മതപരമായ സാമൂഹ്യപരമായ മാറ്റങ്ങളെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുകയും ചെയ്യുന്നു. സ്ഥലനാമങ്ങളുടെ ഉത്ഭവം കെട്ടുകഥകളും ഐതിഹ്യങ്ങളുമായി ഈഴചര്‍ന്നതാണ്.
ഇവിടെ തന്നെ സാമാന്യമായി കാണുന്ന ഒരു വസ്തുത പൊന്നാനി എന്ന പ്രദേശത്തിന് സ്വര്‍ണാനി, സ്വരനാനി, സുരനാനി എന്നിങ്ങനെ പല രൂപത്തിലാണ് മാപ്പിള കവികള്‍ വ്യത്യസ്ത കൃതികളിലായി ഉപയോഗിച്ചിട്ടുള്ളത്. പൊന്നിന്‍റെ പര്യായമായ സ്വര്‍ണം എന്ന പദത്തിന്‍റെ പ്രയോഗത്തിലൂടെയാണ് ഈ സ്ഥലനാമം കവി രൂപപ്പെടുത്തിയിട്ടുള്ളത്. പൊന്നാനി എന്ന സ്ഥലനാമത്തിന്‍റെ ഉത്ഭവം മിത്തും ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. അറബ് പേര്‍ഷ്യന്‍ നാടുകളുമായി നിലനിന്നിരുന്ന കച്ചവട ബന്ധത്തിന്‍റെ ഭാഗമായി ധാരാളം പൊന്‍ നാണ്യങ്ങള്‍ ഇവിടെ എത്തിയിരുന്നു എന്നും പൊന്‍നാണ്യങ്ങളുടെ നാടാണ് പൊന്നാനി എന്നുമൊരു അഭിപ്രായം നിലനില്‍ക്കുന്നുണ്ട്. പൊന്‍ വാണി എന്നൊരു നദി ഉണ്ടായിരുന്നു എന്നും അതില്‍ നിന്നാണ് ഈ സ്ഥലനാമത്തിന്‍റെ ഉത്ഭവം എന്നും മറ്റൊരു അഭിപ്രായവും ഉണ്ട്. ആഴ്ഞ്ചേരി തമ്പ്രാക്കളുടെ ഭരണകാലത്ത് പൊന്നു കൊണ്ടുള്ള ആനകളെ ക്ഷേത്രങ്ങളില്‍ സമര്‍പ്പിച്ചിരുന്നെന്നും പൊന്നാനയില്‍ നിന്നാണ് പൊന്നാനി ഉണ്ടായതെന്നും പറയപ്പെടുന്നു(11).
പൊന്നാനിയിലെ പൊന്ന് എന്ന പദത്തിന്‍റെ അര്‍ത്ഥത്തെ സാധൂകരിക്കുന്നതാണ് മേല്‍പ്പറഞ്ഞ അഭിപ്രായങ്ങള്‍. സാമൂതിരിയുടെ കാലത്തിനു മുമ്പുള്ള പൊന്നാനിയുടെ ചരിത്രത്തെ കുറിച്ചുള്ള ആധികാരികമായ രേഖകള്‍ ഒന്നും ലഭ്യമല്ല. ഇവിടെ മാപ്പിളകവികള്‍ പൊന്നാനിയെ സ്വര്‍ണാനി എന്ന് സൂചിപ്പിക്കുന്നതിലൂടെ ഈ സ്ഥലനാമത്തിന്‍റെ അര്‍ത്ഥത്തിന് മാറ്റമൊന്നും സംഭവിക്കുന്നില്ല. സ്ഥലനാമ പദ ഘടനയുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയാണെങ്കില്‍ ഈ പേര് ലോപിച്ചതാവാനാണ് സാധ്യത. അതായത് പൊന്‍വാണി, പൊന്നാന, പൊന്‍നാണ്യം, തുടങ്ങിയവയെല്ലാം ദ്വിപദ നാമങ്ങളില്‍ വരുന്നതാണ്. ഇവയില്‍ ഏതെങ്കിലും ലോപിച്ചു കൊണ്ടായിരിക്കും ഈ പേര് വന്നിട്ടുള്ളത്. വിവിധ കൃതികളില്‍ ഇത് ഉപയോഗിക്കാന്‍ പ്രേരണയായത് ഒരുപക്ഷേ ആദ്യമായി ഏതെങ്കിലും ഒരു കവി ഈ സ്ഥലപേരിനെ പരാമര്‍ശിച്ചപ്പോള്‍ തുടര്‍ന്നുവന്ന കൃതികളില്‍ ആ പ്രദേശത്തെ തന്നെ സൂചിപ്പിക്കാന്‍ മറ്റു കവികള്‍ ഉപയോഗിച്ചതാകാം. മോയിന്‍കുട്ടി വൈദ്യരുടെ പ്രസിദ്ധമായ 'മദനപ്പൂ' എന്ന പ്രയോഗം പിന്നീട് വന്ന പല മാപ്പിള കവികളും ഉപയോഗിച്ചതായി കാണാന്‍ കഴിയും. കൂടുതലും ദ്രാവിഡ വൃത്തങ്ങളാണ് അറബിമലയാള സാഹിത്യം സ്വീകരിച്ചിട്ടുള്ളത്. ചിത്രം എന്നതിനെ ചിത്തിരമെന്ന് ഉപയോഗിക്കുന്നത് പോലെ സ്വര്‍ണം എന്നതിന്ന് സുരണം, സ്വരണം എന്ന് ഉപയോഗിക്കുന്നു. അതായത്, ചന്ദിരസുന്ദരി എന്നാണ് അറബിമലയാള സാഹിത്യത്തില്‍ ഉപയോഗിച്ചത്. യഥാര്‍ത്ഥത്തില്‍ ചന്ദ്രസുന്ദരി എന്നതിനെയാണിത്.
മറ്റൊരു പ്രത്യേകതയായിട്ട് പറയാവുന്നതാണ് അറബി പദങ്ങളുടെയും മലയാള പദങ്ങളുടെയും മിശ്രണം. പരപ്പന്‍സൂഖ്, ഹജ്റായി, സിറാത്തിങ്കല്‍ എന്നീ സ്ഥലനാമങ്ങള്‍ ഇതിനുദാഹരണമാണ്. അറബിവാക്കായ 'സൂഖ്' എന്നാല്‍ അങ്ങാടി, ചന്ത എന്നൊക്കെയാണ് അര്‍ത്ഥം. അറബിക്കടലിനോട് ചേര്‍ന്ന് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ ഒരു പട്ടണമാണ് പരപ്പനങ്ങാടി. പരപ്പനങ്ങാടി നഗരസഭയിലെ പ്രധാന അങ്ങാടിയും ഇതുതന്നെയാണ്. ആദ്യകാലത്ത് മലബാറിലെ പ്രമുഖ വാണിജ്യ കേന്ദ്ര ങ്ങളില്‍ ഒന്നായിരുന്നു ഇത്. ആ കാലത്ത് കടപ്പുറത്തെ അങ്ങാടി എന്ന പേരിലായിരുന്നു ഇതിന്‍റെ ആസ്ഥാനം. അറബി കച്ചവടക്കാരുമായി വാണിജ്യ ബന്ധം ഉണ്ടായിരുന്നതും ഇവിടെ വെച്ചായിരുന്നു. പരപ്പനങ്ങാടിയുടെ സ്ഥലനാമ ഉത്ഭവം പരപ്പനാട് കോവിലകവുമായും ബന്ധപ്പെട്ട് കിടക്കുന്നു. ഇന്നും അവിടുത്തെ ചില സ്ഥാപനങ്ങളുടെയും മറ്റും പേരുകള്‍ പരപ്പനാട് എന്ന് ചേര്‍ത്തുകൊണ്ടാണ്. അറബിവാക്കായ സ്വിറാത്ത് എന്നതിന്‍റെ അര്‍ത്ഥം നേരായ വഴി, മാര്‍ഗം എന്നൊക്കെയാണ്. ഇസ്ലാം മതവിശ്വാസ പ്രകാരം മരണശേഷമുള്ള പാരത്രികജീവിതത്തിന്‍റെ പ്രധാനപ്പെട്ടൊരു പരീക്ഷണം എന്ന രൂപത്തില്‍ സിറാത്ത് പാലം കടന്നുപോകുന്നവര്‍ സ്വര്‍ഗ്ഗ പ്രവേശനം സാധ്യമാക്കുന്നു എന്നാണ്. അതായത് അവിടെയുള്ള ഒരു പാലത്തിന്‍റെ പേരാണ് ഇത്. എന്നാല്‍ സാധാരണ പാലം എന്നതിന്‍റെ അറബി പദം 'ജിസ്ര്' എന്നാണ്. ഇവിടെ പകരമാണ് സിറാത്ത് ഉപയോഗിച്ചിരിക്കുന്നത്. പാലത്തിങ്ങല്‍ എന്ന ഈ പ്രദേശത്ത് കടലുണ്ടിപ്പുഴയുടെ കുറുകെ ഒരു പാലമുണ്ട്. ആ പാലം നിലനില്‍ക്കുന്ന പ്രദേശത്തിനാണ് ഈ പേര് വന്നിട്ടുള്ളത്. അതുപോലെ ഹജര്‍ എന്നാല്‍ കല്ല് എന്നര്‍ത്ഥം വരുന്ന അറബിവാക്കാണ്. ഇത് ഹജറായി എന്ന് സൂചിപ്പിക്കുന്ന തിലൂടെ കല്ലായി എന്ന സ്ഥലനാമത്തെ പറയാന്‍ ഉപയോഗിക്കുന്നു.
മിശ്രഭാഷ (mixed language) എന്ന പരികല്പനയും സമ്പര്‍ക്ക ഭാഷാശാസ്ത്രം മുന്നോട്ടു വയ്ക്കുന്നുണ്ട്. മിശ്രഭാഷ എന്നത് കേവലം പദങ്ങളുടെ സംയോജനം മാത്രമല്ല. അതിനുള്ളിലെ സാംസ്കാരിക സ്വത്വ പ്രധാനങ്ങളെ മുന്നോട്ടുവക്കുന്ന വിശാലത മിശ്ര ഭാഷയിലുണ്ടെന്ന് ബക്കര്‍, തോമാസണ്‍ എന്നിവര്‍ കണ്ടെത്തുകയും ചെയ്യുന്നു. ഇത്തരം മിശ്രണങ്ങള്‍ കൊണ്ട് സ്വാഭാവികമായി ഭാഷയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളിലുപരി ബോധപൂര്‍വ്വമുള്ള നിര്‍മ്മാണമാണ് സംഭവിക്കുന്നത്. അതുകൊണ്ടു തന്നെ പൊതുവായ പ്രയോഗങ്ങളെക്കാള്‍ പ്രത്യേകമായി പ്രയോഗിക്കുന്ന ഇടങ്ങള്‍ മിശ്രഭാഷക്കുണ്ടാകുന്നു.
മാപ്പിളഭാഷ പ്രതിനിധാനം ചെയ്യുന്ന ഒരു സമൂഹത്തിന്‍റെ സ്വത്വബോധത്തിലൂന്നിയ ഇത്തരം രചനാ രൂപങ്ങള്‍ അറബി മലയാള പദ്യസാഹിത്യത്തില്‍ ധാരാളം കണ്ടുവരുന്നു. 'സ്വത്വവാദപരമായ കാഴ്ചപ്പാട് ശക്തമായി നിലനിര്‍ത്താന്‍ ഇതിന്‍റെ വക്താക്കള്‍ ഉപയോഗിക്കുന്നത് ഏറ്റവും കൂടുതല്‍ അറബ് ബന്ധത്തിനെയാണ്. 'മാപ്പിള സാഹിത്യത്തില്‍ അറബി പദങ്ങളും മറ്റും ഉപയോഗിക്കുന്നത് കൂടുതലും മലയാളത്തിന്‍റെ വ്യാകരണത്തിനനുയോജ്യ മായിക്കൊണ്ടാണ്'(12).
സ്ഥലനാമങ്ങള്‍ പരിണാമ വിധേയമാണ്. അറബിമലയാള സാഹിത്യത്തിലെ ഭാഷാ പ്രയോഗങ്ങളില്‍ ഒന്നിലധികം ഭാഷകളുടെ സമ്പര്‍ക്കം സജീവമാണ്. ഇത് സ്ഥലനാമങ്ങളിലും പ്രകടമാണ്. അര്‍ത്ഥത്തിന്‍റെ ഗാംഭീര്യം, നര്‍മ്മം, ശബ്ദ സൗന്ദര്യം എന്നിവക്ക് യോജിക്കുന്ന പദങ്ങള്‍ ഭാഷയുടെ വ്യത്യസ്തത പരിഗണിക്കാതെ സ്വതന്ത്രമായി ഉപയോഗിക്കാന്‍ മാപ്പിള കവികള്‍ക്ക് കഴിഞ്ഞിരുന്നു.
മാപ്പിള കവികളുടെ രചന മാതൃകകളില്‍ അബ്ജദ്, അക്കക്കെട്ട് പോലുള്ള സംഖ്യാക്രമങ്ങള്‍ പാട്ടില്‍ കൊണ്ടുവന്നു. അറബി അക്ഷരങ്ങള്‍ക്ക് തുല്യമായ അക്കങ്ങള്‍ ഉപയോഗിച്ച് എഴുതുന്ന രീതിയാണ് അബ്ജദിയ്യ. ഈ ഗൂഢഭാഷയിലെ ആദ്യ നാല് അക്ഷരങ്ങളില്‍ നിന്നാണ് അബ്ജദ് എന്ന പേര് ലഭിച്ചത്. ഇത് പ്രകാരം അലിഫ് എന്നതിനെ ഒന്ന് ബാ എന്നതിന് രണ്ട് ജിം എന്നത് മൂന്ന് ഇങ്ങനെ അറബിയിലെ 28 അക്ഷരങ്ങള്‍ക്കും മൂല്യം കല്‍പ്പിക്കുന്നു. അബ്ബാസിയാ കാലഘട്ടത്തില്‍ തുടങ്ങിയ ഈ രീതി അറബിമലയാള സാഹിത്യകാരന്മാര്‍ അവലംബിച്ചിരുന്നു. വിവിധ ഭാഷകളില്‍ നിന്ന് പദങ്ങള്‍ ചേര്‍ത്ത സങ്കരഭാഷാ പ്രയോഗങ്ങളും അവര്‍ ഉപയോഗിച്ചു. മാപ്പിള ഭാഷയുടെ രൂപത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടിയും വരികള്‍ ഒപ്പിച്ചു പ്രാസവ്യവസ്ഥ പാലിക്കാന്‍ വേണ്ടിയും ഇത്തരം പ്രയോഗങ്ങള്‍ നടത്താവുന്നതാണ്. 'പടപ്പാട്ടുകളിലും ചില അറബിമലയാള ഗദ്യ കൃതികളിലും കാണുന്ന മുറുകിയ മിശ്രഭാഷാ രീതി സാമാന്യ വ്യവഹാരത്തില്‍ ഉപയോഗിച്ചതിന് തെളിവുകളൊന്നും ലഭ്യമല്ല. അത്തരം മിശ്രണത്തെ സാഹിത്യത്തെ സുന്ദരമാക്കാന്‍ ബോധപൂര്‍വ്വം നിര്‍മ്മിച്ചെടുത്ത ശൈലി വിശേഷമായി കാണുന്നതാകും ഉചിതം'.(13)
കോഴിക്കോടിനെ സൂചിപ്പിക്കുന്ന മുറുഗിക്കോട്, കാലിക്കോട് എന്നിവ വ്യത്യസ്ത ഭാഷാപദങ്ങളുടെ വിവര്‍ത്തന രൂപങ്ങളാണ്. കാലിക്കറ്റ് എന്നതിലെ കാലിയും കോഴിക്കോടിലെ കോടുമാണ് ഇതിനുവേണ്ടി ഉപയോഗിച്ചത്. എന്നാല്‍ കോഴി എന്നതിനെ പ്രത്യക്ഷ വിവര്‍ത്തനം ചെയ്താണ് മോയിന്‍കുട്ടി വൈദ്യര്‍ മുറുഗി എന്ന് ഉപയോഗിച്ചു കാണുന്നത്. മുറുഗി എന്നാല്‍ ഹിന്ദിയിലും ഉറുദുവിലും കോഴി എന്ന് അര്‍ത്ഥം വരുന്നു. സ്ഥലനാമ പദഘടനയില്‍ ദ്വിപദ നാമങ്ങളിലാണ് കോഴിക്കോട് ഉള്‍പ്പെടുന്നത്. രണ്ട് പദങ്ങളുടെ സംയോഗമാണ് ഇതില്‍ കാണുന്നത്. കോഴി + കോട്, ഇതില്‍ ആദ്യ ഭാഗമായ കോഴി എന്നതിനെയാണ് മുറിഗി എന്ന പേരില്‍ വിവര്‍ത്തനം ചെയ്തു കാണുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ അര്‍ത്ഥത്തിലൊ രൂപത്തിലോ കോഴിക്കോടിനു യഥാര്‍ത്ഥത്തില്‍ ബന്ധമോ മാറ്റമോയില്ല. കോവില്‍/കോയില്‍ കോട്ടയാണ് കോഴിക്കോടായി ലോപിച്ചെതെന്ന് പറയപ്പെടുന്നുണ്ട്. അറബികള്‍ കോഴിക്കോടിനെ കാലികൂത്ത് എന്നും ചൈനക്കാര്‍ കലിഫോ എന്നും യൂറോപ്യന്മാര്‍ കാലിക്കറ്റ് എന്നും വിളിച്ചു.
കൊടികേറ്റത്തിലെ അരീക്കോടിനെ ചാവല്‍ക്കോട് എന്നാക്കി വിവര്‍ത്തനം ചെയ്യുമ്പോള്‍ മുണ്ടബ്ര ഉണ്ണി മമ്മദ് സ്ഥലനാമ ഉത്ഭവ ചരിത്രമോ പഴയ രേഖകളോ വിലയിരുത്തിയതാവാം എന്ന് അനുമാനിക്കാവുന്നതാണ്. 'ബ്രിട്ടീഷ് ഭരണകാലത്തെ പോലീസ് രേഖകളില്‍ അരിക്കൊട് എന്നാണ് കാണുന്നത്. അരിയക്കൊട് എന്ന പേരിലാണ് കമ്പി, തപാല്‍ വകുപ്പുകളിലും പഴയ റവന്യൂ റിക്കാഡുകളിലും രേഖപ്പെടുത്തിയിട്ടുള്ളത്. അയല്‍ ദേശക്കാരുടെ ഗ്രാമ്യഭാഷയില്‍ അരിയോട് എന്നും പറയാറുണ്ട്'(14). അരീക്കോട് എന്നത് ദ്വിപദ ഘടനയില്‍ ഉള്‍പ്പെടുന്നതാണ്. പഴയ ചരിത്ര രേഖകളിലെ പദത്തിന്‍റെ സ്പഷ്ടമായ അര്‍ത്ഥത്തെ സാധൂകരിക്കുന്ന രീതിയിലാണ് ചാവല്‍ക്കോടിന്‍റെ വിവര്‍ത്തന പദരൂപം കവി സ്വീകരിച്ചിട്ടുള്ളത്.
സ്ഥല നാമങ്ങള്‍ക്ക് ധാരാളം വ്യാഖ്യാനങ്ങള്‍ കണ്ടുവരുന്നു. എല്ലാ സ്ഥലനാമങ്ങള്‍ക്കും ചരിത്രം അവകാശപ്പെടാന്‍ കഴിയില്ല. കൃത്യമായ അറിവുണ്ടെങ്കില്‍ മാത്രമേ പ്രാദേശിക നാമങ്ങളെ ശാസ്ത്രീയമായി വ്യാഖ്യാനിക്കാന്‍ കഴിയൂ. സാഹിത്യ കൃതികളില്‍ സ്ഥലനാമങ്ങളെ വിവര്‍ത്തന വിധേയമാക്കുമ്പോള്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാം. ഇതുവരെയുള്ള വിശകലനങ്ങളില്‍ നിന്നും സ്ഥലനാമ വിവര്‍ത്തനം എത്രത്തോളം സാധ്യമാണെന്ന് വ്യക്തമാണ്. സ്ഥലനാമത്തിലെ വാച്യാര്‍ത്ഥത്തെ മാത്രമാണ് വിവര്‍ത്തന പ്രക്രിയയ്ക്ക് വിധേയമാക്കുന്നത്. ഒരുവാക്കിലെ സ്പഷ്ടമായ അര്‍ത്ഥത്തെ വിവര്‍ത്തനം ചെയ്യുമ്പോള്‍ ഈ വിവര്‍ത്തന പ്രക്രിയ ഹൈബ്രിഡ് ടെക്സ്റ്റ് എന്ന് വിളിക്കപ്പെടാനും സാധ്യതയുണ്ട്.
ഗ്രന്ഥസൂചി
ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍. 1979. 'ഗവേഷണം' ഉള്ളൂരിന്‍റെ പ്രബന്ധങ്ങള്‍. പുറം6. തിരുവനന്തപുരം പ്രസിദ്ധീകരണ വിഭാഗം. കേരള സര്‍വകലാശാല.
ഡോ. രാജേന്ദ്രന്‍ വിളക്കുടി. 2016. കൊല്ലം ജില്ലയിലെ സ്ഥലനാമങ്ങള്‍. തിരുവനന്തപുരം. കേരള സര്‍വകലാശാല.
കെ. മഹേശ്വരന്‍ നായര്‍. 1995. ചട്ടമ്പിസ്വാമികള്‍ ജീവിതവും കൃതികളും (കളക്റ്റഡ് വര്‍ക്ക്). പുറം 927-934. തിരുവനന്തപുരം. ഡ്യൂമ ബുക്സ്.
ആര്‍.ടി.പിള്ള ആന്‍ഡ് സണ്‍സ്. കേരളത്തിലെ സ്ഥലനാമങ്ങള്‍. പുറം 123. ചാല, തിരുവനന്തപുരം. കൈരളി ദര്‍പ്പണം.
പ്രശാന്ത് മിത്രന്‍. വെള്ളി മാര്‍ച്ച് 6,2015. കേരള പൈതൃകം. കേരള നോളജ് ആന്‍ഡ് ഹെറിറ്റേജ് (ബ്ലോഗ് പോസ്റ്റ് ആര്‍ട്ടിക്കിള്‍).
വി.സി ശ്രീജന്‍, കവിതയില്‍ അങ്ങാടികള്‍ (ലേഖനം)
ഝൗലേറ യ്യ ല്ലെൃശില ശെഹ്മ. 1963 ുമഴല: 87 ീുീി്യോ്യ ീള രമിമൃമ. യീായമെ. ുീുൗഹമൃ ുൃമസമവെമി.
ഡോ.രാജേന്ദ്രന്‍ വിളക്കുടി. 'കൊല്ലം ജില്ലയിലെ സ്ഥലനാമങ്ങള്‍' എന്ന വിഷയത്തില്‍ (കേരള സര്‍വകലാശാല) ഗവേഷണ ബിരുദം നേടിയ പ്രബന്ധത്തിനെ ആസ്പദമാക്കി തയ്യാറാക്കിയ ലേഖനത്തില്‍ നിന്ന്. എഡി. പ്രൊഫസര്‍ പന്മന രാമചന്ദ്രന്‍ നായര്‍. കേരള സംസ്കാര പഠനങ്ങള്‍. പുറം 188 വാല്യം1. കോട്ടയം. കറന്‍റ് ബുക്സ്, പുതിയ പതിപ്പ്.
അബിന്‍ഷ എം.യു. 'ദേശവും സംസ്കാരവും മാപ്പിള സാഹിത്യത്തില്‍: മുണ്ടമ്പ്ര ഉണ്ണി മമ്മദിന്‍റെയും പുലിക്കോട്ടില്‍ ഹൈദറിന്‍റെയും കൃതികള്‍ ആധാരമാക്കി ഒരു പഠനം' (ഗവേഷണ പ്രബന്ധം). 2015. പുറം 125. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി
പൊന്നാനി: (ാഹ. ാ. ണശസശുലറശമ. ഛൃഴ)
ഡോ. പി.എ അബൂബക്കര്‍. 2018. അറബി മലയാളം മലയാളത്തിന്‍റെ ക്ലാസിക്കല്‍ ഭാവങ്ങള്‍. പുറം 39. കൊണ്ടോട്ടി. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി.
സൈതലവി ചീരങ്ങോട്ട്. ജൂണ്‍ 2020. സമ്പര്‍ക്ക ഭാഷാശാസ്ത്ര പരികല്പനകളും അറബി മലയാളവും (ലേഖനം). ഇശല്‍ പൈതൃകം.
അബ്ദുള്ളക്കുട്ടി.വി. 2007. അരീക്കോടിന്‍റെ കിസ്സ ഒരു ഗ്രാമത്തിന്‍റെ സാംസ്കാരിക ചരിത്രം. പുറം17. കോഴിക്കോട്. ലിപി പബ്ലിക്കേഷന്‍സ്.