Novel Form of Akbar’s History

Dr. Krishnan Nampoothiri M

Renowned writer and literary scholar Kerala Varma Valiya Koyi Thampuran (1845-1914) played a pivotal role in the evolution and growth of Modern Malayalam prose, novel and the short story. When he was the Member and Chairman of the Travancore Textbook Committee (1867-1877), Kerala Varma urged fellow writers to pen prose works and he also wrote exemplary Malayalam prose models, stories, laying the foundation for modern Malayalam language and literature. One of his famous such work is the Malayalam Translation of Dr. Petraus Abraham Samuel Van Limberg’s ‘Akbar Novel’. Kerala Varma started translating the novel in 1882 and it was published by the Travancore Textbook committee in 1894. Titled ‘Akbar Malayalam Tharjama’, Kerala Varma’s novel earned a classic status among the early Malayalam novels. It also gained repute as the first Malayalam historical novel that was based on India’s history. The novel’s narrative encompasses a general view of the Mughal India and a detailed and close portrayal of Akbar’s official duties and emotional conflicts. That way, the novel became a classic example of literary retelling of history. Published 130 years back, Akbar stands tall in the stream of Malayalam translate literature. This paper explores how Akbar’s life and Mughal reign in India become a narrative subject for the novel.

Key words: Colonial modernity, Modern Prose, Modernisation of Malayalam Prose, Historial Novel,  Political History

Bibliography

Achuthan. M. (1992), Novel prasanangalum padanangalum, Kottayam: sahithya Pravarthaka Sahakarana sangam.
Krishnan Nampoothiri. M. (2009), Kalayum Darsanavum, Kozhikode: Haritha Books.
Kerala Varma Valiya Koyithampuram. (2020), Akbar vivarthanam (New Edition), Thiruvananthapuram: Chintha  Publications.
George, Irumbayam. (2012), Malayala Novel Pathonpatham Noottandil, Kottayam: SPCS.
Tharakan. K.M. (2005), Malayala Novel Sahithya Charithram, Thrissur: Kerala Sahitya Academy.
Thomas, Thumpamon. (1993), Malayala Novalinte Verukal, Kottayam: SPCS.
Parameswarayyar, Ulloor. (1985), Kerala Sahithya Charithram Vol. 5, Thiruvananthapuram: University of Kerala.
Parameswara Pillai, Erumeli. (2010), Malayala Sahithyam Kalaghattangaliloode, Kottayam: Current Books.
Paul, M.P. (2012), M.P. Paulinte Sampoorna Krithikal , Vol.1, Ed. K.V. Thomas, Kozhikode: Media Books.
Balakrishnan, Kalpetta. (2005) Charithranovel Malayalathil Kerala, Thrissur: Sahithya  Academy
Sreedharamenon, A. (1998) Indiacharithram, Kottayam: SPCS.
Sukumar Azhikode. (2002), Malyala Sahithya Vimarsanam, Kottayam: D.C. Books.
Dr. Krishnan Nampoothiri M
Professor
Department of Malayalam
Sree Sankaracharya University of Sanskrit
Regional Centre Tirur
Pin: 676301
Email: knamboothiry46@ssus.ac.in
Ph: +91 9495739956
ORCID: 0009-0004-2683-6591

അക്ബര്‍ചരിതത്തിന്‍റെ നോവല്‍രൂപം

ഡോ. എം. കൃഷ്ണന്‍ നമ്പൂതിരി

ആധുനിക മലയാളഗദ്യത്തിന്‍റെയും നോവല്‍-ചെറുകഥാസാഹിത്യ രൂപങ്ങളുടെയും വളര്‍ച്ചയിലും പരിണാമത്തിലും നേതൃസ്ഥാനീയമായ പങ്കുവഹിച്ച പണ്ഡിതനും സാഹിത്യകാരനുമാണ് കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ (1845-1914). തിരുവിതാംകൂര്‍ ടെക്സ്റ്റ്ബുക്ക് കമ്മിറ്റിയില്‍ അംഗമായും അധ്യക്ഷനായും (1867-1877) പ്രവര്‍ത്തിച്ചിരുന്ന വേളയില്‍ എഴുത്തുകാരെക്കൊണ്ട് പുതിയ കൃതികള്‍ എഴുതിപ്പിച്ചും സ്വയം മാതൃകാരചനകള്‍ സൃഷ്ടിച്ചും ആധുനിക മലയാളഭാഷയ്ക്കും സാഹിത്യത്തിനും അസ്ഥിവാരം ഉറപ്പിച്ചു, കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍. അത്തരം ഭാഷാസാഹിത്യസേവനങ്ങളില്‍ ഏറെ പ്രാധാന്യമുള്ളതാണ് ഡോ. വാന്‍ലിംബര്‍ഗ് രചിച്ച څഅക്ബര്‍چ നോവലിന് കേരളവര്‍മ്മ തയ്യാറാക്കിയ മലയാള പരിഭാഷ. 1882ല്‍ പരിഭാഷ ആരംഭിച്ച് 1894ല്‍ തിരുവിതാംകൂര്‍ ടെക്സ്റ്റ്ബുക്ക് കമ്മിറ്റി പ്രസിദ്ധീകരിച്ച അക്ബര്‍ മലയാള തര്‍ജ്ജമ ആദ്യകാല മലയാളനോവലുകളുടെ കൂട്ടത്തില്‍ നിര്‍ണായകസ്ഥാനം നേടുകയുണ്ടായി. ഇന്ത്യാചരിത്രം പ്രമേയമാക്കിയ ആദ്യ മലയാള ചരിത്രനോവല്‍ എന്ന പ്രാധാന്യവും അക്ബറിനുണ്ട്. ഇന്ത്യയിലെ മുഗള്‍ ഭരണകാലഘട്ടത്തിലേക്കു സാമാന്യമായും അക്ബര്‍ ചക്രവര്‍ത്തിയുടെ ഔദ്യോഗിക-വൈയക്തിക ജീവിതത്തിലേക്ക് സവിശേഷമായും കടന്നുചെല്ലുന്ന നോവലാഖ്യാനം ചരിത്രത്തിന്‍റെ ഭാവനാത്മകമായ പുനരാവിഷ്കാരമായി മാറുന്നു. ഇന്നേയ്ക്ക് 130 വര്‍ഷം മുമ്പ് പ്രസിദ്ധീകൃതമായ അക്ബര്‍ നോവല്‍ മലയാളത്തിലെ വിവര്‍ത്തന സാഹിത്യത്തില്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു. അക്ബറിന്‍റെ ജീവചരിത്രവും ഇന്ത്യയിലെ മുഗള്‍ഭരണകാലഘട്ടവും എങ്ങനെ നോവല്‍രൂപത്തില്‍ ആഖ്യാനവിഷയമാകുന്നുവെന്ന അന്വേഷണമാണ് ഈ പ്രബന്ധം.

താക്കോല്‍ വാക്കുകള്‍: കൊളോണിയല്‍ ആധുനികത, ഭാഷയിലെ ആധുനികീകരണം, കേരളവര്‍മ്മ പ്രസ്ഥാനം, സംസ്കൃതീകൃത ഗദ്യം, പരിനിഷ്ഠിതഭാഷ

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധം കേരളത്തിന്‍റെ സമസ്തമേഖലകളിലും വമ്പിച്ച പരിണാമങ്ങള്‍ കൊണ്ടുവന്ന കാലമായിരുന്നു. കോളനിഭരണത്തിന്‍റെയും ക്രിസ്ത്യന്‍ മിഷണറിമാരുടെ മതപ്രചരണ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടേയും പരിണതഫലം എന്ന നിലയില്‍ സാമൂഹ്യരാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളില്‍ അടിമുടി മാറ്റങ്ങള്‍ വന്നുകൊണ്ടിരുന്നു. സാമ്പ്രദായികവും യാഥാസ്ഥിതികവുമായ കാഴ്ചപ്പാടുകളുടെ സ്ഥാനത്ത് നവീനവും വിര്‍ശനാത്മകവുമായ ചിന്താധാരകളും ഉള്‍ക്കാഴ്ചകളും കടന്നുവരാന്‍ തുടങ്ങി. അച്ചടിയും പത്രപ്രവര്‍ത്തനവും ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസവും സമൂഹത്തില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ക്ക് തുടക്കമിട്ടു. കൊളോണിയല്‍ ആധുനികത എന്ന് വിളിക്കാവുന്ന ഒരു പുതുതരംഗം കേരളീയ സാമൂഹ്യാന്തരീക്ഷത്തില്‍ എവിടെയും ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. കേരളീയ നവോത്ഥാനത്തിന് അനുകൂലമായ സാംസ്കാരികാന്തരീക്ഷം ഒരുക്കുന്നതില്‍ കൊളോണിയല്‍ ആധുനികതയ്ക്കുള്ള പങ്ക് ചെറുതല്ല. 

നവീനഗദ്യം 

മലയാള ഭാഷയിലും സാഹിത്യത്തിലും ആധുനകീകരണം സംഭവിക്കുന്നതും കോളനിയനന്തരഘട്ടത്തോടുകൂടിയാണ്. മിഷനറിമാര്‍ തുടങ്ങിവച്ച വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സാമാന്യ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ ഉണര്‍വ് നവസമൂഹ നിര്‍മ്മിതിക്ക് ഊര്‍ജ്ജമായി മാറി. പുതിയ വിദ്യാലയങ്ങളും പാഠപദ്ധതികളും മലയാള ഭാഷയുടെ ആധുനികീകരണത്തിന് കളമൊരുക്കി. വിവര്‍ത്തനങ്ങളിലൂടെയും പുതിയ പാഠനിര്‍മ്മിതികളിലൂടെയും വൈജ്ഞാനിക ലേഖനങ്ങളിലൂടെയും മലയാളഗദ്യം പുതിയ വഴികള്‍ കണ്ടെത്തി. വിദ്യാഭ്യാസാവശ്യത്തിലേക്ക് പാഠപുസ്തകങ്ങള്‍ നിര്‍മ്മിക്കുന്നതിനായി തിരുവിതാംകൂര്‍ പാഠപുസ്തകക്കമ്മിറ്റി 1866ല്‍ രൂപീകരിക്കുകയും 1867ല്‍ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ അതിന്‍റെ അധ്യക്ഷപദവിയില്‍ വരികയും ചെയ്തതോടെ മലയാളഗദ്യം ഔപചാരിക പരിഷ്കരണങ്ങള്‍ക്കുവിധേയമായി. സ്കൂള്‍ ക്ലാസ്സുകളിലെ ആവശ്യത്തനായി പാഠാവലികള്‍, വിജ്ഞാനമഞ്ജരികള്‍, തിരുവിതാംകൂര്‍ ചരിത്രം, ഇന്ത്യാചരിത്രം, ഭൂമിശാസ്ത്രം, സാമാന്യശാസ്ത്രം, ഗദ്യ-പദ്യ രചനാമാതൃകകള്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള പുസ്തകങ്ങള്‍ കേരളവര്‍മ്മയുടെ നേതൃത്വത്തില്‍ പാഠപുസ്തകക്കമ്മിറ്റി തയ്യാറാക്കുകയുണ്ടായി. ഗദ്യപാഠപുസ്തകങ്ങളില്‍ പലതും രചിച്ചത് കേരളവര്‍മ്മയായിരുന്നെന്നും അതുവഴി ആധുനിക ഗദ്യത്തിന് തുടക്കം കുറിക്കുകയായിരുന്നു അദ്ദേഹമെന്നും നിരീക്ഷിക്കുന്നവരുണ്ട് (മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ, 2010:181).പാഠപുസ്തകക്കമ്മിറ്റിയിലെ നേതൃത്വവും നവീനഗദ്യസാഹിത്യരൂപങ്ങളുടെ നിര്‍മ്മിതിയും നല്‍കിയ പരിചയസമ്പത്താണ് അക്ബര്‍ എന്ന ബൃഹത് നോവലിന്‍റെ  വിവര്‍ത്തനത്തിന് കേരളവര്‍മ്മ വലിയകോയിത്തമ്പുരാനെ പ്രാപ്തനാക്കിയത് എന്ന് പറയാം. മൂന്നു ഭാഗങ്ങളിലായി 360 പേജുകളില്‍ 1894ല്‍ ആദ്യമായി അക്ബര്‍ നോവലിന്‍റെ തര്‍ജ്ജമ മലയാളത്തില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ മലയാളഗദ്യചരിത്രത്തില്‍ അതൊരു വഴിത്തിരിവുസൃഷ്ടിക്കുകയായിരുന്നു.

അക്ബര്‍ നോവല്‍ - മൂലകൃതിയും വിവര്‍ത്തനങ്ങളും

15-ാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധം മുതല്‍ 18-ാം നൂറ്റാണ്ടിന്‍റെ പൂര്‍വാര്‍ദ്ധം വരെ ഇന്ത്യ ഭരിച്ചിരുന്ന മുഗള്‍ രാജവംശത്തിലെ പ്രശസ്ത ചക്രവര്‍ത്തിമാരാണ് ബാബര്‍, ഹുമയൂണ്‍,  അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്‍, ഔറംഗസേബ് എന്നിവര്‍. ഇവരില്‍ മൂന്നാം മുഗള്‍ചക്രവര്‍ത്തിയായി ചരിത്രം കൊണ്ടാടുന്ന അക്ബര്‍ 1556-1605 കാലഘട്ടത്തിലാണ് ഇന്ത്യ ഭരിച്ചിരുന്നത്. വീരനായക പരിവേഷമുള്ള അക്ബറിന്‍റെ ജീവിതത്തെയും ഭരണകാലത്തെയും അടിസ്ഥാനമാക്കി നെതര്‍ലാന്‍റ് എഴുത്തുകാരനായ ഡോ. പെട്രാസ് അബ്രഹാം സാമുവല്‍ വാന്‍ ലിംബര്‍ഗ് ബ്രോവര്‍ (18291873) (ഉൃ. ജലൃീൗേെ അയൃമവമാാ ടമാൗലഹ ഢമി ഘശായൗൃഴ ആൃീൗംലൃ) ഡച്ച് ഭാഷയില്‍ 1872ല്‍ എഴുതിയ ചരിത്രനോവലാണ് അക്ബര്‍. പൗരസ്ത്യദേശങ്ങളോടും സംസ്കാരങ്ങളോടും ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ബ്രൗവര്‍ മുഗള്‍ചക്രവര്‍ത്തിമാരില്‍ മഹാനായ അക്ബറിനോടുള്ള ആരാധന സഫലീകരിക്കുന്നതിനായി രചിച്ച ജീവചരിത്രനോവലാണ് അക്ബര്‍. ഭാരതത്തിന്‍റെ സാംസ്കാരിക സവിശേഷതകളും അക്ബറിന്‍റെ കാലത്തെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാംസ്കാരിക സാഹചര്യങ്ങളും സര്‍വ്വോപരി അക്ബര്‍ എന്ന മഹാനായ ചക്രവര്‍ത്തിയുടെ നായകത്വവും ആണ് ബ്രൗവറിന്‍റെ നോവലില്‍ ആവിഷ്കൃതമായിട്ടുള്ളത്. ബാബറിനും ഹുമയൂണിനുംശേഷം മുഗള്‍വംശാധിപനായി ഭരണമേറ്റെടുത്ത അക്ബര്‍ രാജ്യവിസ്തൃതിക്കായി നടത്തിയ തന്ത്രപരമായ നീക്കങ്ങളെ ബ്രൗവര്‍ നോവലിന്‍റെ തുടക്കത്തില്‍ അവതരിപ്പിക്കുന്നുണ്ട്. രജപുത്രരാജാക്കന്മാര്‍ അടക്കമുള്ള എതിരാളികളെ പരാജയപ്പെടുത്തി, സഖ്യകക്ഷികളാക്കി നിലനിര്‍ത്തി, ഏകീകൃതമായ ഒരു ഭരണസംവിധാനം ഉത്തരേന്ത്യയില്‍ കൊണ്ടുവരുന്നതില്‍ അക്ബര്‍ വിജയിച്ചതായി നോവലില്‍ ആഖ്യാനം ചെയ്യുന്നു. മതസഹിഷ്ണുതാനയവും വിശാലമാനവികതാദര്‍ശനവും ഭരണരംഗത്തെ ക്രാന്തദര്‍ശനവും സാഹിത്യകലാലോലുപതയും ഒന്നുചേര്‍ന്ന വീരവ്യക്തിത്വമാണ് ബ്രൗവറിന്‍റെ അക്ബറില്‍ കാണാനാവുക. 

അക്ബര്‍നോവല്‍ ഡച്ച്ഭാഷയില്‍ നിന്നും 1877ല്‍ ജര്‍മ്മന്‍ ഭാഷയിലേക്ക് ഹെന്‍റിച്ച് കില്ലിംഗറും 1878ല്‍ ഡാനിഷ് ഭാഷയിലേക്ക് ആന്‍റര്‍സ്കോസ് ഫോര്‍ലേഗും, 1879ല്‍ ഡബ്ല്യു.എച്ച്.അലെന്‍ ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അക്ബര്‍ നോവല്‍ വിവര്‍ത്തനങ്ങളായും സ്വതന്ത്ര രചനകളായും ഇന്ത്യന്‍ ഭാഷകളില്‍ പലകാലങ്ങളിലായി രചിക്കപ്പെട്ടിട്ടുണ്ട്. മുഗള്‍ ചക്രവര്‍ത്തിയില്‍ മറ്റൊരാളും തന്നെ ചരിത്ര നോവലിന് വിഷയമായിട്ടില്ല എന്നതും അക്ബറിന്‍റെ വ്യക്തിപ്രഭാവത്തിന് അടിവരയിടുന്നു. 

അക്ബര്‍നോവല്‍ മലയാളത്തില്‍

ലിംബര്‍ഗ് ബ്രൗവറുടെ ഡച്ചുഭാഷയിലുള്ള അക്ബര്‍ നോവല്‍ 1879ല്‍ വില്യം ഹെന്‍റി അലെന്‍ ആന്‍റ് കമ്പനി ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചതോടെ അക്ബര്‍ചരിതം ലോകശ്രദ്ധയ്ക്കുവിഷയമായി. ചരിത്രനോവല്‍ എന്ന നിലയിലും ചരിത്ര റൊമാന്‍സ് എന്ന നിലയിലും അക്ബറിന് ലോകഭാഷകളില്‍ വിവര്‍ത്തനമൂല്യം ഏറിവന്നു. 1879ലെ അക്ബര്‍ ഇംഗ്ലീഷ്പരിഭാഷ വായിച്ച തിരുവിതാംകൂര്‍ രാജാവ് ശ്രീ വിശാഖം തിരുനാള്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ വ്യക്തിപ്രഭാവത്തില്‍ ആകൃഷ്ടനാവുകയും മഹാനായ അക്ബറിനെ മലയാളികള്‍ക്ക് ആഖ്യായികാരൂപത്തിലൂടെ പരിചയപ്പെടുത്തണമെന്നു നിശ്ചയിക്കുകയും ചെയ്തു. ഭരണകാര്യങ്ങളിലുള്ള തിരക്കുമൂലം ഈ ബൃഹത്നോവല്‍ തനിക്കു വിവര്‍ത്തനം ചെയ്യാന്‍ സാധിക്കില്ല എന്നുവ്യക്തമാക്കിക്കൊണ്ടും കേരളവര്‍മ്മ ഈ മഹത്ഗ്രന്ഥം പരിഭാഷപ്പെടുത്തണമെന്നു നിര്‍ദ്ദേശിച്ചുകൊണ്ടും വിശാഖം തിരുനാള്‍ കുറിപ്പും പുസ്തകവും കേരളവര്‍മ്മ വലിയകോയിത്തമ്പുരാനെ ഏല്‍പ്പിച്ചു. 1882ലാണ് അക്ബര്‍ ഇംഗ്ലീഷ് വിവര്‍ത്തനം കേരളവര്‍മ്മയ്ക്ക് ലഭിക്കുന്നത്. 1884ല്‍തന്നെ വിവര്‍ത്തനം ഏറെക്കുറേ ചെയ്തതായും പരിഷ്കരിച്ച് ഗ്രന്ഥ രൂപത്തില്‍ പൂര്‍ത്തീകരിച്ചത് 1894ല്‍  ആണെന്നും ഗ്രന്ഥകര്‍ത്താവ് മുഖവുരയില്‍ പറയുന്നുണ്ട് (അക്ബര്‍: 1894). മലയാള പരിഭാഷയുടെ രചനാകാലം 1880-1882 എന്നു കണക്കാക്കിയാല്‍ മലയാളത്തിലെ ആദ്യനോവലായി അക്ബറിനെ വിശേഷിപ്പിക്കാം എന്ന് ഉള്ളൂര്‍ രേഖപ്പെടുത്തിയിട്ടുണ്ട് (കേരളസാഹിത്യചരിത്രം 1985:182) തര്‍ജ്ജമയാണെന്നതിനാലും അച്ചടിച്ച് പ്രസിദ്ധീകൃതമായത് 1894ല്‍ ആണെന്നതിനാലും മലയാളത്തിലെ ആദ്യ നോവലാകുന്നില്ല ഈ കൃതി. എന്നാല്‍ 19-ാം നൂറ്റാണ്ടില്‍ മലയാളത്തിലുണ്ടായ രണ്ടു ചരിത്രാഖ്യായികങ്ങളില്‍ ഒന്നായ അക്ബറിന് (മറ്റൊന്ന് സി.വി. രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ, 1891) ഇന്ത്യാ ചരിത്ര പശ്ചാത്തലത്തില്‍ ഉണ്ടായ ആദ്യ ചരിത്രനോവല്‍ എന്ന സ്ഥാനം നല്‍കാവുന്നതാണ്. 

ആവിഷ്കൃത പ്രമേയംകൊണ്ടും ബൃഹദാഖ്യാന ഘടന കൊണ്ടും, ഗദ്യഭാഷാ സവിശേഷതകൊണ്ടും മലയാള ഭാഷാസാഹിത്യചരിത്രത്തില്‍ നിര്‍ണായക സ്ഥാനമര്‍ഹിക്കുന്നുണ്ട് അക്ബര്‍ വിവര്‍ത്തനം. മലയാളത്തിലെ ചരിത്രാഖ്യായികാശാഖയെ അക്ബര്‍ സമ്പന്നമാക്കി. അക്ബറെന്ന സമുജ്വല കഥാപുരുഷനില്‍ക്കൂടി ഭാരതത്തെത്തന്നെ ഒന്നായി സമീക്ഷിക്കുവാനുള്ള പ്രചോദനം ഈ മഹാകൃതി സഹൃദയര്‍ക്കു നല്‍കി എന്നാണ് കെ.എം.തരകന്‍ മലയാള നോവല്‍സാഹിത്യ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് (2005:61). 

1858-ല്‍ റവ. ജോസഫ് പീറ്റ് വിവര്‍ത്തനം ചെയ്ത څഫുല്‍മേനി എന്നും കോരുണ എന്നും പേരായ രണ്ട് സ്ത്രീകളുടെ കഥچ 1877ല്‍ വിവര്‍ത്തിതമായ څഘാതകവധംچ, 1882ല്‍ പ്രസിദ്ധീകരിച്ച څപുല്ലേലിക്കുഞ്ചുچ 1889ലെ څഇന്ദുലേഖچ, 1891ലെ څശാരദچ തുടങ്ങിയ നോവലുകള്‍ സാമൂഹ്യവിഷയങ്ങള്‍ ഇതിവൃത്തമാക്കിയിട്ടുള്ളവയാണല്ലോ. ഇതില്‍നിന്നും വ്യത്യസ്തമായി ഭൂതകാലത്തിന്‍റെ സാമൂഹ്യ രാഷ്ട്രീയ വ്യവസ്ഥകളും വ്യക്തികളും സംഭാവനകളും സമകാലിക സമൂഹത്തിനുമുന്നില്‍ പുനരാവിഷ്കരിക്കാമെന്നും അതു നോവല്‍ രൂപത്തിലാക്കാമെന്നും 1882ല്‍ത്തന്നെ തിരിച്ചറിയുകയും അതിനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. ആ നിലയ്ക്ക് മലയാളത്തിലെ ചരിത്രനോവലിനു തുടക്കമിട്ടത് കേരളവര്‍മ്മയാണെന്നുപറയാം. 

ചരിത്രപുരുഷനായ അക്ബര്‍

ഇന്ത്യയിലെ ഏറ്റവും വിഖ്യാതനായ മുഗള്‍ചക്രവര്‍ത്തിയാണ് അക്ബര്‍. (1542-1605) അബു അല്‍-ഫത്ജലാല്‍ അല്‍-ദീന്‍ മുഹമ്മദ് അക്ബര്‍ എന്ന മൂന്നാം മുഗള്‍ ചക്രവര്‍ത്തി തന്‍റെ പൂര്‍വ്വികരായ ബാബര്‍, ഹുമയൂണ്‍, എന്നിവരില്‍ നിന്നും വ്യത്യസ്തനായി സര്‍വ്വജനപിന്തുണയോടെ ഇന്ത്യയൊന്നാകെ മുഗള്‍ഭരണത്തിന്‍ കീഴില്‍ കൊണ്ടുവരാനും ഒരു ഏകീകൃത ഭരണത്തിനുകീഴില്‍ ദേശരാഷ്ട്ര സങ്കല്‍പ്പത്തെ യാഥാര്‍ത്ഥ്യമാക്കാനും പരിശ്രമിച്ച വ്യക്തിയായിരുന്നു. 

14-ാം വയസ്സില്‍ എ.ഡി. 1556ല്‍ ചക്രവര്‍ത്തിസ്ഥാനം ഏറ്റെടുത്ത അക്ബര്‍ നിരവധി പ്രതിസന്ധികളിലൂടെയും അഭ്യന്തര പ്രശ്നങ്ങളിലൂടെയുമാണ് മുഗള്‍ഭരണം മുന്നോട്ടുകൊണ്ടുപോയത്. അയല്‍രാജ്യങ്ങളെ യുദ്ധത്തില്‍ പരാജയപ്പെടുത്തിയും നയതന്ത്ര ബുദ്ധിയോടെ തനിക്കൊപ്പം നിര്‍ത്തിയും രാജ്യവിസ്തൃതി വര്‍ദ്ധിപ്പിക്കുക എന്നതിലായിരുന്നു അക്ബര്‍ ശ്രദ്ധിച്ചിരുന്നത്. ആഗ്ര, ഡല്‍ഹി, മാള്‍വ, ചിത്തോഡ്, രാത്തംഭോഡ്, ഗോണ്ട്വാന തുടങ്ങിയ ചെറുരാജ്യങ്ങള്‍ കീഴടക്കിക്കൊണ്ടായിരുന്നു മുഗള ശക്തിയുടെ വ്യാപനം സാധ്യമാക്കിയത്. തുടര്‍ന്ന് മേവാര്‍, ഗുജറാത്ത്, ബീഹാര്‍, ബംഗാള്‍ പ്രദേശങ്ങളിലും അക്ബര്‍ തന്‍റെ ഭരണം അംഗീകരിപ്പിച്ചു. തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ മേഖലയിലുള്ള കാബൂള്‍, പെഷവാര്‍, ബലൂചിസ്ഥാന്‍, മക്കറാന്‍, കാണ്ടഹാര്‍ തുടങ്ങിയ ദേശങ്ങളും മുഗള്‍ ഭരണത്തിന്‍റെ വരുതിയിലാക്കി. ഇങ്ങനെ ഉത്തരേന്ത്യ ഒന്നാകെ മുഗള്‍ ശക്തിക്കു കീഴടക്കി ദക്ഷിണേന്ത്യയിലേക്കും അക്ബര്‍ പടയോട്ടം നടത്തി. ഗോദാവരി നദിക്കു, വടക്ക് ഇന്ത്യന്‍ ഉപഭൂഖണ്ഡം മുഴുവന്‍ നിയന്ത്രിക്കുന്ന ഭരണകൂടമായി മുഗള്‍ഭരണം മാറി.  ജഹാംഗീര്‍, ഷാജഹാന്‍, ഔറംഗസ്വീബ് എന്നീ പിന്‍ഗാമികള്‍ക്കും അക്ബറിന്‍റെ വ്യക്തിപ്രഭാവത്തെ അതിശയിക്കാന്‍ കഴിഞ്ഞിരുന്നില്ല. 

അക്ബര്‍ ചരിത്രനോവല്‍ രചനയില്‍ ബ്രൗവര്‍ക്ക് അവലംബമായിരുന്ന മുഖ്യകൃതി څഅക്ബര്‍നാമچയാണ്. അക്ബറിനെയും അദ്ദേഹത്തിന്‍റെ ഭരണകാലത്തെയും കുറിച്ചുള്ള ആദ്യകൃതിയാണത്. അക്ബറിന്‍റെ വിദ്വല്‍സദസ്സിലെ നവരത്ന പ്രതിഭകളില്‍ പ്രമുഖനായിരുന്ന അബുല്‍ ഫാസലാണ് څഅക്ബര്‍നാമچ രചിച്ചത്. മൂന്നു ഭാഗങ്ങളായുള്ള ഈ കൃതി അക്ബറിന്‍റെ നിര്‍ദ്ദേശാനുസൃതമാണ് രചിക്കപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്. മുഗള്‍സാമ്രാജ്യചരിത്രം, ചക്രവര്‍ത്തിപരമ്പര, അക്ബറിന്‍റെ ജനനം, ഭരണസാരഥ്യം, രാജ്യവിസ്തൃതി, ഭരണപരിഷ്കാരങ്ങള്‍, സൈനിക സംവിധാനം, യുദ്ധവിജയങ്ങള്‍, വ്യക്തിജീവിതം, കുടുംബജീവിതം, രാഷ്ട്രീയ സാമൂഹിക സാമ്പത്തികസ്ഥിതികള്‍ എന്നിങ്ങനെ അക്ബര്‍ കേന്ദ്രിതമായ സമഗ്രചരിത്രം അക്ബര്‍നാമ ഉള്‍ക്കൊള്ളുന്നുണ്ട്.

മുഗള്‍ ചക്രവര്‍ത്തിമാരില്‍ അക്ബറിനുള്ള പ്രാധാന്യത്തെ ഐതിഹാസികതലത്തിലേക്ക് ഉയര്‍ത്തി ആഖ്യാനം നിര്‍വ്വഹിക്കുകയാണ് നോവലില്‍. സാമ്രാജ്യ വിസ്തൃതിക്കുവേണ്ടിയുള്ള അക്ബറിന്‍റെ പടയൊരുക്കങ്ങള്‍, അക്ബര്‍ക്കെതിരെയുള്ള ഉപജാപക സംഘങ്ങളുടെ ഗൂഢതന്ത്രങ്ങള്‍, ശത്രുക്കളെ അടിച്ചമര്‍ത്തി ചക്രവര്‍ത്തിത്വം ഉറപ്പിക്കല്‍-ഇത്രയുമാണ് നോവലിലെ രാഷ്ട്രീയചരിത്രം. ഇതിനോടിടകലര്‍ത്തി അക്ബറിന്‍റെ ജീവചരിത്രവും വിവൃതമാക്കപ്പെടുന്നു. അക്ബറിന്‍റെ വ്യക്തിത്വ സവിശേഷതകളും ഭരണാധിപന്‍ എന്ന നിലയിലുള്ള കഴിവുകളും രാജ്യത്ത് നടത്തിയ ഭരണപരിഷ്കാരങ്ങളും ആ കാലഘട്ടത്തിലെ സാമൂഹ്യജീവിതവും വിശകലനം ചെയ്യപ്പെടുന്ന തരത്തിലുള്ള ആഖ്യാനം നോവലിനെ സവിശേഷമാക്കുന്നു. സാമ്പത്തിക സാമൂഹിക പരിഷ്കാരങ്ങളിലും മത-ആധ്യാത്മിക വിഷയങ്ങളിലും എത്രയും ശ്രദ്ധാലുവായിരുന്നു അക്ബര്‍ എന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത് നോവലില്‍ വിശ്വാസ്യതയോടെ ആഖ്യാനരൂപമായി മാറുന്നു. ചരിത്രത്തില്‍ സ്ഥാനം നേടിയ ധാരാളം കഥാപാത്രങ്ങള്‍ നോവലില്‍ വിശ്വാസ്യതയുടെ സാക്ഷ്യങ്ങളായി അണിനിരക്കുന്നുണ്ട്. ഇവരില്‍ അബുള്‍ ഫാസല്‍, അബുള്‍ ഫൈസി എന്നിവര്‍ക്ക് നോവലിലും ചരിത്രത്തിലും പ്രമുഖസ്ഥാനമാണുള്ളത്. അക്ബര്‍നാമ രചിച്ച അബുള്‍ ഫാസല്‍ (1551-1602) ഭരണ കാര്യങ്ങളിലും ആധ്യാത്മിക വിഷയങ്ങളിലും അക്ബര്‍ക്ക് വലംകൈയ്യായിരുന്നു. 1602ല്‍ അക്ബറിന്‍റെ പുത്രന്‍ സലിമിന്‍റെ പ്രേരണയില്‍ അര്‍ഛായിലെ രാജാവായ ബീര്‍സിംഗ് ഫാസലിനെ വധിക്കുകയായിരുന്നു. ഫാസലിന്‍റെ ജ്യേഷ്ഠനായ ഫൈസി (നോവലില്‍ അബുള്‍ഫാസലിനെ ജ്യേഷ്ഠനാക്കിയിരിക്കുന്നു) അക്ബറിന്‍റെ വിശ്വസ്തമിത്രവും ആത്മീയകാര്യദര്‍ശിയും ഉപദേഷ്ടാവുമായിരുന്നു. 

മതസഹിഷ്ണുത

സര്‍വ്വമതസ്ഥര്‍ക്കും ആരാധനാവിശ്വാസസ്വാതന്ത്ര്യം അനുവദിച്ച ആദ്യഭരണാധികാരിയായിരുന്നു അക്ബര്‍. ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയില്‍ അക്ബര്‍ സ്ഥാപിച്ച ഫത്തേപൂര്‍ സിക്രി എന്ന തലസ്ഥാനനഗരിയില്‍ പണികഴിപ്പിച്ച څഇബാദത്ത് ഖാനچ എന്ന മന്ദിരത്തില്‍ സര്‍വ്വമത സമ്മേളനങ്ങള്‍ പതിവായി നടത്തിപ്പോന്നു. വിവിധ മതങ്ങള്‍ സഹിഷ്ണുതയില്‍ നിലനിന്നുപോകേണ്ടതിന്‍റെ പ്രാധാന്യം അക്ബര്‍ ഉള്‍ക്കൊണ്ടിരുന്നു. വിവിധ മതസ്ഥര്‍ വസിക്കുന്ന ഇന്ത്യയില്‍ എല്ലാ വിഭാഗക്കാര്‍ക്കും സ്വീകാര്യമായതും തികച്ചും നവീനമായതുമായ ഒരു മതം രൂപപ്പെടുത്തുന്നതിലേക്ക് അക്ബറിന്‍റെ ചിന്ത വളര്‍ന്നു. തന്‍റെ വിശാല ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന തരത്തില്‍ സമത്വത്തിലും സാഹോദര്യത്തിലും സഹിഷ്ണുതയിലും അധിഷ്ഠിതമായ ഒരു പുതിയ മതം څദിന്‍ ഇലാഹിچ എന്നപേരില്‍ അക്ബര്‍ സ്ഥാപിച്ചു. എല്ലാ മതങ്ങളുടെയും സാരാംശം ഉള്‍ക്കൊള്ളുന്ന സര്‍വ്വജനബാധകമായ മതമായി ദിന്‍ ഇലാഹി ആത്മീയസ്വാതന്ത്ര്യത്തിന്‍റെ വെളിച്ചം പകര്‍ന്നു.

ചരിത്രത്തിന്‍റെ നോവല്‍രൂപം

മലയാളത്തിലെ ആദ്യത്തെ ചരിത്രനോവല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാര്‍ത്താണ്ഡവര്‍മ്മ (1891) രചിക്കപ്പെടുന്നതിനും ഒരു ദശകം മുമ്പ് രചനയാരംഭിച്ച അക്ബര്‍ നോവല്‍, ചരിത്രാഖ്യായികയുടെ സകല ലക്ഷണമാനദണ്ഡങ്ങള്‍ക്കും ചേര്‍ന്നുനില്‍ക്കുന്നുണ്ട്. ഭൂതകാലത്തിലെ സംഭവങ്ങളെയും സാമൂഹ്യരാഷ്ട്രീയ സാംസ്കാരിക സവിശേഷതകളെയും ചരിത്രപശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ആഖ്യാനരൂപമാണ് ചരിത്രനോവല്‍. ചരിത്രപരമായ വസ്തുതകളോട് റിയലിസ്റ്റിക്കായ സമീപനം പുലര്‍ത്തി ഒരു കാലഘട്ടത്തെ പുനരാവിഷ്കരിക്കുകയാണവിടെ. ചരിത്രത്തോടൊപ്പം ഭാവനയുടെ സ്വതന്ത്ര സഞ്ചാരവും കടന്നുവരാം. സാങ്കല്‍പിക കഥാപാത്രങ്ങളും സംഭവങ്ങളും ചരിത്രാഖ്യാനത്തില്‍ ഇടകലര്‍ത്താം. പക്ഷേ, അതൊന്നും ചരിത്രത്തെ തെറ്റിദ്ധരിപ്പിക്കുകയോ വളച്ചൊടിക്കുകയോ ചെയ്യുന്ന തരത്തിലാകാന്‍പാടില്ല. കെട്ടിച്ചമച്ച ചരിത്രത്തിന്‍റെയും (Fabricated History)  ഭാവനയുടെയും (Fantacy) അതിപ്രസരം ചരിത്രനോവലിനു ഭൂഷണമല്ല. 

16-ാം നൂറ്റാണ്ടിലെ ഉത്തരേന്ത്യന്‍ ചരിത്രപശ്ചാത്തലത്തിലാണ് അക്ബര്‍ നോവല്‍ രചിക്കപ്പെട്ടിട്ടുള്ളത്. അക്ബറുടെ അന്‍പതുകൊല്ലത്തെ (1556-1605) ഭരണകാലമാണ് ആഖ്യായികയില്‍ സ്വീകരിച്ചിട്ടുള്ള ചരിത്രകാലഘട്ടം. ڇഅവ്യവസ്ഥിതമായ രാജ്യഭരണക്രമത്തോടും ഉച്ഛൃംഘലന്‍മാരായ അധികാരികളോടും ദുര്‍ബലങ്ങളായ രാജ്യാംഗങ്ങളോടും കൂടിയിരുന്ന രാജ്യത്തെ യഥാക്രമമായി ഭരിച്ച് അധികാരികളുടെ സ്വാതന്ത്ര്യത്തെ നിയന്ത്രണം ചെയ്ത്, അനേകദേശങ്ങളെ ചേര്‍ത്ത്, രാജ്യാംഗങ്ങളെ  പ്രബലീകരിച്ച്, എത്രയും ശ്ലാഘനീയങ്ങളായ ബഹുവിധ പരിഷ്കാരങ്ങളെ ഏര്‍പ്പെടുത്തി ന്യായമായും നിഷ്പക്ഷമായും 50 വര്‍ഷം പ്രജാപാലനം ചെയ്തڈ (അക്ബര്‍, ആമുഖം) അക്ബറുടെ ഭരണകാലചരിത്രം ആഖ്യായികാരൂപത്തില്‍ കേരളവര്‍മ്മ മലയാളികള്‍ക്ക് പരിചയപ്പെടുത്തുകയാണ്. ലിംബര്‍ഗ് ബ്രൗവര്‍ രചിച്ച മൂലകൃതിയുടെ ഇംഗ്ലീഷ് പരിഭാഷ വായിച്ച് അക്ബര്‍ ചക്രവര്‍ത്തിയില്‍ ആകൃഷ്ടനായി മാറിയ കേരളവര്‍മ്മ ,മാതൃകാമനുഷ്യനും അനുകരണീയ ഭരണാധിപനും എന്ന നിലയിലാണ് അക്ബറിനെ ചിത്രീകരിക്കുന്നത്. അക്ബര്‍ നോവല്‍ വിവര്‍ത്തനത്തിനുള്ള ഉള്‍പ്രേരണയെക്കുറിച്ച് വിവര്‍ത്തകന്‍ ഇങ്ങനെ പറയുന്നു - ڇഅക്ബറുടെ രാജ്യഭരണകാലത്താണ് ഹിന്ദുസ്ഥാന്‍ ക്ഷേമത്തിന്‍റെയും ഐശ്വര്യത്തിന്‍റേയും പരമകാഷ്ഠയെ പ്രാപിച്ചത്. അതിന്‍റെ ഖ്യാതി സര്‍വ്വത്ര വ്യാപിക്കുകയും അക്ബറുടെ സമകാലീനയായ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി ആ ചക്രവര്‍ത്തിയുടെ രാജധാനിയിലേക്ക് ദൂതന്മാരെ അയക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയും വിശ്രുതനായ അക്ബറുടെ ഗുണഗണങ്ങളേയും രാജ്യഭരണക്രമങ്ങളെയും കുറിച്ച് നമ്മുടെ കേരളീയര്‍ ഗ്രഹിച്ചിട്ടില്ലാത്തത് എത്ര ശോചനീയമായ അവസ്ഥയാണ്ڈ (അക്ബര്‍ ആമുഖം) എന്നിങ്ങനെ വ്യാകുലപ്പെട്ടുകൊണ്ടാണ് അക്ബര്‍ വിവര്‍ത്തനത്തിന് കേരളവര്‍മ്മ മുതിരുന്നത്.

ചരിത്രനോവലില്‍ നോവലിസ്റ്റിനു കൈക്കൊള്ളാവുന്ന സ്വാതന്ത്ര്യം ഉപയോഗിച്ചുകൊണ്ട് ചരിത്രസത്യങ്ങളില്‍ ചില വ്യതിയാനങ്ങള്‍ വരുത്തിക്കൊണ്ടാണ് വാന്‍ലിംബര്‍ഗ് ബ്രൗവര്‍ അക്ബര്‍ ആഖ്യായിക രചിച്ചിരിക്കുന്നത്. അക്ബറുടെ ജീവചരിത്രവും അക്കാലത്തെ ഇന്ത്യന്‍ നാട്ടുരാജ്യഭരണവും രാഷ്ട്രീയ സ്ഥിതിഗതികളും വസ്തുനിഷ്ഠമായി ചരിത്രകൃതികളില്‍ രേഖപ്പെടുത്തിയിട്ടുള്ളത് നോവലില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചരിത്രവസ്തുതകളെ വളച്ചൊടിക്കുകയോ തെറ്റിദ്ധാരണ ജനിപ്പിക്കുകയോ ചെയ്യാത്തവിധം ചരിത്രമുഹൂര്‍ത്തങ്ങളെ മിനുക്കി അവതരിപ്പിക്കുന്നതില്‍ ആഖ്യായികാ കര്‍ത്താവ് കാണിച്ചിരിക്കുന്ന കൗശലം ചരിത്രനോവല്‍ എന്താണെന്നുകൂടി നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

ചരിത്രനോവലില്‍ ഏറ്റവും പ്രധാനം ഇതിവൃത്തമായ ചരിത്രം തന്നെയായിരിക്കണം. അതിന് അനുപൂരകമാംവിധം സംഭവങ്ങളും കഥാപാത്രങ്ങളും കല്‍പിതാംശങ്ങളും കടന്നുവരണം. ചരിത്രത്തെ പൂരിപ്പിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നവിധം കല്‍പിതകഥകള്‍ സൃഷ്ടിക്കാന്‍ നോവലിസ്റ്റിന് അവകാശമുണ്ട്. കേവലചരിത്രം നോവലാവുകയില്ലല്ലോ. ആഖ്യാന സാഫല്യത്തിനും അനുഭവ പ്രതീതിക്കും രസാനുഭവ പൂര്‍ണ്ണതയ്ക്കും വേണ്ടി ചരിത്രത്തെ നാനാപ്രകാരത്തില്‍ പരിഷ്കരിച്ചു പുനഃസൃഷ്ടിക്കുമ്പോഴാണ് ചരിത്രനോവല്‍ ഉണ്ടാകുന്നതെന്ന് കല്‍പ്പറ്റ ബാലകൃഷ്ണന്‍ പറയുന്നുണ്ട് (ചരിത്രനോവല്‍ മലയാളത്തില്‍, പു.26). ഇവിടെ പരിഷ്കാരവും പുനഃസൃഷ്ടിയും പ്രത്യേകം ശ്രദ്ധിക്കണം. ചരിത്രപ്രതീതിക്കു വിരുദ്ധമായ പരിഷ്കാരവും പുനഃസൃഷ്ടിയും നോവലിനെ കെട്ടുകഥയുടെ തലത്തിലേക്കാവും കൊണ്ടുപോവുക. കല്‍പിത കഥാപാത്രങ്ങളും സംഭവങ്ങളും ചരിത്രകഥാപാത്രങ്ങളോടും സംഭവങ്ങളോടും ഇഴുകിച്ചേര്‍ന്നിരിക്കണം. മനോഹരവും സ്വാഭാവികവുമാണ് അക്ബറിലെ പാത്രസൃഷ്ടിയെന്ന് അക്ബര്‍ നിരൂപണത്തില്‍ എം.പി.പോള്‍ പറയുന്നുണ്ട് (എം.പി. പോളിന്‍റെ സമ്പൂര്‍ണ്ണ കൃതികള്‍ വാല്യം 1, 2012: പു. 88)

അക്ബറിന്‍റെ ചരിത്രപശ്ചാത്തലം പറഞ്ഞുകഴിഞ്ഞു. ഈ ചരിത്രത്തില്‍ നിന്നും കഥാപാത്രങ്ങളുടെ കാര്യത്തില്‍ ചില വ്യതിയാനങ്ങള്‍ നോവലില്‍ വരുത്തിയിട്ടുണ്ട്. അതില്‍ പ്രധാനം അക്ബര്‍ ചക്രവര്‍ത്തിയുടെ പാത്രാവിഷ്കാരം തന്നെ. ചരിത്രത്തിലുള്ള അക്ബറിന്‍റെ ഒരു വശം മാത്രമേ നോവലില്‍ കാണുന്നുള്ളൂ എന്ന് പലരും വിമര്‍ശിച്ചിട്ടുണ്ട്. സത്യസന്ധനും മഹാമനസ്കനും ശാന്തസ്വഭാവക്കാരനും കാരുണ്യമൂര്‍ത്തിയുമായ അക്ബറിന്‍റെ മുഖമാണ് നോവലില്‍ തെളിയുന്നത്. അക്ബര്‍ എന്നാല്‍ മഹാന്‍ എന്നാണര്‍ത്ഥം. ആ നിലയില്‍ ചരിത്രപുരുഷന്‍റെ മഹത്വം മാത്രമേ നോവലില്‍ ആവിഷ്കരിക്കുന്നുള്ളൂ. അക്ബറുടെ മതസഹിഷ്ണുതാനയം ചരിത്രപ്രകീര്‍ത്തിതമാണ്. അബ്ദുല്‍ ഖാദര്‍, റുഡോള്‍ഫ് അക്വാവീവ തുടങ്ങിയ മതഭ്രാന്തന്മാരോട് അക്ബര്‍ എത്ര സൗമ്യനായാണ് പെരുമാറുന്നത് എന്നതിന് നോവലില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്. അന്ധമായ മതാഭിനിവേശം അക്ബര്‍ അംഗീകരിക്കില്ലെന്നു മനസ്സിലാക്കിയ അബ്ദുല്‍ ഖാദറും അക്വാവീവയും അത്യന്തം കുപിതരായി, അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞ് ഇങ്ങിപ്പോവുമ്പോഴും അക്ബര്‍ സൗഹൃദവും കാരണ്യവും കൈവിടാതെ ശാന്തചിത്തനായി നില്‍ക്കുന്നതേയുള്ളൂ. ڇയോഗ്യനായ പാതിരീ! നിങ്ങള്‍തന്നെ ഉണ്ടാക്കിത്തീര്‍ത്ത വാഗ്വാദത്തില്‍ എന്‍റെ അധികാരത്തെ രക്ഷിക്കുന്നതിനുവേണ്ടി നിര്‍ദ്ദാക്ഷിണ്യമായി സംസാരിക്കാന്‍ ഇടയായതിനെക്കുറിച്ച് ഞാന്‍ വ്യസനിക്കുന്നു. നിങ്ങള്‍ കലഹിച്ചു പിരിയുന്നതില്‍ എനിക്കു സമ്മതമല്ല. ചില സംഗതികളില്‍ നമ്മുടെ അഭിപ്രായങ്ങള്‍ ഭേദിച്ചിരിക്കുന്നു. എങ്കിലും അതുകൊണ്ട് നിങ്ങളെക്കുറിച്ച് എനിക്കുള്ള ബഹുമാനത്തിന് യാതൊരു കുറവും ഇല്ല. നിങ്ങള്‍ പോകുന്നുവെങ്കില്‍ അങ്ങനെയാകട്ടെ. എന്നാല്‍ നമ്മള്‍ സ്നേഹിതന്മാരായി പിരിയണംڈ. (അക്ബര്‍, പു.221). അക്വാവീവയോടുള്ള അക്ബറിന്‍റെ ഈ വാക്കുകള്‍ സഹിഷ്ണുത, ശാന്തത, വിശാലഹൃദയത്വം, പ്രതിപക്ഷ ബഹുമാനം തുടങ്ങിയ സദ്ഗുണങ്ങള്‍ വെളിവാക്കിത്തരുന്നു. മറ്റൊരു മതഭാന്ത്രനായ അബ്ദുല്‍ഖാദറോടും അക്ബര്‍ സ്നേഹവും സൗഹൃദവുമാണ് ആവശ്യപ്പെടുന്നത്. സിദ്ധനോടും സലീമിനോടും ക്ഷമിക്കാനും സഹിക്കാനും പോകുന്ന കാരുണ്യധാരയാണ് ആ മഹാനിലുള്ളത്. യുദ്ധരംഗത്തോ നീതി നടപ്പിലാക്കുന്ന വേദിയിലോ കര്‍ക്കശസ്വഭാവം പുലര്‍ത്തുന്ന അക്ബറുടെ ചരിത്രമുഖം നോവലില്‍ കാണാനാകില്ല. താന്‍ സ്ഥാപിച്ച څദിന്‍ ഇലാഹിچ സ്വയം ഈശ്വരാനാകാനുള്ള അക്ബറുടെ അഹങ്കാരജന്യമായ  ദുരാഗ്രഹത്തിന്‍റെ ഫലമാണെന്ന് എ.ശ്രീധരമേനോന്‍ ഇന്ത്യാചരിത്രത്തില്‍ (1998.181)പറയുന്നുണ്ട്. എന്നാല്‍ അക്ബര്‍ നോവല്‍ വായിക്കുന്ന ഒരാള്‍ക്ക് അങ്ങനെയുള്ള ഒരു ഭരണാധികാരിയെ സങ്കല്‍പ്പിക്കാന്‍ക്കൂടി കഴിയില്ല.

അക്ബറുടെ വ്യക്തിജീവിതത്തിലും രാഷ്ട്രീയജീവിതത്തിലും സഹചാരികള്‍ ആയിരുന്ന അബ്ുല്‍ ഫാസല്‍, ഫൈസി എന്നീ കഥാപാത്രങ്ങളുടെ അവതരണത്തിലും ചരിത്രവൈരുദ്ധ്യം കാണാം. അബുള്‍ഫാസലിനെ മൂത്ത സഹോദരനായാണ് നോവലില്‍ ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ ചരിത്രദൃഷ്ടിയില്‍ ഫൈസിയാണ് മുതിര്‍ന്ന സഹോദരന്‍. അക്ബര്‍ ജീവിച്ചിരിക്കുമ്പോള്‍തന്നെ രണ്ടുപേരും മരിക്കുന്നതായാണ് ചരിത്രം രേഖപ്പെടുത്തുന്നത്. 1595ല്‍ ഫൈസിയും 1602ല്‍ ഫാസലും മരിക്കുന്നു. എന്നാല്‍ നോവലില്‍ അക്ബറുടെ മരണാനന്തരം ഫൈസി പേര്‍ഷ്യയിലേക്കുപോകുന്നതായി കഥാപരിണാമം ചെയ്തിരിക്കുന്നു.

ചരിത്രസംഭവങ്ങളിലും ചില സ്വാതന്ത്ര്യങ്ങള്‍ നോവലിസ്റ്റ് കൈക്കൊണ്ടിട്ടുണ്ട്. മുസ്ലീം ഭരണത്തിനുകീഴിലായിരുന്ന കാശ്മീരം ഹിന്ദുരാജാക്കന്മാരുടെ അധീനതയിലായിരുന്നതായാണ് നോവലില്‍ ചിത്രീകരിക്കുന്നത്. ഈ വ്യതിയാനം കഥാഘടനയുടെ കെട്ടുറപ്പിനുവേണ്ടി നോവലിസ്റ്റ് കണ്ടെത്തുന്നതാണ്. രജപുത്രന്മാര്‍ക്കിടയിലെ മത്സരം സൂചിപ്പിക്കുക, സിദ്ധന്‍ എന്ന കല്‍പിത കഥാപാത്രത്തെ അവതരിപ്പിക്കുക എന്നിവയ്ക്കുവേണ്ടിയാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്. ചരിത്രത്തിന്‍റെ പുനഃസൃഷ്ടിയില്‍ കലാപരമായ തികവു വരുത്തുന്നതിനുവേണ്ടി ഇത്തരം പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നത് ഉചിതമാണ്. ചരിത്ര സത്യങ്ങളെ വളച്ചൊടിക്കാതെയും തകിടം മറിക്കാതെയും കഥ പറഞ്ഞുപൂര്‍ത്തിയാക്കാന്‍ കഴിയുന്നുവെന്നത് അക്ബര്‍ ആഖ്യായികയെ ശ്രദ്ധേയമാക്കുന്നു.

ചരിത്രനോവലില്‍ ചരിത്രത്തോടൊപ്പം കല്‍പിത കഥയും കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടാവുന്നതാണ്. ഇരാവതി സിദ്ധരാമ പ്രണയകഥ ഈ ആഖ്യായികയില്‍ ഒരു പ്രധാന ധാരയാണ്. മാര്‍ത്താണ്ഡവര്‍മ്മ നോവലിലെ പാറുക്കുട്ടി - അനന്തപത്മനാഭ പ്രണയകഥപോലെ. ഇരാവതി, റസിയ, സിദ്ധരാമന്‍, ഗോരക്ഷകന്‍, സാല്‍ഹണന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ ചരിത്രത്തിലുള്ളതല്ല; കല്‍പിതങ്ങളാണ്. അക്ബര്‍ നോവലിലെ കഥാപാത്രസൃഷ്ടി അകൃത്രിമ സുന്ദരമാണെന്നും കഥാഘടനയില്‍ കൃത്രിമത്വം അതിദുര്‍ലബമാണെന്നും കഥയെ കേവലം പരിണാമഗുപ്തിയില്‍ പരിനിഷ്ഠമാക്കുവാന്‍ കഥാകാരന്‍ ബദ്ധപ്പെട്ടിട്ടില്ലെന്നും എം.പി.പോള്‍ നിരീക്ഷിക്കുന്നത് (നോവല്‍ സാഹിത്യം) അക്ബര്‍ നോവലിനുകിട്ടിയ അംഗീകാരമാണ്. 

ചരിത്രനോവലിലെ ഭാഷ

സാമൂഹ്യനോവലിലും ചരിത്രനോവലിലും ആഖ്യാതാവിന്‍റെയും കഥാപാത്രങ്ങളുടെയും ഭാഷ വ്യത്യസ്തമായിരിക്കും. ഭൂതകാല പ്രതീതി വരുത്താന്‍ നോവലിന്‍റെ ഭാഷയില്‍ ബോധപൂര്‍വ്വം വക്രീകരണം നടത്തേണ്ടതായി വരാം. വിവര്‍ത്തനത്തില്‍ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ ഉപയോഗിച്ച ഭാഷയുടെ പേരിലാണ് അക്ബര്‍ നോവല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടിട്ടുള്ളത്. ചിരിക്കണമെന്നുതോന്നുമ്പോള്‍ അക്ബര്‍ വായിച്ച് അതിലെ കഠിന സംസ്കൃതപദങ്ങള്‍ ആവര്‍ത്തിച്ചുപറഞ്ഞു രസിക്കുക ചന്തുമേനോന്‍റെ ഒരു നേരമ്പോക്കായിരുന്നു എന്ന് ഉദ്ധരിച്ച് അക്കാലത്തെ നോവലിസ്റ്റുകളില്‍ ആ ശൈലി ഉളവാക്കിയ പരിഹാസത്തിനും സ്വാധീനമില്ലായ്മക്കും അടിവരയിടുന്നുണ്ട് ജോര്‍ജ് ഇരുമ്പയം (മലയാളനോവല്‍ 19-ാം നൂറ്റാണ്ടില്‍ പു.82). കേരളവര്‍മ്മയുടെ സംസ്കൃതപ്രണയം വിവര്‍ത്തനത്തില്‍ കടന്നുകൂടിയിട്ടുണ്ടെന്നുള്ളത് വസ്തുതയാണ്. എന്നാല്‍ ആദ്യന്തം പരിഹാസപാത്രമാകുന്നില്ല ഈ ശൈലി എന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു. 17 അധ്യായങ്ങളുള്ള നോവലില്‍ ആദ്യത്തെ രണ്ടധ്യായം കഴിഞ്ഞാല്‍ ശൈലി ലളിതമാവുന്നതു കാണാം. സംസ്കൃത കാവ്യങ്ങളുമായുള്ള നിത്യസമ്പര്‍ക്കവും സംസ്കൃത കാവ്യരചനാ വൈഭവവും (കേരള വര്‍മ്മയുടെ 45 കൃതികളില്‍ 29 എണ്ണവും സംസ്കൃഭാഷയില്‍ രചിക്കപ്പെട്ടവയാണെന്ന് ഓര്‍ക്കുക). കേരള വര്‍മ്മയെ സംസ്കൃതാനുകൂലിയാക്കിയിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല. ڇഅസ്തപര്‍വ്വത നിതംബത്തെ അഭിമുഖീകരിച്ച് ലംബമാനമായ അംബുജബന്ധുബിംബത്തില്‍ നിന്നും അംബരമധ്യത്തില്‍ വിസൃമരങ്ങളായി ബന്ധൂകബന്ധുരങ്ങളായ കിരണങ്ങളാല്‍ ബദരീനാഥക്ഷേത്രത്തിന്‍റെയും ഹിമാലയ മഹാഗിരിയുടെ തുംഗങ്ങളായ ശൃംഗപരമ്പരകളുടെയും അദഭ്രശുഭ്രകളായ ഹിമസംഹിതകളില്‍ പ്രതിബിംബിച്ചു പ്രകാശിച്ചു. ദാക്ഷിണാത്യനായ ഒരു മന്ദമാരുതന്‍ സാനുപ്രദേശങ്ങളില്‍ സമൃദ്ധങ്ങളായി വളര്‍ന്നിരിക്കുന്ന മഹീരുഹങ്ങളില്‍ പ്രഭാതാല്‍പ്രഭൃതി വികസ്വരങ്ങളായി നില്‍ക്കുന്ന സുരഭിലതരങ്ങളായ കുസുമങ്ങളുടെ പരിമളധോരണിയെ അധിത്യകകളിലേക്കു പ്രസരിപ്പിച്ചുڈ (അക്ബര്‍, 2020, പു.18) എന്നുതുടങ്ങുന്ന ബദരീനാഥക്ഷേത്രത്തിലെ സായംകാലവര്‍ണന ചമ്പൂഗദ്യത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്. പദഘടനയും സമസ്തപദസമൂഹവും വാക്യഘടനയെ സങ്കീര്‍ണവും ഭാഷയെ ദരൂഹവുമാക്കുന്നുവെന്നതില്‍ സംശയമില്ല. എന്നാല്‍ ഈയൊരു ഭാഷാശൈലി ആദ്യന്തം നോലവില്‍ പുലര്‍ത്തുന്നില്ല. തുടക്കത്തില്‍ കാണുന്ന സംസ്കൃതപദജടിലമായ ശൈലി ക്രമേണ അയഞ്ഞുവരികയും ലളിതമായ മലയാള ശൈലിയിലേക്കു കടക്കുകയും ചെയ്യുന്നുണ്ട്. 'സംസ്കൃതത്തെകുറിച്ച് വൈമുഖ്യമുള്ളവര്‍ ഉപക്രമം കണ്ട് ബുദ്ധിക്ഷയത്താല്‍ പുസ്തകം വലിച്ചെറിഞ്ഞുകളയാതെ അല്‍പം ക്ഷമയോടുകൂടി മേല്‍ വായിച്ചുനോക്കിയാല്‍ അങ്ങോട്ടങ്ങോട്ട് സംസ്കൃത പദപ്രയോഗം കുറവാണെന്നുകാണാം' എന്ന് ആമുഖത്തില്‍ വിവര്‍ത്തകന്‍ ഉറപ്പുപറയുന്നുണ്ട്. അക്ബര്‍ വിവര്‍ത്തനത്തിലെ ഭാഷാലാളിത്യത്തിന് ചില മാതൃകകള്‍ ശ്രദ്ധിക്കുക: 

'ക്ഷണനേരത്തേക്കു സിദ്ധന്‍ സംശയിച്ചു. പിന്നെ കുല്ലുകരുടെ നേരെ നോക്കി. അദ്ദേഹം മന്ദസ്മിതപൂര്‍വ്വം ശിരഃകമ്പനം ചെയ്തു' (അധ്യായം 3, പുറം. 83).

ڇഅയാള്‍ പറഞ്ഞതു വാസ്തവംതന്നെയായിരുന്നു. ജീവിതത്തെക്കാളും മാനത്തെക്കാളും അവള്‍ പ്രിയതരയാണെന്ന് അയാള്‍ പറഞ്ഞത് ഒട്ടും അതിശയോക്തി അല്ലായിരുന്നുڈ (അധ്യായം 10, പറം. 214).

ڇഫൈസി പോയതിന്‍റെ ശേഷം സിദ്ധനും ഇരാവതിയും ആ ഉദ്യാനത്തില്‍ കുറേനേരം താമസിച്ചു. ഒടുവില്‍ അവരും അവിടെനിന്നും ഗൃഹത്തിലേക്കു പുറപ്പെടുകയും സിദ്ധന്‍ വിചാരത്തോടുകൂടി ഇപ്രകാരം പറയുകയും ചെയ്തുڈ   (അധ്യായം 17, പുറം. 332).

സി.വി.രാമന്‍പിള്ളയുടെ ധര്‍മ്മരാജാ, രാമരാജാബഹദൂര്‍ എന്നിവയിലെ ഭാഷയുമായി താരതമ്യം ചെയ്യുമ്പോള്‍ അക്ബര്‍ഭാഷ (ആദ്യത്തെ രണ്ടധ്യായം മാറ്റിനിര്‍ത്തിയാല്‍) അത്യന്ത കഠിനമാണെന്നുപറയാനാവില്ല എന്ന് ഉദ്ധൃതഭാഗങ്ങള്‍ വൃക്തമാക്കുന്നു.

ഭാഷയുടെ ഏകതാനത ഒഴിവാക്കി വിഷയത്തിനും സന്ദര്‍ഭത്തിനും അനുസൃതമായി വ്യത്യസ്തഭാഷാശൈലി അക്ബറില്‍ ഉപയോഗിക്കാന്‍ കേരളവര്‍മ്മ ശ്രദ്ധിച്ചിട്ടുണ്ട്. സിദ്ധാരാമന്‍റെയും ഇരാവതിയുടെയും പ്രണയഭാഷണം അവതരിപ്പിക്കുന്നിടത്തെ ലളിതസുഭഗമായ കാല്‍പനികഭാഷയും അക്ബറുടെ സദസ്സില്‍ മതപണ്ഡിതന്മാര്‍ നടത്തുന്ന ചര്‍ച്ച വിവരിക്കുന്ന ഭാഷയും ഇതു വ്യക്തമാക്കുന്നു. ഒരു ചരിത്രനോവലിന്‍റെ ഭാഷയും സാമൂഹ്യനോവലിന്‍റെ ഭാഷയും പല രീതിയില്‍ വ്യത്യസ്തങ്ങളായിരിക്കും. ഭൂതകാലത്തെ അവതരിപ്പിക്കുന്ന ചരിത്രനോവല്‍, അതിന്‍റെ മാധ്യമമായി സ്വീകരിക്കുന്ന ഭാഷ, ഭാവത്തിന്‍റെ നിഗൂഢ സ്വഭാവത്തേയും സങ്കീര്‍ണതകളെയും സംവഹിക്കുന്ന തരത്തിലുള്ളതായിരിക്കും. ഇന്ദുലേഖ, ശാരദ നോവലുകളുടെ ഭാഷയില്‍ നിന്നും സി.വി. ചരിത്രാഖ്യായികകളിലെ ഭാഷയും അക്ബര്‍ഭാഷയും വേറിട്ടുനില്‍ക്കുന്നതു സ്വാഭാവികമാണ്.

ഇതിവൃത്തം, പാത്രസൃഷ്ടി, കഥാഖ്യാനം, ഭാഷ എന്നിങ്ങനെയുള്ള നോവല്‍രൂപഘടകങ്ങളില്‍ മാതൃകാപരമായ വ്യത്യസ്തതയും മൗലികതയും പുലര്‍ത്തുന്ന അക്ബര്‍ വിവര്‍ത്തനം മലയാളത്തില്‍ നോവല്‍ സാഹിത്യം രൂപപ്പെടുത്തുന്നതില്‍ ചരിത്രപരമായ പങ്കുവഹിച്ചിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല. ഇന്ത്യാചരിത്രം പ്രമേയകേന്ദ്രമായി സ്വീകരിച്ച ആദ്യചരിത്രനോവല്‍, ഭാരതീയദര്‍ശനം കാഴ്ചവയ്ക്കുന്ന നോവല്‍രൂപം, അക്ബര്‍ചരിതത്തിന്‍റെ പ്രാദേശിക ഭാഷയിലുള്ള ആഖ്യാനമാതൃക തുടങ്ങിയ വിശേഷണങ്ങള്‍ അക്ബര്‍ പരിഭാഷയ്ക്ക് അവകാശപ്പെടാം. ഇന്ത്യന്‍സാഹിത്യം എന്ന വിശാലവീക്ഷണത്തിന്‍റേയും  ഏകത്വദര്‍ശനത്തിന്‍റെയും ബീജമാതൃക കൂടി കേരളവര്‍മ്മയുടെ അക്ബര്‍ വിവര്‍ത്തനം മലയാളത്തില്‍ അവതരിപ്പിച്ചുവെന്നു പറയാം. 

ഗ്രന്ഥസൂചി

അച്ച്യുതന്‍.എം. (1992), നോവല്‍ പ്രശ്നങ്ങളും പഠനങ്ങളും, കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം.
കൃഷ്ണന്‍ നമ്പൂതിരി.എം (2009), നോവല്‍ കലയും ദര്‍ശനവും, കോഴിക്കോട്: ഹരിതം ബുക്സ്.
കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍.(2020), അക്ബര്‍ വിവര്‍ത്തനം. തിരുവനന്തപുരം: ചിന്ത പബ്ലിക്കേഷന്‍സ്.
ജോര്‍ജ്ജ് ഇരുമ്പയം. (2012), മലയാളനോവല്‍ 19-ാം നൂറ്റാണ്ടില്‍, കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം.
തരകന്‍ കെ.എം. (2005), മലയാളനോവല്‍സാഹിത്യചരിത്രം, തൃശൂര്‍: കേരള സാഹിത്യ അക്കാദമി.
തോമസ്, തുമ്പമണ്‍. (1993), മലയാള നോവലിന്‍റെ വേരുകള്‍, കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം.
പരമേശ്വരയ്യര്‍ ഉള്ളൂര്‍. (1985), കേരള സാഹിത്യചരിത്രം വാല്യം 5. തിരുവനന്തപുരം: കേരള സര്‍വ്വകലാശാല. 
പരമേശ്വരന്‍പിള്ള, എരുമേലി. (2010), മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ, 10-ാം പതിപ്പ്, കോട്ടയം: കറന്‍റ് ബുക്സ്.
പോള്‍.എം.പി. (2012), എം.പി. പോളിന്‍റെ സമ്പൂര്‍ണ്ണ കൃതികള്‍ വാല്യം 1, (എഡി.) കെ.വി. തോമസ്, കോഴിക്കോട്: മീഡിയ ബുക്സ്.
ബാലകൃഷ്ണന്‍ കല്‍പ്പറ്റ. (2005), ചരിത്രനോവല്‍ മലയാളത്തില്‍, തൃശൂര്‍: കേരള സാഹിത്യ അക്കാദമി.
ശ്രീധരമേനോന്‍, എ.(1998), ഇന്ത്യാചരിത്രം, കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം.
സുകുമാര്‍ അഴീക്കോട്. (2002), മലയാള സാഹിത്യവിമര്‍ശനം. കോട്ടയം: ഡി.സി. ബുക്സ്.
ഡോ. എം. കൃഷ്ണന്‍ നമ്പൂതിരി
പ്രൊഫസര്‍
മലയാളവിഭാഗം
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല
പ്രാദേശിക കേന്ദ്രം, തിരൂര്‍
Pin: 676301
Email: knamboothiry46@ssus.ac.in
Ph: +91 9495739956
ORCID: 0009-0004-2683-6591