Train journeys in early short stories

Dr. Ajitha Chemban

Movements in the social and cultural fields of each era have a decisive role in shaping literature. Modern prose literature is itself a creation of colonial modernity. The writers of that time were the advocates of the transformations that happened as a part of modernity. Literary genres such as novels and short stories can be evaluated according to the social nature of colonial modernity. Urban lifestyles, mechanization, a new awakening in education and the transition to capitalism were marked by stories of the day. Mechanical advances are welcomed with curiosity and respect, and their role in determining culture is illustrated through the stories. Intended to be an inquiry into the social behavior shaped by early short stories with train backdrops as a signifier of the mechanized world.

Key words: Colonial modernity, social behavior, Capitalism, Neo-literate society, Tradition, signifier

Bibliography

Achuthan,M (Prof.) (1973 ), Cherukatha  Innale Innu. Kottayam: DC books.
Anil, K.M. (Dr.) (2017). Samskaara Nirmithi. Kozhikode: Progress books.
Balaram, M.P. (2000). ‘Swathwathindeyum Samskaarathindeyum Roopeekaranam Swaathantrya Poorva Keralathil (1930-1947)’, Vijayan, M.N ( Gen.Edi.) Nammude Sahithyam Nammude Samooham (1901-2000) volume 2. Thrissur: Kerala Sahithya Academy
Basheer, M.M. (Dr.) (2014). Aadyakaala Kathakalum Aadya Niroopanavum. Kozhikode: Lipi Publications
Ganesh,K.N. (2000). ‘Malayala Sahithyathinde Saamskaarika Bhoomisasthram’. Vijayan, M.N (Gen.Edi.) Nammude Sahithyam Nammude Samooham (1901-2000)  volume 2. Thrissur: Kerala Sahithya Academy.
K.E.N.(2000) ‘Varenya Navothanathinde Athirukal’.Vijayan, M.N (Gen.Ed.) Nammude Sahithyam Nammude Samooham (1901-2000) volume 2. Thrissur: Kerala Sahithya Academy.
Malayala Patana Sangham (2011). Samskaara Patanam,Charithram, Sidhaantham, Prayogam. Sukapuram: Vallathol Vidyapeeedam.
Moorkkothu Kumaran. (1987). Moorkkothu Kumarante Kathakal (Sampoorna Samaahaaram). Kozhikode: Mathrubhumi Books.
Rajagopalan, E.P. (2006). Nishabdadayum Nirmaanavum: Cherukathayude Charitrathiloode. Thiruvananthapuram: Kerala Bhasha Institute.
Rajakrishnan, V. ( 2019). Cherukathayude RaagaThaalangal.  Thrissur: Green books. Ramesh Chandran, V. (2000). ‘Pattaalam Sarkkas, Railway Ennee Anubhava Meghalakal Saahithyathil’.Vijayan M.N (Gen.Edi.) Nammude Sahithyam Nammude Samooham (1901-2000) volume 2.Thrissur: Kerala Sahithya Academy.
RaviKumar, K.S. (Dr.) (2012). Malayala Churukathayile Bhavukathwaparinaam. Kottayam: Sahithya Pravartakasahakarana Sangham.
Santhosh Kumar, N. (Ed.) (2019). Bhavnayude Kolanikal. Thiruvananthapuram: Chintha Publishers.
Sasi, K.V. (2019). Post colonial Vimarsanam Malayala Vazhikal.Thiruvananthapuram: Chintha Publishers.
Vijayan Kodanchery ( Ed.) (2006). Malayalathile Aadyakaala Kathakal.Kozhikode: Dronacharya Publications.
Vijayan, M.N, (2000).‘Navodaanathindepaadangal’. Vijayan, M.N (Gen.Edi.) Nammude Sahithyam Nammude Samooham (1901-2000) volume 2. Thrissur: Kerala Sahithya Academy.
Dr Ajitha Chemban
Professor
Department of Malayalam
Government Brennen college
Dharmadam
India
Pin: 670106
Email:  1973ajitha@gmail.com
Ph: +91 9995566803
ORCID: 0000-0002-2247-7411 



ആദ്യകാല കഥകളിലെ തീവണ്ടിയാത്രകള്‍

ഡോ. അജിത ചേമ്പന്‍

സാമൂഹ്യ സാംസ്കാരികമേഖലകളിലെ ചലനങ്ങള്‍ക്ക് ഓരോ കാലഘട്ടത്തിലെയും സാഹിത്യത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുണ്ട്. നവീനഗദ്യസാഹിത്യം എന്നതുതന്നെ കൊളോണിയല്‍ ആധുനികതയുടെ സൃഷ്ടിയാണ്.ആധുനികതയുടെ ഭാഗമായി സംഭവിച്ച പരിവര്‍ത്തനങ്ങളുടെ വക്താക്കളായിരുന്നു അന്നത്തെ സാഹിത്യകാരന്മാര്‍. നോവല്‍, ചെറുകഥ തുടങ്ങിയ സാഹിത്യജനുസ്സുകളെ കൊളോണിയല്‍ ആധുനികതയുടെ സാമൂഹ്യസ്വഭാവത്തിനനുസരിച്ച് വിലയിരുത്താനാവുന്നതാണ്. നാഗരിക ജീവിതക്രമങ്ങളും യന്ത്രപുരോഗതിയും വിദ്യാഭ്യാസമേഖലയിലെ പുത്തനുണര്‍വ്വും മുതലാളിത്തത്തിലേക്കുള്ള ചുവടുമാറ്റവും അന്നത്തെ കഥകള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.യന്ത്രപുരോഗതിയെ കൗതുകത്തോടെയും ആദരവോടെയും സ്വീകരിക്കുന്നതോടൊപ്പം സംസ്കാരത്തെ നിര്‍ണ്ണയിക്കുന്നതില്‍ അവയ്ക്കുള്ള പങ്കും കഥകളിലൂടെ വ്യക്തമാക്കപ്പെട്ടു. യന്ത്രസാങ്കേതിക ലോകത്തിന്‍റെ സൂചകമായ തീവണ്ടി പശ്ചാത്തലമായുള്ള ആദ്യകാലകഥകള്‍ രൂപപ്പെടുത്തിയ സാമൂഹ്യസ്വഭാവത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഉദ്ദേശിക്കുന്നത്.

താക്കോല്‍വാക്കുകള്‍: കൊളോണിയല്‍ ആധുനികത, സാമൂഹ്യസ്വഭാവം, മുതലാളിത്തം, നവസാക്ഷരസമൂഹം, പാരമ്പര്യം, സൂചകം

മലയാളത്തില്‍ നവീനഗദ്യസാഹിത്യരൂപങ്ങള്‍ പിറവിയെടുത്ത കാലയളവ് - പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനപാദവും ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യശതകങ്ങളും - കേരളത്തില്‍ പുതിയ രീതിയിലുള്ള പൗരസമൂഹം രൂപംകൊണ്ട കാലയളവായിരുന്നു.സാമൂഹികവും സാംസ്കാരികവുമായി നടപ്പിലായിക്കൊണ്ടിരിക്കുന്ന പരിവര്‍ത്തനത്തിന്‍റെ മുഖ്യചാലകശക്തി ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ നേടിയ പുതിയ ലോകബോധമാണ്. അത് കൊളോണിയല്‍ ലിബറലിസത്തിന്‍റെ ആശയഗതികള്‍ ഇവിടേക്ക് കൊണ്ടുവന്നു. നവനാഗരികതയും അതിന്‍റെ സ്ഥാപനങ്ങളും യന്ത്രസംവിധാനങ്ങളും ജീവിതരീതിയും ആശയധാരകളും ചേര്‍ന്ന ചരിത്രസന്ദര്‍ഭത്തെയാണ് സാഹിത്യം അടയാളപ്പെടുത്തിയത്. ഫ്യൂഡല്‍വ്യവസ്ഥയില്‍ നിന്ന് മുതലാളിത്തവ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനത്തിന്‍റെ സൃഷ്ടിയും അതിന്‍റെ ആഖ്യാനരൂപവുമായിട്ടാണ് നോവലും ചെറുകഥയുമുള്‍പ്പെട്ട നവീനഗദ്യസാഹിത്യം പ്രചാരം നേടിയത്.റെയില്‍വേ,കമ്പിത്തപ്പാല്‍, പോലീസ്, കോടതി, നഗരപ്രവാസം തുടങ്ങിയവയൊക്കെ കഥയില്‍ സ്ഥാനം നേടുന്നതും ഈ പശ്ചാത്തലത്തിലാണ് (ഡോ.കെ.എസ്. രവികുമാര്‍, 2012:13).

പത്തൊന്‍പതാം നൂറ്റാണ്ടോടെ രാജ്യവ്യാപകമായ കൊളോണിയല്‍ ജ്ഞാനവിനിമയത്തിന്‍റെ പ്രത്യക്ഷീകരണമാണ് ആധുനികവിദ്യാഭ്യാസവും അതിലൂടെ രൂപപ്പെട്ട നവസാക്ഷരസമൂഹവും,  അതോടെ ഒരു പുതിയ മധ്യവര്‍ഗ്ഗം ഇവിടെ ഉടലെടുത്തു. ഇന്ത്യയില്‍ വ്യവസായിക വികസനത്തിന്‍റെ ഭാഗമായി യന്ത്രവല്‍ക്കരണത്തിന്‍റെ വ്യാപനമുണ്ടായപ്പോള്‍ അത് ഏറ്റവുമധികം മാറ്റിമറിച്ചത് ഈ മധ്യവര്‍ഗ്ഗജീവിതത്തെയാണ്. വിദ്യാഭ്യാസത്തിലും ആരോഗ്യമേഖലയിലും ജീവിതരീതിയിലും വന്ന സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി മുന്നേറിയത് നവസാക്ഷരസമൂഹം തന്നെയായിരുന്നു.ഈ സാമൂഹ്യസാഹചര്യത്തിന്‍റെ പുതുമകളെ സ്വാംശീകരിച്ച ചെറുകഥയിലും നോവലിലും നാഗരികജീവിതക്രമങ്ങളും അനുഭവലോകങ്ങളും വിശദമായി തന്നെ ആവിഷ്കരിക്കപ്പെട്ടു.വ്യവസായം, വിഭവസമാഹരണം, ഭൗതികസൗകര്യങ്ങള്‍, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയ അടിസ്ഥാന ഘടകങ്ങളില്‍ നാഗരികജീവിതക്രമം പുതുധാരണകള്‍ തീര്‍ത്തു. വ്യവസായവികസനത്തിന്‍റെ ഭാഗമായിട്ടാണ് റെയില്‍വെയുടെ കടന്നുവരവുണ്ടായത്. ആവിവണ്ടി എന്നും തീവണ്ടി എന്നും വിളിക്കപ്പെട്ട റെയില്‍വെ സംവിധാനം പത്തൊമ്പതാംനൂറ്റാണ്ടിന്‍റെ അവസാനത്തിലാണ് ഇന്ത്യയില്‍ നടപ്പില്‍ വന്നത്. 

1850 - കള്‍ക്കു ശേഷമാണ് ഇന്ത്യയില്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നത്. 1953-ല്‍ റെയില്‍വെ കമ്പനികളും തീവണ്ടിപ്പാതകളും വരുന്നതോടെ വ്യാവസായിക വികസനത്തിന് വേഗത വര്‍ധിച്ചു.ആളും ആയുധങ്ങളും ചരക്കുകളും  രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വേഗത്തിലെത്തിക്കാനുള്ള സാധ്യത കണ്ടറിഞ്ഞ ഇംഗ്ലീഷുകാര്‍,കൊളോണിയല്‍ താല്പര്യസംരക്ഷണത്തിന് വേണ്ടി ഇന്ത്യയിലെങ്ങും റെയില്‍വെ  വ്യാപിപ്പിച്ചു. 1804-ല്‍ രംഗപ്രവേശം ചെയ്ത തീവണ്ടി 1853-ലാണ് ഇന്ത്യന്‍ മണ്ണില്‍ ഓടാന്‍ തുടങ്ങിയത്. 1860- ലാണ് കേരളത്തില്‍ ആദ്യമായി തീവണ്ടി ഗതാഗതം തുടങ്ങിയത് (പോത്തന്നൂര്‍-പട്ടാമ്പി ലൈന്‍). 1960 ആകുമ്പോഴേക്കും കേരളത്തിലാകമാനം റെയില്‍വെ നടപ്പില്‍ വന്നു.പിന്നീടുള്ള റെയില്‍വെയുടെ വികസനം കേരളത്തെ ഒന്നിപ്പിക്കുന്നതില്‍ നിര്‍ണ്ണായകമായി തീര്‍ന്നു. കേരളത്തിന്‍റെ സാമൂഹ്യസാമ്പത്തികരംഗങ്ങളില്‍ സ്വാധീനം ചെലുത്തിയ റെയില്‍വെ സംവിധാനം കഥാലോകത്ത് അത്രയധികം പ്രതിഫലിച്ചതായി കാണുന്നില്ല എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (വി.രമേഷ് ചന്ദ്രന്‍, 2000: 445). കൊളോണിയല്‍ ആധുനികതയുടെ ഭാഗമായ റെയില്‍വെ എന്നത് ആദ്യകാല നോവല്‍, ചെറുകഥാ സാഹിത്യത്തില്‍ കൗതുകമായും അത്ഭുതമായും കടന്നുവരുന്നുണ്ട്. ഇന്ദുലേഖപോലുള്ള ആദ്യകാലനോവലുകളില്‍ ടെലിഗ്രാം, തീവണ്ടി തുടങ്ങിയ ആധുനികസൗകര്യങ്ങള്‍ സാമൂഹ്യജീവിതത്തില്‍ വരുത്തിയ പരിവര്‍ത്തനങ്ങളെ അടയാളപ്പെടുത്തിയവയുമാണ്. ഇവയിലെല്ലാം കോളനീകരണത്തിന്‍റെ ഗുണഫലമായാണ് യന്ത്രത്തെ പ്രക്ഷേപിക്കുന്നത്. യന്ത്രലോകം എന്നത് സ്ഥലകാലങ്ങള്‍ക്കുമേല്‍ സ്വാധീനം നേടാനുള്ള ധനാഢ്യരുടെ ഉപാധിയായാണ് ചിത്രീകരിക്കപ്പെടുന്നത് (ഇ.പി.രാജഗോപാലന്‍, 2006: 127). റെയില്‍വെ സംവിധാനത്തെ ഒരു യാത്രോപാധി മാത്രമായിട്ടല്ല കഥകളില്‍ അവതരിപ്പിച്ചത്. തീവണ്ടിയുടെ ബാഹ്യരൂപവര്‍ണ്ണനയല്ല ഇവയിലെന്നുള്ളതും ശ്രദ്ധേയമാണ്. ആകാരപരമായ സവിശേഷതയേക്കാള്‍ അത് സാധ്യമാക്കിയ സാംസ്കാരിക അന്തരീക്ഷത്തെയാണ് കഥകള്‍ വിനിമയം ചെയ്തത്.

തീവണ്ടിയുടെ സഞ്ചാരത്തെ ഇന്ദ്രിയാനുഭവമായി അവതരിപ്പിക്കുന്ന വിവരണങ്ങള്‍ വളരെ വിരളമാണ്. ഒടുവില്‍ കുഞ്ഞിക്കൃഷ്ണമേനോന്‍റെ നാരായണി എന്ന കഥയില്‍ മാത്രമാണ് തീവണ്ടിയുടെ സഞ്ചാരത്തിന്‍റെ അനുഭവലോകം ആഖ്യാനം ചെയ്യുന്നത്. കഥയിലെ തീവണ്ടി ഓടുന്നത് ഇപ്രകാരമാണ്. "ഈ സമയത്തെല്ലാം തീവണ്ടിയാകട്ടെ, മരിപ്പാന്‍ കിടക്കുന്ന ഒരാള്‍ക്കു കഫത്താല്‍ 'കണ്ഠാവരോധനം' നിമിത്തമുണ്ടാകുന്ന 'ഖരഖര' ശബ്ദം പോലെയുള്ള ശബ്ദത്തോടുകൂടി ഓടിയും ക്ഷുദ്രകന്‍, തമകന്‍, ഛിന്നന്‍ ഇത്യാദികളായ ഓരോ വായുവും വലിച്ചുതീര്‍ന്നു മറ്റൊന്നിലേക്കു കടക്കുമ്പോഴുണ്ടാകുന്ന പ്രാണദണ്ഡവും; പ്രവേശിച്ചു കഴിഞ്ഞാല്‍ സ്വല്പനേരത്തേക്കുണ്ടാവുന്ന  ഒരു ശാന്തതയും വീണ്ടും പൂര്‍വ്വപ്രകാരേണയുള്ള വലിയും പോലെ ഓരോ ആപ്പീസും അടുക്കുമ്പോള്‍ ഉച്ചത്തില്‍ ഒന്നു നിലവിളിച്ചും പിന്നെ സ്വല്പനേരം അനക്കം കൂടാതെ നിന്നും പിന്നെയും പണ്ടത്തെ മാതിരിതന്നെ ഓടിയും തന്‍റെ ജോലി കൃത്യമായി നടത്തിക്കൊണ്ടിരിക്കുന്നു" (വിജയന്‍ കോടഞ്ചേരി (എഡി), 2006: 169-170). തീവണ്ടി കായലില്‍ പതിച്ചതായി പരാമര്‍ശിച്ചിരിക്കുമ്പോള്‍ ഇത് മംഗപട്ടണം അപകടം ആണെന്ന് വായനക്കാരെ ബോധ്യപ്പെടുത്തുന്നു. വസ്തുതകളെ നിരത്തി യാഥാര്‍ത്ഥ്യപ്രതീതി വരുത്തുക എന്നത് ആദ്യകാലകഥകളുടെ ആഖ്യാന സവിശേഷതയാണ്. അപകടത്തിലേക്ക് നീങ്ങുന്ന വണ്ടിയായതിനാലാണ് ഊര്‍ദ്ധ്വന്‍വലിയുമായി ബന്ധിപ്പിക്കുന്ന അനുഭവലോകം ചിത്രീകരിച്ചത്. കഥകളില്‍ ദൂരദേശയാത്രക്കുള്ള പുതുസാധ്യതയായും പരിഷ്കാരികളുടെ മാന്യതയുടെ സൂചകമായും ജാതി-മതാതീതമായ പൊതുഇടമായും തീവണ്ടിയെ ആവിഷ്കരിക്കുന്നു.

പരിഷ്കാരികളുടെ പൊതുഇടം

ആദ്യകാലകഥകളില്‍ തീവണ്ടി എന്നത് ഒരു പൊതുഇടമായി രൂപപ്പെടുന്നതായി കാണാം. ആദ്യഘട്ടത്തില്‍ പരിഷ്കാരികളുടെ മാത്രം ഇടമായിരുന്നു അത്. പരിഷ്കാരികളില്‍ തന്നെയുള്ള പലതരത്തിലുള്ളവര്‍ ഒന്നിക്കുന്നതിലൂടെ വ്യത്യസ്തമായ ഒരു കൂട്ടായ്മ അവിടെ രൂപപ്പെടുന്നുണ്ട്. തീവണ്ടിയിലെ യാത്രക്കാരെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ അവര്‍ കൊളോണിയല്‍ കാലത്തിന്‍റെ സൂചകങ്ങളാണ്. മദാമ്മമാരും മാന്യവേഷം ധരിച്ചവരുമൊക്കെയാണ് കഥകളില്‍ കടന്നുവരുന്ന യാത്രക്കാര്‍ മിക്കവരും.കണ്ടാല്‍ റാവുബഹദൂറിനെ  പോലുള്ളവരും സുന്ദരികളുമൊക്കെ ഇതില്‍പെടുന്നു. യാത്രക്കാരായ കഥാപാത്രങ്ങളില്‍ മിക്കവരും ഒന്നാംക്ലാസിലോ രണ്ടാം ക്ലാസ്സിലോ ആണ് സഞ്ചരിക്കുന്നത്. ഒടുവില്‍ കുഞ്ഞുകൃഷ്ണമേനോന്‍റെ നാരായണിക്കുട്ടി എന്ന കഥയില്‍ മദിരാശിയില്‍ നിന്ന് ബോംബെയിലേക്ക് പോകുന്ന തീവണ്ടിയിലെ രണ്ടാംക്ലാസ് മുറിയെക്കുറിച്ചുള്ള വിവരണത്തോടെയാണ് കഥ തുടങ്ങുന്നത്. ശക്തമായ ഇടിയും കാറ്റുമുള്ള ഒരു ദിവസത്തിലെ തീവണ്ടിയാത്രക്കാരായവരെ പരിചയപ്പെടുത്തുകയാണ് കഥാകാരന്‍. "ജനാലകളടച്ച മെയില്‍വണ്ടി, രണ്ടാം ക്ലാസിന്‍റെ രണ്ടുവാതിലുകള്‍ മാത്രം തുറന്നു കിടപ്പുണ്ട്. അവ രണ്ടും അടുത്തടുത്തല്ലതാനും. ഇതിലൊന്നില്‍ ചെറുപ്പക്കാരനായ ഒരാള്‍ മാത്രമേ ഉള്ളൂ. അയാള്‍ 'ബൂട്ട്സും കാല്‍സ്രായും കോട്ടും വെട്ടിഭംഗിയാക്കിയ തലയില്‍ ഒരു തൊപ്പിയും, വാച്ചും, ചങ്ങലയും' ധരിച്ച ഒരു ജോറുകാരനാണ്. തടിച്ച പ്ലാനല്‍ കൊണ്ടുള്ള ഉടുപ്പു ധരിച്ചിരിക്കുന്നതിനാല്‍ ഇടിയുടെയും മിന്നലിന്‍റെയും കോലാഹലവും അയാള്‍ അറിയുന്നില്ല.മറ്റേ രണ്ടാം ക്ലാസ് വണ്ടിയില്‍ അമ്പത് വയസ്സ് പ്രായമുള്ള ഒരു യോഗ്യപുരുഷനും നാല്‍പതു വയസായ ഒരു സ്ത്രീയും അവരുടെ ഏകപുത്രി പതിനാറു വയസു പ്രായമുള്ള ഒരു യുവതിയും മാത്രമേ ഉള്ളൂ.വിലയേറിയതും വളരെ ചൂടുള്ളതുമായ ഒരു തരം ശീലകൊണ്ടു വെള്ളക്കാരത്തികളുടെ ഉടുപ്പിന്‍റെ സമ്പ്രദായത്തില്‍ തുന്നിച്ചിട്ടുള്ള ഉടുപ്പാണ് മകള്‍ ധരിച്ചിരിക്കുന്നത്. അച്ഛനും അമ്മയും കട്ടിയുള്ള കംബളം കൊണ്ട് ആപാദചൂഡം മൂടിപ്പുതച്ചു കിടക്കുന്നു" (അതേ പുസ്തകം, 2006:168). വെള്ളക്കാരത്തിയുടെ മാതിരി ഉടുപ്പു ധരിക്കുന്നതും ബൂട്ട്സും കാല്‍സറായിയും കോട്ടും ധരിക്കുന്നതും പരിഷ്ക്കാരത്തിന്‍റെ സൂചകങ്ങളാണ്. നാരായണിക്കുട്ടിയും കുട്ടിക്കൃഷ്ണപണിക്കരും ഇംഗ്ലീഷ് മാതൃകയെ അംഗീകരിക്കുന്ന അഭ്യസ്തവിദ്യരായ പരിഷ്ക്കാരികളാണ്.തീവണ്ടി അപകടത്തില്‍പ്പെട്ടപ്പോള്‍ 'ദൈവമേ രക്ഷിക്കണേ' എന്നു നിലവിളിച്ചതും 'നിങ്ങളെ ഞാന്‍ രക്ഷിക്കും' എന്ന വാഗ്ദാനവും ഇംഗ്ലീഷിലായിരുന്നു എന്നു പറയുന്നിടത്തോളം ഇംഗ്ലീഷ് ഭ്രമം കൊണ്ടുനടക്കുന്നവരാണ് ആധുനികയുവത എന്ന് കഥ വ്യക്തമാക്കുന്നു. മേലേതട്ടില്‍ ഉറങ്ങാന്‍ സൗകര്യങ്ങളുള്ള ഒരിടമാണ് തീവണ്ടി. അച്ഛന്‍ മകള്‍ക്കായി ബാങ്കില്‍ പണം ഉറപ്പിച്ചിട്ടുണ്ട്. ബങ്കളാവു പണിയിച്ചിട്ടുണ്ട്.ഇംഗ്ലീഷ് പഠിക്കാനായി മദിരാശിയില്‍ ചേര്‍ത്തു. അവര്‍ അവളോടൊപ്പം അവിടെ താമസിക്കുകയും  ചെയ്തു. അവര്‍ കാശിയിലേക്ക്  പോകുമ്പോള്‍ അവളെയും കൊണ്ടുപോകുന്നു എന്നിങ്ങനെയുള്ള പരിചയപ്പെടുത്തലില്‍ നിന്നും പരിഷ്കൃതജീവിതത്തെ യുവജനത മാത്രമല്ല മുതിര്‍ന്നതലമുറയും ഉള്‍ക്കൊണ്ടിരുന്നു എന്നു മനസ്സിലാക്കാം. അവരും പുതിയ സാമ്പത്തിക സാമൂഹ്യക്രമത്തിലേക്ക് പരിണമിച്ചിട്ടുണ്ട്. സ്വന്തമായി വീട്, ബാങ്ക് നിക്ഷേപം, മകളെ ഉന്നതവിദ്യാഭ്യാസത്തിന്  അയക്കുക എന്നിങ്ങനെയുള്ള പുതുമകളെ അവരും പിന്‍തുടരുന്നു.അണുകുടുംബത്തിന്‍റെ ബന്ധദാര്‍ഢ്യവും സൗകര്യങ്ങളും കഥയിലൂടെ സ്ഥാപിച്ചെടുക്കുന്നുണ്ട്. അച്ഛന്‍റെയും അമ്മയുടെയും വാത്സല്യത്തിനും പ്രീതിക്കും പാത്രമായ മകള്‍, അവള്‍ക്ക് തിരിച്ച്  അവരോടുള്ള ആത്മബന്ധം ഇതൊക്കെയും കൂട്ടുകുടുംബത്തില്‍ നിന്നും അകലുന്നതിന്‍റെ സൂചനകളാണ് തരുന്നത്. നാരായണിക്കുട്ടി അച്ഛന്‍റെ കാല്‍ രണ്ടും എടുത്ത് മടിയില്‍ വെച്ചുതലോടിക്കൊണ്ടാണ് സീറ്റില്‍ ഇരിക്കുന്നത്. മരുമക്കത്തായ സമ്പ്രദായത്തില്‍ നിന്നുള്ള വിച്ഛേദം പ്രകടമാണിവിടെ. 'നാരായണിക്കുട്ടി'യിലും  'നാണിച്ചുപോയി' എന്നതിലും മാതാപിതാക്കള്‍ വാത്സല്യനിധിയായ മകള്‍ക്കൊപ്പമാണ് തീവണ്ടിയില്‍ സഞ്ചരിക്കുന്നത്. വീട്ടിലെന്നതുപോലെ സുരക്ഷിതമായി, സ്വതന്ത്രമായി പെരുമാറാവുന്ന ഇടമായി മാറുകയാണ് തീവണ്ടി മുറി.

അമ്പാടി നാരാണയപൊതുവാളിന്‍റെ 'ബോധംവന്ന ഭൂതം' എന്ന കഥയില്‍ ധനാര്‍ത്ഥിയും ധൂര്‍ത്തും കൈമുതലാക്കുന്ന പുതിയ തലമുറയെക്കുറിച്ചുള്ള ചിന്തകളാണ്  അവതരിപ്പിക്കുന്നത്. കമ്പിയും തീവണ്ടിയുമൊക്കെ കഥാഗതിയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണുതാനും. മദിരാശിയില്‍ നിന്ന് കല്‍ക്കത്തയിലേക്ക് യാത്രയാകുന്ന കണ്ടന്‍കുടുങ്ങി കടക്കെണിയിലാണെങ്കിലും അന്തസ്സിനു വേണ്ടി ഒന്നാംക്ലാസ്സില്‍ മാത്രമാണ് യാത്ര ചെയ്യുന്നത്.അയാളുടെ യാത്രയെക്കുറിച്ച് 'ഒന്നാം ക്ലാസിലാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ' (അതേ പുസ്തകം, 2006: 220) എന്ന് ഊന്നി പറയുന്നുമുണ്ട്. പരിഷ്ക്കാരത്തിന്‍റെ ഭാഗമാണ് ഒന്നാം ക്ലാസ് തീവണ്ടി യാത്ര. തീവണ്ടി എന്നത് യാത്രക്കുള്ള ഉപാധിയായിരിക്കേ തന്നെ സാംസ്കാരികസൂചകം കൂടിയായിത്തീരുന്നു. കാവിവസ്ത്രം ചുറ്റി ഭസ്മം പൂശി രുദ്രാക്ഷം ധരിച്ച് തീര്‍ത്ഥയാത്ര പുറപ്പെടുന്നവരും വിദ്യാഭ്യാസത്തിനായി സ്വദേശം വിട്ടുപോകുന്നവരും മുണ്ടും മുടിയും കളഞ്ഞ് ഉടുപ്പും തൊപ്പിയും ധരിക്കുന്നവരും എല്ലാം തീവണ്ടി യാത്രക്കാരാണ് (അതേ പുസ്തകം, 2006: 220). ലക്ഷ്യം എന്തുതന്നെ ആയാലും യാത്രക്കായി ലഭിച്ച പുതുസാധ്യതയെ പ്രയോജനപ്പെടുത്തുകയാണ് ഇവരെല്ലാം തന്നെ.

ഈ വി.കൃഷ്ണപ്പിള്ളയുടെ 'എന്‍റെ ആദ്യയാത്ര' എന്ന കഥയില്‍ ആഖ്യാതാവ് കൊളമ്പില്‍ ചെന്ന് അഹമ്മദ് കമ്പനിയുമായി ഇടപാടുകള്‍ പൂര്‍ത്തിയാക്കാനായിട്ടാണ് യാത്ര പുറപ്പെടുന്നത്.യാത്രികന്‍ ചിന്തിക്കുന്നത് ഇപ്രകാരമാണ്. "രണ്ടുമക്കളുടെ അച്ഛനും സര്‍വ്വകലാശാലബന്ധത്തില്‍ സമ്പന്നനും മധ്യതിരുവിതാംകൂറിലെ ഏകദേശം ഒന്നാമത്തെ കുബേരനും വ്യവസായവേദവ്യാസനും  ആയ ഞാനുണ്ടോ ഈ തീവണ്ടിക്കാലത്തു കുലുങ്ങുവാന്‍ പോകുന്നു" (അതേ പുസ്തുകം, 2006: 346). ഈ പുകഴ്ത്തലില്‍ തന്നെ വിദ്യാസമ്പന്നനും വ്യവസായിയും ധനാഢ്യനുമാണ് അയാളെന്ന് ബോധ്യപ്പെടുത്തുന്നു. രണ്ടാംക്ലാസ് യാത്രയും സ്പെന്‍സര്‍സോഡയും കൊളമ്പുവരെയുള്ള യാത്രയില്‍ അയാള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നു. ഒരു അസൗകര്യവും വഴിയില്‍ വരാനില്ല എന്ന ഉറച്ചവിശ്വാസവും അയാള്‍ക്കുണ്ട്.തീവണ്ടിമുറിയിലെ വെളിച്ചത്തിലുള്ള പത്രവായന അയാള്‍ക്ക് ആനന്ദം പകരുന്നു. എല്ലാ അര്‍ത്ഥത്തിലും യന്ത്രലോകം സാധ്യമാക്കിയ സൗകര്യത്തില്‍ അഭിരമിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. യാത്രയിലെ ഉറക്കം 'നിദ്രയുമായുള്ള പോരാട്ട'മായതും മാറിവരുന്ന കാലാവസ്ഥകള്‍ ഉണ്ടാക്കിയ അലോസരവും മാത്രമേ തീവണ്ടിയാത്രയുടെ ബുദ്ധിമുട്ടായി അയാള്‍ക്ക് തോന്നുന്നുള്ളൂ. വ്യാപാരത്തിന്‍റെയും വ്യക്തിബന്ധത്തിന്‍റെയും പുതിയ തലങ്ങളിലേക്ക് പ്രവേശിക്കാനുള്ള ഭൗതിക സൗകര്യമായി തീവണ്ടി വിലയിരുത്തപ്പെടുന്നു.

കെ. സുകുമാരന്‍റെ 'ഓണക്കാലത്തു കിട്ടിയ സമ്മാനം അഥവാ ആരാന്‍റെ കുട്ടി' എന്ന കഥയില്‍ മദിരാശിയില്‍ നിന്ന് വരുന്ന സുഹൃത്തിനെ കോഴിക്കോട് തീവണ്ടിയാപ്പീസില്‍ കാണാന്‍ ചെന്ന ആള്‍ക്ക് പറ്റിയ അബദ്ധമാണ് പ്രമേയം. തീവണ്ടിസ്റ്റേഷനിലെ തിരക്കും ബഹളവും അത്ര അസഹനീയമായിരുന്നു. തീവണ്ടി വന്നു നിര്‍ത്തിയതിന്‍റെ തിരക്കാണ് അവതരിപ്പിക്കുന്നത്. "ആളുകളുടെ തിക്കും തിരക്കും സഹിച്ചു ഞാന്‍, നമ്മുടെ ആളുണ്ടോ എന്നറിയാന്‍ വേണ്ടി, ഓരോ വണ്ടിയില്‍ ഏന്തിനോക്കുമ്പോള്‍, വണ്ടിയിലുണ്ടായിരുന്നവര്‍ ഞാന്‍ കേറാന്‍ വിചാരിക്കുകയാണെന്ന് വിചാരിച്ച് ഇവിടെ ആള്‍ തികഞ്ഞിരിക്കുന്നു.ഇവിടെ കേറാന്‍ പാടില്ല.ഇത് പ്രത്യേക മുറിയാണ്" (അതേ പുസ്തുകം, 2006: 349) എന്നൊക്കെ  കോപത്തോടുകൂടെ പറയുന്ന  വാക്കുകള്‍ക്കൊന്നും ഉത്തരം പറയാതെ പരിശോധന തുടരുന്നു. വണ്ടി മാറിപ്പോയതിനാല്‍ ആളെ കണ്ടുമുട്ടാന്‍ കഴിഞ്ഞില്ല. വണ്ടിയിലുള്ള  സുന്ദരികളെ നോക്കി മതിമറന്നു നില്‍ക്കുമ്പോഴാണ് ആരാന്‍റെ കുട്ടി കൈയ്യില്‍ ഏല്‍പ്പിക്കപ്പെട്ടത്. അതും 'അനര്‍ഹന്മാര്‍ ഗവണ്‍മെന്‍റില്‍ നിന്നു സ്ഥാനമാനങ്ങള്‍ വാങ്ങുമ്പോലെ'യാണ് ആ കുട്ടിയെ ഏറ്റുവാങ്ങിയത്.കൂകിപ്പായുന്ന തീവണ്ടിയുടെ ഘോഷം സ്റ്റേഷനിലൂടെ കടന്നുപോയി.അപ്രതീക്ഷിതമായി കിട്ടിയ കുട്ടിയെ റെയില്‍വേ പോലീസില്‍ ഏല്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്നുള്ള നിയമവ്യവഹാരങ്ങളാണ് ഇതിലുള്ളത്.  ആളുകള്‍ ഇടകലരുന്ന സാഹചര്യമാണ് അകത്തും പുറത്തുമുള്ളത്. തീവണ്ടിസ്റ്റേഷനിലെ തിരക്ക് കാട്ടിത്തരുന്നത് അതാണ്. 

കല്യാണിക്കുട്ടി എന്ന പേരില്‍ ഒരു സ്ത്രീ ശാരദയില്‍ എഴുതി പ്രസിദ്ധീകരിച്ചകഥയാണ് 'നാണിച്ചുപോയി'. ഒലവക്കോട്ടുനിന്നും മദിരാശിയിലേക്ക് പോകുന്ന വണ്ടിയിലാണ് കഥയിലെ  കല്യാണിക്കുട്ടിയും മാതാപിതാക്കളും സഞ്ചരിക്കുന്നത്. വണ്ടി സ്റ്റേഷനില്‍ എത്തിയതിനുശേഷം ടിക്കറ്റ് എടുക്കാനും കയറാനും കാണിക്കുന്ന ബദ്ധപ്പാട് കഥയില്‍ കടന്നു വരുന്നു.രണ്ടാംക്ലാസ് വണ്ടിയില്‍ അവര്‍ കയറുമ്പോള്‍ അവരുടെ വാലിയക്കാരനും പെണ്ണും സാധനങ്ങളും മൂന്നാം ക്ലാസിലുമാണ് യാത്ര ചെയ്യുന്നത്. വണ്ടിയില്‍ നിറയെ സായ്പന്മാരാണ് യാത്ര ചെയ്യുന്നത്.അടക്കാന്‍ തുടങ്ങുന്ന ഒരു മുറിയിലേക്ക് ഏതുവിധേയനയും കയറിപ്പറ്റിയതിന്‍റെ ആശ്വാസത്തോടെയാണ് കഥ തുടങ്ങുന്നത്. തീവണ്ടി എന്ന പരിഷ്കൃതയന്ത്രലോകം ഉണ്ടാക്കിയ അമ്പരപ്പും ആശ്വാസവും എല്ലാം വ്യക്തമാക്കപ്പെടുന്നുണ്ട്.

കൃത്യമായ നിയമവ്യവസ്ഥകള്‍ക്കനുസരിച്ച് സമയബന്ധിതമായി സഞ്ചരിക്കുന്ന ഒന്നാണ് തീവണ്ടി എന്ന സൂചന ഈ കഥകളെല്ലാം തരുന്നുണ്ട്. മാന്യന്മാര്‍ക്ക് മാത്രം കയറാനുള്ള ഇടം ആണ് എന്നതിനാലാണ് മുറിയില്‍ മറ്റുള്ളവരെ കേറാന്‍ അനുവദിക്കാത്തത്.മാന്യതയുടെയും ആഭിജാത്യത്തിന്‍റെയും സൗഹാര്‍ദ്ദത്തിന്‍റെയും പരസ്പരസഹകരണത്തിന്‍റേതുമായ ഒരു ലോകമാണ് തീവണ്ടി മുറികള്‍ എന്ന് ഈ കഥകളെല്ലാം സമര്‍ത്ഥിക്കുന്നുണ്ട്. അതേസമയം പ്രതീക്ഷാഭരിതമായ ഈ ലോകത്ത് തിന്മകളും വഞ്ചനകളും ഉണ്ടാകാനുള്ള സാധ്യതയെയും തള്ളിക്കളയുന്നില്ല. കൊളോണില്‍ കാലത്ത് പാശ്ചാത്യ അധിനിവേശത്തിന്‍റെ യുക്തികളെയും പരിഷ്ക്കാരങ്ങളെയും ഉള്‍ക്കൊള്ളുന്ന സാമൂഹികക്രമത്തിലാണ് ആദ്യകാലചെറുകഥകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. അതിനായി അന്ന് നടപ്പില്‍ വന്നുകൊണ്ടിരിക്കുന്ന പുതുമകളെ എല്ലാം അവര്‍ കഥകളില്‍ ആവിഷ്ക്കരിച്ചു. അഭ്യസ്തവിദ്യരായ കഥാപാത്രങ്ങള്‍, പരിഷ്കൃത വേഷവിധാനം, നാഗരികതയിലേക്കുള്ള പരിണാമചിഹ്നങ്ങളായ തീവണ്ടി, കമ്പിത്തപ്പാല്‍, ക്ലബ്ബുകള്‍ എന്നിവയെക്കുറിച്ചുള്ള വൈജ്ഞാനികസംവാദങ്ങള്‍ എന്നിങ്ങനെ പുതുമകള്‍ പലതും വിഷയതലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നു. തീവണ്ടി എന്നതിലൂടെ പുതുതായി രൂപപ്പെടുന്ന യന്ത്രനാഗരികലോകത്തിലേക്കുള്ള പരിവര്‍ത്തനചരിത്രമാണ് ചര്‍ച്ചചെയ്യപ്പെട്ടത്.

പരിഷ്കൃതരുടെ ജീവിതയുക്തികള്‍

ആധുനികവിദ്യാഭ്യാസത്തിലൂടെ പത്തൊന്‍പതാംനൂറ്റാണ്ടിന്‍റെ അവസാനകാലം മുതല്‍ കേരളത്തില്‍ വളര്‍ന്നു വന്ന മധ്യവര്‍ഗ്ഗം ഇരുപതാം നൂറ്റാണ്ടിന്‍റെ മൂന്നാം ദശാശകമായപ്പോഴേക്കും ഒരു പ്രബല സാമൂഹ്യശക്തിയായി തീര്‍ന്നു. ക്രൈസ്തവരിലും  സവര്‍ണഹിന്ദുക്കളിലും പരിമിതപ്പെട്ടിരുന്ന വിദ്യാഭ്യാസം പിന്നോക്കസമുദായങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടാന്‍ തുടങ്ങി. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍, കലാകാരന്മാര്‍, എഴുത്തുകാര്‍ എന്നിവരടങ്ങുന്ന മധ്യവര്‍ഗ്ഗസമൂഹം അത്യന്തം വ്യത്യസ്തമായ ജാതി-മത-തൊഴില്‍ വിഭാഗങ്ങളില്‍ നിന്നാണ് ഉരുത്തിരിഞ്ഞു വന്നത്.എന്നാല്‍ വിശ്വാസങ്ങള്‍, ചിന്ത, പ്രവൃത്തി ഇവ തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ മധ്യവര്‍ഗത്തെ എന്നും പിന്തുടര്‍ന്നുകൊണ്ടേയിരുന്നു (എം.പി. ബാലറാം, 2000:151). തീവണ്ടി സാധ്യമാക്കിയ ആധുനികതയെ അംഗീകരിക്കുമ്പോള്‍ തന്നെ അപകടകരവും വഞ്ചനാപരവുമായ തലങ്ങള്‍ കൂടിയുണ്ടന്ന് കാട്ടിത്തരാന്‍ ആ കാലത്തിന്‍റെ പാരമ്പര്യയുക്തി ഔത്സുക്യം കാട്ടുന്നു.

കാല്‍നടയായും കുതിരവണ്ടിയിലും യാത്രചെയ്തിരുന്ന സാഹചര്യത്തില്‍ നിന്നും ദീര്‍ഘദൂരയാത്ര സാധ്യമാക്കുന്ന തീവണ്ടിയുടെ കടന്നുവരവ് പുതിയ അഭിരുചികള്‍ക്ക് വളരാന്‍ സാഹചര്യമൊരുക്കി ദേശസഞ്ചാരം പലരുടെയും ഇഷ്ടവിനോദമായി മാറി.വിദ്യാസമ്പന്നരും നഗരജീവതാനുഭവങ്ങള്‍ ഉള്ളവരും തന്നെയാണ് തീവണ്ടിയിലെ യാത്രികരില്‍ ഭൂരിപക്ഷവും.ഇന്ത്യക്കാരും വിദേശികളും അക്കൂട്ടത്തിലുണ്ട്. തീര്‍ത്ഥയാത്രികരും പ്രവാസികളും ദേശസഞ്ചാരികളുമാണ് പ്രധാനമായും പുതിയ യന്ത്രലോകത്തിന്‍റെ ഉപഭോക്താക്കള്‍. പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘര്‍ഷമാണ് കഥകളില്‍ പലതിലെയും ആശയപരിസരം.ആധുനികതയുടെ അടയാളമായ തീവണ്ടിയുടെ രൂപഘടന എവിടെയും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. നവസാക്ഷരര്‍ക്കിടയിലെ സുപരിചിതത്വമാണ് രൂപപരമായ കൗതുകത്തെ ഇല്ലാതാക്കുന്നത്.തീവണ്ടിക്കകത്താണ് പുതുമകള്‍ പലതും രൂപപ്പെട്ടത്. കോച്ചുകളും അതിലെ യാത്രക്കാരും അതിനെ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥരുമൊക്കെ  ഉള്‍പ്പെടുന്ന അകത്തളം ശ്രദ്ധാകേന്ദ്രമാകുന്നതും അതുകൊണ്ടാണ്. രണ്ടാം ക്ലാസ്, മൂന്നാം ക്ലാസ് എന്നിങ്ങനെയുള്ള വിഭജനം തന്നെ സാമ്പത്തികശ്രേണീകരണത്തെ സ്ഥാപിച്ചെടുക്കുന്നതാണ്. മൂന്നാംക്ലാസിലാണ് ചുമട്ടുകാരും വാലിയക്കാരും യാത്ര ചെയ്യേണ്ടത്. ഒന്നും രണ്ടും ക്ലാസുകള്‍ മാന്യന്മാര്‍ക്കുമാത്രമാണ്.പുതിയ ഒരു വരേണ്യവ്യവസ്ഥ സ്ഥാപിച്ചെടുക്കുകയാണ് ഇവിടെ. ഉച്ചനീചത്വം പുലര്‍ത്തിയവരെ സംബന്ധിച്ചിടത്തോളം ആ സൗകര്യം തീവണ്ടിയും നിലനിര്‍ത്തുന്നു എന്നത് ഈ യന്ത്രസംവിധാനത്തോടുള്ള ആഭിമുഖ്യത്തെ വളര്‍ത്തുകയും ചെയ്യുന്നു. ചുമടെടുക്കുന്നവരും വാലിയക്കാരും മൂന്നാം ക്ലാസിലാണിരിക്കേണ്ടത് എന്ന വരേണ്യയുക്തി എന്‍റെ കോഴിക്കോട് യാത്ര,നാണിച്ചു പോയി, നാരായണിക്കുട്ടി  തുടങ്ങിയവയില്‍ പ്രകടമായി തന്നെ ന്യായീകരിക്കപ്പെടുന്നുണ്ട്. "അരുണാചലം പോലീസ് ഇന്‍സ്പെക്ടറാണ്. അയാളുടെ കൂടെയുള്ള കോണ്‍സ്റ്റബിള്‍മാര്‍ മൂന്നാം ക്ലാസില്‍ യാത്ര ചെയ്യുന്നു." - എന്‍റെ കോഴിക്കോടു യാത്ര (മൂര്‍ക്കോത്ത് കുമാരന്‍, 1987:20),"രണ്ടാം ക്ലാസ് വണ്ടിയില്‍ അവരും; അവരുടെ വാലിയക്കാരും പെണ്ണും സാധനങ്ങളും മൂന്നാം ക്ലാസിലുമാണ് യാത്ര ചെയ്യുന്നത്."- നാണിച്ചു  പോയി (വിജയന്‍ കോടഞ്ചേരി (എഡി), 2006: 497) "സോഡ പൊട്ടിച്ചുകുടിക്കേണ്ടി വന്നത് ഗോപാലന്‍ എത്തിച്ച ചുക്കുവെള്ളം തണുത്തു പോയതിനാലാണ്, ഗോപാലന്‍ മൂന്നാം ക്ലാസിലാണ് യാത്ര ചെയ്യുന്നത്" - നാരായണിക്കുട്ടി (അതേ പുസ്തകം, 2006:169). ഇത്തരം പരാമര്‍ശങ്ങള്‍ ഇതാണ് വെളിപ്പെടുത്തുന്നത്.സാമ്പത്തിക ശ്രേണീകരണത്തെ സമര്‍ത്ഥിക്കാനുതകുന്ന മുതലാളിത്തസൃഷ്ടി തന്നെയാണ് തീവണ്ടി. എന്നാല്‍ ജാതിശ്രേണീകരത്തെ ഇല്ലാതാക്കുന്നു എന്ന ആധുനികയുക്തി തീവണ്ടി എന്ന ലോകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 'എന്‍റെ കോഴിക്കോടു യാത്ര'യില്‍ മദിരാശിയില്‍ നിന്ന് മലയാളത്തിലേക്കുള്ള മെയില്‍  യാത്രയാണ്  പരാമര്‍ശിക്കുന്നത്. ആഖ്യാതാവ് വണ്ടി ഇളകുന്നതിന് 5 മിനിറ്റു മുമ്പ് അതില്‍ കയറുന്നു. മുറിയില്‍ ആരുമില്ലാത്തതിനാല്‍ മലബാര്‍ വരെ സുഖമായിരിക്കാം എന്ന് ആശ്വസിക്കുമ്പോഴാണ് കണ്ടാല്‍ റാവുബഹദൂറിനെ പോലെ ഗമ കാണിക്കുന്ന ഒരാള്‍ കയറി വന്നത്.തന്‍റെ ഏകാന്തത തകര്‍ത്തതില്‍ ആഖ്യാതാവിന് അസ്വസ്ഥത ഉണ്ടെങ്കിലും "വണ്ടിയില്‍ എല്ലാവരും സമന്മാരല്ലേ" (മൂര്‍ക്കോത്ത് കുമാരന്‍, 1987:19) എന്നാണ് ചിന്തിച്ച് സമാധാനിക്കുന്നത്. ജാതിഭേദത്തിനുപരിയായി സമത്വം അനുഭവിപ്പിച്ച ഇടമായി തീവണ്ടി മാറുന്നു.

'ഒരു കഠിനക്കൈ' യില്‍ ജയില്‍ചാടിയ കുറ്റവാളി രക്ഷപ്പെടാനായി എത്തുന്നത് റെയില്‍വെസ്റ്റേഷനിലാണ്. സ്റ്റേഷനും വണ്ടിയും പരിസരവുമൊക്കെ അതില്‍ സാന്ദര്‍ഭികമായി വരുന്നുണ്ട്. അച്ചുതന്‍നായര്‍ എന്ന പോലീസുകാരനെ രാമന്‍ എന്ന തടവുപുള്ളി റെയില്‍പാളത്തില്‍ കെട്ടിയിടുന്നതും ഭാഗ്യം കൊണ്ട് അയാള്‍ രക്ഷപ്പെട്ടതുമാണ് പ്രമേയം. വിസിലടിച്ചു റെയില്‍പ്പാളത്തിലൂടെ കുതിച്ചുപോകുന്ന തീവണ്ടിയുടെ കൃത്യത പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. സമയത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും കൃത്യതയും ആസൂത്രണവും ആവശ്യമാണെന്ന ആധുനികയുക്തിയാണ് ഈ പരാമര്‍ശത്തിന് പ്രേരണയാകുന്നത്. കുറ്റവാളിക്ക് നാടുവിട്ടു ഓടിപ്പോകാന്‍ സഹായകമാകുന്നത് തീവണ്ടിയാണ് (അതേ പുസ്തകം, 1987 :17). സ്വദേശത്തുനിന്നു ബാഹ്യലോകത്തോട് ബന്ധം സ്ഥാപിക്കാനുള്ള വലിയ ഒരു സാധ്യതയാണ് തീവണ്ടിഗതാഗതം തുറന്നിട്ടത്.

ഈ വി. കൃഷ്ണപ്പിള്ളയുടെ 'എന്‍റെ ആദ്യയാത്ര'എന്ന കഥയില്‍ കൊല്ലത്തുനിന്ന് കൊളമ്പിലേക്കുള്ള യാത്രയാണ് പരമാര്‍ശിക്കുന്നത്. പലയിടത്തും ഇറങ്ങിയും കയറിയും നടത്തിയ യാത്രയും അതിനിടയിലെ ദുരനുഭവങ്ങളുമാണ് വിവരിക്കുന്നത്. സ്റ്റേഷനെത്താറാകുമ്പോള്‍ പെട്ടിയുമെടുത്ത് ഇറങ്ങാനുള്ള മുന്നൊരുക്കങ്ങള്‍,ധനുഷ്ക്കോടിയില്‍ നിന്ന് കപ്പലില്‍ കയറിയത്, വീണ്ടും തീവണ്ടിയില്‍ ഈ വിധമുള്ള സുദീര്‍ഘയാത്രയുടെ അനുഭവം പകര്‍ന്നുവെക്കുന്നു.അനുരാജപുരത്തു വെച്ച് അയാള്‍ പറ്റിക്കപ്പെടുന്നു.പണം സൂക്ഷിച്ച പെട്ടി നഷ്ടപ്പെടുന്നതും കമ്പിത്തപ്പാല്‍ ഇന്‍സ്പെക്ടര്‍ അയാളെ സഹായിക്കുന്നതുമാണ് പ്രമേയം. നാഗരികതയുടെ സൂചകങ്ങളായ നിരവധി ഘടകങ്ങള്‍ സവിശേഷമായി അവതരിപ്പിക്കുന്ന ഈ കഥയിലെ തീവണ്ടിയാത്ര എന്നത് നാടിന്‍റെ പുരോഗതിയുടെ ചരിത്രത്തിലേക്കുള്ള യാത്രകൂടിയാണ്. കമ്പിതപ്പാല്‍ വ്യവസ്ഥ, തീവണ്ടി ഗതാഗതം, രാജ്യാന്തരബിസിനസ്സ് ബന്ധങ്ങള്‍, വ്യവസായികള്‍ നടത്തുന്ന വിവിധ മീറ്റിങ്ങുകള്‍ എന്നിങ്ങനെ വ്യാവസായിക ആധുനികതയെ അടയാളപ്പെടുത്തുന്ന പലതും ഇതില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. അതോടൊപ്പം തന്നെ മുതലാളിത്തകാലത്തോടെ ധനാര്‍ത്തി പെരുകുന്നതും തട്ടിപ്പും വഞ്ചനയും വര്‍ദ്ധിക്കുന്നതും പ്രധാനവിഷയങ്ങളാകുന്നു. നാഗരികജീവിതക്രമം തന്നെയും സാംസ്കാരിക മൂല്യശോഷണത്തിന് നിദാനമായി മാറുന്നതിലുള്ള ആശങ്കയും അവതരിപ്പിക്കപ്പെടുന്നു.

പരിഷ്കാരികള്‍ക്ക് ലോകത്തെ  അറിയാനുള്ള ഒരു തുറസ്സാണ് തീവണ്ടി. അതില്‍ ദീര്‍ഘദൂരസഞ്ചാരം സാധ്യമാണ്. നിരവധി ദേശങ്ങളെയും നിരവധി ആളുകളെയും അടുത്തറിയാനുള്ള ഉപാധിയായി ഇത് മാറുന്നു. വരേണ്യമായ യാത്രോപാധിയായി മോട്ടോര്‍കാറുകളെ ചിത്രീകരിച്ച ചില കഥകളും ഈ കാലത്തുണ്ടായിട്ടുണ്ട്. വ്യക്തിയുടെ സ്വകാര്യസമ്പാദ്യമായ ഇവ അവനവനിലേക്ക് കേന്ദ്രീകരിക്കുന്ന ജീവിതത്തെയാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്. മൂര്‍ക്കോത്ത് കുമാരന്‍റെ ഡ്രൈവിണി എന്ന കഥയില്‍  മോട്ടോര്‍കാര്‍ കടന്നുവരുന്നുണ്ട്. സ്ത്രീ സ്വാതന്ത്ര്യത്തേക്കുറിച്ചുള്ള ചര്‍ച്ചയില്‍ പരിഷ്കാരിക്കാരികളുടെ അന്തസ്സിന്‍റെ പ്രതീകമായിട്ടാണ് മോട്ടോര്‍ കാറിനെ ആവിഷ്ക്കരിച്ചത്. സ്വകാര്യത നിലനിര്‍ത്തുന്ന യന്ത്രോപകരണമായാണ് ഇത് വര്‍ത്തിക്കുന്നത്. അതേസമയം തീവണ്ടി എന്നത് പലതരം വൈരുദ്ധ്യങ്ങളുടെ പൊതുഇടമായാണ് പ്രവര്‍ത്തിക്കുന്നത്.

നാഗരികതയോടുള്ള ദ്വിമുഖത്വം

പുതുതായി  രൂപപ്പെട്ടു വരുന്ന സംസ്കാരത്തോട് ദ്വിമുഖമായ കാഴ്ചപ്പാട് നവസാക്ഷരസമൂഹങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്നു. 'കൊളോണിയല്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസം മുതലായ മേഖലകളിലൂടെ കടന്നുപോയ മധ്യവര്‍ഗത്തിന് മിഷണറി- കൊളോണിയല്‍ സംസ്കാരത്തെ വിമര്‍ശനാത്കമായി വിലയിരുത്താന്‍ സാധിച്ചില്ല. കൊളോണിയല്‍ ചൂഷണരൂപങ്ങളെ വിമര്‍ശിക്കുമ്പോള്‍ തന്നെ അവര്‍ വളര്‍ത്തിയെടുത്ത സാംസ്കാരികമൂല്യങ്ങളെ സ്വാംശീകരിക്കുന്നതിനാണ് മധ്യവര്‍ഗം താല്‍പര്യം കാണിച്ചത്" (കെ.എന്‍. ഗണേഷ്, 2000:629). അതുകൊണ്ടുതന്നെ മധ്യവര്‍ഗമായി രൂപപ്പെട്ട നവസാക്ഷരസമൂഹം പരിഷ്കൃതാശയങ്ങളുടെ വക്താക്കളായി മാറി. ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ മാന്യരാണെന്ന നവസാക്ഷര സമൂഹത്തിന്‍റെ വീക്ഷണത്തിനാണ് കഥകളില്‍ അധീശത്വം ലഭിക്കുന്നത്. എന്നാല്‍ മാന്യതയെ മറയാക്കികൊണ്ട് കാപട്യക്കാരും രംഗത്തിറങ്ങിയിട്ടുണ്ട് എന്ന തിരിച്ചറിവും കഥകള്‍ മുന്നോട്ടുവെക്കുന്നുണ്ട്.നാഗരികസംസ്കാരത്തെ ആശങ്കയോടെ കാണുന്ന   ഗ്രാമീണന്‍റെ   ചിന്തയില്‍ നിന്ന്; പാരമ്പര്യ യുക്തിയില്‍ നിന്ന് ജന്മംകൊണ്ടതാണ് ഇത്തരം ആശങ്കകള്‍. മൂര്‍ക്കോത്തു കുമാരന്‍റെ കഥകളിലെ തീവണ്ടിയാത്രയില്‍ ചതിക്കപ്പെട്ടതിന്‍റെ ജാള്യത പ്രധാനപ്രമേയമായി വരുന്നുണ്ട്. വിദ്യാഭ്യാസം നേടി കാര്യപ്രാപ്തിയിലെത്തി എന്നു വിചാരിച്ച് കഴിഞ്ഞുകൂടുന്നവര്‍ക്ക് പറ്റുന്ന അമളിയെ സവിസ്തരം അവതരിപ്പിക്കുമ്പോള്‍ ആംഗലേയ വിദ്യാഭ്യാസത്തിനുമപ്പുറം പ്രായോഗികമായി ജീവിതത്തെ സമീപിക്കേണ്ടതിന്‍റെ ആവശ്യകതയാണ് ബോധ്യപ്പെടുത്തുന്നത്. വിദ്യാസമ്പന്നതയേക്കാള്‍ അനുഭവസമ്പന്നതയെ ജീവിതത്തിന്‍റെ പാഠപുസ്തകമാക്കിയ മുന്‍തലമുറകളുടെ സാമാന്യയുക്തി പരിഷ്കാരപ്രിയരായ പുതുതലമുറയ്ക്ക് ഇല്ലാതാകുന്നു എന്ന സത്യത്തെ കഥകള്‍ വെളിപ്പെടുത്തുന്നു. പാരമ്പര്യ മൂല്യബോധങ്ങള്‍ പൂര്‍ണ്ണമായും നിരാകരിക്കാനാവുകയില്ലെന്ന തിരിച്ചറിവിലേക്കാണ് കഥാഖ്യാനങ്ങള്‍ എത്തിച്ചേരുന്നത്.

മൂര്‍ക്കോത്ത് കുമാരന്‍റെ കഥകളില്‍ ചതിയുടെയും മോഷണത്തിന്‍റെയും ലോകം വിശദമായി പരാമര്‍ശിക്കപ്പെടുന്നുണ്ട്.'എന്‍റെ കോഴിക്കോടുയാത്ര'യില്‍ മദിരാശിയില്‍ നിന്ന് മലയാളത്തിലേക്കുള്ള മെയില്‍വണ്ടിയില്‍ രണ്ടാം ക്ലാസ്സിലാണ് ആഖ്യാതാവിന്‍റെ യാത്ര. കണ്ടാല്‍ റാവുബഹദൂറിനെ പോലെ ഗമകാണിക്കുന്ന ഒരാള്‍ കൂടി വണ്ടിയില്‍ കയറി.അയാളോട് തമിഴില്‍ കുശലം ചോദിച്ചപ്പോള്‍ മറുപടി തെറ്റുതീര്‍ന്ന ഇംഗ്ലീഷിലായിരുന്നു. ഇംഗ്ലീഷിലുള്ള പ്രാവീണ്യം കൊണ്ടുതന്നെ അയാള്‍ ഏതെങ്കിലും വലിയ ഉദ്യോഗസ്ഥനായിരിക്കുമെന്ന് ധരിച്ചു.അരുണാചലം എന്ന പോലീസ് ഇന്‍സ്പെക്ടറാണ് എന്ന് പരിചയപ്പെടുത്തിയ കപടവേഷക്കാരനായ അയാള്‍ കൈയ്യാമം വെച്ച് പൂട്ടി ചതിച്ച് സമ്പത്ത് സ്വന്തമാക്കി കടന്നു കളയുന്നു. 'എന്‍റെ തീവണ്ടി യാത്ര' യില്‍ ജോസഫ് രത്നവേലുപിള്ള എന്ന കപടവേഷക്കാരന്‍ അവശതയുള്ള ഭാര്യയുമായി വണ്ടിയില്‍ കയറുന്നു. രണ്ടാം ക്ലാസിലാണ് യാത്ര. ആഖ്യാതാവ് മദിരാശിയിലേക്കുള്ള മടക്കയാത്രയിലാണ്. ചായ വാങ്ങാനായി പോയ ജോസഫ് പിന്നീട് മടങ്ങി വന്നില്ല. അടുത്ത സ്റ്റേഷനില്‍ ചായ വാങ്ങാനിറങ്ങിയ ആഖ്യാതാവ് പറ്റിക്കപ്പെടുന്നു. അയാളുടെ ബാഗുമായി രത്നവേലുപ്പിള്ളയുടെ ഭാര്യ കടന്നുകളയുന്നു. ഒരു തീവണ്ടിയപകടം എന്നതില്‍ പുതിയ ഹിന്ദുവിവാഹനിയമവും അത് ഉണ്ടാക്കിയ ആശങ്കകളും  ആണ് പ്രമേയം. തീവണ്ടിയും ചരക്കുവണ്ടിയും കൂട്ടിമുട്ടിയതും തുടര്‍ന്നു റെയില്‍വേ അപ്പോത്തിക്കിരിക്കുണ്ടായ അനുഭവങ്ങളും ആണ് പരാമര്‍ശിക്കുന്നത്.തീവണ്ടി എന്ന തൊഴില്‍ മേഖലയിലെ പ്രശ്നങ്ങളും പ്രശ്നനിവാരണ ശ്രമങ്ങളും ബഹുമാനത്തോടെ കാണുന്ന ആഖ്യാതാവാണ് ഇതിലുള്ളത്. ജാതിമതാതീതമായ സ്വതന്ത്രലോകമായി തീവണ്ടിയെ ആവിഷ്ക്കരിക്കുന്നതോടൊപ്പം നാഗരിക ക്രമത്തിലേക്കുള്ള മാറ്റം സൃഷ്ടിക്കുന്ന മൂല്യച്യുതികളും സൂചിതമാകുന്നു. നാഗരികതയുടെ മൂല്യശോഷണം സംസ്കാരത്തെ ഗ്രസിക്കുന്നതിനുമുമ്പ് എഴുതപ്പെട്ട കഥകളാണെങ്കിലും സാമ്പത്തിക ക്രയവിക്രയങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയം സൂക്ഷ്മമായി അടയാളപ്പെടുത്തപ്പെട്ടു. സമ്പദ്കേന്ദ്രിത കൊളോണിയല്‍ കാഴ്ചപ്പാടുകള്‍ ജീവിതത്തിലും സംസ്കാരത്തിലും പ്രതികൂലമായിത്തീരാനിടയുണ്ടെന്ന യാഥാര്‍ത്ഥ്യവും കഥകളില്‍ അവതരിപ്പിക്കപ്പെട്ടു.

ഇംഗ്ലീഷ് പറയുന്ന യാത്രികര്‍  

ഭാഷാപരമായയ അധീശത്വത്തെ അംഗീകരിക്കുന്ന വിദ്യാഭ്യാസം, തൊഴില്‍, നിറം, സമ്പത്ത് ഇവയെല്ലാമുള്ള സന്തുഷ്ടരായ നവസാക്ഷരസമൂഹത്തിനായി സൃഷ്ടിക്കപ്പെട്ടതാണ് തീവണ്ടി എന്ന യന്ത്രലോകം. അവിടെ ജാതിയും മതവും ചര്‍ച്ചാവിഷയമല്ല. ഒന്നിപ്പിക്കുന്ന പൊതുഘടകം  ഇംഗ്ലീഷാണ്. തീവണ്ടിയാത്രികരായ കഥാപാത്രങ്ങളില്‍ ഭൂരിപക്ഷവും ഇംഗ്ലീഷിന്‍റെ മാന്യതയില്‍ അഭിമാനിക്കുന്നവരാണ്. മദിരാശിയില്‍ പഠിക്കുന്ന നാരാണിക്കുട്ടി, വക്കീലായ കുട്ടിക്കൃഷ്ണപണിക്കര്‍, അച്ഛന്‍റെ ചികിത്സാര്‍ത്ഥം മദിരാശിയിലേക്ക് പോകുന്ന കല്യാണിക്കുട്ടി തുടങ്ങിയവരെല്ലാം ആംഗലേയപരിഷ്കാരത്തിന്‍റെ വക്താക്കളാണ്. ഇവര്‍ സംസാരിക്കുന്നതും വായിക്കുന്നതും ഇംഗ്ലീഷിലാണ്. കല്യാണിക്കുട്ടിയുടെ നാണിച്ചുപോയി എന്ന കഥയില്‍ ഹെന്‍റീറ്റാടെമ്പിള്‍ വായിക്കുന്ന നായകനെയാണ് അവതരിപ്പിക്കുന്നത്. നായികയും ആ പുസ്തകം വായിച്ചവള്‍ തന്നെ. തീവണ്ടിയിലെ രണ്ടാംക്ലാസിനു പറ്റുന്ന രൂപഭംഗി അയാള്‍ക്കുണ്ടുതാനും. ഹൈക്കോര്‍ട്ടു വക്കീലായ അയാള്‍ക്ക് പ്രായം ഏകദേശം ഇരുപത്തിരണ്ട്. നിറം നന്നെ വെളുത്തതാണ്. അഞ്ചടിയില്‍ അധികം പൊക്കമില്ല. പൊക്കത്തിനൊത്ത വണ്ണം. മുഖത്ത് നോക്കിയാല്‍ എപ്പോഴും സന്തോഷം. ആകപ്പാടെ  ഒരു യോഗ്യന്‍ (വിജയന്‍ കോടഞ്ചേരി (എഡി), 2006:497). ഇംഗ്ലീഷില്‍ സംസാരിക്കാന്‍ അറിയുന്നവരുടെയും യോഗ്യന്മാരുടെയും ഉന്നത പദവിയിരിക്കുന്നവരുടെയും യാത്രയ്ക്ക് വേണ്ടിയുള്ളതാണ് തീവണ്ടി.

അധിനിവേശശക്തികള്‍ പലവിധമായ ലക്ഷ്യപ്രാപ്തിക്കു വേണ്ടി ഭാഷയെ ഉപയോഗപ്പെടുത്തിയിരുന്നു.അധികാരത്തെ സ്ഥാപിക്കുന്നതിനും ഉറപ്പിച്ചെടുക്കുന്നതിനും ഭാഷയെ ഉപാധിയാക്കി.മെക്കാളെയുടെ വിദ്യാഭ്യാസരേഖ ഇത് വ്യക്തമാക്കിയിട്ടുമുണ്ട്. അധിനിവേശജനതയെ സമുദ്ധരിക്കാന്‍ അവര്‍ തങ്ങളുടെ ഭാഷയെ ഉപയോഗപ്പെടുത്തി.  ഇംഗ്ലീഷ് സ്കൂളുകള്‍ സ്ഥാപിക്കുകയും അതിലൂടെ നടപ്പില്‍ വരുത്തിയ പാശ്ചാത്യവിദ്യാഭ്യാസവും അവര്‍ പകര്‍ന്നു നല്‍കിയ അറിവും ആധിപത്യത്തെ സ്ഥാപിച്ചെടുക്കാന്‍ സഹായകമായി. കൊളോണിയല്‍ അധിനിവേശയുക്തികള്‍ മലയാളത്തേക്കാള്‍ മാന്യമായത് ഇംഗ്ലീഷാണെന്ന് സ്ഥാപിച്ചെടുത്തു. അന്നത്തെ നവസാക്ഷരസമൂഹം ഇതിന്‍റെ പ്രചാരകരായി മാറുകയും ചെയ്തു. മരുമക്കത്തായത്തേക്കാള്‍ ഉദാത്തം മക്കത്തായമാണെന്നും സംബന്ധവ്യവസ്ഥയേക്കാള്‍ ശ്രേഷ്ഠം വൈവാഹികക്രമമാണെന്നും കൂട്ടുകുടുംബത്തേക്കാള്‍ ഭദ്രത അണുകുടുംബത്തിനാണെന്നും ഉള്ള കൊളോണിയല്‍ ആധുനികമായ ആശയങ്ങളുടെ വക്താക്കളായതും ഇതേ നവസാക്ഷരസമൂഹമായിരുന്നു. മെക്കാളെയുടെ വാര്‍പ്പുമാതൃകകളായ യുവാക്കളാണ് കഥകളില്‍ കടന്നുവരുന്നത്.അവര്‍ നടപ്പിലും ഇരുപ്പിലും ആഭിജാത്യം വരുത്താന്‍ ശ്രമിക്കുന്നവരാണ്. തീവണ്ടി പൊതുമണ്ഡലത്തിന്‍റെ ഒരു പരിച്ഛേദമായി  ഇന്ന് വിലയിരുത്താനാവുമെങ്കിലും അതു നടപ്പില്‍ വന്ന ഘട്ടത്തില്‍ ആധുനിക ഗതാഗതസൗകര്യങ്ങള്‍ വരേണ്യതാബോധത്തെ ഉറപ്പിച്ചെടുക്കുന്ന ഘടന ഈ ആധുനിക യന്ത്രസംവിധാനത്തിലുമുണ്ട് എന്നുകാണാം.പല ക്ലാസുകളായുള്ള യാത്രാസൗകര്യങ്ങളുടെ ക്രമപ്പെടുത്തലില്‍ അത് നിലനില്‍ക്കുകയും ചെയ്യുന്നു.വര്‍ത്തമാനസാഹചര്യത്തിലായാല്‍ പോലും സാമ്പത്തികപരാധീനതയുള്ള ഭൂരിപക്ഷത്തെ സംബന്ധിച്ചിടത്തോളം മൂന്നാംക്ലാസ് (ജനറല്‍ കമ്പാര്‍ട്ട്മെന്‍റ്) യാത്രികര്‍ മാത്രമായി മാറിനില്‍ക്കേണ്ടിവരുന്നുണ്ട്.അതേ സമയം ഒന്നാംക്ലാസ്, രണ്ടാംക്ലാസ് യാത്ര എന്നത് മാന്യതയുടെ പ്രതിനിധാനമാണ്.ആദ്യകാലകഥകളിലെ തീവണ്ടിയാത്രികരിലധികവും രണ്ടാംക്ലാസ് യാത്രക്കാരാണ്. പണം ധൂര്‍ത്തടിക്കുന്ന കണ്ടന്‍കുടുങ്ങി യാത്ര ചെയ്തത് ഒന്നാം ക്ലാസിലാണ് താനും. സായ്പുമാരും മദാമ്മമാരും യാത്ര ചെയ്യുന്നതും ഇതേ കമ്പാര്‍ട്ടുമെന്‍റുകളിലാണ്. സ്വദേശത്ത് കൊളോണിയല്‍ പൗരസമൂഹത്തെ മാതൃകയാക്കി ജീവിക്കുന്നവര്‍ക്ക് തീവണ്ടി എന്ന ആധുനിക സംവിധാനം ഏറ്റവും സ്വീകാര്യമായ ഒന്നായിതീര്‍ന്നു.

കൊളോണിയല്‍ ആധുനികതയോടെ ദേശം എന്നത് നഗരങ്ങള്‍ ആയി മാറുന്നു. നഗരങ്ങളിലേക്കുള്ള യാത്രയ്ക്കുള്ള ഉപാധിയായാണ് തീവണ്ടി കടന്നുവരുന്നത്.നഗരങ്ങളോട് ബന്ധപ്പെട്ടുള്ള അനുഭവലോകത്തിലാണ് തട്ടിപ്പും വഞ്ചനയുമുള്ള മനുഷ്യരെ കണ്ടുമുട്ടുന്നത്. ഗ്രാമങ്ങളെ അപരവത്കരിച്ച കൊളോണിയല്‍ ചിന്തയാണ് തീവണ്ടിയിലെ മനുഷ്യരിലൂടെ അവതരിപ്പിക്കുന്നത്. ഗ്രാമീണ ജീവിതസൂചനകളല്ല ഇവയിലൊന്നിലുമുള്ളത്. വലിയ ബംഗ്ലാവുകളും വാലിയക്കാരും പരിജനങ്ങളുമുള്ള ഭവനങ്ങളിലും മറ്റും ജീവിക്കുന്നവരാണ് പല കഥാപാത്രങ്ങളും. തീവണ്ടി യാത്രയുടെ പ്രധാനലക്ഷ്യങ്ങള്‍ മദിരാശി, കൊളംബ് തുടങ്ങിയ നഗരങ്ങളാണ്. മദിരാശിയില്‍ നിന്ന് നാട്ടിലേക്ക്, നാട്ടില്‍ നിന്ന് മദിരാശിയിലേക്ക് എന്ന യാത്രാവഴി തന്നെ നാട്ടിന്‍പുറങ്ങളില്‍ നിന്ന് നഗരപ്രവാസത്തിലേക്കുള്ള സാമൂഹ്യപരിണാമസ്വഭാവത്തെയാണ് അടയാളപ്പെടുത്തുന്നത്.

പ്രണയം അകത്തളത്തില്‍ നിന്ന് പുറംലോകത്തേക്ക്

വ്യക്തിയുടെ സ്വാതന്ത്ര്യം എന്നത് ഫ്യൂഡല്‍ ലോകത്തില്‍ തിന്മയാണ്.പാരമ്പര്യം അനുവദിക്കുന്ന ജീവിതം സ്വീകരിച്ച് ചിട്ടയായി കഴിഞ്ഞുകൂടാനേ വ്യക്തികള്‍ക്ക് അവകാശമുണ്ടായിരുന്നുള്ളൂ (എം.എന്‍. വിജയന്‍, 2000: 23). കോളനീകരണകാലത്തോടെ ഇതിന് മാറ്റം വന്നു. ആദ്യകാലകഥകളിലെ നായകന്മാര്‍ പലരും സാമ്പത്തികമായും സാമൂഹികമായും സ്വാതന്ത്ര്യം അനുഭവിച്ചവരായി ചിത്രീകരിക്കപ്പെട്ടത് വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പുതുചിന്തകളാലാണ്. സ്ത്രീപുരുഷബന്ധത്തെക്കുറിച്ച് പ്രത്യേകിച്ചും പ്രണയത്തെക്കുറിച്ച് നവീനമായ കാഴ്ചപ്പാട് കഥകളില്‍ ആവിഷ്ക്കരിക്കപ്പെടുകയും ചെയ്തു.  വീടിന്‍റെ അകത്തളത്തിലോ, നാട്ടിന്‍പുറങ്ങളിലോ മൊട്ടിടുന്ന പ്രണയത്തിനു പകരം പല കഥകളിലും തീവണ്ടിമുറി പ്രണയത്തിന്‍റെ രംഗഭൂമിയായി മാറി. തീവണ്ടിയിലെ കണ്ടുമുട്ടല്‍ പ്രണയത്തിലേക്ക് എത്തിച്ചേരുന്ന കഥകള്‍ പ്രണയത്തെക്കുറിച്ചുണ്ടായിരുന്ന പാരമ്പര്യ ധാരണകളെയാണ് തകിടം മറിച്ചത്. ഏകാന്തമായ വള്ളിക്കുടിലുകളും വീടിന്‍റെ അകത്തളങ്ങളും വിട്ട് പൊതുഇടങ്ങളില്‍ പ്രണയരംഗങ്ങള്‍ ആവിഷ്ക്കരിക്കപ്പെടുക എന്നത് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നവവീക്ഷണമാണ്. പ്രണയം എന്നത് രഹസ്യാത്മകമായ ഒന്നല്ലാതാവുകയും അത് വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ തലത്തിലേക്ക് ഉയരുകയും ചെയ്യുന്നു.നാരായണിക്കുട്ടി എന്ന കഥയിലെ  നായികാനായകന്മാര്‍ തീവണ്ടിയില്‍ വെച്ച് കണ്ടുമുട്ടുകയും തീവണ്ടിയപകടത്തിനു ശേഷം കൂടുതല്‍ അടുക്കുകയും വിവിധ ദുര്‍ഘടസന്ധികള്‍ തരണം ചെയ്ത് ഒടുവില്‍ ഒന്നാകുകയും ചെയ്യുന്നു. നാണിച്ചു പോയി എന്ന കഥയിലും നായികാനായകന്മാര്‍ പരസ്പരം കണ്ടുമുട്ടുന്നത് തീവണ്ടിയില്‍ വെച്ചാണ്.  പ്രണയികള്‍ ഒന്നിച്ചിരുന്ന് സംസാരിക്കുന്നതും ഫോട്ടോയും മറ്റും കൈമാറുന്നതും പ്രണയസാഫല്യത്തിനായി പ്രതിബന്ധങ്ങള്‍ തരണം ചെയ്യാന്‍ സന്നദ്ധരാകുന്നതും ആദര്‍ശാത്മകമായ സ്ത്രീപുരുഷബന്ധത്തെ സ്ഥാപിച്ചെടുക്കുന്നതിന്‍റെ ഭാഗമാണ്.പാരമ്പര്യ ജീവിതക്രമത്തിനെതിരെ ആധുനിക ജീവിതബോധത്തെയാണ് സ്വതന്ത്രമായ പ്രണയരംഗങ്ങളിലൂടെ ആവിഷ്ക്കരിച്ചത്.ഇംഗ്ലീഷ്മാതൃകയില്‍ സ്ത്രീ-പുരുഷന്മാര്‍ ഇടപെടുന്ന പുതുരീതിയിലൂടെ കോളനീകരണത്തിന്‍റെ സദാചാരവ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനത്തെയാണ് കഥകള്‍ അടയാളപ്പെടുത്തുന്നത്.പുരുഷകേന്ദ്രിത കുടുംബസദാചാരസങ്കല്പം തന്നെയാണ് ഇവ പിന്‍തുടരുന്നത്.

കൊളോണിയല്‍ കാലഘട്ടത്തില്‍ രൂപപ്പെട്ട നാഗരികസംസ്കൃതിയുടെ വക്താക്കളായിരുന്ന കഥാകാരന്മാര്‍ യന്ത്രനാഗരികലോകത്തിന്‍റെ പരിച്ഛേദമായാണ് തീവണ്ടിയെ അവതരിപ്പിച്ചത്.സുഗമമായ യാത്രാസൗകര്യം, വിദ്യാഭ്യാസത്തിലേക്കുള്ള തുറസ്, വ്യാപാരവാണിജ്യ മേഖലകളുടെ വിപുലപ്പെടല്‍,ദേശാന്തരയാത്രകളുടെ അനുഭവതലം എന്നിങ്ങനെ പരിഷ്ക്കാരത്തിലേക്കുള്ള യാത്രയേയാണ്  കഥകള്‍ അടയാളപ്പെടുത്തിയത്.എന്നാല്‍ ഈ ആധുനികലോകം ധനാര്‍ത്തി, വഞ്ചന, മോഷണം തുടങ്ങിയ തിന്മകളുടെ കേന്ദ്രവും കൂടിയാണ്. തീവണ്ടിയാത്ര സാധ്യമാക്കിയ സമത്വബോധം കഥകളില്‍ പ്രകടമാണ്. തീവണ്ടിയില്‍ നിലനില്‍ക്കുന്ന സാമ്പത്തിക ശ്രേണീകരണത്തെയും സര്‍വ്വാത്മനാ സ്വീകരിക്കുന്നു.തീവണ്ടിയിലെ കമ്പാര്‍ട്ടുമെന്‍റുകളെ ക്ലാസ് ആക്കിത്തിരിച്ചതിന്‍റെ  സ്വീകാര്യത ഇതാണ് വ്യക്തമാക്കുന്നത്. എല്ലാ സമൂഹത്തിലുമുള്ളതു പോലെ പരസ്പര സംഘര്‍ഷത്തിലേര്‍പ്പെട്ട സാമൂഹ്യസ്വഭാവങ്ങള്‍ കേരളീയ സമൂഹത്തിലും നിലനിന്നിരുന്നു. ആദ്യകാലകഥകള്‍ അത് വെളിപ്പെടുത്തുന്നുണ്ട്. ഗ്രാമീണമായ ഭൗതികസൗകര്യങ്ങള്‍ക്ക് ഉപരിയായി നാഗരികമായ പരിഷ്കൃതികള്‍ കടന്നുവരുമ്പോള്‍ അതിനെ ഉള്‍ക്കൊള്ളാനും നിലനിര്‍ത്താനും അന്നത്തെ ഉദ്ബുദ്ധരായ നവസാക്ഷരസമൂഹം തത്പരരായിരുന്നു. തീവണ്ടി എന്ന പരിഷ്കൃത സംവിധാനത്തിന് കിട്ടിയ സ്വീകാര്യതയ്ക്ക് കാരണവുമതാണ്. യന്ത്രോപകരണമായ തീവണ്ടി പൊതുഇടമായി മാറുന്നതിന്‍റെ സാക്ഷ്യങ്ങളായി കഥകളെ വിലയിരുത്താവുന്നതാണ്. അതേസമയം ജാതി-മത-വര്‍ഗ്ഗ-ലിംഗഭേദത്താല്‍ പലതരം വിലക്കുകളിലും നിയന്ത്രണങ്ങളിലും കഴിഞ്ഞിരുന്ന വ്യക്തികള്‍ സ്വാതന്ത്ര്യത്തിന്‍റെ പുതുസാധ്യതകള്‍ തിരിച്ചറിയുന്നു.കുടുംബഘടനയില്‍ വന്ന മാറ്റവും, വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ പുതിയ തലവും, ഗ്രാമീണതയില്‍ നിന്ന് നാഗരികതയിലേക്ക് പരിണമിക്കുമ്പോഴുള്ള ആശങ്കയും, പരിഷ്കാരത്തിന്‍റെ ബഹുമാന്യതയും പരിഷ്കാരത്തിന്‍റെ മറവില്‍ നടക്കുന്ന കാപട്യങ്ങളും ഇടകലര്‍ന്ന സാമൂഹ്യസ്വഭാവത്തെയാണ് ആദ്യകാലകഥകള്‍ ആവിഷ്ക്കരിച്ചത്. പാരമ്പര്യത്തിന്‍റെയും ആധുനികതയുടെയും ഘടകങ്ങളുടെ സ്വീകാര്യതയും തിരസ്കാരവും ഇടകലര്‍ന്ന സാമൂഹ്യസ്വഭാവമാണ് കഥകളില്‍ കാണുന്നത്. പുതിയ ഒരു സാംസ്കാരികനിര്‍മ്മിതിയാണ് കഥകള്‍ സാധ്യമാക്കിയത്.

സഹായകഗ്രന്ഥങ്ങള്‍

അച്യുതന്‍, എം (പ്രൊഫ.). (1973). ചെറുകഥ ഇന്നലെ ഇന്ന്. കോട്ടയം: ഡി.സി. ബുക്സ്.
അനില്‍, കെ.എം. (ഡോ.). (2017). സംസ്കാര നിര്‍മ്മിതി. കോഴിക്കോട്: പ്രോഗ്രസ് ബുക്സ്
കെ.ഇ.എന്‍.(2000). വരേണ്യനവോത്ഥാനത്തിന്‍റെ അതിരുകള്‍. വിജയന്‍ എം.എന്‍. (ജന.എഡി). നമ്മുടെ സാഹിത്യം നമ്മുടെ സമൂഹം (1901-2000) വാള്യം2. തൃശൂര്‍: കേരള സാഹിത്യ അക്കാദമി.
ഗണേഷ്, കെ.എന്‍ (2000). മലയാളസാഹിത്യത്തിന്‍റെ  സാംസ്കാരിക ഭൂമിശാസ്ത്രം, വിജയന്‍ എം.എന്‍. (ജന.എഡി). നമ്മുടെ സാഹിത്യം നമ്മുടെ സമൂഹം (1901-2000) വാള്യം2. തൃശൂര്‍: കേരള സാഹിത്യ അക്കാദമി.
ബഷീര്‍.എം.എം. (ഡോ.). (2014). ആദ്യകാലകഥകളും ആദ്യനിരൂപണവും, കോഴിക്കോട്: ലിപി പബ്ലിക്കേഷന്‍സ്.
ബാലറാം എം.പി.(2000). സ്വത്വത്തിന്‍റെയും സംസ്കാരത്തിന്‍റെയും രൂപീകരണം സ്വാതന്ത്ര്യപൂര്‍വ്വ കേരളത്തില്‍(1930-1947). വിജയന്‍ എം.എന്‍ (ജന.എഡി). നമ്മുടെ സാഹിത്യം നമ്മുടെ സമൂഹം (1901-2000) വാള്യം 2. തൃശൂര്‍: കേരള സാഹിത്യ അക്കാദമി.
മലയാളപഠനസംഘം. (2011). സംസ്കാരപഠനം ചരിത്രം സിദ്ധാന്തം പ്രയോഗം. ശുകപുരം: വള്ളത്തോള്‍ വിദ്യാപീഠം. 
മൂര്‍ക്കോത്ത് കുമാരന്‍. (1987). മൂര്‍ക്കോത്ത് കുമാരന്‍റെ കഥകള്‍(സമ്പൂര്‍ണ്ണസമാഹാരം). കോഴിക്കോട്: മാതൃഭൂമി ബുക്സ്.
രമേഷ്ചന്ദ്രന്‍. വി. (2000). പട്ടാളം സര്‍ക്കസ് റെയില്‍വെ എന്നീ അനുഭവമേഖലകള്‍ സാഹിത്യത്തില്‍. വിജയന്‍ എം.എന്‍ (ജന.എഡി). നമ്മുടെ സാഹിത്യം നമ്മുടെ സമൂഹം (1901-2000) വാള്യം2. തൃശൂര്‍: കേരള സാഹിത്യ അക്കാദമി.
രവികുമാര്‍. കെ.എസ്. (ഡോ.). (2012). മലയാള ചെറുകഥയിലെ ഭാവുകത്വപരിണാമം. കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം.
രാജകൃഷ്ണന്‍. വി. (2019). ചെറുകഥയുടെ രാഗതാളങ്ങള്‍. തൃശൂര്‍: ഗ്രീന്‍ ബുക്സ്.
രാജഗോപാലന്‍. ഇ.പി. (2006). നിശ്ശബ്ദതയും നിര്‍മ്മാണവും ചെറുകഥയുടെ ചരിത്രത്തിലൂടെ. തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
സന്തോഷ്കുമാര്‍. എന്‍. (എഡി.). (2019). ഭാവനയുടെ കോളനികള്‍.തിരുവനന്തപുരം: ചിന്ത പബ്ലിഷേഴ്സ്.
വിജയന്‍ കോടഞ്ചേരി (എഡി.). (2006). മലയാളത്തിലെ ആദ്യകാലകഥകള്‍, കോഴിക്കോട്: ദ്രോണാചാര്യ പബ്ലിക്കേഷന്‍സ്.
വിജയന്‍. എം.എന്‍. (2000). നവോത്ഥാനത്തിന്‍റെ പാഠങ്ങള്‍. വിജയന്‍ എം.എന്‍(ജന.എഡി.). നമ്മുടെ സാഹിത്യം നമ്മുടെ സമൂഹം (1901-2000) വാള്യം2..തൃശൂര്‍:കേരള സാഹിത്യ അക്കാദമി.
ശശി.കെ.വി. (എഡി). (2018). പോസ്റ്റ് കൊളോണിയല്‍ വിമര്‍ശനം മലയാളവഴികള്‍. തിരുവനന്തപുരം: ചിന്ത പബ്ലിഷേഴ്സ്.
ഡോ. അജിത ചേമ്പന്‍
പ്രൊഫസര്‍
മലയാളവിഭാഗം
ഗവ. ബ്രണ്ണന്‍ കോളേജ്
ധര്‍മ്മടം, തലശ്ശേരി
പിന്‍: 670106
Email: 1973ajitha@gmail.com
Ph: +91 9995566803
ORCID: 0000-0002-2247-7411